2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം V


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
V
പേപ്പസിക്കെതിരെ

നസ്രത്തിലെ തച്ചന്റെ മകനായ യേശുവിന്റെ മുക്കുവനായ ശിഷ്യന്‍ പത്രോസിന്റെ പിന്‍ഗാമി യൂറോപ്പിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറിയപ്പോള്‍ ഈ സ്ഥാനത്തിനെതിരെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ന്നു വന്നു. ഈ വെല്ലുവിളിയുടെ കുന്തമുന രണ്ടു വാദഗതികളില്‍ ഊന്നിയാണ് നിലനിന്നത്.
പാശ്ചാത്യ-പൗരസ്ത്യവാദം
ക്രൈസ്തവസഭയുടെ മൂലക്കല്ലായ ക്രിസ്തുവും പേപ്പസിയുടെ അടിത്തറക്കല്ലായ പത്രോസും മധ്യപൂര്‍വദേശവാസികളായ യഹൂദരായിരുന്നു. ന്യായമായും ആദിമ നൂറ്റാണ്ടുകളില്‍ പൗരസ്ത്യ ദേശത്താണ് ക്രൈസ്തവ മതം വികാസം പ്രാപിച്ചത്. ഇറ്റലി ഒഴിച്ചുള്ള ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുവിന്നു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ക്രൈസ്തവമതം പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ മധ്യപൂര്‍വദേശങ്ങളില്‍ വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍ ക്രൈസ്തവര്‍ സംഘടിതരായിരുന്നു. ജെറുശലേം, അന്ത്യോക്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബാബിലോണ്‍ എന്നിങ്ങനെ വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍ പൗരസ്ത്യ ക്രിസ്ത്യാനികള്‍ സംഘടിതരായപ്പോള്‍ പാശ്ചാത്യസഭയില്‍ റോമന്‍ പാത്രിയര്‍ക്കീസിന്റെ (പാപ്പായുടെ) കീഴില്‍ ക്രൈസ്തവര്‍ ജീവിച്ചു പോന്നു. മുന്‍ അധ്യായത്തില്‍ വിവരിച്ചതുപോലെ പാശ്ചാത്യസഭ രാഷ്ട്രീയശക്തികളുടെ പിന്തുണയോടെ കൂടുതല്‍ ശക്തമായപ്പോള്‍ അത് പൗരസ്ത്യ പാത്രിയാര്‍ക്കേറ്റുകള്‍ക്ക് ഒരു ഭീഷണിയായിത്തീര്‍ന്നു. റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ മാര്‍പ്പാപ്പായ്ക്ക് പാത്രിയര്‍ക്കീസ്മാരില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നെങ്കിലും (രണ്ടാം സ്ഥാനം പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനായിരുന്നു.) പൗരസ്ത്യസഭകളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല. അധികാരപരമായ ഈ വടംവലി ഒന്‍പതാം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുള്ള ഭിന്നതയില്‍ അവസാനിച്ചു. ഈ ഭിന്നതയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിമാരായിരുന്നു. അന്നത്തെ ചക്രവര്‍ത്തിനിയായിരുന്ന തെയഡോറായുടെ (842-856) സഹോദരന്‍ ബര്‍ദാസ് കിരീടാവകാശിയായിരുന്ന മൈക്കിള്‍ മൂന്നാമനെ വശീകരിക്കുകയും സ്വസഹോദരിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു. അന്നു പാത്രിയര്‍ക്കീസായിരുന്ന ഇഗ്നേഷ്യസ്, ബര്‍ദാസിന്റെ പ്രവൃത്തികളെ എതിര്‍ക്കുകയും തെയഡോറാ ചക്രവര്‍ത്തിനിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ അധികാരസമരത്തില്‍ തെയഡോറാ പരാജയപ്പെട്ടു. മൈക്കിള്‍ ചക്രവര്‍ത്തി ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസിനെ അധികാരത്തില്‍ നിന്നു പുറന്തള്ളുകയും ഫോസിയസ്സിനെ പാത്രിയര്‍ക്കീസായി നിയമിക്കുകയും ചെയ്തു. സ്ഥാനഭ്രഷ്ടനായ ഇഗ്നേഷ്യസ് റോമന്‍ മാര്‍പ്പാപ്പായുടെ പിന്തുണ ചോദിച്ചു. ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസിന്റെ സ്വാധീനത്തില്‍പ്പെട്ട് നിക്കോളാസ് മാര്‍പ്പാപ്പാ 863-ല്‍ ഒരു സിനഡ് വിളിച്ചു കൂട്ടി ഫോസിയസ്സിനെ ശപിച്ച് സഭാഭ്രഷ്ടനാക്കി. ഈ സംഭവം പാശ്ചാത്യസഭയേയും പൗരസ്ത്യസഭയേയും തമ്മില്‍ ഭിന്നിപ്പിച്ചു. 

മൈക്കിള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയായ ബേസില്‍ ഒന്നാമന്‍ (867-886) റോമായോട് കൂറുള്ളവനായിരുന്നു. റോമിന്റെ താത്പര്യപ്രകാരം ഫോസിയസ്സിനെക്കൊണ്ട് പാത്രിയാര്‍ക്കാ സ്ഥാനം രാജിവയ്പ്പിക്കുകയും വീണ്ടും മുന്‍ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസിനെ പാത്രിയര്‍ക്കീസായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസായി വീണ്ടും വാഴിക്കപ്പെടുന്നതിനു മുമ്പ് മരണമടയുകയും ഫോസിയസ് തന്നെ പാത്രിയര്‍ക്കീസായി തുടരുകയും ചെയ്തു. റോമന്‍ മാര്‍പ്പാപ്പായെ അനുസരിക്കാന്‍ ഫോസിയസ് തയ്യാറായെങ്കിലും 886-ല്‍ ലെയോ ആറാമന്‍ മാര്‍പ്പാപ്പ ഫോസിയസ്സിനെ സ്ഥാനഭ്രഷ്ടനാക്കി ലെയോയുടെ ഇളയ അനുജനായ സ്റ്റീഫനെ പാത്രിയാര്‍ക്കീസായി അവരോധിച്ചു. ഫോസിയസ്സിനെക്കുറിച്ച് ഫാ.കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''അധികാരത്തിനുള്ള ആഗ്രഹത്താലും വിധേയത്വക്കുറവിനാലും ഒരു വലിയ ശീശ്മക്കാരന്‍ എന്നാണ് പാശ്ചാത്യര്‍ക്ക് ഫോസിയസ്സിനെപറ്റിയുള്ള അഭിപ്രായം. എന്നാല്‍ പൗരസ്ത്യരുടെ അഭിപ്രായം നേരെ മറിച്ചാണ്. റോമിന്റെ അധികാരപ്രമത്തത യ്ക്കും കയ്യേറ്റങ്ങള്‍ക്കുമെതിരെ കിഴക്കിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ച ധീരനേതാവാണ് അവരുടെ ദൃഷ്ടിയില്‍ ഫോസിയസ്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാന്മാരില്‍ ഒരുവനായിരുന്നു അദ്ദേഹം; സഭാ ചരിത്രത്തില്‍ എക്കാലത്തും ഉയര്‍ന്നു നില്‍ക്കുന്ന ഒരു മഹാ പ്രതാപവാനും. ഫോസിയസ് തന്റെ കാലഘട്ടത്തിലെ സുപ്രസിദ്ധ പണ്ഡിതനും വ്യക്തിപരമായ ജീവിതത്തില്‍ യാതൊരു കളങ്കവുമില്ലാത്തവനും ആയിരുന്നു. 'സമൃദ്ധമായ വിശുദ്ധിയും ലോകോത്തരമായ ജ്ഞാനവുമുള്ള ഒരാള്‍' എന്നാണ് പ്രതിയോഗിയായ പോപ്പ് നിക്കോളാസ് പോലും ഫോസിയസ്സിനെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്തൊക്കെയായാലും ഫോസിയസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ സാര്‍വ്വത്രികസഭയില്‍ വളരെ പ്രത്യഘാതങ്ങള്‍ ഉളവാക്കി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഭിന്നതയ്ക്ക് സ്ഥൂലരൂപം നല്‍കുന്ന ഒന്നായിരുന്നു അത്. പാശ്ത്യസഭകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രതാപവും പൗരസ്ത്യസഭകളുടെ പരമ്പരാഗതമായ സ്വയംഭരണാവകാശവും തമ്മിലുള്ള ഉരസലുകളാണിവിടെ ദൃശ്യമാകുക. മാര്‍പ്പാപ്പായ്ക്ക് രാഷ്ട്രീയമായി കൈവന്ന നേട്ടങ്ങളും പൗരസ്ത്യര്‍ക്ക് മുഹമ്മദീയരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന കനത്ത ആക്രമണങ്ങളുമാണ് ഇതിന്റെ പശ്ചാത്തലം'' (തിരുസ്സഭാചരിത്രം, പേജ് 365-366). 

ഈ സംഘര്‍ഷത്തെതുടര്‍ന്ന് റോമിന്റെ അധികാരത്തെ ചോദ്യം ചെയ്തു കൊണ്ട്പിന്നീട് പൗരസ്ത്യ ഓര്‍ത്തോക്‌സ് സഭ രൂപം കൊണ്ടു. അങ്ങനെ അധികാരപരമായി പൗരസ്ത്യമെന്നും പാശ്ചാത്യമെന്നും ഉള്ള വിഭജനം ക്രൈസ്തവസഭയില്‍ വന്നു ചേരുകയും പാശ്ചാത്യസഭ പൂര്‍ണമായും റോമന്‍ മാര്‍പ്പാപ്പായുടെ അധികാരം അംഗീകരിക്കുകയും ചെയ്തു. 

റോമന്‍ സഭയോടൊപ്പംതന്നെ സ്ഥാനം തങ്ങള്‍ക്കും ഉണ്ടെന്നും റോമന്‍ സഭയ്ക്കു പ്രത്യേക പ്രാധാന്യം റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയില്‍ മാത്രമായിരുന്നെന്നും പൗരസ്ത്യര്‍ വാദിച്ചു. കാല്‍സിഡോണിയന്‍ കൗണ്‍സില്‍ (A.D.451) 28-ാം കാനോനായില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''പരിശുദ്ധ പിതാക്കന്മാരുടെ തീരുമാനങ്ങള്‍ അനുസരിച്ചും, ഇപ്പോള്‍ വായിച്ച 150 മെത്രാന്മാരുടെ കാനോനാ അനുസരിച്ചും പുതിയ റോമ്മായായ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയുടെ പാരമ്പര്യങ്ങളെ ബഹുമാനിച്ചു കൊണ്ടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു: '.........അതേ കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയ റോമ്മായ്ക്കും ഇവിടെ കൂടിയിരിക്കുന്ന 150 മെത്രാന്മാര്‍ തുല്യ അവകാശങ്ങള്‍ നല്‍കി. കാരണം പുതിയ റോമായ്ക്ക് സാമ്രാജ്യത്തില്‍ തുല്യ അവകാശങ്ങള്‍ ഉണ്ട്; സഭാകാര്യങ്ങളിലും ഈ അവകാശങ്ങള്‍ ഉണ്ടായിരിക്കണം; കാരണം റോമ്മാ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം അവള്‍ക്കാണ്...'' (മുന്‍ഗ്രന്ഥം, പേജ് 263). 

നേരത്തെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലില്‍ വച്ച് A.D. 381-ല്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു: ''കോണ്‍സ്റ്റാന്റിനോപ്പിള്‍ 'പുതിയ റോമ' (New Rome) ആയതു കൊണ്ട് അവിടുത്തെ മെത്രാന് റോമായിലെ മെത്രാന്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുണ്ടായിരിക്കും'' (മുന്‍ഗ്രന്ഥം, പേജ് 263)

''ഈ രണ്ടു കൗണ്‍സിലുകളും സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍ എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ റോമിലെ മെത്രാന്ന് സാമ്രാജ്യതലസ്ഥാനമെത്രാന്‍ എന്നുള്ള ഔന്നത്യത്തിനപ്പുറം ആകമാനസഭയെ ഭരിക്കാനുള്ള അവകാശം ആദിമനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ല എന്ന് പൗരസ്ത്യസഭകള്‍ വാദിച്ചു. മാര്‍പ്പാപ്പാ എന്ന പേരു തന്നെ ഉപയോഗിക്കാനുള്ള അവകാശം ആദ്യമായി സംവരണം ചെയ്തത് അലക്‌സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കീസായിരുന്നു'' (Karl Rahnar, Sacramentum Mundi, Vol. 5, page 40. തര്‍ജമ സ്വന്തം). പേപ്പല്‍ സംസ്ഥാനങ്ങളുടെ സ്ഥാപനത്തോടുകൂടി രാജകീയ പദവി ആര്‍ജിച്ച റോമായിലെ മെത്രാന്‍ യൂറോപ്പിലെ രാജാക്കന്മാരുടെ പിന്തുണയോടുകൂടി രാഷ്ട്രീയ ശൈലിയില്‍ അധികാരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയായിരുന്നു എന്നായിരുന്നു പൗരസ്ത്യസഭയുടെ വാദം.

2013, ഫെബ്രുവരി 26, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV (തുടര്‍ച്ച)


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV

പേപ്പല്‍ സ്റ്റേറ്റുകള്‍
(തുടര്‍ച്ച)

എട്ടാം നൂറ്റാണ്ടായപ്പോള്‍ സഭാകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മാര്‍പ്പാപ്പാ സ്വതന്ത്രമായ ഒരു രാഷ്ട്രത്തലവന്‍ എന്ന നിലയ് ക്കുള്ള തന്റെ അവകാശങ്ങളുടെ അംഗീകരണത്തിനായി പ്രതിനിധികളെ മറ്റു രാജ്യങ്ങളിലേക്കും രാജസദസ്സുകളിലേക്കും അയയ്ക്കുവാന്‍ തുടങ്ങി. ഒന്നാം ലെയോ മാര്‍പ്പാപ്പാ (440-461) യാണ് ആദ്യമായി ഇത്തരം പ്രതിനിധികളെ അയച്ചത്. പാശ്ചാത്യസഭയുടെ പാരമ്പര്യങ്ങളും, അധികാരാവകാശങ്ങളും ശരിയായിട്ട് പാലിക്കുന്നുണ്ടോ എന്നന്വേഷിക്കുവാന്‍ മാര്‍പ്പാപ്പാ പ്രതിനിധികളെ അയയ്ക്കാന്‍ തുടങ്ങിയത് 9-ാം നൂറ്റാണ്ടോടുകൂടിയാണ്. മൂന്നു തരത്തിലുള്ള പ്രതിനിധികളാണുണ്ടായിരുന്നത്. നയതന്ത്രപ്രതിനിധി കളായി മാര്‍പ്പാപ്പാ ഇതര രാജ്യങ്ങളിലേക്ക് അയച്ചിരുന്നവരാണ് 'ലെഗാത്തി മിസ്സി' (Legati Missi). പ്രോനൂണ്‍ഷ്യോ, ഇന്റര്‍നൂണ്‍ഷ്യോ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. രണ്ടാമത്തെ വിഭാഗം 'ലെഗാത്തി നാറ്റി' (Legati Nati) എന്നാണറിയപ്പെടുന്നത്. ഇക്കൂട്ടര്‍ റോമില്‍ നിന്ന് പ്രത്യേകം അയയ്ക്കപ്പെടുന്നവരല്ല. തദ്ദേശീയരായ മെത്രാന്മാരെയോ അതുപോലുള്ള സഭാധികാരികളെയോ ആ ഒരു പ്രദേശത്തേക്കോ രാജ്യത്തേക്കോ മുഴുവനായുള്ള തന്റെ പ്രതിനിധിയായി മാര്‍പ്പാപ്പാ നിയമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സ്വന്തനാട്ടില്‍ വസിച്ചുകൊണ്ട് റോമിലെ പാപ്പായുടെ പ്രതിനിധിയായി അവര്‍ വര്‍ത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക അവസരത്തിലോ സമ്മേളനത്തിലോ ചടങ്ങിലോ തന്നെ പ്രതിനിധീകരിക്കാന്‍ മാര്‍പ്പാപ്പാ നിയോഗിക്കുന്ന വ്യക്തികളാണ് 'ലെഗാത്തി അലാത്തരെ' (Legati Alatere) എന്ന പേരില്‍ അറിയപ്പെടുന്ന മൂന്നാമത്തെ വിഭാഗം. രാഷ്ട്രീയത്തിലും മതാത്മകതലത്തിലും റോമിന് വലിയ സ്വാധീനം മറ്റു രാജ്യങ്ങളുടെ മേല്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേല്‍, ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളായിരുന്നു ഇത്തരത്തിലുള്ള പേപ്പല്‍ പ്രതിനിധികള്‍.

അധികാര കേന്ദ്രീകരണത്തിനുപയോഗിച്ചിരുന്ന മറ്റു മാര്‍ഗങ്ങളാണ് പാലിയം നല്‍കലും 'ആദ്‌ലിമിനാ' (Ad Limina) സന്ദര്‍ശനവും. പാലിയം എന്നത് തോളില്‍ ധരിക്കുന്ന അലങ്കരിച്ച രോമവസ്ത്രമാണ്. സിവിലധികാരികളും മറ്റും തോളില്‍ ധരിച്ചിരുന്ന ഈ വസ്ത്രം സഭാധികാരത്തിന്റെ ഒരു ചിഹ്നമായി പരിണമിച്ചു. മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണം പൂര്‍ണമാകണമെങ്കില്‍ മാര്‍പ്പാപ്പായില്‍ നിന്നും നേരിട്ട് പാലിയം സ്വീകരിച്ചിരിക്കണമെന്നായി പുതിയ നിബന്ധന. ഇതിനുവേണ്ടി മെത്രാപ്പോലീത്താ മാര്‍ റോമാ സന്ദര്‍ശിക്കേണ്ടിയിരുന്നു. 

എല്ലാ മെത്രാന്മാരും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റോമിലെത്തി വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥിക്കണമെന്നും രൂപതാ ഭരണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിയമമുണ്ടാക്കി. ഇങ്ങനെയുള്ള സന്ദര്‍ശനത്തിനാണ് 'ആദ്‌ലിമിനാ'സന്ദര്‍ശനം എന്നു പറയുന്നത്. ലോകം മുഴുവനെയും റോമനാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാനുള്ള പ്രവണതയാണ് അപ്രധാനമായ ഈ കാര്യങ്ങളിലെല്ലാം പ്രതിഫലിച്ചു കാണുന്നത്. പാശ്ചാത്യ സഭയിലെ ഈ ചട്ടങ്ങള്‍ പിന്നീട് എല്ലാ പൗരസ്ത്യസഭകളിലേക്കും വ്യാപിക്കുന്നതായി കാണാം. ഭാരതത്തിലെ മലബാര്‍ റീത്ത് ഇതിനുദാഹരണമാണ്'' (മുന്‍ഗ്രന്ഥം, പേജ് 460-463).

ഇങ്ങനെ വളര്‍ന്നു വികസിച്ച റോമന്‍ കേന്ദ്രീകരണത്തിന് നൈയാമികവും ഭരണപരവും ആയി രൂപം നല്‍കുവാന്‍ 12-ാം നൂറ്റാണ്ടില്‍ കാനോന്‍ നിയമം ക്രോഡീകരിക്കപ്പെട്ടു. ഇതേപറ്റി ഫാ. കൂടപ്പുഴ എഴുതുന്നു: 


''സമര്‍ത്ഥവും കേന്ദ്രീകൃതവുമായ വ്യവസ്ഥിതിക്ക് ഉപയുക്തമായ ഒരു നിയമസംഹിത രൂപംകൊണ്ടത് ഇന്നസെന്റ് മൂന്നാമന്റെ (1198-1216) കാലത്താണ്. സഭാചരിത്രകാരനായ ഫിലിപ്പ് ഹ്യുഗിന്റെ വാക്കുകളില്‍, 'ദൈവശാസ്ത്രം മണ്ണടിഞ്ഞ ഒരു യുഗത്തില്‍ കാനന്‍ നിയമം പടര്‍ന്നു പുഷ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു' അത്.


ഇന്നസെന്റ് മാര്‍പ്പാപ്പായുടെ കാലത്താണ് നിയമനിര്‍മാണ സംബന്ധമായ 3000 എഴുത്തുകളുടെ ഒരു ശേഖരണം നടന്നത്. അദ്ദേഹത്തിന്റെ അസാധാരണമായ ഈ പ്രവര്‍ത്തനം ബൊളോഞ്ഞായിലെ നിയമപണ്ഡിതരെയെല്ലാം തട്ടിയുണര്‍ത്തി. അങ്ങനെ ഇന്നസെന്റ് മാര്‍പ്പാപ്പായുടെ ഭരണ കാലത്തു തന്നെ ധാരാളം നിയമങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ സാധിച്ചു. ഈ ശേഖരം (Tertia Compellatio) ആയിരുന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ നിയമസംഹിത. 1209-ല്‍ പുറത്തിറങ്ങിയ ഈ നിയമഗ്രന്ഥം ബോളോഞ്ഞായിലെ സര്‍വ്വകലാശാലയിലേയ്ക്ക് അയക്കപ്പെട്ടു. മാര്‍പ്പാപ്പാതന്നെ നിയമപണ്ഡിതന്മാരുടെ ആഴ്ചതോറുമുള്ള യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്നുവരെയുള്ള മാര്‍പ്പാപ്പാമാര്‍ പുലര്‍ത്തിപ്പോന്ന അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെട്ടത് ഇന്നസെന്റിന്റെ വാഴ്ചക്കാലത്താണ്. മാര്‍പ്പാപ്പാ, 'ക്രിസ്തുവിന്റെ വികാരി'യാണെന്ന ആശയം അദ്ദേഹത്തിന്റെ ഭരണകാലം മുതല്‍ വ്യാപകമായി പ്രചരിച്ചു. താന്‍ ദൈവത്തെക്കാള്‍ താണവനും എന്നാല്‍ മനുഷ്യരെക്കാള്‍ ഒരു പടി ഉയര്‍ന്നവനു മാണെന്ന് ഒരു പ്രസംഗത്തില്‍ മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു. ആ പരമാധികാരത്തിന്റെ പരിപൂര്‍ണമായ വിനിയോഗമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം'' (മുന്‍ഗ്രന്ഥം, പേജ് 464-465).

1215-ലെ നാലാം ലാറ്ററന്‍ കൗണ്‍സിലോടുകൂടി റോമന്‍ ആധിപത്യം അതിന്റെ ഔന്നത്യത്തിലെത്തി. ''ഈ സൂനഹദോസ് പ്രഖ്യാപിക്കപ്പെട്ടത് 1213 ഏപ്രില്‍ 19-ാം തീയതിയാണ്. കൂടുതല്‍ സഭകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നതിനായി മുന്‍സൂനഹദോസുകളെ അപേക്ഷിച്ച് വളരെ വിപുല മായ തോതില്‍ തന്നെ പ്രചരണം നടത്തിയിരുന്നു. അങ്ങനെ 1215 നവംബറില്‍ 412 മെത്രാന്മാരുടെയും 800 സന്യാസസഭാധിപന്മാരുടെയും സാന്നിധ്യത്തില്‍ കൗണ്‍സില്‍ ആരംഭിച്ചു. അലക്‌സാന്‍ഡ്രിയായിലെയും അന്ത്യോക്യായിലെയും പാത്രിയര്‍ക്കീസുമാരുടെ പ്രതിനിധികളുമുണ്ടായിരുന്നു. പാശ്ചാത്യ സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ഗ്രീക്കു സഭയുടെയും മറ്റു ചില സഭകളുടെയും പ്രതിനിധികളുണ്ടായിരുന്നില്ല. നവംബര്‍ 11-ാം തീയതി ആരംഭിച്ച ഈ കൗണ്‍സില്‍ മൂന്നു സമ്മേളനങ്ങളിലായി 70 കാനോനകളാണ് പാസാക്കിയെടുത്തത്. റോമില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന് രൂപം കൊടുക്കുന്നതിനും ഉതകുന്നവയായിരുന്നു ഇതിലെ കാനോനകള്‍ പലതും'' (മുന്‍ഗ്രന്ഥം, പേജ് 466).
 


കാനോന്‍ നിയമത്തിന്റെ സൃഷ്ടിയില്‍ വളരെയധികം കള്ള രേഖകളെ ആസ്പദമാക്കിയിരുന്നു എന്ന് ഉറച്ച വാദമുണ്ട്. ഹാന്‍സ്‌കങ്ങ് കാനോന്‍ നിയമത്തിന് അടിസ്ഥാനമായ രേഖകളെ സംബന്ധിച്ച് ഇപ്രകാരം എഴുതുന്നു: ''The great change,however, came about in conjunction with the Gregorian Reform .......The papal teaching authority was now buttressed by the monstrous ninth-century forgery of the Decretals of the Pseudo Isidore (115) forged documents attributed to the early bishops of Rome from Clement of Rome onwards and 125 documents with interpolations.'' (Infallible?, page 94)....... ''Gratian, the founder of canon law, wrote his law - book which laid the foundation for all that was to follow in later times, including the 1918 Code of canon Law, quoting 324 passags from popes of the first four centuries, of which 313 are demonstrably forged........ These prepositions based on forgeries were than taken over by St. Thomas into his Summa Theologiae, where they really began to make history'' (Hans Kung, Infallible?, Pages 95,96).


അങ്ങനെ പതിമൂന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പേപ്പസി അതിന്റെ അധികാരത്തിന്റെ ഉന്നത ശൃംഗങ്ങളില്‍ എത്തിച്ചേര്‍ന്നു.

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV

                                                 ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV
പേപ്പല്‍ സ്റ്റേറ്റുകള്‍


പത്രോസ് കേവലം ഒരു മുക്കുവനായിരുന്നു. തനിക്ക് പൊന്നും വെള്ളിയുമില്ല എന്ന് സുവിശേഷത്തില്‍ അസന്ദിഗ്ധമായി പത്രോസ് പറയുന്നു. (അപ്പോ 3:6) അങ്ങിനെയുള്ള പത്രോസിന്റെ പിന്‍ഗാമി 8-ാം നൂറ്റാണ്ടുമുതല്‍ പേപ്പല്‍ സ്റ്റേറ്റുകളുടെ തലവനായിത്തീര്‍ന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിലാണ് മാര്‍പ്പാപ്പായാക്ക് ഇറ്റലിയിലെ പേപ്പല്‍ സ്റ്റേറ്റുകള്‍ നഷ്ടമാകുന്നത്. മാര്‍പ്പാപ്പായ്ക്ക് രാജപദവി ലഭിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് ഫാ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 

''പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തിന് വഴിതെളിച്ച സംഭവങ്ങള്‍ പലതാണ്. അതില്‍ മുഖ്യമായത് ബാഹ്യസമ്മര്‍ദവും അതെത്തുര്‍ന്നുണ്ടായ സുരക്ഷിതത്വത്തിന്റെ ആവശ്യകതയുമാണ്. ലൊംബാര്‍ഡുകള്‍ (Lombards) എന്നറിയപ്പെടുന്ന ജര്‍മന്‍ വംശജരായ ഒരു വര്‍ഗം ഏ.ഡി. 568-ല്‍ ഇറ്റലിയുടെ വടക്കു ഭാഗത്തു നിന്നും ആക്രമണം ആരംഭിച്ചു. ഇറ്റലിക്കാകമാനം ഇതൊരു ഭീഷണിയായിത്തീര്‍ന്നു. ഇറ്റലിയുടെ ഐക്യത്തേയും സുരക്ഷിതത്വത്തേയും ഇത് സാരമായി ബാധിച്ചു. അന്ന് ഇറ്റലി ബൈസന്റൈന്‍ സാമ്രാജ്യത്തിലായിരുന്നു. പക്ഷേ ലൊംബാര്‍ ഡുകളെ തടയുവാന്‍ ചക്രവര്‍ത്തിക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ചക്രവര്‍ത്തി തീരെ ശ്രദ്ധ ചെലുത്തിയില്ല. കാരണം മുഹമ്മദീയരുടെ കൂടെക്കൂടെയുള്ള ആക്രമണത്തിനെതിരെയുള്ള പ്രതിരോധനീക്കങ്ങളിലായിരുന്നു അദ്ദേഹം ശ്രദ്ധയൂന്നിയിരുന്നത്. ബൈസന്റൈന്‍ ചക്രവര്‍ത്തിയില്‍ നിന്നും സുരക്ഷിതത്വം ലഭിക്കുകയില്ലെന്ന് മനസ്സിലാക്കിയ ജനങ്ങള്‍ ഇറ്റലിയിലെ അന്നത്തെ പ്രബല ശക്തിയായ മാര്‍പ്പാപ്പായെ അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരായി. മാര്‍പ്പാപ്പാ ഇറ്റലിക്ക് നേതൃത്വം കൊടുക്കാന്‍ മുമ്പോട്ടു വന്നു. അങ്ങനെ മാര്‍പ്പാപ്പായുടെ നേതൃത്വം ഇറ്റലിയില്‍ അംഗീകരിക്കപ്പെട്ടു. മഹാനായ ഗ്രിഗറി ഒന്നാമന്‍ മാര്‍പ്പാപ്പാ (590-604) ലൊംബാര്‍ഡുകളുമായി ഒരു സഖ്യത്തിലേര്‍പ്പെടുകയും ആക്രമണം ഭാഗികമായി തടയുകയും ചെയ്തു. ഈ സംഭവം മാര്‍പ്പാപ്പായുടെ ശക്തി ഇറ്റലിയില്‍ പ്രബലപ്പെടുത്തുകയും രാഷ്ട്രീയരംഗത്തുള്ള അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മാര്‍പ്പാപ്പാ ചക്രവര്‍ത്തിയുടെ ഇറ്റലിയിലെ അനൗദ്യോഗിക പ്രതിനിധിയെന്നവണ്ണം വര്‍ത്തിച്ചു പോന്നു. 


മതപരമായ സംഭവവികാസങ്ങള്‍
പേപ്പല്‍ സ്റ്റേറ്റിന്റെ രൂപീകരണത്തെ പരോക്ഷമായി സ്വാധീനിച്ച മതപരമായ ചില സംഭവവികാസങ്ങളുമുണ്ട്. 717 മുതല്‍ 740 വരെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ചക്രവര്‍ത്തിയായിരുന്ന ലെയോ മൂന്നാമന്‍ മതകാര്യങ്ങളിലും കൈകടത്താന്‍ തുടങ്ങി. വിഗ്രഹാരാധനയ്ക്ക് വഴിതെളിക്കുമെന്ന് ഭയന്ന് ക്രിസ്തുവിന്റെയും വിശുദ്ധന്മാരുടെയും പ്രതിമകളും രൂപങ്ങളും ചക്രവര്‍ത്തി നശിപ്പിക്കാന്‍ തീരുമാനിച്ചു. മാര്‍പ്പാപ്പായും മറ്റു സഭാധികാരികളും പ്രസ്തുത പ്രസ്ഥാനത്തെ എതിര്‍ത്തു. പക്ഷേ അതൊന്നും ചക്രവര്‍ത്തി വകവെച്ചില്ല. സാമ്രാജ്യത്തില്‍ പ്രതിമകളും രൂപങ്ങളും നശിപ്പിക്കപ്പെട്ടു. ലെയോയുടെ പിന്‍ഗാമി കോണ്‍സ്റ്റന്റൈന്‍ അഞ്ചാമനും ഈ പ്രസ്ഥാനം തുടര്‍ന്നു. വിയോജിച്ച മെത്രാന്മാരെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ചു. നാടുകടത്തി. അനേകായിരം പേര്‍ (50000?) ഇറ്റലിയില്‍ അഭയം പ്രാപിച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ആറാമന്റെ കാലത്ത് ഈ നിലപാടില്‍ വ്യതിയാനമുണ്ടായി. ഒരു കൗണ്‍സിലിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രണ്ടുപക്ഷത്തു നിന്നും നിര്‍ദേശമുണ്ടായി. മാര്‍പ്പാപ്പാ അതു സമ്മതിച്ചു. അതിന്റെ ഫലമായി 787-ല്‍ 7-ാം എക്യുമെനിക്കല്‍ കൗണ്‍സില്‍ നിഖ്യായില്‍ സമ്മേളിച്ചു. പ്രതിമകള്‍ വഴി വിശുദ്ധരെ വണങ്ങുന്നതില്‍ തെറ്റില്ലെന്ന് കൗണ്‍സില്‍ വിധിച്ചു. പ്രതിമകള്‍ നശിപ്പിക്കുന്ന പ്രവണത തെറ്റാണെന്ന് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഈ സംഭവം ഇറ്റലിയുടേയും കോണ്‍സ്റ്റാന്റിനോപ്പിളിന്റേയും അകല്‍ച്ചയ്ക്ക് കാരണമായി. മാര്‍പ്പാപ്പായ്ക്ക് രാഷ്ട്രീയമായും സഭാസംബന്ധമായും സ്വന്തം അധികാരവും നിലപാടും ഉറപ്പിക്കാന്‍ ഇത് സഹായകമായി. തന്നെയുമല്ല, കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും മാര്‍പ്പാപ്പായ്ക്കും ഇറ്റലിക്കാര്‍ക്കും അനിഷ്ടകരമായി പലതും പ്രതീക്ഷിക്കാമെന്ന അവബോധവും അവരില്‍ ഉളവായി'' (മുന്‍ഗ്രന്ഥം, പേജ് 322-323). 

അങ്ങനെ ഇറ്റലിയിലേയും യൂറോപ്പിലേയും രാഷ്ട്രീയസംഭവവികാസ ങ്ങളാണ് റോമിനെ ഇതര പാത്രിയാര്‍ക്കേറ്റുകളേക്കാള്‍ സാമ്പത്തിക സുരക്ഷിത ത്വവും അധികാരവുമുള്ള സ്ഥാനിയായി മാറ്റിയത്. മാര്‍പ്പാപ്പായുടെ രാഷ്ട്രീയ ധികാരത്തിന് പിന്തുണ നല്‍കാന്‍ ''കോണ്‍സ്റ്റന്റയിന്‍ ദാനം'' എന്ന ഒരു കള്ള രേഖ ഉപോദ്ബലകമായി റോമാ ഉപയോഗിച്ചു. ഫാ. കൂടപ്പുഴ എഴുതുന്നു: 


''റോമനാധിപത്യം
റോമാ കേന്ദ്രമാക്കിയുള്ള ഒരു ഭരണ സമ്പ്രദായം കത്തോലിക്കാസഭയില്‍ പ്രാബല്യത്തില്‍ വരുന്നത് പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളോടുകൂടിയാണ്. ഇക്കാലത്ത് ഭരണപരവും നയപരവുമായ പല കാര്യങ്ങളും മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലായി. രാഷ്ട്രീയാധികാരികളുടെയും പ്രഭുക്ക ന്മാരുടെയും അതിരു കടന്ന പ്രേരണകള്‍ ആധ്യാത്മികവും ഭരണപരവുമായ തലങ്ങളില്‍ പല ക്രമക്കേടുകളും വരുത്തി. ഇതിനെതിരായി ശബ്ദമുയര്‍ ത്താന്‍ സഭാധികാരികള്‍ മടിച്ചില്ല. ഗ്രിഗറി ഏഴാമന്‍ (1073-1085) മാര്‍പ്പാപ്പാ യാണ് ഇത്തരം പരിഷ്‌ക്കരണം തുടങ്ങിവച്ചത്. തുടര്‍ന്നു സ്ഥാനമേറ്റ മാര്‍പ്പാപ്പാമാരെല്ലാവരുംതന്നെ ഈ ലക്ഷ്യത്തിനായി പരിശ്രമിച്ചു. മാര്‍പ്പാപ്പായുടെ നേതൃത്വം പാശ്ചാത്യരാജ്യങ്ങള്‍ പൊതുവായി അംഗീകരിക്കുന്നത് ഗ്രിഗറി ഏഴാമന്റെ കാലം മുതല്‍ക്കാണ്. എല്ലാം റോമിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള പ്രവണതയാണ് ഇക്കാലഘട്ടത്തിന്റെ പ്രത്യേകത. 

അധികാരകേന്ദ്രീകരണമെന്ന ഉദ്ദേശ്യത്തോടുകൂടി സമ്മേളിച്ച നാലാം ലാറ്ററന്‍ സൂനഹദോസ് (1215) വിവിധങ്ങളായ മാര്‍ഗങ്ങളിലൂടെ അതു സാധിച്ചു. വിശുദ്ധരുടെ പൂജ്യാവശിഷ്ടങ്ങളുടെ പരസ്യവണക്കം മാര്‍പ്പാപ്പായുടെ അംഗീകാരത്തോടെ വേണമെന്ന് നിര്‍ദേശിക്കുന്ന ഒരു രേഖതന്നെ പ്രസ്തുത സമ്മേളനം പാസ്സാക്കി. ഇതോടുകൂടി വിശുദ്ധരുടെ നാമകരണ പരിപാടിയും റോമിന്റെ അധികാരപരിധിയില്‍ ഒതുങ്ങി. 


കുരിശുയുദ്ധങ്ങളുടെ കാലത്ത് അര്‍ഥം കൊണ്ടും പട്ടാള സേവനം കൊണ്ടും സഭയെ സേവിച്ചവരെ ആധ്യാത്മികാനുകൂല്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുക പതിവായിരുന്നു. എന്നാല്‍ ഇതു ചിലര്‍ക്ക് വലിയ തെറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ മോചനം ലഭിക്കാനുള്ള മാര്‍ഗമായിത്തീര്‍ന്നു. ദണ്ഡവിമോചനങ്ങളുടെ ഇത്തരം തെറ്റായ ഉപയോഗങ്ങളെ തടയുവാനായി മാര്‍പ്പാപ്പാ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുരിശുയുദ്ധത്തിന് പോയിരുന്നവരുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും റോം ഏറ്റെടുത്തു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ വ്യാപകമായ 'ഇന്‍ക്വിസിഷന്‍' കോടതിയുടെ പ്രവര്‍ത്തനങ്ങളും റോമന്‍ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. 


മെത്രാന്മാരുടെ നിയമനവും മാര്‍പ്പാപ്പായുടെ അധികാരത്തിലായപ്പോള്‍ മറ്റു രൂപതകള്‍ക്ക് റോമിനോടുള്ള വിധേയത്വം ഒന്നുകൂടി വര്‍ധിച്ചു. പാസ്‌കല്‍ രണ്ടാമന്റെ കാലം (1099-1118)വരെ മെത്രാനെ തിരഞ്ഞെടുത്തിരുന്നത് പ്രവിശ്യയിലെ (Province) മെത്രാന്മാരും സന്ന്യാസമേലധികാരികളും (Major Superiors) ഭദ്രാസനദേവാലയത്തിലെ വൈദികസമൂഹവും (Cathedral Chapter) അത്മായപ്രതിനിധികളും രാഷ്ട്രീയാധികാരിയുടെ പ്രതിനിധികളും ചേര്‍ന്ന ഒരു സംഘമായിരുന്നു. വേംസിലെ ഉടമ്പടിക്കു ശേഷം (Concordat of Worms- 1122) 'കത്തീദ്രല്‍ ചാപ്റ്റര്‍' സ്വയം ഈയധികാരം ഏറ്റെടുത്തു. 'കത്തീദ്രല്‍ ചാപ്റ്റര്‍' മാര്‍പ്പാപ്പായ്ക്ക് കീഴിലായിത്തീര്‍ന്നതോടെ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരവും മാര്‍പ്പാപ്പായ്ക്കായിത്തീര്‍ന്നു. 


റോമന്‍ ഭരണ കേന്ദ്രീകരണനയത്തെ വളരെ കാര്യക്ഷമമായി സഹായിച്ചവരാണ് മാര്‍പ്പാപ്പായുടെ പ്രതിനിധികള്‍. നാലാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ മാര്‍പ്പാപ്പാ വിവിധോദ്ദേശ്യങ്ങളോടെ തന്റെ പ്രതിനിധികളെ അയയ്ക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. സൂനഹദോസുകളിലും മെത്രാന്മാരുടെ ആലോചനാസംഘങ്ങളിലും മാര്‍പ്പാപ്പായുടെ ദൗത്യവാഹകരായിട്ടാണ് ഇക്കൂട്ടര്‍ അന്ന് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ സൂനഹദോസുകളിലും അത്തരത്തിലുള്ള മറ്റു സമ്മേളനങ്ങളിലും വളരെ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിച്ചിരുന്നു. 
                                                                         (തുടരും) 

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം III


                                         ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
III
പേപ്പസിയുടെ വളര്‍ച്ച

ആദിമസഭ വളര്‍ന്നതും വികസിച്ചതും പ്രാധാനമായും റോമന്‍ സാമ്രാജ്യ ത്തിനുള്ളിലാണ്. തോമസ് അപ്പോസ്തലന്‍ ഒഴിച്ചുള്ള അപ്പോസ്തലന്മാരും പൗലോസും സുവിശേഷം പ്രസംഗിച്ചതിന്റെ ഫലമായി റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭകള്‍ സ്ഥാപിക്കപ്പെട്ടു. അപ്പോസ്തല ന്മാരുടെ പ്രവര്‍ത്തനങ്ങളും ലേഖനങ്ങളും വായിക്കുമ്പോള്‍ ഓരോ സഭയും വിശ്വാസികളുടെ കൂട്ടായ്മ മാത്രമാണെന്നും അവര്‍ അതതു കൂട്ടായ്മകളില്‍ ശുശ്രൂഷകരെ നിയമിച്ചു പോന്നു എന്നും മനസ്സിലാക്കാം. ആദിമനൂറ്റാണ്ടിലെ സഭാവ്യവസ്ഥയെക്കുറിച്ച് ഡോ. കുടപ്പുഴ ഇങ്ങനെ എഴുതുന്നു: 

''ഒരു നഗരത്തിലെ വിശ്വാസികള്‍ എല്ലാംകൂടി ഒരു ഇടവകയായതു പോലെ പല ഇടവകകള്‍ ചേര്‍ന്ന് ഒരു പ്രോവിന്‍സുണ്ടായി. ഡയക്ലിഷന്‍ (284-305)എന്ന റോമന്‍ ചക്രവര്‍ത്തി 297-ല്‍ സാമ്രാജ്യത്തെ പ്രീഫെക്ച്ചറുകള്‍ (Prefectures), ഡയോസിസുകള്‍ (Dioceses), പ്രൊവിന്‍സുകള്‍ (Provinces) എന്നിങ്ങനെ വിഭജിച്ചു. 'diokein'-'ഡിയോകെയിന്‍' എന്ന ഗ്രീക്കു പദത്തിന്റെ മൂലാര്‍ഥം 'ഭരണം നടത്തുക' എന്നത്രെ. റോമന്‍ നിയമ പ്രകാരം, ഡയോസിസ് ഭരണത്തിനു വിധേയമായ ഒരു പ്രദേശമാണ്. ഇത് ഒരു പട്ടണമോ ഒരു പ്രോവിന്‍സിന്റെ ഭാഗമോ ആകാം. ക്രൈസ്തവമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടപ്പോള്‍തന്നെ സഭാഭരണവും രാജഭരണവുമായി ഉറ്റബന്ധമുണ്ടായി. റോമന്‍ ഭരണകൂടത്തില്‍ നിലവിലിരുന്ന ഭരണരീതി സഭാനേതാക്കളും സ്വികരിച്ചു.

നിക്യാസൂനഹദോസിന്റെ ആറാമത്തെ കാനോന പുരാതനസഭകളുടെ മേഖലാവിഭജനരീതിയെപ്പറ്റി പറയുന്നുണ്ട്. മെത്രാന്ന് ഒരു പ്രത്യേക മേഖലയില്‍ അധികാരമുണ്ടായിരുന്നു. മെത്രാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരിലാണ് രൂപത അറിയപ്പെടുന്നത്. റോമന്‍ സാമ്രാജ്യത്തിലെ പ്രോവിന്‍സുകളുടെ തലസ്ഥാനങ്ങളായിരുന്നു ക്രൈസ്തവസമൂഹത്തിന്റെ പ്രഥമകേന്ദങ്ങള്‍. പൗരസ്ത്യ സഭകള്‍ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഭരണപരമായ വിഭജനങ്ങള്‍ സ്വികരിച്ചു. പാശ്ചാത്യസഭകളില്‍ വിഭജനം നടന്നത് വളരെ വൈകിയാണ്. പ്രധാന തലസ്ഥാന പട്ടണങ്ങളില്‍ സഭകള്‍ ആസ്ഥാനം ഉറപ്പിച്ചതു കൊണ്ട് പ്രേഷിതപ്രവര്‍ത്തനം വളരെ എളുപ്പമായിരുന്നു. അതിനെ തുടര്‍ന്ന് പുതിയ സഭാസമൂഹങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ മാതൃസഭകള്‍ ഉണ്ടായി. അവിടുത്തെ മെത്രാന്മാരെ മെത്രാപ്പോലീത്തമാര്‍ എന്നു വിളിച്ചുവന്നു. 

ഒരു പ്രോവിന്‍സിലെ മെത്രാന്മാര്‍ ഒന്നിച്ചു കൂടി പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് രണ്ടാം നൂറ്റാണ്ടില്‍തന്നെയുണ്ടായിരുന്നു. ഈ പതിവ് ആരംഭിച്ചത് ഏഷ്യാമൈനറിലാണത്രെ. ഇപ്രകാരമുള്ള സമ്മേളനങ്ങള്‍ സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും പ്രയോജനകരമായിരുന്നു. പ്രോവിന്‍സ് അടിസ്ഥാനമാക്കിയുള്ള ഈ സമ്മേളനങ്ങളുടെ നേതൃത്വം മെത്രാപ്പോലീത്തയാണ് വഹിച്ചരുന്നത്. പാശ്ചാത്യ സഭയില്‍ റോമിലെയും കാര്‍ത്തേജിലേയും മെത്രാന്മാരായിരുന്നു ഈ പ്രോവിന്‍ഷ്യല്‍ ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍. പൗരസ്ത്യ സഭകളിലും രാഷ്ട്രീയമേഖലാവിഭജനരീതി പ്രതിഫലിച്ചിരുന്നു. പാശ്ചാത്യസഭയില്‍, വടക്കേ ആഫ്രിക്കന്‍ പ്രോവിന്‍ സിലെ മെത്രാന്മാരെല്ലാം കാര്‍ത്തേജില്‍ സമ്മേളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതുപോലെ ഇറ്റലിയിലെ മെത്രാന്മാര്‍ റോമില്‍ സമ്മേളിച്ചു. റോമാ, അന്ത്യോക്യ, അലക്‌സാന്‍ഡ്രിയ എന്നീ കേന്ദ്രങ്ങളിലെ മെത്രാന്മാരായിരുന്നു സഭയില്‍ പ്രധാനസ്ഥാനം വഹിച്ചിരുന്നത്. എഫേസോസിലേയും കപ്പദോച്ചിയായിലെ കേസറിയായിലെയും (Caesarea in Cappadocia) പാലസ്തീനിയായിലെ കേസറിയായിലേയും (Caesaria in Palastine) മെത്രാന്മാര്‍ക്കും ഉന്നതസ്ഥാനമാണുണ്ടായിരുന്നത്. എഫേസോസിലെയും ഹെരാക്ലിയാ(Heraclea)യിലെയും കേസറിയായിലേയും മെത്രാന്മാര്‍ മെത്രാപ്പോലീത്താസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ചതിനെപ്പറ്റി കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലിന്റെ രണ്ടാം കാനോന പറയുന്നുണ്ട്. മാതൃസഭയോട് മറ്റു ചെറിയ സഭാസമൂഹങ്ങള്‍ വളരെയധികം ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നത്.

മെത്രാപ്പോലീത്താമാരുടെ കീഴിലുള്ള സഭാസമൂഹങ്ങളെല്ലാം ഒന്നിച്ച് ഒരു വലിയ സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ മൂന്നാം നൂറ്റാണ്ടില്‍ ചില ശ്രമങ്ങള്‍ നടന്നു. ഇവയെയാണ് പാത്രിയാര്‍ക്കേറ്റ് (Patriarchate) എന്നു പറയുന്നത്. ഒരു കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ തലവന്‍ എന്ന അര്‍ഥത്തിലാണ് യഹൂദര്‍ പാത്രിയാര്‍ക്ക (Patriarch) എന്ന പദം ഉപയോഗിച്ചിരുന്നത്. പഴയനിയമത്തില്‍ ഗോത്രത്തലവന്മാര്‍ക്കും പാത്രിയര്‍ക്കീസ് എന്ന പേരുണ്ടായിരുന്നു. അബ്രാഹവും യാക്കോബും പാത്രിയര്‍ക്കീസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

തിരുസഭാചരിത്രത്തില്‍ പാത്രിയര്‍ക്കീസിന് പ്രത്യക അര്‍ഥമുണ്ട്. ആദ്യനൂറ്റാണ്ടിലെ പ്രധാന ക്രൈസ്തവകേന്ദ്രങ്ങളായിരുന്നു റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ തുടങ്ങിയവ. അവിടുത്തെ മെത്രാന്മാര്‍ക്ക് പാത്രിയര്‍ക്കീസ് സ്ഥാനം ലഭിച്ചിരുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിഖ്യാസൂനഹദോസിന്റെ (325) 6-ാം കാനോന റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ എന്നീ കേന്ദ്രങ്ങളുടെ സ്ഥാനം അഭംഗുരം കാത്തുസൂക്ഷിക്കണം എന്ന് പറയുന്നു. എന്നാല്‍ പിന്നീട് ഇവയുടെ സ്ഥാനക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) റോമന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായി മാറിയപ്പോള്‍ രാജ്യഭരണക്രമത്തിന്റെ മാതൃകയില്‍ സഭാഭരണം സംവിധാനം ചെയ്തിരുന്നതു കൊണ്ട്, ഈ മാറ്റം സഭാഭരണത്തെയും ബാധിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമാ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആവശ്യപ്പട്ടു. ആദ്യനൂറ്റാണ്ടുകളില്‍ പാത്രിയര്‍ക്കീസ് സംവിധാനം സഭയില്‍ ഏറെക്കുറെ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിച്ചു. പ്രധാന കേന്ദ്രങ്ങളിലെ പ്രബലരായ പാത്രിയര്‍ക്കീസുമാര്‍ അവരുടെ സഭകളുടെ ഭരണത്തില്‍ മാത്രമല്ല, സാര്‍വത്രികസഭയുടെ പൊതു കാര്യങ്ങളിലും അതിയായ താല്‍പര്യം കാണിച്ചു. റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ജെറൂസലേം എന്നീ അതിപ്രധാന പാത്രിയാര്‍ക്കേറ്റുകള്‍ സഭയുടെ 'പെന്റാര്‍ക്കി' (Pentarchy -þ അഞ്ച് അധികാരകേന്ദ്രങ്ങള്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരില്‍ പ്രമുഖസ്ഥാനം റോമിലെ പാത്രിയര്‍ക്കീസിനായിരുന്നു. 

നാലാം നൂറ്റാണ്ടാരംഭത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഹെരാക്ലിയ അതിരൂപതയുടെ സമാന്തര രൂപതയായിരുന്നു. എന്നാല്‍ 324-ല്‍ കോണ്‍സ്റ്റ ന്റൈന്‍ (Constantine) ചക്രവര്‍ത്തി റോമിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയപ്പോള്‍ ''പുതിയ റോമാ'' എന്ന പേരില്‍ ഈ നഗരം അറിയപ്പെടാന്‍ തുടങ്ങി. ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍ സില്‍ (381) ഇതിന് പാത്രിയര്‍ക്കീസുമാരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം നല്‍കി. കാല്‍സിഡോണ്‍ കൗണ്‍സിലിന്റെ 28-ാമത്തെ കാനോനയും ഇത് അഗീകരിച്ചുറപ്പിച്ചു. ഇപ്രകാരം അഞ്ചാം നൂറ്റാണ്ടുമുതല്‍ റോം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിന് ലഭിച്ചു. നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലിന്റെ (869-870) 21-ാം കാനോന ഈ വസ്തുത ഔദ്യോഗികമായി സ്ഥിരപ്പെടുത്തി. എന്നാല്‍ റോമിലെ പോപ്പ് ലെയോ ഒന്നാമന്‍ (440-461) ഇതു സ്വീകരിച്ചിരുന്നില്ല. കാല്‍സിഡോണിന്റെ 28-ാം കാനോന അസ്വീകാര്യമാണെന്നു മാര്‍പ്പാപ്പാ പ്രഖ്യാപിച്ചെങ്കിലും ക്രമേണ ഈ കാനോന പൊതുവെ അംഗീകൃതമായി. 1438-ല്‍ നടന്ന ഫ്‌ളോറന്‍സ് കൗണ്‍സില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ രണ്ടാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. 

തലസ്ഥാന നഗരം എന്ന നിലയില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വളരെയധികം ആനുകൂല്യങ്ങള്‍ അനുഭവിച്ചുപോന്നു. ബൈസന്റൈന്‍തീരത്തുള്ള പൗരസ്ത്യസഭകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം കോണ്‍സ്റ്റാന്റിനോപ്പിളിനാണ് എന്ന് കാല്‍സിഡോണ്‍ (Chalcedon) സൂനഹദോസ് പറയുന്നു. പോന്തസ് (Pontus), ആസ്യ (Asia), ത്രാസ് (Thrace) എന്നീ രൂപതകളിലെ മെത്രാന്മാരെ വാഴിക്കുന്നതിനുള്ള അധികാരം കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന് സൂനഹദോസ് കൊടുത്തു. ഇതോടുകൂടി കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമിന്റെയും അലക്‌സാന്‍ഡ്രിയായുടെയും അന്തിയോഖ്യാക്യയുടെയും മുന്‍പന്തിയിലേക്ക് എത്തി. ആറാം നൂറ്റാണ്ടു മുതല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനെ 'എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് (Ecumenical Patriarch) എന്നു വിളിച്ചു തുടങ്ങി. പോപ്പ് ഗ്രിഗറി (Gregory the Great 590þ604) ഈ പദവിയെ എതിര്‍ത്തുവെങ്കിലും ചക്രവര്‍ത്തിയുടെ അംഗീകാരത്തോടെ അതുപയോഗിച്ചു പോന്നു. ഏഷ്യമൈനര്‍ മുഴുവനിലും കോണ്‍സ്റ്റാന്റിനോപ്പിളിന് ഭരണാധികാരമുണ്ടായിരുന്നു.

സഭാതലത്തില്‍ ജെറുശലേമിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. പാലസ്തീനിയായിലെ കേസറിയാരൂപതയുടെ സാമന്തരൂപതയായിരുന്നു ജെറുശലേം. നിഖ്യാസൂനഹദോസ് ഈ രൂപതയ്ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ അനുവധിച്ചുകൊടുത്തു. എന്നാല്‍ അതുകൊണ്ട് തൃപ്തിപ്പെടാതെ ജെറൂശലേമിനെ ഒരു പാത്രിയാര്‍ക്കോയി മാറ്റമെന്ന് അവിടുത്തെ മെത്രാ ന്മാര്‍ ആവശ്യപ്പെട്ടു. അവസാനം അവര്‍ അതില്‍ വിജയിച്ചു. കാല്‍സിഡോണ്‍ കൗണ്‍സില്‍ (451) പാലസ്തീനിയായിലെ മൂന്നു പ്രോവിന്‍സുകളുടെമേല്‍ ജെറുശലേമിന്നും അധികാരം നല്‍കി. ഇതിനു പുറമെ, അന്തിയോഖ്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള അറേബ്യാ (Arabia), ഫിനീഷ്യ (Phoenicia) എന്നീ രൂപതകളുടെ മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചു വെങ്കിലും അതില്‍ പരാജയെപ്പട്ടു. അവ തിരിച്ച് അന്തിയോഖ്യക്കാര്‍ക്ക് കൊടുക്കേണ്ടി വന്നു. 

റോമാസാമ്രാജ്യത്തിന്നു പുറത്ത് പേര്‍ഷ്യയിലെ സഭാകേന്ദ്രമായിരുന്നു സെലൂഷ്യസ്‌റ്റെസിഫന്‍. ഇവിടുത്തെ മെത്രാപ്പോലീത്താ ആദ്യം കത്തോലിക്കോസ് എന്നും പിന്നീട് പാത്രിയര്‍ക്കീസ് എന്നും അറിപ്പെട്ടു. ഭാരതസഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായി ബന്ധമുണ്ടായിരുന്നു. ഭാരതസഭയുടെ തലവന്‍ 'ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത' (Metropolitan of the whole India) അറിയപ്പെട്ടിരുന്നത്. 'മാര്‍ത്തോമ്മാക്രിസ്ത്യനികള്‍' എന്ന പേരാണ് ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവസമൂഹത്തിനുണ്ടായിരുന്നത്'' (തിരുസ്സഭാചരിത്രം, റവ.ഡോ. സേവ്യര്‍ കുടപ്പുഴ, പേജ് 244-248).

A. D. 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്ക് മതസ്വാ തന്ത്ര്യം അനുവദിക്കുന്നതുവരെ സഭ പീഡനവിധേയയായിരുന്നു. എന്നാല്‍ 313-ല്‍ സഭയുടെ സ്വഭാവത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നു ഭവിച്ചു. ഇതിനെക്കുറിച്ച് ഫാ. കുടപ്പുഴ ഇങ്ങനെ എഴുതുന്നു: ''313-ല്‍ റോമാ സാമ്രാജ്യത്തില്‍ സഭ സ്വതന്ത്രയായപ്പോള്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്തുവകകള്‍ കൈവശം വയ്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സഭയ്ക്കു സിദ്ധിച്ചു. അതേ തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നിരവധി പ്രഭുക്കന്മാരും സഭയ്ക്ക് ഭൗതികാവശ്യങ്ങള്‍ ക്കായി വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ ദാനം ചെയ്തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പ്പാപ്പായായി. റോമാ കേന്ദ്രമായി വടക്കേ ഇറ്റലി, ദല്‍മേഷ്യ, തെക്കേ ഇറ്റലി, സിസിലി എന്നിവയുള്‍പ്പെടെ അതിവിസ്തൃതമായ ഒരു ഭൂപ്രദേശം രൂപം കൊണ്ടു. പേപ്പല്‍സ്റ്റേറ്റിന്റെ ആരംഭമായിരുന്നു അത്. ഈ പ്രദേശത്തു നിന്നുള്ള ആദായം സഭാഭരണത്തിനായി മാര്‍പ്പാപ്പാ വിനിയോഗിച്ചിരുന്നു'' (മുന്‍ഗ്രന്ഥം, പേജ് 321-322). 

ഇതുവരെ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്ന സഭ പതുക്കെപ്പ തുക്കെ വമ്പിച്ച ഭൂവുടമകളുടെയും സാമ്രാജ്യത്തിന്റെയും സഭയായി മാറി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമായിലെ സഭാതലവന് ലാറ്ററന്‍ കൊട്ടാരം ദാനമായി കൊടുത്തതോടെ പ്രഭൂസഹജമായ അധികാരത്തിലേക്ക് സഭാധികാരം ഉയര്‍ന്നു. കോണ്‍സ്റ്റന്റയിന്റെ കാലത്ത് റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ കിഴക്കന്‍ റോമാ സാമ്രാജ്യ ത്തിന്റെ തലസ്ഥാനമായിത്തീരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി റോമന്‍ മാര്‍പ്പാപ്പാ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ റോമിലെ ഭരണാധിപനായിത്തീര്‍ന്നു.

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം II


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
II
മാര്‍പ്പാപ്പയും ഇതര സഭകളും 

കത്തോലിക്കാസഭയൊഴിച്ചുള്ള മറ്റു ക്രൈസ്തവസഭകളും സമൂഹങ്ങളും മാര്‍പ്പാപ്പായുടെ മുന്‍പറഞ്ഞ ഉന്നതസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന്ന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ താഴെ കൊടുക്കുന്നു. 

യേശുവിന്റെ അപ്പോസ്തലന്മാരില്‍ പത്രോസിനുണ്ടായിരുന്ന പ്രാമുഖ്യത്തെ അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ സഭ പത്രോസെന്ന പാറമേലാണ് സ്ഥാപിതമായിരിക്കുന്നത് എന്ന വാദം അവര്‍ നിരാകരിക്കുന്നു. അതിന് അവര്‍ താഴെപ്പറയുന്ന സുവിശേഷഭാഗങ്ങള്‍ ഉദ്ധരിക്കുന്നു. പൗലോസ് സഭയുടെ അസ്തിവാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ദൈവം എനിക്കു നല്‍കിയ കൃപയനുസരിച്ചു സമര്‍ഥനായ മുഖ്യശില്പിയെപ്പോലെ ഞാന്‍ അസ്തിവാരമിട്ടു. മറ്റൊരാള്‍ അതിന്മേല്‍ പണിതുയര്‍ത്തുന്നു. തങ്ങള്‍ എങ്ങനെയാണു പണിതുയര്‍ത്തുന്നത് എന്ന് ഓരോരുത്തരും ശ്രദ്ധിക്കട്ടെ. ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു, അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല. ഈ അസ്തിവാരത്തില്‍ സ്വര്‍ണം, വെള്ളി, വിലപിടിച്ച രത്‌നങ്ങള്‍, തടി, കമ്പി, പുല്ല് തുടങ്ങിയവ ഉപയോഗിച്ച് ആരെങ്കിലും പണിതാല്‍, ഓരോ മനുഷ്യന്റെയും പണി വെളിവാകും; ന്യായവിധിദിവസം അതു വെളിപ്പെടും; അഗ്നിയാല്‍ അതു വെളിവാക്കപ്പെടും; ഓരോരുത്തരും ചെയ്ത പ്രവൃത്തിയുടെ സ്വഭാവം അഗ്നി പരീക്ഷിക്കും'' (1 കോറി 3:10-13).
'മനുഷ്യന്‍ ഉപേക്ഷിച്ചതെങ്കിലും ദൈവദൃഷ്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ സജീവശിലയായ അവന്റെ അടുക്കലേക്കു വന്നാലും! ജീവനുള്ള കല്ലുകള്‍ പോലെ നിങ്ങള്‍ സ്വയം ഒരു ആധ്യാത്മിക ഭവനമായി പണിയപ്പെടുക; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആത്മീയബലികള്‍ അര്‍പ്പിക്കാന്‍ ഒരു വിശുദ്ധ പുരോഹിത ജനമായിത്തീരുക. കാരണം, വിശുദ്ധ ലിഖിതത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നല്ലോ: 'കണ്ടാലും, സിയോനില്‍ ഞാനൊരു ശില സ്ഥാപിക്കുന്നു! തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്! അവനില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിതനാകയില്ല'. വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവന്‍ വിലയേറിയവനാണ്. വിശ്വസിക്കാത്തവര്‍ക്കോ, 'ശില്പികള്‍ തള്ളി ക്കളഞ്ഞ കല്ല്, മൂലക്കല്ലായിത്തീര്‍ന്നു;' അവരെ ഇടറി വീഴിക്കുന്ന ഒരു കല്ല്, അവരെ നിലം പതിപ്പിക്കുന്ന പാറ! വചനം അനുസരിക്കായ്കകൊണ്ട് അവര്‍ ഇടറുന്നു; അവര്‍ അതിന്നു നിശ്ചയിക്കപ്പെട്ടവരാണ്''(1 പത്രോ 2: 4-8). 

''അപ്പോസ്തലന്മാരും പ്രവാചകരുമാകുന്ന അസ്തിവാരത്തിന്മേല്‍ കെട്ടിപ്പടുക്കപ്പെട്ടവരാണ് നിങ്ങള്‍; ക്രിസ്തുയേശു തന്നെയാണ് മൂലക്കല്ല്. അവനില്‍ സൗധം മുഴുവന്‍ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു; അതു കര്‍ത്താവില്‍ ഒരു വിശുദ്ധ ദേവാലയമായി വളരുന്നു. അതിലേക്ക് ആത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായിരിക്കാന്‍, നിങ്ങളും അവനില്‍ പണിതു ചേര്‍ക്കപ്പെടുന്നു'' (എഫേ 2:20-22) ''നഗരമതിലിന്നു പന്ത്രണ്ട് അസ്ഥിവാരങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകളും'' (വെളി 21: 14).

സുവിശേഷത്തിലെ മേലുദ്ധരിച്ച വാക്കുകളെ മുന്‍നിര്‍ത്തി സഭയുടെ അടിക്കല്ല് അല്ലെങ്കില്‍ അസ്തിവാരം യേശു തന്നെയാെണന്നും, വേറൊരു അടിക്കല്ല് സഭയ്ക്കുണ്ടാകുക സുവിശേഷ വിരുദ്ധമാണെന്നും അവര്‍ കരുതുന്നു. മത്തായിയുടെ സുവിശേഷം 16:16 ലെ വാക്യങ്ങളെ വേറൊരു വിധത്തിലാണ് അവര്‍ വ്യാഖ്യാനിക്കുന്നത്. ശിമയോന്‍ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിന്റെ പുത്രന്‍' ഈ പ്രഖ്യാ പനം നിത്യസത്യമാകയാല്‍ ആ സത്യമാകുന്ന പാറയില്‍ തന്റെ പള്ളി പണിയും എന്നാണ് യേശു പ്രഖ്യാപിച്ചത്. മറ്റു ശിഷ്യന്മാര്‍ നിത്യമായ ഈ വിശ്വാസത്തെ, പരസ്യമായി പ്രഖ്യാപിക്കാന്‍ മടിച്ചു നിന്നപ്പോള്‍ പത്രോസ് ഏറ്റു പറഞ്ഞ ആ വിശ്വാസത്തെ 'പാറ'യെന്ന് പ്രഖ്യാപിക്കുക മാത്രമാണ് യേശു ചെയ്തത്. പത്രോസ് എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല, പത്രോസ് പ്രഖ്യാപിച്ച വിശ്വാസസത്യത്തെയാണ് പാറയായി കണക്കാക്കുന്നത്. ഇതിന് ഉപോദ്ബലകമായി അവര്‍ ഉദ്ധരിക്കുന്ന മറ്റൊരു വാദം പത്രോസിനോട് യേശു പറഞ്ഞ ഈ വാക്കുകളാണ്: ''സാത്താനേ, എന്റെ പിന്നിലേക്കു പോകൂ. നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്. കാരണം, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' (മത്താ 16:23). ''നീ ക്രിസ്തുവാകുന്നു, ജീവനുള്ള ദൈവത്തിന്റെ പുത്രന്‍'' എന്നു പത്രോസ് പറഞ്ഞപ്പോള്‍, 'യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. മനുഷ്യനല്ല ഇതു നിനക്ക് വെളിപ്പെടുത്തിയിരിക്കുന്നത്; എന്റെ സ്വര്‍ഗസ്ഥനായ പിതാവാണ്'' (മത്താ 16:17) എന്നു പറഞ്ഞ യേശുതന്നെ പത്രോസിനെ ''സാത്താന്‍'' എന്ന് അഭിസംബോധന ചെയ്യുന്നു. അപ്പോള്‍, പത്രോസ് ദൈവികവും മാനുഷികവുമായ രണ്ടു ചിന്തകളുടെ സ്വാധീനത്തിന് അടിമയായിരുന്നു. 'ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അത് ദൈവികമായ വെളിപാടിന്റെ പ്രചോദനത്തിലായിരുന്നു. എന്നാല്‍ യേശുവിന്റെ രക്ഷാകര ബലിയെ എതിര്‍ത്തു നിന്നപ്പോള്‍ യേശു പത്രോസിനെ ''സാത്താനേ'' എന്ന് അഭിസംബോധന ചെയ്യുന്നു. പത്രോസ് സാത്താനല്ലാത്തതു പോലെ, സഭയുടെ അടിത്തറയുമല്ല. മാനുഷികവും ദൈവികവുമായ ചിന്തയ്ക്കു മധ്യേ പത്രോസ് ഊഞ്ഞാലാടുകയാണ്. ദൈവികമായ ചിന്തകളെ അഭിനന്ദിക്കുകയും മാനുഷികമായ ചിന്തകളെ അപലപിക്കുകയും ആണ് യേശു ചെയ്തത്. 'സാത്താനേ' എന്ന് യേശു വിളിച്ച പത്രോസിനെ സഭയുടെ മൂലക്കല്ലാക്കും എന്നു വിശ്വസിക്കുക സാധ്യമല്ല. 

യോഹന്നാന്‍ 21:15-19 വരെയുള്ള ഭാഗങ്ങളിലെ, 'ആടുകളെ മേയ്ക്കുക' എന്ന യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ അവര്‍ വ്യാഖ്യാനിക്കുന്നു:.
 

പത്രോസ് മൂന്നു പ്രാവശ്യം യേശുവിനെ ഉപേക്ഷിക്കുകയുണ്ടായി. ഈ സംഭവത്തെ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയാണ് 'എന്നെ സ്‌നേഹിക്കുന്നുവോ' എന്ന് യേശു മൂന്നു പ്രാവശ്യം പത്രോസിനോട് ചോദിക്കുന്നത്. ഇവിടെ ''എന്റെ ആടുകളെ മേയ്ക്കുക'' എന്നതിന്നര്‍ഥം സഭയെ ഭരിക്കാന്‍ പത്രോസിന് അനുവാദം കൊടുത്തു എന്നല്ല, മറിച്ച് പത്രോസ് തന്റെ ജീവിതകാലത്ത് യേശുവിനെപ്പോലെ, വിശ്വാസികള്‍ക്കു വേണ്ടി തന്റെ ജീവന്‍ സമര്‍പ്പിക്കണം എന്ന കല്പന മാത്രമാണ്. ഇടയന്‍ എന്ന പദം അധികാരസൂചകമായിട്ടല്ല യേശു ഉപയോഗിക്കുന്നത്. ''നല്ല ഇടയന്‍ ഞാനാകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ ത്യജിക്കുന്നു'' (യോഹ 10:11). ശിഷ്യരെ വിട്ട് താന്‍ സ്വര്‍ഗാരോഹണം ചെയ്യുകയാണെന്നും തന്റെ ആട്ടിന്‍ കൂട്ടത്തെ താന്‍ ജീവാര്‍പ്പണം ചെയ്തു സേവിച്ചതു പോലെ പത്രോസും സേവിക്കണം എന്നുമാണ് യേശു ഇവിടെ പത്രോസിനോടു പറയുന്നത്.

തന്റെ ആടുകളെ മേയ്ക്കുക എന്ന് യേശു പത്രോസിനോട് പറഞ്ഞതിന്റെ പശ്ചാത്തലം അവര്‍ ഇങ്ങനെ വിവരിക്കുന്നു. യേശു തന്റെ പ്രതാപപൂര്‍ണമായ ഉയിര്‍പ്പിനു ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് പ്രാതല്‍ ഒരുക്കിക്കൊടുത്തതിനു ശേഷമാണ് 'തന്റെ ആടുകളെ മേയ്ക്കുക' എന്ന് പത്രോസിനോടു പറയുന്നത്. തന്റെ ശിഷ്യന്മാരെ താന്‍ എങ്ങനെ ശുശ്രൂഷിച്ചുവോ അതു പോലെ ശുശ്രൂഷിക്കണം എന്നര്‍ഥം. ശിഷ്യരുടെ മേല്‍ ഭൗതികമായ അധികാരമല്ല പ്രത്യുത അവരെ സേവിക്കുന്നതിനുള്ള കടമയാണ് പത്രോസില്‍ നിക്ഷിപ്തമായത്. 

''ശിമയോനേ, ശിമയോനേ, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പു പോലെ പേറ്റിക്കൊഴിക്കാന്‍ അനുവാദം വാങ്ങിയിരിക്കുന്നു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു, നീ പിന്തിരിഞ്ഞു വരുമ്പോള്‍ നിന്റെ സഹോദരരെയും ശക്തിപ്പെടുത്തുക'' എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ (22: 31-32) വാക്കുകള്‍ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് എന്നാണ് ഇതര സഭയിലെ വേദശാസ്ത്രഞ്ജരുടെ വാദം. പത്രോസിനോട് ഈ വാക്കുകള്‍ അരുള്‍ചെയ്യുന്നതിന് തൊട്ടു മുമ്പ് യേശു ഇങ്ങനെ പറയുന്നു: ''എനിക്കുണ്ടായ പരീക്ഷകളില്‍ എന്നോടൊത്തു നിന്നവര്‍ നിങ്ങളാണ്. എന്റെ പിതാവ് എനിക്കു നല്‍കിയതു പോലുള്ള ഒരു രാജ്യം ഞാന്‍ നിങ്ങള്‍ക്കും നല്‍കുന്നു. അങ്ങനെ നിങ്ങള്‍ എന്റെ രാജ്യത്ത് എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും വിധിച്ചു കൊണ്ട് സിംഹാസനത്തില്‍ ഇരിക്കയും ചെയ്യും'' (ലൂക്കോ 22: 28-30). ഇവിടെ പത്രോസിന്റെ സിംഹാസനത്തെക്കുറിച്ചല്ല, പന്ത്രണ്ട് സിംഹാസനങ്ങള്‍ സ്വര്‍ഗത്തിലുണ്ട് എന്നാണ് യേശു പറയുന്നത്. ആ സിംഹാസനങ്ങളില്‍ പത്രോസിന്റെ സിംഹാസനത്തിന് പ്രാമുഖ്യം നല്‍കുന്നില്ല; എല്ലാം തുല്യമാണ്. പ്രായം കൊണ്ടും സ്ഥാനം കൊണ്ടും പ്രമുഖനായിരുന്ന പത്രോസ് തന്റെ പീഡാനുഭവത്തിന്റെ അവസരത്തില്‍ തന്നെ ഉപേക്ഷിക്കും; അതില്‍ മനസ്താപപ്പെട്ട് പിന്തിരിഞ്ഞു വരുമ്പോള്‍ തന്റെ കാരുണ്യമേറിയ ക്ഷമയുടെ അടയാളമായി തന്റെ ഇതര ശിഷ്യന്മാര്‍ക്ക് മാതൃകയും ശക്തിയുമായി പ്രവര്‍ത്തിക്കണം എന്നാണ് യേശു ഇവിടെ ഉപദേശിക്കുന്നത്. പരസ്പരം ശക്തിപ്പെടുത്തുന്നതിന് ശിഷ്യന്മാര്‍ക്കുള്ള ആഹ്വാനമാണ് ഇതില്‍.

പെന്തക്കുസ്താനാളില്‍ പത്രോസില്‍ മാത്രമല്ല പരിശുദ്ധാത്മാവ് ആവസിച്ചത്. ''പെന്തക്കുസ്താദിനമായി. അന്ന്, അവരെല്ലാവരും ഒരിടത്ത് ഒരുമിച്ചു കൂടിയിരിക്കയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റ് അടിക്കുംപോലെയുള്ള ഒരു മുഴക്കം ആകാശത്തു നിന്ന് ഉണ്ടായി. അവര്‍ സമ്മേളിച്ചിരുന്ന വീടു മുഴുവന്‍ അതു നിറഞ്ഞു. തീനാളങ്ങള്‍ പോലെയുള്ള നാവുകള്‍ അവിടെ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു; അവ വേര്‍പിരിഞ്ഞ് അവര്‍ ഓരോരുത്തരുടെയും മേല്‍ ആവസിച്ചു. അവര്‍ ഏവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. പരിശുദ്ധാത്മാവ് ഭാഷണവരം നല്‍കിയതനുസരിച്ച് അവര്‍ അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി'' (അപ്പോ 2: 1-4). എല്ലാ അപ്പോസ്തലന്മാര്‍ക്കും പരിശുദ്ധാത്മവരം തുല്യമായി ലഭിച്ചു എന്നര്‍ഥം. അവര്‍ എല്ലാവരും സുവിശേഷം പ്രസംഗിച്ചു: ''പുതുവീഞ്ഞ് കുടിച്ച് ഇവര്‍ക്ക് ലഹരി പിടിച്ചിരിക്കുകയാണ്'' (അപ്പോ 2:13) എന്ന കേള്‍വിക്കാരുടെ പ്രതികരണം പെന്തക്കുസ്താനാളില്‍ എല്ലാ അപ്പോസ്തലന്മാരും സുവിശേഷം പ്രസംഗിച്ചു എന്നതിന് തെളിവാണ്. ''എന്നാല്‍, പത്രോസ് മറ്റു പതിനൊന്നു പേരോടൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു'' (അപ്പോ 2:14). ഇവിടെയും പത്രോസിന്നു പ്രത്യേക പ്രാമാണ്യം ഒന്നും നല്‍കിയിട്ടില്ല. അപ്പോള്‍ പത്രോസിന്നു മാത്രമാണ് പരിശുദ്ധാത്മവരം ലഭിച്ചത് എന്ന വാദം നിലനില്‍ക്കത്തക്കതല്ല.
 

കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം പത്രോസിന്നു മാത്രമല്ല എല്ലാ അപ്പോസ്തലന്മാര്‍ക്കും തുല്യമായാണ് നല്‍കിയിരുന്നത്. ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' (മത്താ 18:18). അപ്പോസ്തലന്മാര്‍ക്കു മാത്രമല്ല വിശ്വാസികള്‍ക്കും ഈ അധികാരം നല്‍കിയിട്ടുണ്ട്. ''നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍, അവ ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍, അവ നിലനിര്‍ത്തപ്പെടും'' (യോഹ 20:23). ഇവിടെയും ഈ അധികാരം 'നിങ്ങള്‍' എന്ന പദം കൊണ്ട് വിശ്വാസികള്‍ ഏവര്‍ക്കും യേശു നല്‍കുന്നു. 

സഭയുടെ മേല്‍ പത്രോസിന് അധികാരം നല്‍കി എന്നതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന സുവിശേഷഭാഗങ്ങളുടെ അര്‍ഥവ്യാഖ്യാനത്തെ കത്തോലിക്കേതര സഭകള്‍ എതിര്‍ത്ത് അവരുടെ നിലപാട് ഉറപ്പിക്കുകയാണ്. ഇതിനും പുറമേ മറ്റു സുവിശേഷഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സഭയില്‍ പത്രോസിന്ന് പ്രത്യേകമായ സ്ഥാനം നല്‍കിയിട്ടില്ല എന്ന് അവര്‍ വാദിക്കുന്നു.
 

1. ശിഷ്യന്മാര്‍ തങ്ങളില്‍ പ്രമുഖര്‍ ആരാണ് എന്നു തര്‍ക്കമുണ്ടാക്കിയപ്പോള്‍, ഉത്തരമായി യേശു 'പത്രോസാണ് പ്രമുഖന്‍' എന്ന് പറയുന്നില്ല. ''തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. അവന്‍ അവരോടു പറഞ്ഞു: 'വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെ മേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയും ചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല. നിങ്ങളില്‍ ഏറ്റം വലിയവന്‍ ഏറ്റം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോെലയും ആയിരിക്കണം. ആരാണ് വലിയവന്‍ - ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷകനോ? ഭക്ഷണത്തിന്നിരിക്കുന്നവന്‍ അല്ലേ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷകനെപ്പോലെ യാണ്. എനിക്കുണ്ടായ പരീക്ഷകളില്‍ എന്നോടൊത്തു നിന്നവര്‍ നിങ്ങളാണ്. എന്റെ പിതാവ് എനിക്കു നല്‍കിയതുപോലുള്ള ഒരു രാജ്യം ഞാന്‍ നിങ്ങള്‍ക്കും നല്‍കുന്നു. അങ്ങനെ നിങ്ങള്‍ എന്റെ രാജ്യത്ത് എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കയും പാനം ചെയ്കയും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും വിധിച്ചു കൊണ്ട് സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്യും'' (ലൂക്കോ 22:24-30).
 

ആരാണ് വലിയവന്‍ എന്ന ചോദ്യം മറ്റു സന്ദര്‍ഭങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. ''എന്നാല്‍ യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: 'വിജാതീയരുടെ മേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം. മനുഷ്യപുത്രനെപ്പോലെ'' (മത്താ 20:25-27). 

''വിജാതീയരുടെ മേല്‍ അവരുടെ ഭരണാധികാരികളെന്നു വച്ചിട്ടുള്ളവര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും അവരുടെ പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഇത് നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും അടിമയാകണം. കാരണം, മനുഷ്യപുത്രന്‍ പോലും വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല സേവിക്കാനാണ്; അനേകര്‍ക്കു വേണ്ടി സ്വജീവന്‍ വീണ്ടെടുപ്പു വിലയായി നല്‍കാനാണ്'' (മര്‍ക്കോ 10:42-45).
 

തന്റെ മരണശേഷം സഭയെ ഭരിക്കാനുള്ള അവകാശം ആര്‍ക്കാണ് എന്ന് വ്യക്തമായി പറയാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ പത്രോസിനെക്കുറിച്ച് ഒരു സൂചന പോലും ക്രിസ്തു ഈ അവസരങ്ങളില്‍ നല്‍കുന്നില്ല. അപ്പോസ്തല പ്രവര്‍ത്തനങ്ങളിലോ ലേഖനങ്ങളിലോ, ഒരിടത്തു പോലും സഭയില്‍ പത്രോസിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞിട്ടില്ല. അപ്പോസ്തലന്മാര്‍ പങ്കെടുത്ത ഒന്നാമത്തെ സൂനഹദോസില്‍ പത്രോസല്ല യാക്കോബാണ് അന്തിമതീരുമാനം പറയുന്നത്.

2. പത്രോസ് തന്റെ ലേഖനങ്ങളിലൊരിടത്തും തനിക്ക് മറ്റ് അപ്പോസ്തലന്മാരുടെമേല്‍ അധികാരം ഉണ്ട് എന്ന് സൂചിപ്പിച്ചിട്ടില്ല. പത്രോസ് തന്നെത്തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്: ''ക്രിസ്തുവിന്റെ പീഡനങ്ങള്‍ക്കു ദൃക്‌സാക്ഷിയും വെളിപ്പെടാന്‍ പോകുന്ന മഹത്വങ്ങളുടെ പങ്കാളിയും ഒരു കൂട്ടുമൂപ്പനും എന്ന നിലയില്‍ നിങ്ങളുടെ ഇടയിലെ മുപ്പന്മാരെ ഞാന്‍ ഉപദേശിക്കുന്നു'' (പത്രോ 5:1). ഇവിടെ പത്രോസ് താന്‍ ഒരു കൂട്ടുമൂപ്പന്‍ ആണ് എന്നേ അവകാശപ്പെടുന്നുള്ളു. മറ്റ് അപ്പോസ്തലന്മാര്‍ക്ക് തുല്യനാെണന്നല്ലാതെ അവര്‍ക്ക് ഉപരിയാെണന്ന് പത്രോസ് പറയുന്നില്ല.

3. പൗലോസ് സഭയുടെ സ്ഥാനികളെ വിവരിക്കുന്നത് ഇപ്രകാരമാണ്: ''സഭയില്‍ ഒന്നാമത് അപ്പോസ്തലന്മാരെയും രണ്ടാമത് പ്രവാചകരെയും മുന്നാമത് പ്രബോധകരെയും പിന്നീട് രോഗശാന്തി ശുശ്രൂഷകരെയും സഹായികളെയും മേല്‍ വിചാരകരെയും വിവിധ ഭാഷാവരമുള്ളവരെയും ദൈവം നിയമിച്ചു'' (1 കോറി 12:28). ''അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരാകാനും ചിലര്‍ക്ക് സുവിശേഷപ്രഘോഷകരാകാനും ചിലര്‍ക്ക് ഇടയന്മാരാകാനും ചിലര്‍ക്ക് അധ്യാപകരാകാനും വരങ്ങള്‍ നല്‍കി'' (എഫേ 4:11).

പത്രോസിന്ന് അപ്രമാദിത്വവരം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പൗലോസ് ഈ വരത്തെക്കുറിച്ച് സഭയെ പഠിപ്പിക്കുമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്.
 

4. പൗലോസ് എഴുതുന്നു: ''ഞാന്‍ ഒന്നുമല്ലാത്തവനെങ്കിലും ഈ കേമന്മാരായ അപ്പോസ്തലന്മാരെക്കാള്‍ ഒട്ടും താണവനല്ല'' (2 കോറി 12:11). പൗലോസ് യേശുവിന്റെ നേരിട്ടുള്ള ശിഷ്യന്‍ അല്ലാതിരുന്നിട്ടും വിശ്വാസത്തിലും പ്രബോധന കാര്യത്തിലും അവരുടെ പിന്നിലല്ല എന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു. ഇതിനര്‍ഥം ആദിമസഭയില്‍ പത്രോസിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടായിരുന്നു എന്ന് അപ്പോസ്തലന്മാരും പൗലോസും കരുതിയിരുന്നില്ല എന്നതാണ്.

5. പൗലോസ്, പത്രോസിനെ മുഖത്തു നോക്കി കുറ്റപ്പെടുത്തുന്നതായി ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ കാണാം. ''പക്ഷേ, കേപ്പാ അന്തിയോഖ്യയില്‍ വന്നപ്പോള്‍, അയാളുടെ മുഖത്തു നോക്കി ഞാന്‍ എതിര്‍ത്തു. കാരണം, അയാള്‍ കുറ്റക്കാരനായിരുന്നു. വിജാതീയരോടൊത്തു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കേപ്പാ, യാക്കോബിന്റെ അടുക്കല്‍നിന്ന് ചില ആളുകള്‍ വന്നപ്പോള്‍, പരിച്ഛേദനവാദികളെ ഭയന്ന് അതില്‍ നിന്നു പിന്‍മാറി അകന്നുനിന്നു. മറ്റു യഹൂദസഹോദരരും പത്രോസിനോടൊത്ത് ആത്മാര്‍ഥതയില്ലാതെ മാറി നിന്നു; ബര്‍ന്നബാസ് പോലും ഈ കാപട്യത്തിന്നു വഴിപ്പെട്ടു. സുവിശേഷ സത്യത്തിന് അനുസൃതമായ നേര്‍വഴിയില്‍ക്കൂടിയല്ല അവര്‍ സഞ്ചരിക്കുന്നതെന്നു ബോധ്യമായപ്പോള്‍, ഞാന്‍ എല്ലാവരുടെയും സമക്ഷം കേപ്പായോടു ചോദിച്ചു: 'യഹൂദനായ താങ്കള്‍ യഹൂദനെപ്പോലെയല്ലാതെ, വിജാതീയനെപ്പോലെയാണ് ജീവിക്കുന്നത്. വിജാതീയര്‍ യഹൂദരെപ്പോലെ ജീവിക്കണം എന്നു നിര്‍ബന്ധിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും?' (ഗലാ.2:11-14). പത്രോസിന് സഭയില്‍ എന്തെങ്കിലും പ്രത്യക അധികാരം ഉണ്ടായിരുന്നു എന്ന് ആദിമസഭ വിശ്വസിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പത്രോസിനെ പൗലോസ് കുറ്റപ്പെടുത്തുമായിരുന്നില്ല. ഈ കുറ്റപ്പെടുത്തല്‍ സൂചിപ്പിക്കുന്നത് പത്രോസ് എല്ലാവരെയും പോലെ പാപിയും സമൂഹസമ്മര്‍ദത്തില്‍പ്പെട്ട് വഴി തെറ്റിപ്പോകാന്‍ ഇടയുള്ള ഒരു മനുഷ്യവ്യക്തിയുമായിരുന്നു എന്നാണ്. 

ആദിമസഭയില്‍ പത്രോസിന് പ്രത്യേകാധികാരം ഒന്നുമില്ലായിരുന്നു എന്നു ചൂണ്ടിക്കാണിച്ചശേഷം, എങ്ങനെ പത്രോസിന്റെ പിന്‍ഗാമിക്ക് സഭയുടെ മേല്‍ അധികാരം ഉണ്ടാകും എന്നു ചിലര്‍ ചോദിക്കുന്നു. വാദത്തിനു വേണ്ടി പത്രോസിന്ന് സഭയില്‍ മുഖ്യ സ്ഥാനം ഉണ്ട് എന്നു സമ്മതിച്ചാല്‍തന്നെ മറ്റു രണ്ടു ചോദ്യങ്ങള്‍ക്കു കൂടി കത്തോലിക്കാസഭ ഉത്തരം പറയണമെന്നാണ് മാര്‍പ്പാപ്പായുടെ സഭയിലുള്ള അനിഷേധ്യ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വാദിക്കുന്നത്.
 

പത്രോസിന്നു കിട്ടിയ ഈ പ്രത്യേക അവകാശം എങ്ങനെ റോമിലെ മെത്രാന്നു കിട്ടി? റോമിലെ മെത്രാന്‍ മാത്രമാണ് പത്രോസിന്റെ പിന്‍ഗാമി എന്നുള്ളതിന് സുവിശേഷത്തില്‍ എന്താണ് തെളിവ്? പത്രോസിന്റെ റോമാ സന്ദര്‍ശനം ഇന്നും ചരിത്രകാരന്മാരുടെ ഇടയില്‍ തര്‍ക്കവിഷയമാണ്. റോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രം എന്നതിനപ്പുറം ക്രിസ്തുവിന്റെ ജീവിതകാലത്ത് യാതൊരു പ്രാധാന്യവും റോമായ്ക്ക് ഉണ്ടായിരുന്നില്ല. ക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. ജെറൂശലേം അക്കാലത്ത് വിശുദ്ധ നഗരം ആയിരുന്നു. അവിടെയാണ് യേശു സുവിശേഷം പ്രസംഗിച്ചതും തന്റെ പരമബലി അര്‍പ്പിച്ചതും. അവിടെയാണ് ആദ്യത്തെ സൂനഹദോസ് കൂടിയത്. പ്രവാച കന്മാര്‍, ജെറൂശലേമിനെക്കുറിച്ചാണ് രക്ഷകന്റെ നഗരമെന്ന് പ്രവചിച്ചിട്ടുള്ളത്. യേശുവും അപ്പോസ്തലന്മാരും റോമാ ആയിരിക്കും സഭയുടെ കേന്ദ്രം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പത്രോസിന്റെ പിന്‍ഗാമികള്‍ തലമുറ തലമുറയായി തന്റെ സഭയെ ഭരിക്കുമെന്നും റോമിലെ മെത്രാന്‍ ലോകത്തില്‍ യേശുവിന്റെ കാണപ്പെട്ട പ്രതിനിധിയും വികാരിയും ആയിരിക്കുമെന്നും ഒരു സൂചനപോലും ഒരിടത്തും നല്‍കുന്നില്ല. 

മുന്‍പറഞ്ഞ വാദഗതികള്‍ ഉന്നയിച്ചുകൊണ്ടാണ് കത്തോലിക്കേതര ക്രൈസ്തവസഭകള്‍ റോമന്‍ മാര്‍പ്പാപ്പായ്ക്ക് ക്രിസ്തുവിന്റെ സഭയുടെ മേല്‍ യാതൊരു പ്രത്യേകാധികാരവും ഇല്ല എന്ന് വാദിക്കുന്നത്.

2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം I

ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
i
മാര്‍പ്പാപ്പാ 
ലോകത്തെമ്പാടുമുള്ള കത്തോലിക്കാ സഭാവിഭാഗം തങ്ങളുടെ ആധ്യാത്മിക തലവനായിട്ടാണ് റോമിലെ മാര്‍പ്പാപ്പായെ കണക്കാക്കുന്നത്. ക്രിസ്തുവിന്റെ വികാരി എന്നും മാര്‍പ്പാപ്പായെ സംബോധന ചെയ്യാറുണ്ട്. ''The Roman Pontiff as the successor of Peter I is perpetual and visible source and foundation of unity. Both of the Bishops and the whole company'' (LGN.44).


മാര്‍പ്പാപ്പായ്ക്ക് ക്രിസ്തുവിന്റെ വികാരി, പത്രോസ് അപ്പോസ്തലന്റെ പിന്‍ഗാമി എന്നീ പദവികളോടൊപ്പം റോമിലെ മെത്രാന്‍, പാശ്ചാത്യ പാത്രിയാര്‍ക്കിസ്, ഇറ്റലിയിലെ പ്രിമേറ്റ്, ഇറ്റലിയിലെ മെത്രാസനങ്ങളുടെ ആര്‍ച്ചു ബിഷപ്പ്, വത്തിക്കാന്‍ സംസ്ഥാനത്തിന്റെ തലവന്‍ എന്നിങ്ങനെ ഇതര പദവികളുമുണ്ട്. (Sacramentum Mundi, Karl Rahnar, Vol.5, p. 40).
പോപ്പ് എന്ന പദത്തിനര്‍ഥം പിതാവ് എന്നാണ്. ക്രിസ്തുവര്‍ഷം ആദിമ ശതകങ്ങളില്‍ പോപ്പ് എന്ന പദവി എല്ലാ മെത്രാന്മാരും സ്വീകരിച്ചിരുന്നു. പിന്നീട് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതന്മാരും തങ്ങളുടെ പേരിനോട് ചേര്‍ത്ത് 'പോപ്പ്' എന്ന പദം ഉപയോഗിച്ചു പോന്നു. ഈ പാരമ്പര്യം പാശ്ചാത്യസഭയിലേക്കും വ്യാപിക്കുകയുണ്ടായി. പിന്നീട് അലക്‌സാന്‍ഡ്രിയായിലെ ബിഷപ്പിനെ കുറിക്കുന്നതിനു മാത്രം പോപ്പ് എന്ന പദം ഉപയോഗിച്ചു വന്നു. ആറാം നൂറ്റാണ്ടിന്റെ മധ്യശതകത്തോടു കൂടി പോപ്പ് എന്ന പദം പാശ്ചാത്യസഭയില്‍ റോമിലെ മെത്രാനു മാത്രമുള്ള പദവിയായിത്തീര്‍ന്നു. ഗ്രിഗറി ഏഴാമന്‍ മാര്‍പ്പാപ്പായുടെ കാലത്ത് നിയമപരമായി ഈ പദം റോമിലെ മാര്‍പ്പാപ്പായ്ക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടു (Ibid).

കത്തോലിക്കാസഭയുടെ കാഴ്ചപ്പാടില്‍ മാര്‍പ്പാപ്പാ ക്രിസ്തുവിന്റെ കാണപ്പെട്ട പ്രതിപുരുഷനാണ്. സഭയില്‍ മാര്‍പ്പാപ്പായുടെ പ്രത്യേകമായ അനിഷേധ്യസ്ഥാനത്തിന് ആധാരമായി കത്തോലിക്കാസഭ സുവിശേഷത്തിലുള്ള യേശുവിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

I. അപ്പോസ്തലന്മാരുടെ പേരുകള്‍ (മത്തായി 10:2; മര്‍ക്കോ 3:16; ലൂക്കോ 6:14; അപ്പോ 1:13) സുവിശേഷത്തില്‍ പരാമര്‍ശിക്കുമ്പോഴെല്ലാം പത്രോസിന്റെ പേര് ഒന്നാമതായിക്കാണപ്പെടുന്നതിനാല്‍ മറ്റ് എല്ലാ അപ്പോസ്തലന്മാരില്‍ പത്രോസ് മുഖ്യനായിരുന്നു എന്ന് കത്തോലിക്കാ സഭാപണ്ഡിതന്മാര്‍ വാദിക്കുന്നു. 

II. സഭയില്‍ പത്രോസിന് പ്രാമാണികത്വം ഉണ്ട് എന്ന വാദത്തിന് ഏറ്റം ശക്തമായ പിന്‍ബലം നല്‍കുന്നത് പത്രോസിനോട് ക്രിസ്തു പറഞ്ഞ വാക്കുകളാണ്: 
''കെസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ യേശു ശിഷ്യന്മാരോട് ചോദിച്ചു: 'മനുഷ്യപുത്രന്‍ ആരാെണന്നാണ് ജനങ്ങള്‍ പറയുന്നത്?' അവര്‍ പറഞ്ഞു: 'സ്‌നാപകയോഹന്നാന്‍ എന്നു ചിലര്‍ പറയുന്നു. ഏലിയാ എന്നു മറ്റു ചിലര്‍ പറയുന്നു. യിരെമ്യായോ പ്രവാചകരില്‍ ഒരുവനോ ആണെന്നു വേറെ ചിലര്‍ പറയുന്നു.' അവന്‍ അവരോടു ചോദിച്ചു: 'എന്നാല്‍ ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?' ശിമയോന്‍ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിന്റെ പുത്രന്‍.' യേശു മറുപടി പറഞ്ഞു; 'യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. മനുഷ്യനല്ല ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്; എന്റെ സ്വര്‍ഗസ്ഥനായ പിതാവാണ്. ഞാന്‍ നിന്നോട് പറയുന്നു: നീ പത്രോസ് ആകുന്നു. ഈ പാറയില്‍ എന്റെ സഭ ഞാന്‍ കെട്ടിപ്പടുക്കും. മരണത്തിന്റെ ശക്തികള്‍ അതിന്നെതിരെ വിജയിക്കയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' (മത്താ 16:13-19).

യേശു ഈ വെളിപ്പെടുത്തലിലൂടെ പത്രോസിനെ സഭയുടെ മൂലക്കല്ലായി ഉയര്‍ത്തി എന്ന് കത്തോലിക്കാ സഭ വിശ്വസിക്കുന്നു. സഭ പണിയപ്പെട്ടിരിക്കുന്നത് പത്രോസ് എന്ന പാറമേലാണ്. അതിന്നെതിരായി മരണത്തിന്റെ ശക്തികള്‍ അല്ലെങ്കില്‍ പാതാള വാതിലുകള്‍ ശക്തിപ്പെടുകയില്ല. സ്വര്‍ഗത്തിന്റെ താക്കോലുകള്‍ പത്രോസിന്നു നല്‍കപ്പെട്ടു. കെട്ടുവാനും അഴിക്കുവാനും ഉള്ള അധികാരം പത്രോസിന്നു കൊടുത്തതോടെ സഭാതത്ത്വങ്ങളെ വിശദീകരിക്കാനുള്ള അവകാശം പത്രോസില്‍ നിക്ഷിപ്തമായി.

III. സഭയെ പാലിക്കുന്നതിന് പത്രോസിനെ പ്രത്യേകമായി ഏല്പിച്ചു എന്നതിന് അടിസ്ഥാനമായി സുവിശേഷത്തിലെ താഴെപ്പറയുന്ന ഭാഗം ചൂണ്ടിക്കാണിക്കപ്പെടുന്നു: ''അവരുടെ പ്രാതല്‍ കഴിഞ്ഞപ്പോള്‍ ശിമയോന്‍ പത്രോസിനോട് യേശു ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, ഇവരെല്ലാവരെയുംകാള്‍ അധികം നീ എന്നെ സ്‌നേഹിക്കുന്നുവോ?' അയാള്‍ പറഞ്ഞു: 'ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ'. അവന്‍ അയാളോടു പറഞ്ഞു: 'എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.' രണ്ടാമതും അവന്‍ അയാളോടു ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നവോ?' അയാള്‍ അവനോടു പറഞ്ഞു: 'ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന് നിനക്കറിയാമല്ലോ.' അവന്‍ അയാളോടു പറഞ്ഞു: 'എന്റെ ആടുകളെ മേയ്ക്കുക. അവന്‍ മൂന്നാമതും അയാളോട് ചോദിച്ചു: 'യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നുവോ?' നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന് മൂന്നാം തവണയും അവന്‍ ചോദിച്ചതു കൊണ്ട് പത്രോസ് ദുഃഖിച്ചു. അയാള്‍ അവനോടു പറഞ്ഞു: 'കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നും നിനക്കറിയാം.' യേശു അയാളോടു പറഞ്ഞു: 'എന്റെ ആടുകളെ മേയ്ക്കുക..... പിന്നീട് അവന്‍ അയാളോട് പറഞ്ഞു: എന്നെ അനുഗമിക്കുക'' (യോഹ 21: 15-19). ഈ വാക്കുകളിലൂടെ യേശു വിശ്വാസികളെ പാലിക്കാനും പരിരക്ഷിക്കാനും ഉള്ള അധികാരവും കടമയും പത്രോസിന് നല്‍കി എന്നാണ് കത്തോലിക്കാ പണ്ഡിതന്മാരുടെ വാദം. ''എന്റെ ആടുകളെ മേയ്ക്കുക'' എന്ന വാക്കുകളിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനു ശേഷം മറ്റ് അപ്പോസ്തലന്മാരെയും വിശ്വാസികളെയും പത്രോസിന്റെ പരിപാലനത്തിനായി യേശു ഏല്‍പിച്ചു കൊടുത്തു എന്നു കത്തോലിക്കാസഭ കരുതുന്നു.

IV. പത്രോസിന്റെ പരമാധികാരത്തെ സ്ഥാപിക്കുന്നതിനു വേണ്ടി ഉദ്ധരിക്കപ്പെടുന്ന മറ്റൊരു സുവിശേഷ ഭാഗം താഴെ കൊടുക്കുന്നു: ''ശിമയോനേ, ശിമയോനേ, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പേറ്റിക്കൊഴിക്കാന്‍ അനുവാദം വാങ്ങിയിരിക്കുന്നു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു. നീ പിന്തിരിഞ്ഞു വരുമ്പോള്‍ നിന്റെ സഹോദരരെയും ശക്തിപ്പെടുത്തുക'' (ലൂക്കോ 22: 31-32). ഇവിടെ യേശു പത്രോസിനു വേണ്ടി പ്രത്യേകമായി പ്രാര്‍ഥിക്കുകയും വിശ്വാസത്തില്‍ നിന്ന് വീണുപോകാനിടയുള്ള തന്റെ സഹോദരരായ അപ്പോസ്തലന്മാരെ ശക്തിപ്പെടുത്തുന്നതിനായി കല്‍പിക്കുകയും ചെയ്തിരിക്കുന്നു. തന്മൂലം സഭയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രത്യേകാനുഗ്രഹം പത്രോസിന്ന് യേശുവിന്റെ പ്രാര്‍ഥനയിലൂടെ ലഭിച്ചു. 

V. പെന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മ പ്രചോദിതനായി സുവിശേഷം പ്രസംഗിക്കുന്നത് പത്രോസാണ്. ''എന്നാല്‍, പത്രോസ് മറ്റു പതിനൊന്നു പേരോടൊപ്പം എഴുന്നേറ്റു നിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു. 'യഹൂദ ജനങ്ങളേ, സര്‍വ ജറൂശലേം നിവാസികളേ, നിങ്ങള്‍ ഇതു മനസ്സിലാക്കിയാലും; എന്റെ വാക്ക് ശ്രദ്ധിച്ചു കേട്ടാലും' (അപ്പോ 2:14). ഈ സംഭവത്തില്‍നിന്നും സഭയിലെ ആദ്യത്തെ പ്രബോധകന്‍ എന്ന നിലയില്‍ യേശു പരിശുദ്ധാത്മാവിലൂടെ പത്രോസില്‍ പ്രവര്‍ത്തിച്ചു എന്ന് കണക്കാക്കപ്പെടുന്നു. 


ഇങ്ങനെ യേശുവിന്റെ ശിഷ്യപ്രമുഖനായിരുന്ന പത്രോസിനെ യുഗാന്ത്യം വരെ സഭയുടെ പരിപാലകനായി യേശു നിയമിച്ചു എന്നും സഭയുടെ പരിപാലനാവകാശം അല്ലെങ്കില്‍ കടമ പത്രോസിലും പത്രോസിന്റെ പിന്‍ഗാമിയായ റോമന്‍ മാര്‍പ്പാപ്പായിലും നിക്ഷിപ്തമായിരിക്കുന്നു എന്നുമാണ് കത്തോലിക്കാ വിശ്വാസം. അങ്ങനെ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ സഭയുടെ കാണപ്പെട്ട തലവനും പ്രബോധകനും പരിപാലകനും ആണെന്നു കത്തോലിക്കാസഭ വിശ്വസിക്കുന്നു. സഭാപ്രബോധകന്‍ എന്ന നിലയില്‍ വിശ്വാസവും സന്മാര്‍ഗവും സംബന്ധിക്കുന്ന കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം-തെറ്റു വരാന്‍ പാടില്ലാവരം- ഉണ്ട് എന്നത് കത്തോലിക്കാസഭയിലെ അടിസ്ഥാന വിശ്വാസത്തില്‍ ഒന്നാണ്. കത്തോലിക്കാസഭയിലെ അടിസ്ഥാനനിയമമായ 'കാനോന്‍ നിയമത്തില്‍' മാര്‍പ്പാപ്പായുടെ അധികാരത്തെ സംബന്ധിച്ച് ഇങ്ങനെ പറയുന്നു:

The office uniquely committed by the Lord to Peter, the first of the Apostles, and to be transmitted to his successors, abides in the Bishop of the Church of Rome. He is the head of the College of Bishops, the Vicar of Christ, and the pastor of the Universal Church here on earth. Consequently, by virtue of his office, he has supreme, full, immediate and universal ordinary power in the Church, and he can always freely exercise this power.

The Roman Pontiff acquires full and supreme power in the Church when, together with episcopal consecration, he has been lawfully elected and has accepted the election. Accordingly, if he already has the episcopal character, he receives this power from the moment he accepts election to the supreme pontificate. If he does not have the episcopal character, he is immediately to be ordained Bishop.

Should it happen that the Roman Pontiff resigns from his office, it is required for validity that the resignation be freely made and properly manifested, but it is not necessary that it be accepted by anyone.
By virtue of his office, the Roman Pontiff not only has power over the universal Church, but also has pre-eminent ordinary power over all particular Churches and their groupings. This reinforces and defends the proper, ordinary and immediate power which the Bishops have in the 
particular Churches entrusted to their care.

The Roman Pontiff, in fulfilling his office as supreme Pastor of the Church, is always joined in full communion with the other Bishops, and indeed with the whole Church. He has the right , however, to determine, according to the needs of the Church, whether this office is to be exercised in a personal or in a collegial manner.

There is neither appeal nor recourse against a judgement or a decree of the Roman Pontiff.

The Bishops are available to the Roman Pontiff in the exercise of his office, to cooperate with him in various ways, among which is the  synod  of Bishops. Cardinals also assist him, as do other persons and institutes fulfil their offices in his name and by his authority, for the good of all the Churches, in accordance with the norms determined by law''  (The Code of Canon Law, pp. 57,58). 

അങ്ങനെ കാനോന്‍നിയമമനുസരിച്ച് പാപ്പാസ്ഥാനം സവിശേഷമായ രീതിയില്‍ ആദ്യ അപ്പോസ്തലനായ പത്രോസിന് കൊടുക്കുകയും ഈ അധികാരം പിന്‍ഗാമികളിലേക്ക് കൈമാറുകയും റോമിലെ പോപ്പ് എന്ന അധികാരിയില്‍ നിക്ഷിപ്തമാവുകയും ചെയ്തു. മാര്‍പ്പാപ്പാ മെത്രാന്‍ സംഘത്തിന്റെ തലവനും, ക്രിസ്തുവിന്റെ വികാരിയും, ആഗോള സഭയുടെ പ്രബോധകനുമായിത്തീര്‍ന്നു. ഇതിന്റെ ഫലമായി സ്ഥാനപരമായി മാര്‍പ്പാപ്പായ്ക്ക് പരമോന്നതവും പൂര്‍ണവും തത്ക്ഷണവും ആഗോള പരവുമായ അധികാരം സഭയ്ക്കുള്ളിലുണ്ട്. ഈ അധികാരം സ്വതന്ത്രമായി അദ്ദേഹത്തിന് എപ്പോഴും ഉപയോഗിക്കാവുന്നതാണ്. 

മാര്‍പ്പാപ്പായുടെ തീരുമാനത്തിനെതിരെ യാതൊരു അപ്പീലും നിലനില്‍ക്കത്തക്കതല്ല. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും മറ്റെല്ലാ സഭാസംവിധാനങ്ങളും മാര്‍പ്പാപ്പായുടെ സഭാ പ്രബോധന-പരിപാലന കടമകളില്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു മാത്രമുള്ളവയാണ്. ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പ്പാപ്പായാണ്. മാര്‍പ്പാപ്പായായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി മെത്രാനായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തെരഞ്ഞടുക്കപ്പെട്ടു കഴിഞ്ഞാല്‍ ബിഷപ്പായി സ്ഥാനാഭിഷേകം ചെയ്യപ്പെടും. 

(നാളെ : II മാര്‍പ്പാപ്പായും ഇതര സഭകളും)