2012, നവംബർ 27, ചൊവ്വാഴ്ച

മതം സൃഷ്ടിക്കുന്ന നിരീശ്വരത്വം

ജോസഫ് പുലിക്കുന്നേല്‍ 


1975 നവംബര്‍ ലക്കം ഓശാനയില്‍നിന്ന്

(കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?
)

ഈ പ്രപഞ്ചത്തിന് മൂലകാരണമായി ഒരു ശക്തിയുണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ആ ശക്തിയെ ഈശ്വരന്‍ എന്നോ, യഹോവയെന്നോ അള്ളായെന്നോ ഒക്കെ പല മതക്കാര്‍ പല പേരില്‍ വിളിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കലാണ് നാസ്തികത്വം അഥവാ നിരീശ്വരവാദം. അപ്പോള്‍ മതം നിരീശ്വരത്വത്തിനെതിരും നിരീശ്വരത്വം മതത്തിനെതിരുമാണെന്ന് കാണാം. അതുകൊണ്ട് മതം നിരീശ്വരത്തെ സൃഷ്ടിക്കുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ പറഞ്ഞാല്‍ അത് വിരോധാഭാസമായി തോന്നിയേക്കാം. എന്നാല്‍ നിരീശ്വരത്വത്തിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം ലഭിക്കുന്നത് മതത്തില്‍ നിന്നത്രെ.

ഈശ്വരനെ ആരും കണ്ടിട്ടില്ല. ഓക്‌സിജന്റെ അസ്തിത്വം പരീക്ഷണങ്ങള്‍കൊണ്ട് ലാബറട്ടറിയില്‍ തെളിയിക്കുന്നതുപോലെ ഈശ്വരാസ്തിത്വം തെളിയിക്കാനാവില്ല. ഈശ്വരബോധം, നൈസര്‍ഗ്ഗികമായ ഒരു വാസനയായി വളര്‍ന്ന് വിശ്വാസമായി മാറുകയാണ് ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായ ഒന്നത്രെ ഈ വിശ്വാസം. ഒരതിര്‍ത്തിയോളം വ്യക്തിയെ അതു സന്മാര്‍ഗ്ഗത്തിലേക്കു നയിയ്ക്കുകയും ചെയ്യുന്നു. സമൂഹ ജീവിയായ മനുഷ്യന്, സാമൂഹ്യധര്‍മ്മനിയമങ്ങള്‍ സംഭാവന ചെയ്തത് മതവും മതാചാര്യന്മാരുമാണ്. ഈ ധര്‍മ്മ നിയമങ്ങളുടെ കരുത്തുറ്റ ചട്ടക്കൂട്ടിലാണ് മനുഷ്യസമൂഹവും സംസ്‌കാരവും വളര്‍ന്നുവന്നത്. ഇന്ന് നിലവിലുള്ള എല്ലാ സാമൂഹ്യനിയമങ്ങളുടേയും പിന്‍പിലുള്ള പ്രേരണാശക്തി മതമായിരുന്നു.

ഈശ്വരന്‍ 
ഈശ്വരനെന്താണ്? ഏകനോ അനേകനോ ദ്വയനോ? ഓരോ മതവും ഈശ്വരനെക്കുറിച്ച് ഓരോ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളാണ് ഒരു മതത്തെ മറ്റൊരു മതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നത്. മതസ്ഥാപകന്മാരാണ് ദൈവത്തെപ്പറ്റി അനുയായികളെ പഠിപ്പിച്ചത്. 
നമ്മുടെ കര്‍ത്താവായ മിശിഹാ തന്റെ ശിഷ്യന്മാരെ പിതാവായ ദൈവത്തെക്കുറിച്ച് വ്യക്തമായും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധവും പഠിപ്പിച്ചു. മിശിഹായുടെ പഠനങ്ങള്‍, താനും ദൈവവും, താനും മനുഷ്യരും തമ്മിലുള്ള ബന്ധങ്ങളില്‍ കേന്ദ്രീകരിച്ചാണിരിക്കുന്നത്.

'
പിതാവ്'
നിങ്ങളുടെ ഹൃദയം കലങ്ങേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍ (യോഹ: 14:1) ''എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു......... ഞാന്‍ എന്റെ പിതാവിലും, എന്റെ പിതാവ് എന്നിലും ആകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുവിന്‍'' (യോഹ :14:9-11) ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും, ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവന്‍ എന്റെ വചനം കാക്കുന്നില്ല. നിങ്ങള്‍ കേള്‍ക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റെ ആകുന്നു.'' (യോഹ: 14: 23-34) ''എന്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ തന്നെ ഞാനും നിങ്ങളെ സ്‌നേഹിച്ചു; നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ വസിക്കുന്തുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ വസിക്കും. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുന്നതില്‍ വലുതായ സ്‌നേഹം ഇല്ല.'' ( യോഹ:15: 12, 13)

സ്‌നേഹമൂര്‍ത്തി
മിശിഹാ തന്റെ അന്തിമ അത്താഴവേളയില്‍ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകളാണ് മുന്‍കൊടുത്തിരിക്കുന്നവ. ക്രിസ്തു ദൈവത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന പദമായിരുന്നു 'പിതാവ്' എന്നത് (സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന മനോഹര പ്രാര്‍ത്ഥനാകാവ്യം ഇത് കുറച്ചുകൂടി സ്പഷ്ടമാക്കുന്നു). സ്രഷ്ടാവായ, സ്‌നേഹസമ്പന്നനായ ഒരു പിതാവായാണ് മിശിഹ ദൈവത്തെ വിവരിച്ചിരിക്കുന്നത്. സ്‌നേഹമെന്ന അത്യുദാത്തഭാവത്തില്‍ താനും ദൈവവും സൃഷ്ടിയായ മനുഷ്യനും എല്ലാം പരസ്പരം ദൃഢബന്ധത്തിലാണ്. ഈ ഉദാത്തമായ സ്‌നേഹത്തിന്റെ ലക്ഷണമാണ്. ''ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ കളയുക'' എന്നത്. മിശിഹാ തനിക്ക് മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തെപ്രതി കുരിശുമരണം വരിച്ചു. ''ഒരുത്തന്റെ പാപം നിമിത്തം വളരെപ്പേര്‍ മരിച്ചു എങ്കില്‍ ഈശോമിശിഹാ എന്ന ഏകമനുഷ്യന്‍മൂലം ദൈവത്തിന്റെ കൃപയും അവന്റെ മാനവും വളരെപ്പേരില്‍ എത്ര അധികമായി വര്‍ദ്ധിച്ചിരിക്കും''......(റോമാ 5: 15, 17, 17, 18, 19) ''നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു എങ്കില്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹം ഇവിടെ കാണിക്കുന്നു''. (റോമാ 5: 8) ക്രിസ്തീയവിശ്വാസത്തിന്റെ മൂലക്കല്ല്, പിതാവായ ദൈവത്തിന്റെ ഏകജാതനായ മിശിഹായുടെ മനുഷ്യസ്‌നേഹത്തെ പ്രതിയുള്ള പരിഹാരബലിയും, തന്മൂലം മനുഷ്യവര്‍ഗ്ഗത്തിനു ലഭിച്ച കൃപയും ദാനവുമാകുന്നു. പിതാവായ ദൈവവും, ദൈവത്തോടുകൂടി സ്‌നേഹത്തില്‍ ഇരുന്ന്, മനുഷ്യസ്‌നേഹത്തെ പ്രതി സ്വയം പരിഹാരബലിയായിത്തീര്‍ന്ന ദൈവസുതനായ മിശിഹായും, ആ സ്‌നേഹബലിയുടെ ഫലമായി വീണ്ടെടുക്കപ്പെട്ട മനുഷ്യനും, ഉള്‍ക്കൊള്ളുന്നതാണ് ദൈവത്തിന്റെ സ്‌നേഹപ്രപഞ്ചം. ഈ സ്‌നേഹപ്രപഞ്ചത്തില്‍, മിശിഹാ ദൈവത്തിലും ദൈവം മിശിഹായിലും വസിക്കുന്നതുപോലെ തന്നെ, തന്റെ വചനം കാക്കുന്നവരില്‍, മിശിഹായും ദൈവവും വസിക്കുന്നു. അപ്പോള്‍ ദൈവം അത്യുദാത്തമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണ്.
സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ ഈശ്വരനെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ആ സ്‌നേഹത്തിന്റെ കാന്തവലയത്തിന്റെ വിശ്രാന്തി ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അത് നിര്‍വ്വാണമായിരിക്കും. ആ സ്‌നേഹത്തിന്, ആചാരങ്ങളില്ല. പാരമ്പര്യനിബദ്ധമായ ചട്ടങ്ങളില്ല; ആ സ്‌നേഹത്തിന്റെ പ്രകടനത്തിന് സംഘടനയുടെ ആവശ്യമില്ല. അത് ചുങ്കക്കാരനെയും വ്യഭിചാരിണിയെയും, ശമ്രായക്കാരിയെയും, കുഷ്ഠരോഗിയെയും, രക്തസ്രാവമുള്ള സ്ത്രീയെയും, ശതാധിപനെയും, വിശക്കുന്നവനെയും എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ആ സ്‌നേഹം ബലിയല്ല കരുണയത്രേ ആഗ്രഹിക്കുന്നത്. അത് നിയമജ്ഞന്മാരുടെ നീതിയേക്കാള്‍ വലുതായ നീതി ആവശ്യപ്പെടുന്നു. ''ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്നു'' ആ സ്‌നേഹത്തില്‍, ''ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനായിരിക്കും.'' ആ സ്‌നേഹത്തില്‍ രണ്ടു വസ്ത്രത്തിന്റെ ആവശ്യമില്ല. പൊന്നോ, വെള്ളിയോ, സമ്പത്തുമല്ല.

സഭ
നിര്‍ഭാഗ്യവശാല്‍ മിശിഹ ചൂണ്ടിക്കാണിച്ച പിതാവായ ദൈവമെന്ന മനോഹരാശയം ഇന്ന് കത്തോലിക്കാസഭയില്‍ വിരളമായേ കാണാറുള്ളു. സഭ മിശിഹായുടെ ഭൗതികശരീരമെന്നും മറ്റും ദൈവശാസ്ത്ര പദമുപയോഗിച്ച് സഭയെ നിര്‍വ്വചിക്കാന്‍ മുരടന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിക്കുന്നു എന്നതു ശരിതന്നെ. മിശിഹാ കല്പിച്ചു. ''മനുഷ്യന്‍ നിങ്ങളുടെ നല്ല പ്രവൃത്തി കണ്ട് സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ.'' (മത്താ :5:16) സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തുന്നത് ''നിങ്ങളുടെ നല്ല പ്രവൃത്തികളാണ്.'' സമൂഹജീവിയായ മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടികള്‍: സമൂഹജീവിയായ മനുഷ്യനാണ് മിശിഹാ പ്രതിഫലം വാഗ്ദാനം ചെയ്തത്. മനുഷ്യപുത്രന്‍ തന്റെ സകല പരിശുദ്ധ ദൈവദൂതന്മാരുമായി മഹത്വത്തോടുകൂടി വരുമ്പോള്‍ അവന്‍ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരുന്ന് വിളിക്കുന്നതു നോക്കുക.''അപ്പോള്‍ രാജാവ് വലത്തുഭാഗത്തുള്ളവരോട് പറയും 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരുന്ന രാജ്യം അവലകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിയ്ക്കു വിശന്നു, നിങ്ങള്‍ എനിയ്ക്കു ഭക്ഷിക്കുവാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ എന്നെ കുടിപ്പിച്ചു. ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ അംഗീകരിച്ചു. ഞാന്‍ നഗ്നനായിത്തീരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ആ നീതിമാന്മാര്‍ അവനോടു ചോദിക്കും 'കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശന്നിരിക്കുന്നവനായിക്കണ്ട് നിനക്കു ഭക്ഷണം തരികയോ, നിന്നെ ദാഹിച്ചിരിക്കുന്നവനായി (കണ്ടു) നിന്നെ കുടിപ്പിക്കുകയോ ചെയ്തത് എപ്പോള്‍? ഞങ്ങള്‍ നിന്നെ പരദേശിയായിക്കണ്ടു സ്വീകരിക്കുകയോ, നഗ്നനനായി(കണ്ടു) ഞങ്ങള്‍ നിന്നെ ഉടുപ്പിക്കുകയോ ചെയ്തത് എപ്പോള്? നിന്നെ രോഗിയായിട്ടോ, കാരാഗൃഹത്തിലോ കണ്ട് നിന്റെ അടുക്കല്‍ ഞങ്ങള്‍ വന്നതും എപ്പോള്‍?' രാജാവ് ഉത്തരമായി അവരോട്: ചെറിയവരായ എന്റെ ഈ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകന്നു ചെയ്തത് എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു എന്നു പറയും. പിന്നെ അവന്‍ തന്റെ ഇടതുഭാഗത്തുള്ളവരോടും അരുളിചെയ്യും; ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നെ വിട്ട് പിശാചിനും അവരുടെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു. നിങ്ങള്‍ എനിക്കു ഭക്ഷിക്കുവാന്‍ തന്നില്ല; എനിക്കു ദാഹിച്ചു: നിങ്ങള്‍ എന്നെ കുടിപ്പിച്ചില്ല; ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല; ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; ഞാന്‍ രോഗിയായിരുന്നു; കാരാഗൃഹത്തിലുമായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടില്ല. അപ്പോള്‍ അവരും ഉത്തരമായി അവരോട്; കര്‍ത്താവേ, നിന്നെ വിശപ്പുള്ളവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തിലോ ആയി ഞങ്ങള്‍ കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? എന്നു ചോദിക്കും. അപ്പോള്‍ അവന്‍ ഉത്തരമായി അവരോട്; ഈ ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യാതിരുന്നപ്പോഴെല്ലാം എനിക്കും ചെയ്തിട്ടില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു, എന്നു പറയും. ഇവര്‍ നിത്യപീഡയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പോകും.'' (മത്തായി. 25: 34 - 46).

മിശിഹായുടെ നീതി എത്ര വ്യക്തമാണ്. സമൂഹജീവിയായ മനുഷ്യന്, സ്‌നേഹത്തിന്റെ നീരുറവ ഒഴുക്കിക്കൊടുക്കുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യമുള്ളു. ഭക്തിപ്രകടനങ്ങും, വണക്കമാസവും, കുര്‍ബ്ബാനയും, പള്ളിപണിയിയ്ക്കലും കപ്പേളനിര്‍മ്മിക്കലും ബലിയും നേര്‍ച്ചയും ഒന്നും സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള പാസ്‌പോര്‍ട്ടുകളല്ല. ''ഞാന്‍ കരുണയാഗ്രഹിക്കുന്നു, ബലിയല്ല എന്നുള്ളത് എന്താകുന്നു എന്ന് നിങ്ങള്‍ പോയി പഠിക്കുവിന്‍. ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിക്കുവാന്‍ വന്നത്.'' (മത്തായി 9:13).

ചരിത്രം പരതിനോക്കിയാല്‍
ചരിത്രം പരതിനോക്കിയാല്‍ നാം കാണുന്ന സഭ രക്തക്കളം സൃഷ്ടിച്ച സഭയാണ്. (ഞങ്ങള്‍ക്ക് എബാഹമുണ്ട്. ഇസഹാക്കുണ്ട് എന്നു വിളിച്ചുപറഞ്ഞ യഹൂദന്മാരെപ്പോലെ ഞങ്ങള്‍ക്ക് കൊച്ചുത്രേസ്യായുണ്ട്. അല്‍ഫോന്‍സാമ്മയുണ്ട് എന്ന് ചിലര്‍ വിളിച്ചു പറഞ്ഞേക്കാം. മാമ്മോദീസാ വെള്ളം വീഴാതെതന്നെ പരസ്‌നേഹത്തിന്റെ പരമകാഷ്ടയില്‍ എത്തിയ ഗാന്ധിജിയും വിനോബാഭാവേയും ശ്രീനാരായണനും രാമകൃഷ്ണപരമഹംസനും ഉണ്ടായില്ലേ? പിന്നെ എന്തിന് ഈ അഹങ്കാരം). അവിടെ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ ശാപവും പല്ലുകടിയും ആണ് കാണുന്നത്. (മത്താ: 8:12) സഭയും മാര്‍പ്പാപ്പയും കൂടി മദ്ധ്യകാലയുഗത്തില്‍, ഹെഡ്‌സിനെയും, സന്യാസിയായ സാവനറോളയെയും ബ്രൂണോയെയും പിന്നീട് പുണ്യവതിയെന്നു വിളിച്ച ജോവാന്‍ ഓഫ് ആര്‍ക്കിനെയും, പച്ചയ്ക്ക് തീയില്‍ കരിച്ചുകൊന്നു. വൃദ്ധനായ ഗലീലിയോയെ ശാസ്ത്രതത്വങ്ങള്‍ കണ്ടുപിടിച്ചു പ്രചരിപ്പിച്ചതിന്റെ പേരില്‍ മാര്‍പ്പാപ്പാ തടവറകളില്‍ തള്ളി! തന്റെ പ്രേഷ്ടശിഷ്യനോട് വാളുറയിലിടുവാന്‍ കല്പിച്ച് സ്വയം ശത്രുക്കള്‍ക്ക് കീഴ്‌പ്പെട്ട്, മഹത്വത്തോടെ പുനരുത്ഥാനം ചെയ്ത മിശിഹാ ജനിച്ച നാടിനെ, പാലസ്തീന്‍ നാടിനെ, യൂറോപ്പിലെ രാജാക്കന്മാരുടെ അധീനതയിലാക്കാന്‍ കുരിശുയുദ്ധങ്ങള്‍കൊണ്ട് കുരുതിക്കളമാക്കിയത് ഈ സഭയാണ്!! തന്റെ ശിഷ്യന്മാരുടെ കാലുകഴുകി ചുംബിച്ച്, എളിമയുടെ മഹത്വപൂര്‍ണ്ണ സാമ്രാജ്യത്തിന്റെ താക്കോല്‍ കാണിച്ചുകൊടുത്ത മിശിഹായുടെ വികാരിയായ 'പത്രോസ്' ഇന്ന് വിശുദ്ധപത്രോസിന്റെ ബസ്സലീക്കയിലേക്ക് എഴുന്നെള്ളുന്നത്, ദൈവത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന്റെ തോളിലമരുന്ന സ്വര്‍ണ്ണക്കസേരയിലാണ്. 'ചിതലും പുഴുവും നശിപ്പിക്കുകയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥലമായ ഭൂമിയില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ സൂക്ഷിച്ചു വയ്ക്കണ്ട' എന്ന് കല്പിച്ച മിശിഹായുടെ പേരില്‍, വലിയ സമ്പത്ത് സമാര്‍ജ്ജിക്കുന്നു.

'സ്വര്‍ണ്ണക്കാളകള്‍'
രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയാണോ മതം തീര്‍ത്ത ദൈവം (ചങ്ങമ്പുഴ)
അതേ, ഇന്നത്തെ മതം സൃഷ്ടിച്ചത് രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരുന്നവനും സമ്പത്തില്‍ ആഹ്ലാദിക്കുന്നവനും സ്തുതിവചസ്സുകളില്‍ പ്രീതനാകുന്നവനുമായ ദൈവത്തെയാണ്. മിശിഹാ കാണിച്ചുതരുന്നത് പിതാവായ, രോഗിയെ അന്വേഷിച്ചുവന്ന, നിയമജ്ഞന്മാരുടെ നീതിക്ക് അതീതമായ നീതി കാണിക്കുന്ന, ക്ഷമിക്കുന്ന, കരുണ ആഗ്രഹിക്കുന്ന, സമ്പത്ത് ആഗ്രഹിക്കാത്ത വിശ്വംമുറ്റിനില്‍ക്കുന്ന സ്‌നേഹസമ്പന്നയായ ഈശ്വരനെയായിരുന്നു. സ്വന്തം ആര്‍ത്തിയും സ്ഥാനമഹിമയിലുമുള്ള കൊതിയും കൊണ്ട് ഒരുവിഭാഗം ആളുകള്‍ യഥാര്‍ത്ഥ ദൈവത്തെ-ക്രിസ്തു ആവിഷ്‌കരിച്ച ദൈവത്തെ-മനുഷ്യനില്‍ നിന്നു മാറ്റിനിര്‍ത്തി ദൈവത്തിന്റെ മുഖഛായ വികൃതമാക്കി. സ്വര്‍ണ്ണക്കാളകള്‍ പിതാവായ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.
ഇങ്ങനെ വികൃതമാക്കിയ ദൈവത്തിന്റെ മുഖമാണ് കത്തോലിക്കാസഭ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. ചിന്തിക്കുന്നവന്‍ ആ ദൈവത്തെ പുച്ഛിക്കുന്നു. നിഷേധിക്കുന്നു. സഭ സൃഷ്ടിച്ച പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭക്തിപ്രസ്ഥാനത്തിന്റെയും, നേര്‍ച്ചകാഴ്ച, പെരുന്നാളാദിയായ പ്രകടനങ്ങളുടെയും ഇടയ്ക്ക് സ്വന്തകാര്യത്തിനുവേണ്ടി, സക്രാരിയിലുള്ള ഇരുമ്പുപെട്ടിയില്‍ പൂട്ടിവെച്ചിരുന്ന പിതാവായ ദൈവത്തിന്റെ മുഖം ഒന്നു കാണുവാന്‍ വിശ്വാസികളെ അനുവദിച്ചിരുന്നെങ്കില്‍!!!

ഇതിന് നാം ആരേയും കുറ്റം പറയേണ്ടതില്ല. കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ