2012, നവംബർ 10, ശനിയാഴ്‌ച

കോണ്‍സ്റ്റന്റൈന്റെ ദാനം


ഓശാന മാസികയില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ലേഖനങ്ങളും 
ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
ഇന്ന് 2012 ഒക്ടോബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്. 

(പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ എഴുതിയ തിരുസ്സഭാചരിത്രം നാലാം പതിപ്പിലെ 19-ാം അധ്യായത്തില്‍നിന്നും എടുത്ത ഭാഗമാണ് താഴെ കൊടുക്കുന്നത്)


''മാര്‍പാപ്പാ രാഷ്ട്രാധിപനുംകൂടിയായതിന്റെ പിന്‍ബലമായി വേണം 'കോണ്‍സ്റ്റന്റൈന്റെ ദാന'ത്തെ വീക്ഷിക്കാന്‍. പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെയും സാര്‍വത്രികസഭയുടെയുംമേല്‍ മാര്‍പാപ്പായ്ക്ക് പരമാധികാരം നല്കിക്കൊണ്ട് റോമാ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റയിന്‍ (305-337) ചക്രവര്‍ത്തി സില്‍വസ്റ്റര്‍ ഒന്നാമന്‍ മാര്‍പാപ്പായ്ക്ക് (314-336) നല്കിയ ഒരു വിളംബരമായി ഇതിനെ കണക്കാക്കിപ്പോന്നു. പക്ഷേ എട്ടാം നൂറ്റാണ്ടില്‍ മാര്‍പാപ്പായുടെ രാഷ്ട്രാധികാരത്തിനുള്ള പിന്‍ബലമായി ആരോ കെട്ടിച്ചമച്ച ഒരു വ്യാജരേഖയാണിത്. നവോത്ഥാനകാലംവരെ ഇതിന്റെ സാധുതയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഈ വ്യാജരേഖയില്‍ ചക്രവര്‍ത്തിക്കുണ്ടായ ഒരു ദിവ്യദര്‍ശനത്തെക്കുറിച്ചും ചക്രവര്‍ത്തി കുഷ്ഠരോഗത്തില്‍നിന്നും അത്ഭുതകരമായി വിമുക്തനായതിനെക്കുറിച്ചും നാടകീയമായി ചിത്രീകരിച്ചിട്ടുണ്ട്. ദര്‍ശനത്തില്‍ വി. പത്രോസും വി. പൗലോസും ചക്രവര്‍ത്തിയോട് ക്രിസ്തുമതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടെന്നും കാണാം. ഈ രേഖയനുസരിച്ച് അന്ത്യോക്യാ, അലക്‌സാണ്ട്രിയ, ജറൂസലേം, കോണ്‍ാസ്റ്റാന്റിനോപ്പിള്‍ എന്നീ നാലു റോമന്‍ പ്രവിശ്യകളിലും മാര്‍പാപ്പായ്ക്ക് അധികാരം നല്കിയിട്ടുണ്ടത്രേ! രാജകീയമായ വേഷവിധാനങ്ങളും സ്ഥാനമാനങ്ങളും മാര്‍പാപ്പായ്ക്കും മറ്റു സഭാധികാരികള്‍ക്കും പിന്‍ഗാമികള്‍ക്കും കോണ്‍സ്റ്റന്റൈന്‍ ഈ രേഖ വഴി അനുവദിച്ചിരിക്കുന്നു. സഭാധികാരികളെല്ലാം - മാര്‍പാപ്പാ, കര്‍ദിനാളന്മാര്‍ മെത്രാന്മാര്‍, വൈദികര്‍ - റോമാ സാമ്രാജ്യത്തിലെ രാജകീയവും ഉന്നതവുമായ വേഷവിധാനങ്ങള്‍ സ്വീകരിച്ചതിന്റെ പശ്ചാത്തലകാരണവും ഈ രേഖയില്‍ വ്യക്തമായി കാണുന്നുണ്ട്. റോമാ സാമ്രാജ്യത്തിലെ വിവിധ സ്ഥാനപദവികള്‍ റോമാസാമ്രാജ്യാതിര്‍ത്തിക്കുള്ളിലുള്ള സഭ സ്വീകരിച്ചതിനുള്ള സാധൂകരണവും ഈ വ്യാജരേഖയിലുണ്ട്. അധികാരത്തിനും പദവിക്കും പിറകേ പോകുന്ന സഭാനേതൃത്വത്തെ കൊണ്ടെത്തിക്കുന്ന വക്രതയിലേക്കും ധാര്‍മ്മികാധഃപതനത്തിലേക്കും ഇതു വിരല്‍ചൂണ്ടുന്നു!'' (പേജ് 629,630)

പ്രതികരണം ജോസഫ് പുലിക്കുന്നേല്‍
കോണ്‍സ്റ്റന്റൈന്‍ നടത്തിയെന്ന് പറയപ്പെടുന്ന ഈ കള്ളരേഖയിലൂടെയാണ് സഭയില്‍നിന്നും യേശുവിനെ ഇറക്കിവിടുകയും കോണ്‍ സ്റ്റന്റൈന്റെ രാജകീയതയെ പ്രതിഷ്ഠിക്കുകയും ചെയ്തത്. എല്ലാ എപ്പിസ്‌കോപ്പല്‍ സഭകളില്‍നിന്നും കോണ്‍സ്റ്റന്റൈനെ ഇറക്കിവിട്ടതിനുശേഷംമാത്രമേ സഭകളെ ക്രൈസ്തവ സഭകളായി വിവരിക്കാനാകൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ