2012, നവംബർ 25, ഞായറാഴ്‌ച

സിംഹാസനപ്പോര്

ജോസഫ് പുലിക്കുന്നേല്‍ ഈ ലക്കം (2012 നവംബര്‍) ഓശാന മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചിട്ടുള്ള ഈ ലേഖനം 1975 ഡിസംബറില്‍ എഴുതിയതാണ്. ഈ ക്രാന്തദര്‍ശിത്വത്തെ അഭിനന്ദിക്കണോ അതോ കാലംമാറുന്നതറിയാതെ നമ്മെ നയിക്കാന്‍ശ്രമിക്കുന്ന സഭാധികാരികളോട് സഹതപിക്കണോ?

ക്രിസ്തു സ്ഥാപിച്ച സഭയുടെ അടിക്കല്ല്, മിശിഹാ ദൈവപുത്രനാകുന്നു എന്ന വിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ അനുഗ്രഹം ലഭിക്കുന്നവരിലെ മിശിഹായുടെ സഭ നില്‍ക്കുകയുള്ളൂ. എന്നാല്‍ ദൈവപുത്രന്റെ പേരില്‍ ഇന്നു നടക്കുന്നത് സമ്പത്തിന്മേലുള്ള അവകാശത്തിനും വിശ്വാസികളുടെ മേലുള്ള അധികാരത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളത്രേ).

മലങ്കര യാക്കോബായ സഭയില്‍ ഇന്ന്, അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെയും, മലങ്കര കാതോലിക്കാബാവയുടെയും, അധികാരത്തെ സംബന്ധിച്ച്, ശക്തമായ ഒരു വഴക്കു നടന്നുകൊണ്ടിരിക്കയാണല്ലോ? അന്ത്യോക്യാപാത്രിയര്‍ക്കീസ് ആകമാനസഭയുടെ പാത്രിയര്‍ക്കീസാണെന്നും പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു എന്നുമാണ് ഒരു വാദം. കാതോലിക്കാബാവാ, മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായി ഇരിക്കയാണെന്നാണ് മറ്റൊരു വാദം. എന്നാല്‍ പത്രോസിന്റെ സിംഹാസനം, അന്ത്യോക്യായിലല്ല സ്ഥാപിച്ചതെന്നും, ആ സിംഹാസനം റോമായിലാണെന്നും, അതിലാണ് പരിശുദ്ധമാര്‍പാപ്പാ ആരൂഢനായിരിക്കുന്നതെന്നും കത്തോലിക്കരും വാദിക്കുന്നു. ഇതിനും പുറമേ, മദ്ധ്യപൗരസ്ത്യദേശങ്ങളില്‍, ഇത്തരം പല ''സിംഹാസന''ങ്ങളില്‍ ആരൂഢരാണെന്ന് പറഞ്ഞ് ''പരിശുദ്ധപിതാക്കളും'', ''പാത്രിയര്‍ക്കാമാരും'' തങ്ങളാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളെന്ന് ശഠിക്കുന്നു. പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനായിരുന്നുകൊണ്ട് റോമന്‍പാപ്പാ, പത്രോസിന്റെ സിംഹാസനത്തില്‍ ആരൂഢനാണെന്ന് അവകാശപ്പെടുന്ന അന്ത്യോക്യാപാത്രിയര്‍ക്കീസിനെ ശപിക്കുന്നു! പാത്രിയര്‍ ക്കീസാകട്ടെ, തന്റേതാണ് പത്രോസിന്റെ സിംഹാസനമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് റോമന്‍ മാര്‍പാപ്പായെ മുച്ചൂടും ശപിക്കുന്നു!! മാര്‍ത്തോമ്മായുടെ സിംഹാസനത്തിലിരുന്ന് കാതോലിക്കോസ്, പാത്രിയര്‍ക്കീസിനെ ശപിക്കുമ്പോള്‍, പത്രോസിന്റെ സിംഹാസനത്തിലിരുന്ന് മാര്‍പാപ്പാ എല്ലാവരെയും ശപിക്കുന്നു!!! ഇതെല്ലാം ക്രിസ്തുവിന്റെ പേരിലാണ് നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കാന്‍ കഴിയുകയില്ല!

എന്താണ് ഈ സിംഹാസനം? രാജാക്കന്മാരുടെ അധികാര സൂചനാചിഹ്നങ്ങളാണ് സിംഹാസനവും ചെങ്കോലുമെല്ലാം. പഴയകാലങ്ങളില്‍, രാജാധികാരം പാരമ്പര്യവഴിക്കു ലഭിച്ചിരുന്ന ഒരു സ്ഥാനമാണ്. സിംഹാസനത്തിന്മേലുള്ള അവകാശം, പല രാജ്യങ്ങളിലും പലവിധത്തിലായിരുന്നു. തിരുവിതാംകൂറില്‍ അത് മരുമക്കത്തായ സമ്പ്രദായമനുസരിച്ചായിരുന്നു. ബ്രിട്ടനില്‍ രാജാവിന്റെ മൂത്ത പുത്രനാണ് രാജാധികാരം. പഴയ റോമാസാമ്രാജ്യത്തില്‍ പാരമ്പര്യവും, കുറെയെല്ലാം, കയ്യൂക്കും രാജാധികാരസ്ഥാനലബ്ധിക്ക് മാനദണ്ഡങ്ങളായിരുന്നു. പണ്ട് റോമാ സാമ്രാജ്യത്തില്‍ ആരു ചക്രവര്‍ത്തിയായാലും അയാള്‍ സീസറിന്റെ സിംഹാസനത്തില്‍ ഇരിക്കുന്നു എന്നാണ് വിവക്ഷ. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ''ശ്രീപത്മനാഭദാസന്മാര്‍'' എന്നു വിളിക്കപ്പെട്ടിരുന്നതുപോലെ, ചേരമാന്‍ പെരുമാളുടെ സിംഹാസനമെന്നതായിരുന്നു കൊച്ചീരാജാക്കന്മാരുടെ അധികാരത്തിനാധാരമായ സങ്കല്പം. ഇങ്ങനെ സാങ്കല്പികമായ സിംഹാസനങ്ങളുടെ പാരമ്പര്യത്തില്‍ ഊന്നിനിര്‍ത്തിയതായിരുന്നു പഴയകാലത്ത് രാജാധികാരം. ഇതിന് ചില കാരണങ്ങളുണ്ടായിരുന്നുതാനും. രാജ്യവും രാജ്യത്തിന്റെ സ്വത്തുക്കളും, രാജാവിന്റേതാണെന്നാണ് വയ്പ്. ഒരു രാജാവ് മരിച്ചുകഴിഞ്ഞാല്‍, സ്വത്തിന്മേലുള്ള സിവില്‍ അധികാരം, രാജാധികാരം കയ്യേല്‍ക്കുന്ന വ്യക്തിക്കു മാത്രമാണെന്നുള്ളതാണ് നിയമം. അങ്ങനെ സിംഹാസനംകൊണ്ട് സൂചിപ്പിക്കപ്പെടുന്നത്, ഈ സിവില്‍ അധികാരത്തെയാണ്. അതായത് പരേതനായ രാജാവിന്റെ സ്വത്തിലും ഭരണാധികാരത്തിലും പിന്‍ഗാമിക്കുള്ള അവകാശത്തെയാണ് ''സിംഹാസനം'' എന്നു വിവക്ഷിക്കുന്നത്. ഏതു വ്യക്തിയാണോ സിംഹാസനാരൂഢനാകുന്നത്, ആ വ്യക്തിക്കാണ് മരിച്ച രാജാവിന്റെ സ്വത്തിന്മേലും അധികാരത്തിന്മേലും അവകാശം. 

സമ്പത്തിന്മേലുള്ള അവകാശവും ഭരണീയരുടെമേലുള്ള കര്‍തൃത്വവുമാണ് സിംഹാസനചിഹ്നത്തിന്റെ സാങ്കല്പികാധാരം എന്നു നാം കണ്ടു. ക്രിസ്തു സ്ഥാപിച്ച സഭയില്‍ ഇതു രണ്ടും പരിപൂര്‍ണമായും വര്‍ജ്യങ്ങളായിരുന്നു. അന്ത്യ അത്താഴവേളയില്‍ മിശിഹാ ശിഷ്യന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചത് ഇപ്രകാരമാണ്. ''ഞാന്‍ ലോകത്തിന്റേത് അല്ലാത്തതുപോലെ, അവരും (ശ്ലീഹന്മാര്‍) ലോകത്തിന്റേത് അല്ല. ......... ലോകത്തിലേക്ക് നീ എന്നെ അയച്ചതുപോലെ, ലോകത്തിലേക്കു ഞാന്‍ അവരെ അയച്ചിരിക്കുന്നു. അവരും സത്യത്തില്‍ വിശുദ്ധീകൃതരാകാന്‍ അവര്‍ക്കുവേണ്ടി ഞാന്‍ സ്വയം വിശുദ്ധീകരിക്കുന്നു. '' (യോഹ. 17 : 16-19). ''ഞാന്‍ ലോകത്തിന്റേത് അല്ലാത്തതുപോലെ'' എന്ന മിശിഹായുടെ വാക്കുകള്‍ എത്രയോ അര്‍ഥസംപുഷ്ടമാണ്. ദൈവത്തിന്റെ ഏകജാതന്‍, മനുഷ്യവര്‍ഗത്തിന്റെ പാപപരിഹാരാര്‍ഥം ലോകത്തിലേക്കയക്കപ്പെട്ടു. എന്നാല്‍ ലോകത്തിന്റെ മൂല്യങ്ങളാലും ആകര്‍ഷണങ്ങളാലും ക്രിസ്തു നയിക്കപ്പെട്ടില്ല എന്നു മാത്രമല്ല അവയെ നിരാകരിക്കുകയും ചെയ്തു.

ക്രിസ്തുവിനെ പരീക്ഷിക്കുന്നതിനെത്തിയ പിശാച് ഉയര്‍ന്ന മലയിലേയ്ക്ക് അവനെ കയറ്റിക്കൊണ്ടു പോയി. ഭൂമിയിലെ സകല രാജ്യങ്ങളും അല്പ സമയത്തിനുള്ളില്‍ അവനെ കാണിച്ചതിനുശേഷം ക്രിസ്തുവിനോട് പറഞ്ഞു. ''ഞാന്‍ ഈ എല്ലാ അധികാരവും അവയുടെ പ്രതാപവും നിനക്കു തരാം. കാരണം ഇവയെല്ലാം എനിക്കു തന്നിട്ടുള്ളതാണ്. എനിക്ക് ഇഷ്ടമുള്ളവന്ന് ഞാന്‍ ഇവയെല്ലാം കൊടുക്കും. അതിനാല്‍ നീ എന്നെ ആരാധിക്കുമെങ്കില്‍, ഇവയെല്ലാം നിനക്കുള്ളതായിരിക്കും.'' (ലൂക്കാ. 4: 6,7). ഇവിടെ പിശാച് ഒരു സത്യം പറയുന്നുണ്ട്. ഭൗതികവസ്തുക്കള്‍ തനിക്കു ഏല്പിച്ചുതന്നതിനാല്‍ അതിന്മേലുള്ള അധികാരവും, മഹത്വവും തനിക്കാണെന്ന്! പിശാചിന്റെ ഈ അവകാശത്തെ മിശിഹാ നിഷേധിക്കുന്നില്ല. അതു ശരിക്കും മനസ്സിലാക്കിക്കൊണ്ടാണു മിശിഹാ സമ്പത്തിനെയും അധികാരത്തെയും ജീവിതകാലത്തു കലവറയില്ലാതെ നിഷേധിച്ചത്.

ക്രിസ്തു ലോകത്തില്‍ നിന്നല്ലാതിരുന്നതുപോലെ ശിഷ്യരും ലോകത്തില്‍ നിന്നായിരിക്കരുതെന്നാണ് ക്രിസ്തു പ്രാര്‍ഥിച്ചത്. മനുഷ്യപുത്രന് തലചായ്ക്കാന്‍ സ്ഥലമില്ലാ എന്ന് ആത്മസംതൃപ്തിയോടെയാണ് ക്രിസ്തു അതു പ്രഖ്യാപിച്ചത്. സമ്പത്തും ലൗകികാധികാരവും ക്രിസ്തുവിനെ ഒട്ടും തന്നെ ആകര്‍ഷിച്ചിരുന്നില്ല. ''എല്ലാ അത്യാഗ്രഹങ്ങളില്‍ നിന്നും വിട്ടു നില്ക്കുക. കാരണം, സമ്പത്തുകളുടെ സമൃദ്ധിയിലല്ല ഒരു മനുഷ്യന്റെ ജീവന്‍ നിലനില്ക്കുന്നത്.'' (ലൂക്കാ. 12 : 15) എന്ന് മിശിഹാ ശിഷ്യരോട് കല്പിച്ചു. സുവിശേഷത്തില്‍ ഉടനീളം, മിശിഹായുടെ ഈ വീക്ഷണവിശേഷം തെളിവായി കാണാന്‍ കഴിയും. മിശിഹാ സ്വന്തമായി ഒന്നും സമ്പാദിച്ചിരുന്നില്ല. തന്റെ ശിഷ്യന്മാര്‍ സമ്പത്ത് ആര്‍ജിച്ച് സ്വരുക്കൂട്ടിവയ്ക്കാന്‍ ക്രിസ്തു ആഗ്രഹിച്ചിരുന്നില്ല. ''നിങ്ങളുടെ സമ്പത്തു വിറ്റ് ഭിക്ഷകൊടുക്കുക. കള്ളന്‍ കവര്‍ച്ച നടത്താത്തതും പുഴു നാശം ചെയ്യാത്തതുമായ സ്വര്‍ഗത്തില്‍, പഴകിപ്പോകാത്ത പണസഞ്ചികള്‍, അഴിയാത്ത നിക്ഷേപം, സമ്പാദിക്കുക.'' (ലൂക്കാ 12: 33) എന്നുള്ള കല്പനയുടെ കാതല്‍ അതായിരുന്നു. 

ഇന്ന് സിംഹാസനപ്പോരില്‍ ഉള്‍പ്പെട്ടിരിക്കുന്ന അഭിനവ പത്രോസുമാരും അഭിനവതോമ്മാമാരും പ്രധാനമായി കണ്ണുവയ്ക്കുന്നത്, ക്രിസ്തു സിംഹാസനത്തോടൊപ്പം തങ്ങള്‍ക്കു ലഭിക്കുന്ന വമ്പിച്ച സ്വത്തിന്മേലാണ്; പള്ളികളും അരകമനകളും സ്വന്തമാക്കാനാണ്. തന്റെ ജീവിതകാലത്ത് പത്രോസിനോടും തോമ്മായോടും മറ്റു ശിഷ്യന്മാരോടും എന്തെല്ലാം വര്‍ജിക്കുന്നതിന് ക്രിസ്തു കല്പിച്ചുവോ, അതെല്ലാം സ്വായത്തമാക്കുന്നതിന്, ഈ നവീന പത്രോസുമാരും തോമ്മാമാരും പരക്കംപായുകയും പിന്തുണക്കാരെ സൃഷ്ടിക്കുകയും കോടതിത്തിണ്ണകള്‍ നിരങ്ങുകയും ചെയ്യുന്ന കാഴ്ച എത്രയോ ദയനീയമാണ്. ഇവരുടെ അഖിലലോകവ്യാപകമായ സ്വത്തിന്റെ കണക്കെടുത്താല്‍ നാം തന്നെ അത്ഭുതപ്പെട്ടുപോകും. ക്രൈസ്തവ മനസ്സാക്ഷി ഞെട്ടിപ്പോകും.

സിംഹാസനപ്പോരിന്റെ മുഖ്യലക്ഷ്യം സമ്പത്ത് സ്വായത്തമാക്കുകയെന്നതാണെന്നു കണ്ടു. മറ്റൊരു ലക്ഷ്യം അധികാരാര്‍ജനമാണ്. ക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ പത്രോസിനാണ് അധികാരമെന്നു ചിലര്‍ വാദിക്കുമ്പോള്‍, എല്ലാ ശ്ലീഹന്മാര്‍ക്കും തുല്യാധികാരമാണ് ഉള്ളതെന്ന് ചിലര്‍ ശഠിക്കുന്നു. പത്രോസിന്റെ സിംഹാസനത്തില്‍ വാണരുളുന്ന റോമന്‍ പാപ്പയാണ് ക്രിസ്തുവിന്റെ വികാരിയെന്നും സഭയുടെ ആണിക്കല്ലെന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഈ അധികാരം ദൈവത്തില്‍ നിന്നും ലഭ്യമായവയാണെന്നുവരെ വാദിക്കുന്നവരുണ്ട്. 

അധികാരത്തെ സംബന്ധിച്ച് ക്രിസ്തുവിന്റെ വീക്ഷണം എന്തായിരുന്നു? ഇന്ന് ഈ സിംഹാസനവാദികള്‍ പ്രചരിപ്പിക്കുന്നതുപോലുള്ള അധികാരം, ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്കു കൊടുത്തുവോ? നമ്മുടെ കര്‍ത്താവുമായി രക്തബന്ധമുള്ളവരായ സെബദിയുടെ മക്കള്‍, യോഹന്നാനും (സുവിശേഷകാരന്‍) സഹോദരന്‍ യാക്കോബും, ക്രിസ്തുവിനോടു ചോദിച്ചു. ''നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തുവശത്തും മറ്റവന്‍ ഇടതുവശത്തും ഇരിക്കുവാന്‍ വരം നല്‍കണം.'' ഈ ചോദ്യത്തിനുത്തരമായി ക്രിസ്തുവിന്റെ വാക്കുകള്‍, ഭൗതികമായ ഒരു സിംഹാസനത്തെയോ, അധികാരത്തേയോ പരിപൂര്‍ണമായും നിരാകരിക്കുന്നതായിരുന്നു. മിശിഹാ പറഞ്ഞു: ''പുറജാതികളുടെ തലവന്മാര്‍ എന്നു കരുതപ്പെടുന്നവര്‍ അവരുടെമേല്‍ കര്‍തൃത്വം നടത്തുന്നവരാകുന്നുവെന്നും അവരില്‍ പ്രധാനികള്‍ അവരുടെ മേല്‍ സ്വതന്ത്രഭരണം നടത്തുന്നുവെന്നും നിങ്ങളറിയുന്നുവല്ലോ? ''ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും അടിമയാകണം.'' (മാര്‍ക്കോ. 10:35-45). ക്രിസ്തുവിന്റെ തിരുവചനങ്ങളില്‍ നിന്നും, തന്റെ ശിഷ്യന്മാര്‍ ഒരു സിംഹാസനത്തില്‍ ഇരുന്ന് ഭരണം നടത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമല്ലേ?

സഭ പണിതിരിക്കുന്നത് പത്രോസാകുന്ന പാറമേലാണെന്നും അതുകൊണ്ട് പത്രോസിന്റെ പിന്‍ഗാമിയും 'പാറ' യാണെന്നും ഒക്കെയാണ് പത്രോസ് സിംഹാസനക്കാരുടെ വാദം. എന്താണ് പത്രോസാകുന്ന പാറ? ക്രിസ്തു തന്റെ ശിഷ്യന്മാരോട്, താന്‍ ആരെന്ന് ജനങ്ങള്‍ പറയുന്നു എന്നു ചോദിച്ചു. ഏലിയാനിവ്യയാണെന്നും, മൂശയാണെന്നും ജനങ്ങള്‍ പറയുന്നതായി ശിഷ്യന്മാര്‍ അറിയിച്ചു. അപ്പോള്‍ ക്രിസ്തു 'എന്നാല്‍ ഞാന്‍ ആരാകുന്നു എന്നാണ് നിങ്ങള്‍ പറയുന്നത്' എന്നു ചോദിച്ചു. ഇതിനുത്തരമായി കേപ്പാ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു എന്ന് ഏറ്റു പറഞ്ഞു. അപ്പോഴാണ് മിശിഹാ ''പത്രോസേ നീ പാറയാകന്നു ...........'' എന്ന സുപ്രസിദ്ധമായ വാചകങ്ങള്‍ പറയുന്നത്. (മത്താ. 16 : 13-20). 

എന്താണ് ഈ പാറ? മനുഷ്യനായ പത്രോസല്ലെന്നു സുവിശേഷ വാക്യങ്ങളില്‍നിന്നു വ്യക്തമാണ്. ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന വിശ്വാസം ആണ് ക്രിസ്തു വിവക്ഷിച്ച പാറ. ആ പാറമേലാണ് തന്റെ സഭ പണിയപ്പെട്ടിരിക്കുന്നത്. അപ്പോള്‍ യഥാര്‍ഥമായ പാറ, ക്രിസ്തുവിലുള്ള വിശ്വാസമാണ്. പത്രോസാകട്ടെ ഈ സത്യം ലോകത്തെ അറിയിക്കുന്നതിന് ''പിതാവ്'' തെരഞ്ഞെടുത്ത ഉപകരണം മാത്രമാണ്. പത്രോസിനെ പാറയായി വിവരിച്ച മിശിഹാ, തുടര്‍ന്ന് പത്രോസിനോട്: ''സാത്താനേ, എന്റെ പിന്നിലേക്കു പോകൂ. നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്. കാരണം, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്''. (മത്താ. 16 : 23). പലപ്പോഴും ഉപമകളിലൂടെയും രൂപകങ്ങളിലൂടെയും, ചിഹ്നാത്മകമായും സംസാരിച്ച ക്രിസ്തു നല്ലതു പറഞ്ഞപ്പോള്‍ പത്രോസിനെ അഭിനന്ദിക്കയും ലൗകികമായതു പറഞ്ഞപ്പോള്‍ പത്രോസിനെ ശാസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തു സ്ഥാപിച്ച സഭയുടെ അടിക്കല്ല്, മിശിഹാ ജീവനുള്ള ദൈവത്തിന്റെ പുത്രനാണ് എന്ന് അടിസ്ഥാനവിശ്വാസമാണ്. ഈ വിശ്വാസത്തിന്റെ അനുഗ്രഹം ലഭിക്കുന്നവര്‍ ആരോ അവരിലാണ് മിശിഹായുടെ സഭ നില്‍ക്കുന്നത്.

റവ.ഫാദര്‍, വെരി റവ.ഫാദര്‍, വലിയ പിതാവ്, കൊച്ചു പിതാവ്, പരിശുദ്ധ പിതാവ് എന്നിവ സഭകളിലെ പുരോഹിതന്മാരെയും മേലധികാരികളെയും സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദങ്ങളാണല്ലോ? ഈ പദങ്ങളുപയോഗിച്ച് പുരോഹിതന്മാര്‍ അറിയപ്പെടരുതെന്ന് മിശിഹാ ഖണ്ഡിതമായി, അര്‍ഥശങ്കയ്ക്കിടയില്ലാതെ കല്പിച്ചിട്ടുണ്ട്. ''എന്നാല്‍ ഗുരു എന്നു നിങ്ങള്‍ വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരരാണ്. ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളിക്കപ്പെടരുത്. കാരണം നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം''. (മത്താ. 23 : 8-11). 

ആ നായകന്റെ സിംഹാസനം രത്‌നഖചിതമായിരുന്നില്ല. നൂറുകണക്കിന് പള്ളികളിലെ സ്വത്തിന്റെ ഭരണത്തിനായിരുന്നില്ല അവിടുത്തെ അധികാരം. അന്ത്യ അത്താഴവേളയില്‍ തന്റെ അധികാരത്തിന്റെ മാഹാത്മ്യം അവിടുന്ന് വെളിപ്പെടുത്തി; ശുശ്രൂഷിക്കുവാനുള്ള അധികാരം (ശുശ്രൂഷിക്കപ്പെടാനല്ല) തന്റെ അന്തിമഭോജനത്തെപ്പോലും, തന്റെ ശരീരവും രക്തവുമാക്കി ഭക്ഷിക്കുന്നതിന് ശിഷ്യര്‍ക്ക് ഭാഗിച്ചുകൊടുത്തു. അവസാനം, ഞാങ്കണ ചെങ്കോലായും, മുള്‍മുടി കിരീടമായും ധരിക്കേണ്ടിവന്നു; അപമാനത്തിന്റെ പര്യായമായ കുരിശിനെ തന്റെ അന്തിമ സിംഹാസനമാക്കി ഉയര്‍ത്തി. 

ആ ദൈവപുത്രന്റെ നാമത്തില്‍, സിംഹാസനത്തിനും, അധികാരത്തിനും, പള്ളിവക സ്വത്തുക്കള്‍ക്കുമായുള്ള ഈ വഴക്കുകള്‍ എല്ലാ ക്രൈസ്തവ വിശ്വാസികളേയും ഞെട്ടിപ്പിക്കേണ്ടതാണ്. പത്രോസിന്റെയും, മാര്‍തോമ്മായുടെയും സിംഹാസനങ്ങള്‍പോലും വലിയപിതാവും, കൊച്ചു പിതാവും റവ.ഫാദറും, വെരി. റവ. ഫാദറും പോലും !!! ക്രിസ്തുവിന്റെ കല്‍പ്പനകളേക്കാള്‍ പ്രധാനം തങ്ങളുടെ സ്ഥാനമാണെന്ന് ചിലര്‍ ധരിച്ചുവെച്ചിരിക്കുന്നു. ഇതിനെതിരെ ക്രൈസ്തവ മനസ്സാക്ഷി ഉണര്‍ന്നേ മതിയാകൂ.
നമ്മുടെ കര്‍ത്താവ് പത്രോസിനെ ശാസിച്ചതുപോലെ ഈ അഭിനവ പത്രോസുമാരോടും മാര്‍തോമ്മാമാരോടും നമുക്കു പറയാം. ''സാത്താന്മാരെ നിങ്ങള്‍ മറയത്തു പോകൂക. നിങ്ങള്‍ ഞങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്നു. മാനുഷികമായിട്ടുള്ളതാണ്, ദൈവികമായിട്ടുള്ളതല്ല നിങ്ങള്‍ ചിന്തിക്കുന്നത്.'' 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ