2012, നവംബർ 24, ശനിയാഴ്‌ച

കത്തുന്ന വെള്ളം


(ഓശാന മാസികയുടെ രണ്ടാം ലക്കത്തിലെ  (നവംബര്‍ 1975) 
ഈ എഡിറ്റോറിയല്‍ ഇന്നും പ്രസക്തമല്ലേ ?

വെള്ളം കത്തുകയോ? അതേ, വെള്ളം കത്തും! ഇടുക്കിയിലെ കുറവന്‍-കുറത്തി മലയിടുക്കിലൂടെ ഗംഭീരാരവത്തോടെ പ്രവഹിച്ചിരുന്ന പെരിയാറിനെ അണക്കെട്ടുകൊണ്ടു തടഞ്ഞുനിര്‍ത്തി, മൂലമറ്റത്തെ വൈദ്യുതോത്പാദകയന്ത്രത്തിന്റെ ഇലച്ചക്രം തിരിക്കാന്‍ ഉപയോഗിച്ചപ്പോള്‍, ഗ്രാമാന്തരങ്ങളില്‍ അന്ധകാരത്തെ അകറ്റുകയും വ്യവസായശാലകളില്‍ യന്ത്രങ്ങളെ തിരിക്കുകയും ചെയ്യുന്ന വൈദ്യുതി ഉണ്ടായി. മാത്രമല്ല, ആ ജലാശയത്തില്‍നിന്ന് പ്രവഹിക്കുന്ന ജലം ഊഷരഭൂമികളെ പച്ചപിടിപ്പിക്കുന്നു. തണുത്തവെള്ളം കത്തുന്നു! വിളക്കു തെളിക്കുന്നു! ഇരുട്ടിനെ അകറ്റുന്നു! അത്ഭുതം !!!

മോശ
മോശയുടെ പത്തുപ്രമാണങ്ങളാലും മോശ നല്‍കിയ സമൂഹനിയമങ്ങളാലും രൂപപ്പെടുത്തപ്പെട്ട യഹൂദജീവിതമൂല്യങ്ങള്‍, നിഷേധാത്മകങ്ങളായിരുന്നു. ''നീ കൊല്ലരുത്'', ''നീ മോഷ്ടിക്കരുത്'', ''കള്ളസാക്ഷി പറയരുത്'' - ഇങ്ങനെ 'അരുതുകളുടെ' നിയമാവലിയാണ് മോശ സമൂഹത്തിനു നല്‍കിയത്. മനുഷ്യനിലെ മൃഗത്തെ കടിഞ്ഞാണിട്ടുനിര്‍ത്തുന്നതിന് ഉതകുന്നവ മാത്രമായിരുന്നു അവ. മനുഷ്യനെ ദൈവജനമാക്കുന്നതിനും, അവനിലെ ദൈവമഹത്വത്തെ ഉത്തേജിപ്പിക്കുന്നതിനും ഈ നിയമസംഹിത ശക്തമല്ലായിരുന്നു.

മിശിഹാ
അവിടെയാണ് മിശിഹായുടെ നിത്യസന്ദേശത്തിന്റെ അമൂല്യത. 'അരുതു'കളുടെ ഒരു കളം വരച്ച് മനുഷ്യനിലെ മൃഗത്തെ ഭയത്തിന്റെ ചങ്ങലകളില്‍ കെട്ടിയിടുവാല്ല, നേരേമറിച്ച് മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ദൈവത്വത്തെ ഉണര്‍ത്തുവാനാണ് മിശിഹാ ശ്രമിച്ചത്. മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന ദൈവത്വത്തിന്റെ ഉത്തേജനത്തിനുള്ള സൂത്രവാക്യം ''ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുക എന്നതില്‍ വലുതായ സ്‌നേഹം ഇല്ല'' (യോഹ: 15:13) എന്നതുതന്നെ. മനുഷ്യപുത്രന്‍ മനുഷ്യവര്‍ഗത്തോടുള്ള സ്‌നേഹം നിമിത്തം മനുഷ്യപാപങ്ങളുടെ പരിഹാരമായി കുരിശില്‍ സ്വയം ബലി അര്‍പ്പിച്ചു. ഈ പരിഹാരബലി മനുഷ്യനെ സ്വര്‍ഗത്തിനവകാശിയാക്കി എന്നതാണ് ക്രിസ്തുമത വിശ്വാസത്തിന്റെ ആധാരശില. ''മിശിഹാ, നമ്മുടെ ബലിഹീനത നിമിത്തം പാപികള്‍ക്കുവേണ്ടി മരിച്ചു എങ്കില്‍ - പാപികള്‍ക്കുവേണ്ടി ആരെങ്കിലും മരിക്കുക ദുര്‍ലഭം; നല്ലവര്‍ക്കുവേണ്ടി മരിക്കുവാന്‍ പക്ഷേ ആരെങ്കിലും തുനിഞ്ഞേക്കാം - നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു എങ്കില്‍, ദൈവം തനിക്ക് നമ്മോടുള്ള സ്‌നേഹം ഇവിടെ കാണിക്കുന്നു.'' ''ആകയാല്‍ ഒരുത്തന്റെ പാപം നിമിത്തം സകല മനുഷ്യര്‍ക്കും ശിക്ഷയുണ്ടായത് എങ്ങിനയോ, അങ്ങിനെതന്നെ ഒരുത്തന്റെ നീതി നിമിത്തം സകലമനുഷ്യര്‍ക്കും, നിത്യജീവിതത്തിലേക്കുള്ള നീതീകരണവും ഉണ്ടാകും'' (റോമ:5:6, 8, 18) പൗലോസിന്റെ മേലുദ്ധരിച്ച വാചകങ്ങള്‍ മിശിഹായുടെ അത്യുദാരമായ രക്ഷാകരപ്രവര്‍ത്തികളുടെ പ്രചോദനനിദാനത്തെ വിവരിക്കുന്നു. അവ (1) മിശിഹാ പാപികളായ മനുഷ്യര്‍ക്കുവേണ്ടിയാണ് മരിച്ചത്. അത് സ്‌നേഹം നിമിത്തമാകുന്നു--ശത്രുക്കളോടുപോലും കാണിക്കപ്പെടുന്ന ബ്രഹ്മം മുറ്റിനില്‍ക്കുന്ന സ്‌നേഹം! (2) ഈ സ്‌നേഹമാകട്ടെ ''ദൈവം തനിക്ക് നമ്മോടുള്ള സ്‌നേഹത്തെ കാണിക്കുന്നതാണ്. അങ്ങിനെ മനുഷ്യപുത്രന്റെ സ്‌നേഹം നിമിത്തം പാപത്തില്‍നിന്നു വിമോചിതരായി മനുഷ്യര്‍ സ്വര്‍ഗ്ഗത്തിനവകാശികളായിത്തീര്‍ന്നു.

പ്രതിനന്ദി
പാപികളായ മനുഷ്യരെ കുരിശുമരണം കൊണ്ട് സ്വര്‍ഗ്ഗത്തിനവകാശികളാക്കി മാറ്റിയ പരമോദാരമായ സ്‌നേഹത്തിന് നാം പ്രതിനന്ദികാണിക്കേണ്ടേ? തീര്‍ച്ചയായും. ഈ പ്രതിനന്ദി കേവലം പുണ്യമല്ല കടമ തന്നെയാണ്.

എങ്ങനെ
''എന്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെ സ്‌നേഹിച്ചു. നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍'' (യോഹ: 15:9) ക്രിസ്തു തന്റെ പിതാവിനോടുള്ള സ്‌നേഹം കാണിച്ചത് പിതാവിനെ മഹത്വപ്പെടുത്തിയായിരുന്നു. എന്തായിരുന്നു ആ മഹത്വപ്പെടുത്തല്‍? പിതാവിനുവേണ്ടി ദേവാലയങ്ങള്‍ പണിതല്ല; കപ്പേളകള്‍ സ്ഥാപിച്ചല്ല; പൊന്നുകൊണ്ടും വെള്ളികൊണ്ടും സക്രാരികള്‍ ഉണ്ടാക്കിയല്ല; കുരിശടികളും, കത്തീഡ്രലുകളും, ബസലിക്കകളും നിര്‍മ്മിച്ചല്ല; കാരണം, പൂര്‍ണ്ണനായ ദൈവത്തെ മനുഷ്യന്റെ കരവിരുതുകള്‍കൊണ്ടും ആഡംബരങ്ങള്‍ കൊണ്ടും തൃപ്തിപ്പെടുത്താനാവില്ല. സമരിയാക്കാരി സ്ത്രീയോട് മിശിഹാ പറഞ്ഞു: ''സ്ത്രീയേ നിങ്ങള്‍ പിതാവിനെ ആരാധിക്കേണ്ടത് ഈ മലയിലും അല്ല, ജെറൂശലേമിലും അല്ല, എന്ന സമയം വരും; എന്നെ വിശ്വസിക്കുക.... എന്നല്ല, സത്യാരാധകന്മാര്‍, പിതാവിനെ ആത്മാവിലും, സത്യത്തിലും, ആരാധിക്കുന്ന സമയം വരുന്നു. അത് ഇപ്പോള്‍ തന്നെയുമാകുന്നു. ഇവരെപ്പോലെയുള്ള ആരാധകന്മാരെയാണ് പിതാവും അന്വേഷിക്കുന്നത്. എന്തെന്നാല്‍ ദൈവം ആത്മാവാകുന്നു. അവനെ അരാധിക്കുന്നവന്‍ ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍ ആവശ്യമാകുന്നു'' (യോഹ: 5 : 21-24).
''സകല മനുഷ്യര്‍ക്കും ആയുസ്സും ആത്മാവും അവന്‍ കൊടുത്തിരിയ്ക്കയാല്‍, അവന്‍ മനുഷ്യരുടെ കൈകളാല്‍, ശുശ്രൂഷിക്കപ്പെടുകയോ, യാതൊന്നിനും മുട്ടുപാടുള്ളവനോ ആയിരിയ്ക്കയില്ല. അവന്‍ ഭൂമുഖത്തെങ്ങും കുടിയിരിക്കുവാന്‍, ഒരേ രക്തത്തില്‍നിന്ന്, മനുഷ്യരെ മുഴുന്‍ ഉളവാക്കി, മനുഷ്യരുടെ വാസത്തിന് തന്റെ കല്പനകള്‍കൊണ്ട് സമയങ്ങള്‍ നിശ്ചയിക്കയും, അതിരുകള്‍ വയ്ക്കുകയും ചെയ്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുകയും തിരക്കുകയും അവന്റെ സ്രഷ്ടങ്ങളില്‍നിന്നും, അവനെ കണ്ടെത്തുകയും ചെയ്യേണ്ടതിനു തന്നെ (നടപടി 17:25-27). അപ്പോള്‍ പിതാവായ ദൈവത്തെ കണ്ടുപിടിക്കേണ്ടത് സൃഷ്ടങ്ങളിലാണ്. തന്റെ മഹോന്നത ത്യാഗം കൊണ്ട്. മനുഷ്യനെ സ്വര്‍ഗ്ഗത്തിനവകാശിയാക്കിയ ക്രിസ്തുവിന് പ്രതിനന്ദികാണിക്കേണ്ടത്, ക്രിസ്തുവിനെ മഹത്വപ്പെടുത്തേണ്ടത്, ആ സ്‌നേഹം ജനങ്ങളിലേയ്ക്ക് പകര്‍ന്നാണ്. നമ്മുടെ കര്‍ത്താവ് എത്രയോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. അവയൊന്നും ഒരു മാജിക്കുകാരന്‍ ആത്മപ്രശംസാപരമായി തന്റെ കഴിവ് പ്രദര്‍ശിപ്പിക്കുന്ന മട്ടിലായിരുന്നില്ല. ഓരോ അത്ഭുതവും ക്രിസ്തുവില്‍ തിങ്ങിനിറഞ്ഞുനിന്നിരുന്നു മനുഷ്യസ്‌നേഹത്തിന്റെ നിര്‍ഗ്ഗള പ്രവാഹമായിരുന്നു. മനുഷ്യസ്‌നേഹപ്രചോദിതങ്ങളായ ആ അത്ഭുതങ്ങള്‍ അവിടുത്തേക്ക് ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, പിതാവായ ദൈവത്തോടുള്ള സ്‌നേഹത്തിന്റെ സ്വതസിദ്ധമായ പ്രവാഹമായിരുന്നു അത്. രക്തസ്രാവം കൊണ്ടു വലഞ്ഞിരുന്ന സ്ത്രീ വിശ്വാസത്തോടുകൂടി ക്രിസ്തുവിന്റെ വസ്ത്രം തൊട്ടപ്പോള്‍, ക്രിസ്തു അറിയാതെ തന്നെ ശക്തി പ്രവഹിച്ച്, സ്ത്രീയെ രോഗവിമുക്തയാക്കി.

സഭയുടെ തെറ്റ്
1. ദൈവത്തോടുള്ള സ്‌നേഹത്തെ യഥാര്‍ത്ഥത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടത് എങ്ങിനെയെന്നു ചൂണ്ടിക്കാണിക്കുവാന്‍ തയ്യാറാവേണ്ടിയിരുന്ന കത്തോലിക്കാസഭ തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് ചെയ്തത്. ''ചെറിയവരായ എന്റെ ഈ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകുന്നു ചെയ്തത്' എന്നും ''ഈ ചെറിയവരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്യാതിരുന്നപ്പോഴെല്ലാം എനിക്കും ചെയ്തിട്ടില്ല'' എന്നുമുള്ള (മത്തായി 26:40-45) ക്രിസ്തുവിന്റെ വാക്യം ചൂണ്ടിക്കാണിച്ച് ദൈവത്തോടുള്ള നമ്മുടെ കടപ്പാടിന്റെ പ്രതിനന്ദി എങ്ങനെ പ്രകടിപ്പിക്കണമെന്ന് സഭ ചൂണ്ടിക്കാണിച്ചില്ല. ''ഈ ചെറിയവനിലൊരുവനല്ല'' ''ഈ വലിയവര്‍ക്കു ചെയ്യുമ്പോഴൊക്കെ'' എനിക്കായി ചെയ്തു എന്നു പഠിപ്പിക്കാനാണ് സഭ തുനിഞ്ഞത്. മെത്രാസന അരമനയ്ക്കു പണം കൊടുത്തപ്പോള്‍, മെത്രാന്റെ വാഴ്ചയ്ക്ക് പിരിവു കൊടുത്തപ്പോള്‍, മെത്രാനച്ചന് കുരിശും മോതിരവും വടിയും മുടിയും കൊടുത്തപ്പോള്‍, പള്ളിക്ക് പൊന്നിന്‍കുരിശ് സംഭാവന ചെയ്തപ്പോള്‍, പ്രിയോരച്ചന് നെയ്യപ്പവും ചുരുട്ടും കൊടുത്തപ്പോള്‍, ദീപികയെ സാമ്പത്തികമായി സഹായിച്ചപ്പോള്‍, പ്രൊവിന്‍ഷ്യാളച്ചന് ഡിന്നര്‍ നല്‍കിയപ്പോള്‍, അച്ചന്മാര്‍ക്ക് വലിയ മേശ കൊടുത്തപ്പോള്‍, എല്ലാം മിശിഹായ്ക്ക് കൊടുക്കുകയാണെന്ന തെറ്റിദ്ധാരണ വിശ്വാസികളിലുളവാക്കാന്‍ സഭാധികാരികള്‍ ശ്രമിച്ചു. ദൈവത്തിനോടുള്ള പ്രതിനന്ദി പ്രകടത്തില്‍, ചെറിയമനുഷ്യരെ മാറ്റിനിര്‍ത്തി, വലിയ മനുഷ്യരെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു. സഭ ''വലിയ മനുഷ്യരില്‍'' ദൈവത്തെ ദര്‍ശിക്കാന്‍ മനുഷ്യരെ പഠിപ്പിച്ചു. ചെറിയ മനുഷ്യനുവേണ്ടി 'വിന്‍സെന്റ് ഡിപോള്‍ സംഘടന' സ്ഥാപിച്ചു കൊടുത്തു.

2. ഇതിനേക്കാള്‍ ഹീനവും, ക്രൈസ്തവ വിരുദ്ധവുമായിരുന്നു രണ്ടാമത്തെ തെറ്റ്. ''മനുഷ്യരാല്‍ കാണപ്പെടുവാന്‍ വേണ്ടി അവരുടെ മുമ്പില്‍ ധര്‍മ്മദാനം ചെയ്യാതിരിക്കുവാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍. അല്ലെങ്കില്‍, സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ അടുക്കല്‍ നിങ്ങള്‍ക്ക് പ്രതിഫലം ഇല്ല. ആകയാല്‍ നീ ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ സ്തുതിക്കപ്പെടേണ്ടതിന് സംഘങ്ങളിലും, തെരുവീഥികളിലും കപടഭക്തര്‍ ചെയ്യുംപോലെ നിന്റെ മുമ്പില്‍ കാഹളം ഊതരുത്. അവരുടെ പ്രതിഫലം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു എന്ന് ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. നീ ഭിക്ഷ കൊടുക്കുമ്പോള്‍, നിന്റെ വലത്തുകൈ എന്തു ചെയ്യുന്നു എന്ന് നിന്റെ ഇടത്തുകൈ അറിയരുത്. ഇത് നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു തന്നെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് പരസ്യമായി നിനക്ക പ്രതിഫലം തരും'' (വി. മത്താ:6:1-4). ഇത് മിശിഹായുടെ വാക്കുകളാണ്. എവിടെയെങ്കിലും ഒരു പാവപ്പെട്ടവന്, വല്ല പള്ളിക്കാരും ഒരു പുരവെച്ചുകൊടുത്താല്‍ താക്കോല്‍ ദാനമെന്ന 'മഹാസംഭവത്തിന്' ആഗതനാകുന്ന മെത്രാനച്ചനെ, തരുണീമണികള്‍ താലപ്പൊലിയെടുത്തു സ്വീകരിച്ച്, വെടിപടഹദ്ധ്വനികളോടുകൂടി ആനയിച്ച്, നിര്‍ഭാഗ്യവാനായ ആ പാവപ്പെട്ടവനെയും കുടുംബത്തെയും സര്‍വ്വാഡംബരവിഭൂഷിതനായ മെത്രാനച്ചനെയും സ്ഥലത്തെ പ്രധാന ദിവ്യന്മാരെയും കൂട്ടി ഫോട്ടോയെടുത്ത് ദീപികപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച്, ക്രൈസ്തവ ഉപവിയെക്കുറിച്ചും, സ്‌നേഹത്തെക്കുറിച്ചും ഊറ്റം കൊള്ളുന്ന സഭയുടെ പ്രാകൃതവും അധമവുമായ കര്‍മ്മമെവിടെ? മിശിഹായുടെ ധര്‍മ്മോദ്‌ബോധനമെവിടെ?

ആദര്‍ശദരിദ്ര
ക്രൈസ്തവമായ ഉപവിയുടെ അടിസ്ഥാനം, അതു കടമാനിബദ്ധമാണെന്നതാണ്. മിശിഹാ നമ്മോടു കാണിച്ച, നമ്മെ സ്വര്‍ഗ്ഗത്തിനവകാശികളാക്കിയതിനുള്ള പ്രതിനന്ദി. പക്ഷേ ഈ ഉന്നതമായ ആദര്‍ശത്തെ, മനുഷ്യരില്‍ പ്രചോദിപ്പിക്കാന്‍ ആദര്‍ശദരിദ്രയായ സഭയ്ക്ക് കഴിഞ്ഞില്ല. അതിനുപകരം, ആശുപത്രികളുടെ വാര്‍ഡുകളുടെ ഭിത്തികളില്‍ Donated by എന്നെഴുതിവെക്കുമെന്ന ഇര ഇട്ട് മനുഷ്യന്റെ അഹങ്കാമെന്ന ഹീനവികാരത്തെ തട്ടിയുണര്‍ത്തിയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ''ദേവസ്യാച്ചന്‍ നമ്മുടെ പള്ളിക്ക് ഒരു കപ്പേള പണിയണം. പേരെഴുതിയിട്ടേക്കാം ദേവസ്യാച്ചനെ എല്ലാവരും ഓര്‍ക്കും.'' അല്ലെങ്കില്‍, ''മണിമാളിക മത്തായിച്ചന്‍ പണിയിക്കണം. അപ്പന്റെ ഓര്‍മ്മയ്ക്ക്.'' അല്ലെങ്കില്‍, ''നിങ്ങള്‍ ഈ ഇടവകയിലെ കുലീന കുടുംബമല്ലേ, നമ്മുടെ ഇടവകയില്‍ ആശുപത്രി വരുമ്പോള്‍ നിങ്ങളുടെ കുടുംബക്കാരുടെ ഒരു വാര്‍ഡ് വേണം.'' എന്നോ എല്ലാമുള്ള ആകര്‍ഷണങ്ങളാണ് സഭ ഇന്ന് ''ക്രിസ്തീയ ഉപവി'' ഉദ്ദീപിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്--ഇത് ക്രിസ്തീയ വീക്ഷണമല്ല. ''സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ അടുക്കല്‍ പ്രതിഫലമില്ലാത്തവയാണ് ഇവയെല്ലാം.

തെറ്റ് തിരുത്തുക
ക്രിസ്തുനിര്‍ദ്ദേശിതമായ പരസ്‌നേഹപ്രവൃത്തിയുടെ പ്രചോദനം സാമൂഹ്യമാന്യതയ്ക്കുവേണ്ടിയുള്ള 'അഹം' എന്ന ഭാവമല്ല. ദൈവപ്രീണനത്തിനുള്ള പരസ്‌നേഹപ്രവൃത്തിയുടെ ലക്ഷ്യം, ഈ വലിയവര്‍ക്ക് കൊടുക്കുന്നതോ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതോ അല്ല. അതാണെന്ന തെറ്റായ ധാരണ സഭയില്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. പരസ്‌നേഹപ്രവൃത്തിയുടെ പ്രചോദനം (1) മിശിഹാ നമ്മെ സ്‌നേഹിച്ചതുമൂലം, പാപത്തില്‍നിന്നും മോചിപ്പിച്ച് സ്വര്‍ഗ്ഗത്തിനര്‍ഹനാക്കാന്‍ സ്വയം ത്യജിച്ചു; അതിന് നാം പ്രതിനന്ദി കാണിക്കാന്‍ കടപ്പെട്ടവരാണ്. (2) ഈ കടപ്പാട് നിര്‍വ്വഹിക്കേണ്ടത് രഹസ്യത്തില്‍ കാണുന്ന പിതാവ് മാത്രം അറിഞ്ഞുകൊണ്ടും, മനുഷ്യരിലൂടെയുമാണ്. പൂര്‍ണ്ണനായ ദൈവത്തിന് യാതൊന്നും ആവശ്യമില്ല. അവിടുന്നു സൃഷ്ടിച്ച അപൂര്‍ണ്ണനായ മനുഷ്യനെ സഹായിയ്ക്കുമ്പോള്‍ അവിടുന്ന് ആനന്ദിക്കുന്നു എന്ന അടിസ്ഥാനതത്വം സഭാപഠനങ്ങളില്‍ ഇന്ന് പിന്‍തള്ളപ്പെട്ടിരിക്കുകയാണ്! ''ദരിദ്രരോടുള്ള കരുണയും ചേര്‍ച്ചയും നിങ്ങള്‍ മറന്നുകളയരുത്. ഈ ബലികള്‍കൊണ്ട് മനുഷ്യന്‍ ദൈവത്തെ പ്രസാദിപ്പിയ്ക്കുന്നു'' (എബ്രാ: 13:16).

ഒരു പുതിയ ഇടുക്കി

മിശിഹായോടുള്ള പ്രതിനന്ദിയാകുന്ന അണക്കെട്ടുയര്‍ത്തി സ്‌നേഹപ്രചോദിതമായ പ്രവൃത്തികളുടെ ഊക്കന്‍പ്രവാഹം ഉളവാക്കി, മനുഷ്യനന്മയുടെ ഇലച്ചക്രങ്ങള്‍ തിരിയ്ക്കാന്‍ സഭ തയ്യാറായാല്‍ അതില്‍നിന്നുയര്‍ന്നെഴുന്നേല്‍ക്കുന്ന ഒരദൃശ്യശക്തിയുടെ പ്രോജ്വലിക്കുന്ന വീചികള്‍ ദൈവത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കുടിലുകളെക്കൂടി കോരിത്തരിപ്പിയ്ക്കും.
ദൈവത്തിന് ബലിയാവശ്യമില്ല. കരുണയാണ് വേണ്ടതെന്ന് ഉറക്കെപ്പറയാന്‍ തയ്യാറാകുന്ന ഒരു തലമുറയുണ്ടാകണം. മനുഷ്യന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രാകാരങ്ങള്‍ പണിയാന്‍ ആഹ്വാനങ്ങള്‍ ചെയ്യുന്ന മൂല്യബോധരാഹിത്യത്തിനെതിരെ ശബ്ദമുയര്‍ത്താന്‍, വേണ്ടിവന്നാല്‍ പോരാടാന്‍, ആദര്‍ശപ്രേരിതമായ തലമുറ തയ്യാറാകണം.
കുരുടരായ വഴികാട്ടികളല്ല നമ്മെ നയിക്കേണ്ടത്. ക്രിസ്തുവിന്റെ വചനങ്ങളായ ദിവ്യനക്ഷത്രങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ