2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പണപ്പിരിവ് - അല്‍ഫോന്‍സാ കോളേജില്‍


(ഓശാന, ജനുവരി 1976)

ചുവടെ ചേര്‍ത്തിരിക്കുന്നത്, പേരുവയ്ക്കാതെ പത്രാധിപര്‍ക്ക് ലഭിച്ച ഒരു കത്താണ്.

അല്‍ഫോന്‍സാ കോളേജ്,
ഡിസംബര്‍ 4 - 1975
സര്‍ ,
അല്‍ഫോന്‍സാകോളേജ് പ്രിന്‍സിപ്പാള്‍ ഞങ്ങളെ വളരെ അധികം പീഡിപ്പിക്കയും ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിടംപണി എന്നു പറഞ്ഞു ഞങ്ങളുടെ ഒരു മാസത്തെ ശമ്പളം പിടിച്ചിരിക്കുകയാണ്. വലിയ പിതാവിന്റെ ജൂബിലിസ്മാരകം എന്നു പറഞ്ഞാണ് പിരിവ് ആവശ്യപ്പെട്ടത്. വലിയ പിതാവിന്റെ ആഗ്രഹമാണ് എന്ന് സി. പ്രിന്‍സിപ്പാള്‍ പറഞ്ഞു കബളിപ്പിച്ചു. പിന്നീട് അറിയുവാന്‍ കഴിഞ്ഞത് വലിയ പിതാവ് അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടില്ല എന്നാണ്. വലിയ പിതാവ് തന്നെ, ജൂബിലി അനുമോദനങ്ങള്‍ക്കു മറുപടിയായി ഈ വിവരം അറിഞ്ഞിട്ടില്ല എന്നു പറയുകയുണ്ടായി. അതാണ് സത്യം....... കുടുംബജീവിതക്കാരായ ഞങ്ങളുടെ ഒരു മാസത്തെ ശമ്പളം ഇല്ലാതെവന്നാല്‍ അത് വലിയ ഭാരമാണ്. ഇപ്പോള്‍ ഒരു പുതിയ കെട്ടിടത്തിന്റെ ആവശ്യമില്ല. സാറിന്റെ കഴിവ് ഉപയോഗിച്ച് ഞങ്ങളെ രക്ഷിക്കണേ.
കൂടുതല്‍ ബില്‍ഡിംഗ് ഉണ്ടാക്കുന്നത് പ്രിന്‍സിപ്പാളിന്റെ സഭയില്‍പ്പെട്ടവര്‍ക്ക് ഉദ്യോഗം ഉറപ്പിക്കുന്നതിനാണ്.

പാലാ അല്‍ഫോന്‍സാ കോളേജിലെ ഒരു അദ്ധ്യാപികയാണ് ഇത് എഴുതിയതെന്ന് കത്തില്‍നിന്നും മനസ്സിലാക്കാം. ഈ കത്തില്‍ 4 ആരോപണങ്ങള്‍ ഉണ്ട്.
(1) അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപകരില്‍നിന്നും, പാലാ മെത്രാനച്ചന്റെ ജൂബിലിക്ക്, ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധമായി പിരിച്ചു.
(2) മെത്രാന്റെ അറിവോടും ആഗ്രഹപ്രകാരവുമാണ് പണം പിരിച്ചതെന്ന് പ്രിന്‍സിപ്പാള്‍ അദ്ധ്യാപകരെ അറിയിക്കുകയുണ്ടായി.
(3) മെത്രാനച്ചന് ജൂബിലി പ്രമാണിച്ച് അദ്ധ്യാപകര്‍ കൊടുത്ത സ്വീകരണയോഗത്തില്‍വെച്ച്, അദ്ദേഹം ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞു.
(4) ഇങ്ങനെ പണം പിരിച്ചത്, പ്രിന്‍സിപ്പാള്‍ അംഗമായ സഭയിലെ ആര്‍ക്കോ ജോലി കൊടുക്കുക എന്ന ഗൂഢോദ്ദേശ്യത്തിലാണ്.
ഇതു സംബന്ധിച്ച് ഞാന്‍ നടത്തിയ അന്വേഷണത്തില്‍നിന്ന്, ആദ്യം പറഞ്ഞ മൂന്നുകാര്യങ്ങളും ശരിയാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. നാലാമത്തെ കാര്യം കേവലം ഉദ്ദേശമാകയാല്‍ സത്യം കണ്ടുപിടിക്കുക വിഷമമാണ്. വിപുലമായ ചില ധാര്‍മ്മികപ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിരിക്കയാല്‍ ഈ കത്തിനെക്കുറിച്ച് ചില കാര്യങ്ങള്‍ പ്രതിപാദിക്കുന്നത് പ്രയോജനകരമെന്ന് വിചാരിക്കുന്നു.
സംഭാവനകളും സ്ഥാപനങ്ങളും
എല്ലാ സമൂഹസ്ഥാപനങ്ങളും സന്മനസ്സുള്ള ജനങ്ങളുടെ സംഭവാനകൊണ്ടാണ് കെട്ടിപ്പടുക്കുന്നത്. കത്തോലിക്കരുടെ അല്ലാ സ്ഥാപനങ്ങളും ത്യാഗസന്നദ്ധതയുള്ള സഭാംഗങ്ങളില്‍നിന്നും ഞെക്കിപ്പിരിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇങ്ങനെ പൊതുജനങ്ങളുടെ ഔദാര്യംകൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സ്ഥാപനങ്ങളില്‍, ഇന്ന് അനേകായിരംപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ, ഈ കലാലയങ്ങളില്‍ അനേകംപേര്‍ക്ക് വിദ്യാഭ്യാസസൗകര്യവും ലഭിക്കുന്നു. ലക്ഷക്കണക്കിനു രൂപാ, പൊതുജനങ്ങളില്‍നിന്നു പിരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ കലാലയങ്ങളില്‍ നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാര്‍, ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്കോ, സഹോദരസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കോവേണ്ടി സംഭാവന കൊടുക്കുക എന്നത് കേവലം കടമ മാത്രമാണ്.
ഈ കത്ത് രണ്ടു കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. (1) അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപികമാരില്‍നിന്നു പണം പിരിക്കുന്നത് 'പിതാവിന്റെ' ആഗ്രഹപ്രകാരമാണെന്ന് പ്രിന്‍സിപ്പാള്‍ അവരോടു പറഞ്ഞു.
'തിരുമുമ്പില്‍ സേവ'
ഇതില്‍ ഞാന്‍ ബ. പ്രിന്‍സിപ്പാളിനെ കുറ്റപ്പെടുത്തുന്നില്ല. കാരണം കത്തോലിക്കാസഭയിലെ എല്ലാ തുറകളിലും കാണുന്ന കഠിനമായ തെറ്റിന്റെ വിരസമായ ആവര്‍ത്തനം മാത്രമാണിത്. സമ്പത്തുള്ളവര്‍, അതിന്റെ ഒരു ഭാഗം, സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ കടമപ്പെട്ടവരാണെന്ന്, ക്രിസ്തുവിന്റെ ഉപദേശം -- ധാര്‍മ്മികമായ കടമയെക്കുറിച്ചുള്ള ശക്തമായ പ്രബോധനം -- കത്തോലിക്കാ സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്നില്ല. അഥവാ, വല്ല പണപ്പിരിവും നടത്തുകയും പണക്കിഴി സ്വരൂപിക്കുകയും ചെയ്യുന്നത്, 'തിരുമുമ്പില്‍ സേവ'യെന്ന ഗൂഢാദ്ദേശ്യത്തിലാണ്. തന്റെ കോളേജിലെ അദ്ധ്യാപകരില്‍നിന്നു ഒരു വലിയ തുക പിരിച്ച് രക്ഷാധികാരിയായ മെത്രാനച്ചന് സമര്‍പ്പിച്ചാല്‍, തന്റെ കഴിവുകളെക്കുറിച്ച് 'തിരുമേനിക്ക്' വലിയ മതിപ്പുണ്ടാകുമെന്നും തന്റെ പ്രസ്റ്റീജ് നിലനില്‍ക്കുമെന്നും ആ ബഹു. പ്രിന്‍സിപ്പാള്‍ വിചാരിച്ചെങ്കില്‍ അതിന് അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. കത്തോലിക്കാസഭയിലെ ശരാശരി പ്രിന്‍സിപ്പാളന്മാരില്‍ ഒരാള്‍മാത്രമാണ് അവര്‍.
പാലാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അവര്‍കളുടെ മെത്രാന്‍സ്ഥാന രജതജൂബിലിയോടനുബന്ധിച്ചാണല്ലോ ഈ പണപ്പിരിവ്. ഈ രജതജൂബിലി, ഏറ്റവും ലളിതമായി ആഘോഷിക്കാനുള്ള വിവേകം കാണിച്ച അദ്ദേഹം, അദ്ധ്യാപകരില്‍നിന്നു പണം പിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണം കാണുന്നില്ല. (മെത്രാനച്ചന്‍ 'തിരുമനസ്സിലെ' ജൂബിലി, പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിക്കത്തക്ക നിലയില്‍ , കൊട്ടും കുരവയും വെടിക്കെട്ടും കെട്ടിയെഴുന്നള്ളിപ്പും ഹംസരഥവും എല്ലാമായി നടത്താന്‍ ആഗ്രഹിച്ച 'സമുദായസ്‌നേഹി'കളായ 'തിരുമുമ്പില്‍സേവക'രെ നിരുത്സാഹപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത് എന്നു കേള്‍ക്കുന്നു. അതില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.) എങ്കിലും പിതാവിന്റെ പേരിലാണ് കോളേജില്‍ പിരിവ് നടത്തുന്നത് എന്നത് ഒരു സത്യമാണ്.
ക്രൈസ്തവമായ കടമ
കത്തോലിക്കാസഭയിലെ പാരമ്പര്യത്തിന്റെ അടിസ്ഥാനാംശത്തിന്റെ വികലതയാണ് ഇത്. മനുഷ്യനിലെ ഔദാര്യത്തെയും ഉപവിയെയും പ്രചോദിപ്പിക്കുന്നതിന് സഭ പാരമ്പര്യമായി പ്രയോഗിക്കുന്ന ഈ 'തിരുമുമ്പില്‍സേവാ'മനസ്ഥിതി തികച്ചും അക്രൈസ്തവമാണ്. ക്രൈസ്തവമായ ഉപവി കേവലം, അധികാരപ്രീണനത്തിനുള്ള ഉപാധിയല്ല; പ്രത്യുത ക്രൈസ്തവമായ കടമയാണ്. അത് ഏതെങ്കിലും, ഉന്നതസ്ഥാനീയനായ വ്യക്തിയുടെ ജൂബിലിയോട്, ഷഷ്ഠ്യബ്ദപൂര്‍ത്തിയേട്ട്, ബന്ധപ്പെടുത്തി മാത്രം ഉത്തേജിപ്പിക്കേണ്ടതല്ല.
മോണ്‍: പള്ളിക്കാപറമ്പന്റെ 'പട്ടാഭിഷേകത്തി'ന്റെ ഓര്‍മ്മയ്ക്കായി, പാവപ്പെട്ടവര്‍ക്കു കുറേ വീടുകള്‍വെച്ചു കൊടുക്കുകയും അതു കൊട്ടിഘോഷിക്കുകയും ചെയ്തു. അപ്പോള്‍ മോണ്‍. പള്ളിക്കാപറമ്പന് മെത്രാന്‍ സ്ഥാനം കിട്ടിയില്ലായിരുന്നെങ്കില്‍, പാവപ്പെട്ടവന്‍ കുടിലില്‍തന്നെ കഴിയുമായിരുന്നു. പാവപ്പെട്ടവന് വീടുവച്ചു കൊടുക്കേണ്ടത് ക്രൈസ്തവമായ കടമയാണെന്നുള്ള വിശ്വാസമല്ല; പ്രത്യുത മോണ്‍. പള്ളിക്കാപറമ്പന്റെ മെത്രാഭിഷേകമാണ്, ഈ ക്രൈസ്തവമായ ഉപവിപ്രവാഹത്തിന്റെ പ്രചോദനം. ഈ വീക്ഷണം കത്തോലിക്കാസഭയുടെ പാരമ്പര്യമായി തീര്‍ന്നിരിക്കുന്നു. സമ്പത്തിനെ, സഹജീവികളുമായി ഭാഗിച്ചനുഭവിക്കേണ്ടത് തങ്ങളുടെ കടമയായിത്തീര്‍ന്നിരിക്കുന്നു എന്ന വിശ്വാസം ജനങ്ങളില്‍, വളര്‍ത്താന്‍ നാം തയ്യാറായില്ല.
പഴയ ആ പാരമ്പര്യം അല്‍ഫോന്‍സാ കോളേജിലെ പ്രിന്‍സിപ്പാള്‍ ആവര്‍ത്തിച്ചു. അതില്‍ അവര്‍ കുറ്റക്കാരിയല്ല.
സ്‌നേഹപ്രചോദിതരാകണം
രണ്ടാമത്തേത് പിരിവിന്റെ കാര്യമാണ്. തീര്‍ച്ചയായും, കോളേജിലെ അദ്ധ്യാപകര്‍ അവരുടെ വാര്‍ഷിക വരുമാനത്തില്‍നിന്ന് ഒരു തുക തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ സംഭാവന ചെയ്യേണ്ടത് കടമയാണെന്ന് കരുതേണ്ടതാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്തില്‍ രാഷ്ട്രനിര്‍മ്മാണ വിഷയത്തില്‍ , അദ്ധ്യാപകരും, ആനുപാതികമായി സാമ്പത്തികഭാരം ഏറ്റെടുക്കാന്‍ തയ്യാറാകണം. അതിന് അദ്ധ്യാപികമാര്‍ തയ്യാറായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ബ. പ്രിന്‍സിപ്പാള്‍, പണപ്പിരിവ് തന്റെ പ്രസ്റ്റീജ് പ്രശ്‌നമാക്കിയ, ആര്‍ജ്ജിത ശംുഭത്വത്തോടാണ് അവര്‍ക്കെതിര്. ഒരു നല്ല കാര്യം ചെയ്യുന്നതിലുള്ള പ്രേരണ, അധികാരദണ്ഡിന്റെ പ്രയോഗമായിരിക്കരുത്; സ്‌നേഹശക്തിയായിരിക്കണം. പശുവിനെ ചുരത്തിച്ചു കറക്കാന്‍; കരിമ്പാട്ടുന്ന ചക്കല്ല, കിടാവിന്റെ നാവാണ് ഉപയോഗപ്രദം.
തെറ്റായ രാസത്വരകം
കാതലായ പ്രശ്‌നം ഇതാണെന്നു തോന്നുന്നു - കത്തോലിക്കാസഭയിലെ അംഗങ്ങളില്‍ ഔദാര്യത്തെ പ്രചോദിപ്പിക്കുന്നതിനും ഉപവിയെ പ്രവഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന രാസത്വരകം, വില കുറഞ്ഞ, 'അഹന്ത'യും 'തിരുമുമ്പില്‍സേവ'യും മറ്റുമാണ്. ഈ വീക്ഷണത്തിന്റെ തടവുകാരാണ് നാം എല്ലാം. ഇവിടെ പ്രിന്‍സിപ്പാള്‍ ഒരു വന്‍തുക പിരിച്ച് മെത്രാനെ ഏല്പ്പിച്ചപ്പോള്‍ അതിന്‍ മെത്രാന്‍ 'പ്രീതനാകുന്നു.' അത്രയും തുക പിരിച്ചെടുക്കുക എന്ന ഭാരിച്ച ചുമതല ഭംഗിയായി നടത്തിയതിനാല്‍ ബ. പ്രിന്‍സിപ്പാള്‍ 'അഹം' ('ലഴീ')ത്തിന്റെ അടിമയാകുന്നു.
പണം കൊടുത്തവരാകട്ടെ, തങ്ങളില്‍നിന്നു കൈവിട്ടുപോയ പണത്തെക്കുറിച്ച് വേദനിക്കയും ഉള്ളില്‍ ശപിക്കുകയും ചെയ്യുന്നു.
മൂല്യരഹിതമായ ഒരു തലമുറയെയാണ് നാം കെട്ടിപ്പടുക്കുന്നത്. ഈ പണം വാങ്ങുന്നതിനു മുന്‍പ് അദ്ധ്യാപികമാരെ വിളിച്ചുകൂട്ടി, വസ്തുതകള്‍ ആരായാന്‍ വന്ദ്യമെത്രാനച്ചന്‍ തയ്യാറാകുമെന്നു വിശ്വസിക്കട്ടെ.
അതിനുശേഷം, ഓരോ അദ്ധ്യാപികയ്ക്കും ഇഷ്ടമുള്ള തുക പേരറിയിക്കാതെ, ഒരു കവറിലിട്ട് നിക്ഷേപിക്കുന്നതിന് കോളേജില്‍ ഒരു സംവിധാനമുണ്ടാകട്ടെ. തീര്‍ച്ചയായും. അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപികമാര്‍, അവരുടെ കഴിവനുസരിച്ചു സംഭാവന ചെയ്യും എന്നാണ് എന്റെ വിശ്വാസം.
നിര്‍ബന്ധിച്ച് പിരിച്ച വന്‍തുകയേക്കാള്‍ എത്രയോ വിലകൂടിയതായിരിക്കും ആ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും കൊച്ചുകാശുകള്‍ .

2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

നാം നാമാകണം


(ഓശാന, ജനുവരി 1976, എഡിറ്റോറിയല്‍ )

കേരളത്തിലെയും ഭാരതത്തിലെയും ക്രിസ്ത്യാനികള്‍ , നൂറ്റാണ്ടുകളോളം അവരുടെ വ്യക്തിത്വം നിലനിര്‍ത്തിപ്പോന്നു. ശ്ലീഹന്മാരടെ കാലത്തുതന്നെ, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ വിവിധസഭകളായി (കൂട്ടായ്മയായി) രൂപംകൊണ്ടിരുന്നു. സംസ്‌കാരവൈവിദ്ധ്യമുള്ള ജനങ്ങളോടാണ് ശ്ലീഹന്മാര്‍ ക്രിസ്തുവിന്റെ സന്ദേശം പ്രസംഗിച്ചത്; അവരുടെ പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങളില്‍ , ക്രിസ്തുവിന്റെ പഠനങ്ങള്‍ക്ക് കടകവിരുദ്ധങ്ങളായവ ഒഴിച്ച്, എല്ലാം തന്നെ തുടര്‍ന്നുകൊണ്ടുപോകുന്നതിന് ശ്ലീഹന്മാര്‍ അനുവദിച്ചിരുന്നു. അവര്‍ വ്യക്തികള്‍ക്കോ പ്രദേശങ്ങള്‍ക്കോ പ്രത്യേകമായ ആചാരാനുഷ്ഠാനങ്ങള്‍ക്കോ പ്രാധാന്യം കല്പിച്ചിരുന്നില്ല. മിശിഹാ ഒരു യൂദനായിരുന്നു; ശിഷ്യന്മാര്‍ എല്ലാം യൂദന്മാരായിരുന്നു. അക്കാരണം പറഞ്ഞ്, ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവരെയെല്ലാം യൂദസംസ്‌കാരത്തിന്റെ ഭാഗമാക്കാന്‍ ആദികാലത്ത് ചിലര്‍ പരിശ്രമിച്ചു. മൂശയുടെ നിയമങ്ങളിലും അനുഷ്ഠാനപാരമ്പര്യങ്ങളിലും കെട്ടിപ്പടുക്കപ്പെട്ട ഒരു സംസ്‌കാരമായിരുന്നു യൂദന്മാര്‍ക്കുണ്ടായിരുന്നത്. ഈ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അപ്രമാദിത്വം നല്‍കി, ക്രൈസ്തവ വിശ്വാസത്തിന്, യൂദസംസ്‌കാരത്തിന്റെ ആവരണം അണിയിക്കാന്‍ ഇവര്‍ ആഗ്രഹിച്ചു. വിശ്വാസം സ്വീകരിച്ച ഫരീസരില്‍ ചിലര്‍ പറഞ്ഞു, “''വിജാതീയര്‍ പരിഛേദനം ചെയ്യപ്പെടണം; മൂശയുടെ നിയമം അനുസരിക്കാന്‍ അവരോട് ആജ്ഞാപിക്കയും വേണം'' (നടപടി 15: 5). ഈ പ്രശ്‌നത്തെ സംബന്ധിച്ച് പത്രോസ് ഇങ്ങനെ തീരുമാനിച്ചു. വിശ്വാസത്താല്‍ അവരുടെ ഹൃദയങ്ങളെ അവിടുന്നു വിശുദ്ധീകരിച്ചിരിക്കുന്നു. നാമും, അവരും തമ്മില്‍ യാതൊരു വ്യത്യാസവും അവിടുന്നു കല്പിക്കുന്നില്ല. ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ വഹിക്കാന്‍ കഴിയാതിരുന്ന നുകം ശിഷ്യന്മാരുടെ ചുമരില്‍വച്ച് നിങ്ങള്‍ എന്തിന് ദൈവത്തെ പരീക്ഷിക്കുന്നു. നമ്മുടെ കര്‍ത്താവായ ഈശോയുടെ കൃപയാല്‍ രക്ഷ പ്രാപിക്കുമെന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു'' (നടപടി 15: 10-12).
ക്രൈസ്തവ വിശ്വാസത്തെ, ഒരു സംസ്‌കാരത്തിന്റെ പരിവേഷം നല്‍കി, ഒരു ജനതയായി മാറ്റണം എന്ന് ഒരിക്കലും ശ്ലീഹന്മാര്‍ കരുതിയിരുന്നില്ല. അപ്പസ്‌തോലന്മാര്‍ സ്ഥാപിച്ച വിവിധ സഭകള്‍ (കൂട്ടായ്മകള്‍ ) അവരവരുടെ സംസ്‌കാരത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് വിശ്വാസം സ്വീകരിച്ചത്. വിശ്വാസം ''സ്വീകരിയ്ക്കുക എന്നത്, ആത്മീയമായ ഒരു പരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനത്തിന്റെ ഭൗതികമോ വ്യക്തിപരമോ ആയ പ്രകാശനം, ആ വ്യക്തിയുടെ പ്രവൃത്തിയില്‍ , ആ വിശ്വാസത്തിനുള്ള സ്വാധീനമാണ്; അല്ലാതെ വേഷവിധാനങ്ങളിലോ സംസാരഭാഷയിലോ ഒന്നും അത് പ്രദര്‍ശിപ്പിയ്‌ക്കേണ്ടതില്ല''. മിശിഹാ തന്റെ അന്ത്യ അത്താഴവേളയില്‍ , വിശ്വാസത്തിന്റെ കാതലായ അംശത്തെക്കുറിച്ച് വ്യക്തിപരമായി പ്രഖ്യാപിച്ചു. ''വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നില്‍ക്കൂടിയല്ലാതെ ഒരുത്തനും എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് വരുന്നില്ല........എന്നില്‍ വിശ്വസിക്കുന്നവന്‍ ഏവനോ, അവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും......എന്റെ കല്പനകള്‍ സ്വീകരിച്ചനുസരിക്കുന്നവനാണ് എന്നെ സ്‌നേഹിക്കുന്നവന്‍ ; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവ് സ്‌നേഹിക്കും; ഞാനും അവനെ സ്‌നേഹിക്കും; എന്നെത്തന്നെ അവന് വെളിപ്പെടുത്തികൊടുക്കുകയും ചെയ്യും'' (യോഹ 14) ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലുകള്‍ ഈ വിശ്വാസവും വിശ്വാസത്തില്‍നിന്നു ജന്യമാകുന്ന കര്‍മ്മവും അത്രേ.


കേരളസഭ
ഭാരതം ക്രൈസ്തവ വിശ്വാസം ആദ്യമായി സ്വീകരിച്ചത്, ക്രിസ്തു ശിഷ്യനായ മാര്‍ത്തോമ്മായില്‍ നിന്നാണെന്നു കരുതപ്പെടുന്നു. (മാര്‍ത്തോമ്മാശ്ലീഹായുടെ ഇന്ത്യാപ്രവേശനത്തെക്കുറിച്ച്, ഭാവനാധനരായ എഴുത്തുകാരും കെട്ടുകഥ മെനഞ്ഞെടുക്കുന്നതില്‍ വിദഗ്ദ്ധരും പല അവിശ്വസനീയങ്ങളായ ഐതിഹ്യങ്ങളും പടച്ചിറക്കിയിട്ടുണ്ട്) ഈ വിശ്വാസ സ്വീകരണം, നമ്മെ ഇന്ത്യാക്കാരല്ലാതാക്കിത്തീര്‍ത്തില്ല. നാം കേരള സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമായിത്തന്നെ തുടര്‍ന്നു.
കോണ്‍സ്റ്റന്റയിന്റെ കാലം മുതല്‍ , റോമാസാമ്രാജ്യം ക്രിസ്തുമതത്തെ അംഗീകരിച്ചു. യൂറോപ്പിലും പൗരസ്ത്യരാജ്യങ്ങളിലും ക്രിസ്തുമതം പ്രചരിച്ചു. ക്രിസ്തുമതത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വകമായിരുന്നു. ഈ വളര്‍ച്ചയെ സഹായിക്കുന്നതിന്, ചരിത്രപരമായ ചില അനുകൂലസാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. റോമാസാമ്രാജ്യത്തില്‍ നിലനിന്ന സമാധാനം (Pora Romana) യാത്രാസൗകര്യം, മദ്ധ്യപൂര്‍വ്വദേശങ്ങളില്‍ ഉണ്ടായിരുന്ന യൂദകോളനികള്‍, (Diaspora) അടിമകളുടെയും പാവങ്ങളുടെയും - അവര്‍ക്കാണല്ലോ സുവിശേഷത്തിന്റെ, സ്‌നേഹസന്ദേശത്തിന്റെ കുളിര്‍കാറ്റ് കൂടുതല്‍ കുളിര്‍മ്മ നല്‍കുക - ദയനീയമായ ജീവിതവ്യവസ്ഥ എന്നിവയായിരുന്നു അതില്‍ പ്രധാനമായവ. 5-ാം ശതകത്തില്‍ റോമാസാമ്രാജ്യം രണ്ടായി ഭാഗിക്കപ്പെട്ടു കോണ്‍സ്റ്റന്റിനോപ്പിളിലും റോമിലും രണ്ട് ചക്രവര്‍ത്തിമാര്‍ സിംഹാസനത്തില്‍ ആരൂഢരായി. രാഷ്ട്രീയമായി വിഭജിക്കപ്പെട്ടതിനെതുട
ര്‍ന്ന് റോമാസാമ്രാജ്യം മതപരമായും വിഭജിക്കപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിള്‍ , അന്ത്യോക്യാ, ബാബേല്‍ മുതലായ പാത്രിയാര്‍ക്കമാര്‍ , റോമയെ അനുസരിക്കാതെവന്നു. പാത്രീയാര്‍ക്കമാര്‍ തമ്മിലുള്ള മത്സരത്തില്‍ റോമാ വിജയിച്ചു. അതിനുകാരണം പൗരസ്ത്യറോമാസാമ്രാജ്യത്തെയും സഭകളെയും മുഹമ്മദീയശക്തി ഗ്രസിച്ചുകളഞ്ഞു എന്നതാണ്. ഏതായാലും, റോമാമാസഭയ്ക്ക് പൗരസ്ത്യസഭകള്‍ നഷ്ടപ്പെട്ടു. എങ്കിലും, യൂറോപ്പിനെ ഒറ്റക്കെട്ടായി, ഒരു അധികാരത്തിന്‍കീഴില്‍ നിറുത്താന്‍ റോമായ്ക്കു കഴിഞ്ഞു.
എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ , യൂറോപ്പിലെ ക്രൈസ്തവസഭ രണ്ടായി പിളര്‍ന്നു. പ്രൊട്ടസ്റ്റന്റ് വിപ്ലവമെന്നറിയപ്പെടുന്ന ഈ മതവിപ്ലവം യൂറോപ്പില്‍ മാര്‍പാപ്പായ്ക്കുണ്ടായിരുന്ന മതപരമായ മേല്‍ക്കോയ്മയെ വെല്ലുവിളിച്ചു. യൂറോപ്പിലെ രാജാക്കന്മാര്‍ , മതപരമല്ലാത്ത കാരണങ്ങളാല്‍ , ഇരുഭാഗത്തും ഉറച്ചുനിന്നു.
ഈ കാലഘട്ടത്തിലാണ് വാസ്‌കോഡിഗാമ ഇന്‍ഡ്യയിലേക്ക് കപ്പല്‍ മാര്‍ഗ്ഗമുള്ള വഴി കണ്ടുപിടിച്ചത്. ആ കാലഘട്ടത്തിന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു.
(1) മുന്‍സൂചിപ്പിച്ചതുപോലെ അക്കാലമത്രയും ഒന്നായിരുന്ന യൂറോപ്പിലെ ക്രൈസ്തവസഭ, രണ്ടായി പിളര്‍ന്നു കഴിഞ്ഞിരുന്നു. ഈ രണ്ട് വിഭാഗങ്ങളേയും നയിച്ചിരുന്നത്, യൂറോപ്പിലെ രാജാക്കന്മാരാണ്. പോര്‍ട്ടുഗല്‍ , സ്‌പെയിന്‍ എന്നീ യൂറോപ്യന്‍രാജ്യങ്ങള്‍ റോമാസഭയുടെ അചഞ്ചല പിന്‍തുണക്കാരായിരുന്നു. ഇംഗ്ലണ്ട്, ഡച്ച് എന്നീ രാജ്യങ്ങള്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന് ഉറച്ച പിന്‍തുണ നല്‍കി. (2) ഈ കാലഘട്ടത്തിലാണ്, യൂറോപ്യന്‍ രാജ്യങ്ങള്‍ ക
ച്ചവടരംഗത്ത് തീവ്രമത്സരവുമായി പ്രത്യക്ഷപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം കച്ചവടമായിരുന്നു. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്, ഓരോ രാജ്യത്തിന്റെയും പ്രാധാന്യം യൂറോപ്പില്‍ നിശ്ചയിക്കപ്പെട്ടിരുന്നത്.
പൗരസ്ത്യരുമായുള്ള കച്ചവടത്തില്‍ പ്രമുഖസ്ഥാനം നേടുന്നതിനുവേണ്ടി കത്തോലിക്കാരാജ്യങ്ങളും പ്രൊട്ടസ്റ്റന്റു രാജ്യങ്ങളും പരസ്പരം മത്സരിച്ചു. കത്തോലിക്കാരാജ്യങ്ങളായ സ്‌പെയിനും പോര്‍ട്ടുഗലും റോമാമാര്‍പ്പാപ്പായുടെ അനുഗ്രഹാശിസ്സുകള്‍ക്ക് പ്രത്യേകം അര്‍ഹരായി. മാത്രമല്ല പാര്‍പ്പാപ്പാ ഒരു കല്പന വഴി നൂതനലോകത്തെ സ്‌പെയിനിനും പോര്‍ട്ടുഗലിനുമായി പകത്തുകൊടുത്തു - അമേരിക്കയെ സ്‌പെയിനിനും ഇന്ത്യയെയും പൗരസ്ത്യദേശത്തെയും പോര്‍ട്ടുഗലിനും.
കച്ചവടത്തിനും സാമ്രാജ്യസ്ഥാപനത്തിനുമായി, മത്സരിച്ചിറങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മതപരമായ ചില സങ്കുചിത ഉദ്ദേശങ്ങള്‍കൂടി ഉണ്ടായിരുന്നു. തങ്ങളുടെ അധീനതയില്‍ വരുന്ന രാജ്യങ്ങളിലെ ജനങ്ങളെ മതപരമായി അതത് രാജ്യങ്ങളോട് അടുപ്പിച്ചുനിറുത്തുക. സാമ്രാജ്യ സംസ്ഥാപനത്തിനുവേണ്ടിമാത്രമുള്ള മത്സരമായിരുന്നില്ല ഇത്. മതപരമായ ഒരു മത്സരവും അന്ന് യൂറോപ്പില്‍ നിലവിലുണ്ടായിരുന്നു.
16-ാം നൂറ്റാണ്ടുവരെ കേരളത്തിലെ സഭ അതിന്റേതായ വ്യക്തിത്വവും ദേശീയ സ്വഭാവവും അന്യൂനം നിലനിര്‍ത്തിയിരുന്നു. (16-ാംനൂറ്റാണ്ടിനു മുന്‍പുള്ള കേരളസഭയില്‍ സെലുക്യന്‍, ബാബിലോണ്‍ സ്വാധീനം ഉണ്ടായിരുന്നു എന്നത് സത്യമാണ്. എങ്കിലും ആ ബന്ധം ഒരിക്കലും ആധിപത്യമായിരുന്നില്ല.) എന്നാല്‍ പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ ഈ ദേശീയവ്യക്തിത്വം നമുക്കു നഷ്ടപ്പെട്ടു.


റീത്തുകള്‍ എന്ന മാരണം
പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് റീത്തുവഴക്കുകള്‍ ശക്തിപ്പെട്ടത്. ഇന്നും ഈ റീത്ത് വഴക്ക് കേരള കത്തോലിക്കാസഭയില്‍ വളരെ ശക്തമായി കാണാം. ഈ റീത്തുവഴക്കുകളുടെ യഥാര്‍ത്ഥകാരണങ്ങളിലേക്ക് ആരും ചുഴിഞ്ഞിറങ്ങിയിട്ടില്ല എന്നതാണ് സത്യം.
റീത്തുവഴക്കിന്റെ സുറിയാനിപക്ഷം പറയുന്നത്, കേരളസഭയുടെ കാനോനകളും കുര്‍ബ്ബാനയും ആചാരങ്ങളും എല്ലാം സുറിയാനിയിലായിരുന്നെന്നും ഡോ. മെനസ്സിസ്സ് എന്ന് പറങ്കിമെത്രാന്‍ അനധികൃതമായി വിളിച്ചുകൂട്ടിയ ഉദയംപേരൂര്‍ (1599)സുനഹദോസില്‍വെച്ചാണ് ലത്തീനീകരണം നടന്നതെന്നുമാണ്. ഈ സുനഹദോസിനുശേഷം തുടര്‍ച്ചയായി വിദേശമെത്രാന്മാര്‍ കേരളത്തിലെ കത്തോലിക്കാസഭയെ ഭരിച്ചു. ''കേരളത്തിലെ പ്രാചീനമായ സുറിയാനിറീത്ത് ലത്തീനീ കരിക്കുകയെന്നുള്ളതായിരുന്നു അവരുടെ ലക്ഷ്യം. സുറിയാനിക്കാര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുകയും പൗരസ്ത്യസുറിയാനിമെത്രാന്മാരെ ലഭിക്കുവാന്‍ വേണ്ട യത്‌നങ്ങള്‍ തുടരുകയും ചെയ്തു.'' (എം. ഒ.ജോസഫ്, ക്രിസ്തുമതവും ഭാരതവും, പേജ് 40) പ്ലാസിഡ്‌പൊടിപാറയും മറ്റും ഈ വാദക്കാരാണ്. ഭാരതത്തെ മുഴുവന്‍ ഒരു സുറിയാനിഹൈരാര്‍ക്കിയുടെ കീഴില്‍കൊണ്ടുവന്ന്, എല്ലാം സുറിയാനീകരിക്കുമെങ്കില്‍ ഭാരതത്തിലെ കത്തോലിക്കാസഭ രക്ഷപ്പെട്ടുവെന്നാണ് ഇവരില്‍ പലരുടെയും വാദം. ലത്തീന്‍ വിദേശീയമാണ്; ലത്തീന്‍ കുര്‍ബ്ബാനക്രമവും, കാനോനകളും, കേരളത്തിന്റെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നാണ് സുറിയാനിക്കാരുടെ വാദം.
ഈ വാദം ഉന്നയിക്കുന്നവരോട് ന്യായമായും ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. 16-ാം നൂറ്റാണ്ടിനുമുമ്പ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന് പൂര്‍ണ്ണവ്യക്തിത്വത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? ഇന്ന് ലത്തീന്‍കാരെ കുറ്റപ്പെടുത്തുന്ന സുറിയാനിക്കാര്‍ 16-ാംനൂറ്റാണ്ടുവരെ ക്രൈസ്തവമായ ദൗത്യം നിറവേറ്റുകയുണ്ടായോ? നിങ്ങള്‍ എല്ലാ ജാതികളോടും സുവിശേഷം അറിയിക്കാനുള്ള ക്രിസ്തുനാഥന്റെ കല്പനയെ അനുസരിക്കാതെ, കള്ളി-കാളികാവ്, പകലോമറ്റം, ശങ്കുരി, മുതലായ ഇല്ലങ്ങളുടെ ആഢ്യത്വവും പറഞ്ഞ് ക്രിസ്തീയവിശ്വാസമെന്ന താലന്തിനെ കുഴിച്ചിട്ട്, വര്‍ഗ്ഗവിശ്വസ്തത കാണിച്ചിരിക്കുകയായിരുന്നില്ലേ? ഇന്നും, തെക്കുംഭാഗക്കാര്‍ക്ക് സുവിശേഷഘോഷണം ഉണ്ടോ? ലത്തീന്‍കാരുടെ ആഗമനത്തിനുശേഷം മാത്രമല്ലേ, ഇവിടെ പുറജാതികളോട് ക്രിസ്തുവചനം പ്രസംഗിക്കുവാന്‍ തുടങ്ങിയത്. മുക്കുവനും പുലയനും ഒന്നും ക്രിസ്തുവിന്റെ വചനവും രക്ഷയും ആവശ്യമില്ലെന്നു കരുതിയ ആഢ്യന്മാരായിരുന്നില്ലേ, പാരമ്പര്യമഹത്വം അവകാശപ്പെടുന്ന സുറിയാനിക്കാര്‍ ? ഈ നിലയ്ക്ക് മാറ്റം വരുത്തിയത് ലത്തീന്‍കാരായിരുന്നു. അതിന് തീര്‍ച്ചയായും അവര്‍ കൃതജ്ഞത അര്‍ഹിക്കുന്നു. അന്ന് സഭയുടെ ഭരണം എങ്ങിനെയായിരുന്നു എന്ന് നോക്കാം.
''പ്രായം ചെന്ന പുരുഷന്മാരും തദ്ദേശ വൈദികരും ഉള്‍പ്പെട്ട ഇടവകക്കാരുടെ യോഗമാണ്, ഓരോ സ്ഥലത്തേയുംപള്ളികളുടെ ഭരണം നടത്തിയിരുന്നത്. തദ്ദേശ വൈദികരില്‍ (ദേശത്തു പട്ടക്കാരില്‍) പ്രായം ചെന്നയാളാണ് അദ്ധ്യക്ഷനായിരിക്കുക. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ ക്രമീകരിച്ചിരുന്നത്. അകത്തോലിക്കരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടില്‍ ഈ സമ്പ്രദായം ഇന്നും തുടര്‍ന്നുപോകുന്നു. മേല്‍ പറഞ്ഞ ഇടവകയോഗം പള്ളിയുടെ ഭൗതിക സ്വത്തുക്കളുടെയും, ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും, മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസ്സുകള്‍ തീരുമാനിക്കുന്നത് ഈ യോഗമാണ്. മഹറോന്‍വരെയുള്ള ശിക്ഷകളും യോഗം നല്‍കിയിരുന്നു.......പ്രാദേശിക താല്പര്യമുള്ള വിഷയങ്ങളെപ്പറ്റി പലയിടവകകളുടെ പ്രതിനിധികള്‍(പുരുഷന്മാര്‍ ) ഒരുമിച്ചുകൂടി, തീരുമാനങ്ങള്‍ എടുത്തിരുന്നു. അകത്തോലിക്കരായ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ലത്തീന്‍ സ്വാധീനം മൂലം, പതിനെട്ടാം നൂറ്റാണ്ടിനുശേഷം, അഥവാ കുറച്ചുകൂടി കഴിഞ്ഞ്, ഇതുപേക്ഷിക്കേണ്ടിവന്നു''. (കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ -പ്ലാസിഡ് പൊടിപാറ; പേജ് 121-123) he Malabar church thus presented the appearance of a Christian Republic (Malabar X'tiars placid p.3)കേരള സഭയുടെ ഭരണം നടത്തിയിരുന്നത് തെരഞ്ഞെടുക്കപ്പെട്ട (?) അര്‍ക്കാദിയാക്കോനായിരുന്നു.
ലത്തീന്‍ റീത്തിനെ എതിര്‍ത്തുകൊണ്ട്, ഭാരതത്തിലെ ക്രിസ്ത്യാനികളുടെ വ്യക്തിത്വം സ്ഥാപിക്കാന്‍ വേണ്ടി വാദിക്കുന്നവര്‍ ഇന്ന് ലത്തീന്‍ലിറ്റര്‍ജി, കാനോനനമസ്‌കാരം, അനാഫെറുകള്‍ , കൂദാശവചനങ്ങള്‍ മുതലായവയെപ്പറ്റിയാണ് സംസാരിക്കുന്നത്.


റീത്തു വഴക്കിന്റെ ലക്ഷ്യം
സുറിയാനി റീത്തിന്റെ പുനസ്ഥാപനത്തിനുവേണ്ടി വാദിക്കുന്നവര്‍ , ലത്തീന്‍കാര്‍ കൊണ്ടുവന്ന ആചാരാനുഷ്ഠാനങ്ങളെ മാത്രമാണ് എതിര്‍ക്കുന്നത്. എന്നാല്‍ ആദിമസഭയുടെ ഉള്‍ഭരണത്തില്‍ ഇടവകയോഗങ്ങള്‍ക്കും അല്‍മേനികള്‍ക്കും ഉണ്ടായിരുന്ന ഉന്നത സ്ഥാനത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയാണ്. മെത്രാ
ന്മാരും ആര്‍ച്ചുബിഷപ്പന്മാരും കര്‍ദ്ദിനാളന്മാരും എല്ലാം അടങ്ങിയ ഭരണകൂടം യഥാര്‍ത്ഥത്തില്‍ ലത്തീന്‍കാരുടെ സംഭാവനയല്ലേ? ഇടവകയോഗങ്ങളെയും, അല്‍മായരെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് പോര്‍ത്തുഗീസുകാര്‍ കെട്ടിപ്പെടുത്ത റോമന്‍ ഭരണസമ്പ്രദായത്തിലുള്ള സഭാഭരണം പൂര്‍ണ്ണമായി ഉപേക്ഷിക്കുവാന്‍ സുറിയാനി വാദക്കാര്‍ തയ്യാറാണോ? മുതലവായന്‍ തൊപ്പിയും വടിയും മുടിയും ചുവന്ന അരക്കെട്ടും മെത്രാസന അരമനകളും കൊവേന്തയും പ്രയോരും ജനറാളുമെല്ലാം ലത്തീനില്‍ നിന്നു നാം കടമെടുത്തതാണ്. കേരളത്തിലെ ദൈവമക്കളായ ജനങ്ങളുടെമേല്‍ കെട്ടിവയ്ക്കപ്പെട്ട ''ഈ നുകം''മാറ്റാന്‍ ഭാരതവല്‍ക്കരണത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ തയ്യാറാണോ? ലത്തീന്‍കാരും പോര്‍ട്ടുഗീസുകാരും കൊണ്ടുവന്ന അധികാരപ്രവണതയും സ്ഥാനങ്ങളും, ഭരണരീതിയും വേണം! അതുവെച്ച് ഒന്നു ''ഭാരതവല്‍ക്കരിച്ചു''കളയാമെന്നാണ് ചിലരുടെ വാദം.
ഇതിന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ഇപ്പോള്‍ കേരളത്തില്‍ 22 മെത്രാന്മാരുണ്ട്. ഭാരതത്തില്‍ അഞ്ഞൂറും അറുനൂറും ക്രിസ്ത്യാനികളുള്ള സ്ഥലത്ത് കൂടുതല്‍ രൂപതകള്‍ സ്ഥാപിച്ച് മെത്രാസനഅരമനകള്‍ നിര്‍മ്മിച്ച് റോമില്‍ നിന്ന് പണം വരുത്തി അധികാരം ഭരിക്കണം. എന്ന്, എക്‌സാര്‍ക്കുകള്‍ക്കുവേണ്ടി പരക്കം പായുകയാണ് രൂപതക്കാരും സന്യാസസഭകളും. വടക്കേഇന്ത്യയില്‍ പുതിയപുതിയ രൂപതകള്‍ സ്ഥാപിച്ച് ''അജ്ഞാനികളെ മാനസാന്തരപ്പെടുത്തു''ന്നതില്‍ എന്തു ശുഷ്‌കാന്തിയാണ് !! ഇതുകണ്ടാല്‍ ഈ ഭക്തിതീഷ്ണതക്കാരുടെ സുവിശേഷപ്രസംഗങ്ങള്‍കൊണ്ട് കേരളത്തില്‍ ഇനി ആരും മാനസാന്തരപ്പെടാന്‍ ഇല്ലെന്നു തോന്നും!! പണ്ട് പറങ്കിമെത്രാന്മാര്‍ സ്ഥാനമാനങ്ങള്‍ക്കായി, മതപ്രചരണ വ്യാജേന ഇന്ത്യയില്‍ വന്ന്, അവരുടെ ആധിപത്യം സ്ഥാപിച്ചതുപോലെ, സുറിയാനിക്കാര്‍, പൗരസ്ത്യറീത്തിന്റെ സംഘത്തെ പ്രീണിപ്പിച്ച്, വടക്കേ ഇന്ത്യയില്‍ , തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗം മാത്രമാണ് ഭാരതവത്ക്കരണം എന്ന മുദ്രാവാക്യം.
യഥാര്‍ത്ഥമായ ഭാരതവത്ക്കരണം വിദേശീയരായ പോര്‍ത്തുഗീസുകാര്‍ ഭാരതീയ ക്രിസ്ത്യാനികളുടെ മേല്‍ കെട്ടി വെച്ച റോമന്‍ ഭരണരീതി തുടച്ചു നീക്കണം. ഇടവകയുടെ സ്വത്ത് ഇടവകക്കാരുടേതായിരുന്നു; പള്ളിയോഗങ്ങള്‍ ഇന്ന് ബിഷപ്പിന് എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാവുന്ന സംഘടനകളാണ്. പള്ളി സ്വത്തിന്റെ ഉടമകളെ അതിന്റെ സൂക്ഷിപ്പുകാരായി മാറ്റി. മെത്രാന്മാര്‍ക്കും അച്ചന്മാര്‍ക്കും പള്ളിയുടെ സ്വത്തിന്മേല്‍ യാതൊരു അവകാശാധികാരങ്ങളും ഉണ്ടായിരുന്നില്ല. അവര്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ മാത്രം വ്യാപൃതരായിരുന്നു.
ലത്തീനീകരണംകൊണ്ട് ഇടവകയോഗങ്ങള്‍ക്ക് നഷ്ടപ്പെട്ടതും, പറങ്കിമെത്രാന്മാര്‍ ഏറ്റെടുത്തതുമായ പള്ളികളുടെ ഭൗതിക സ്വത്തുക്കളുടെമെലുള്ള അധികാരം, അതിന്റെ യഥാര്‍ത്ഥ ഉടമകളായ പള്ളിയോഗത്തിന് വിട്ടുകൊടുക്കണം. ലത്തീന്‍ നിയമമനുസരിച്ച് ,സ്ഥാപിക്കപ്പെട്ടതും, മദ്ധ്യകാലയൂറോപ്പിലെ സന്യാസ സഭകളെ അനുസ്മരിപ്പിക്കുന്നതുമായ സന്യാസ സഭകളെ, ഭാരതത്തിന്റെ പൗരാണിക സന്യാസവൃതത്തിനനുയോജ്യമായി പരിവര്‍ത്തനം ചെയ്യിക്കണം. അവയെ അല്‍മേനികളുള്‍പ്പെട്ട ഒരു സമിതി നിയന്ത്രിക്കണം. അധികാരം എന്ന പദം ഇന്ത്യയുടെ സാംസ്‌കാരിക മൂല്യങ്ങളുടെ കണ്ണിലൂടെ കാണാന്‍ തയ്യാറാകണം; റോമന്‍ രാഷ്ട്രമീമാംസയുടെ നിര്‍വച്ചനത്തിലൂടെയല്ല അതിനെ കാണേണ്ടത്. ഭാരതത്തിന്‍രെ അതിസമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്തെന്നുപോലും പഠിക്കാന്‍ തയ്യാറാകാതെ, ആ സാംസ്‌കാരിക പൈതൃകത്തിന്റെ മുല്യങ്ങളെ സ്വാംശീകരിക്കാതെ, അധികാരാര്‍ജ്ജനത്തിനുവേണ്ടി മാത്രം മുഴക്കുന്ന ഈ ''ഭാരതവല്‍ക്കരണമുദ്രാവാക്യം'' അര്‍ത്ഥശൂന്യവും, അപഹാസ്യവുമാണ്.

സുറിയാനി വിദേശീയമല്ലേ?
''ഭാരതവല്‍ക്കരണത്തെ''ക്കുറിച്ച് പറയുമ്പോഴും, ദേശീയതയെക്കുറിച്ചു വാദിക്കുമ്പോഴും അന്തിമമായി ചെന്നെത്തുന്നത് സുറിയാനി പ്രമാണിത്വത്തിലാണ്. സുറിയാനിഭാഷയും വിദേശീയമാണ്. സുറിയാനി റീത്തും വിദേശീയമാണ്. പോര്‍ത്തുഗീസുകാരു വരുന്നതിന് കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് സുറിയാനി ഭരണം കേരളത്തില്‍ വന്നു. അതുകൊണ്ട് സുറിയാനിയാണ്. ഭാരതത്തിന്റെ ദേശീയപാരമ്പര്യമെന്നു പറയുന്നത് അര്‍ത്ഥശൂന്യവും, ചരിത്രത്തിനു നിരക്കാത്തതുമാണ്. മാര്‍ത്തോമ്മാശ്ലീഹാ, ഇവിടെ വന്ന്,ക്രിസ്തുവിന്റെ രക്ഷകരകര്‍മ്മത്തിന് സാക്ഷിനില്‍ക്കുകയും, ജനങ്ങളെ ആ വിശ്വാസത്തിലേക്ക് മാനസാന്തരപ്പെട്ടവരെ സുറിയാനി പഠിപ്പിക്കുകയല്ലായിരുന്നു ചെയ്തത്. കാനായി തൊമ്മന്‍ എന്ന വാണിഗ്വരന്‍ കേരളത്തില്‍ മാര്‍ ജോസഫ് എന്ന പട്ടക്കാരനുമായി എത്തിയശേഷമാണ്, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സുറിയാനിയുമായി ബന്ധപ്പെടുന്നത്. ക്രിസ്തുവിന്റെ പഠനങ്ങള്‍ , കാല, ദേശ, ഭാഷകള്‍ക്ക് അതീതമാണ്. അതിന്, പ്രത്യേക ലിറ്റര്‍ജിയും, ആരാധനാരൂപവും ആവശ്യമില്ല. മലയാളത്തിലും, തമിഴിലും പ്രാര്‍ത്ഥിച്ചാലും, ദൈവത്തിനു മനസ്സിലാകും. പിന്നെ എന്തിന് ദൈവത്തിന്റെ ഭവനത്തില്‍ ഈ റീത്തു വഴക്ക്?


അധികാരം
മുമ്പ് സൂചിപ്പിച്ചതുപോലെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ് 
റീത്തു വഴക്ക്, വിശ്വാസികളില്‍ , ഈ വിഭാഗീയചിന്ത വളര്‍ത്തിയെടുത്ത് കൂടുതല്‍ അധികാരങ്ങള്‍ സമാര്‍ജ്ജിക്കുന്നതിന്, അധികാര കാംക്ഷികളുടെ ഗൂഢഅടവ് മാത്രമാണ് ഇത്. കടലില്‍ അദ്ധ്വാനിക്കുന്ന ലത്തീന്‍കാരനും മലയോരങ്ങളില്‍ മണ്ണിനോടു പടപൊരുതുന്ന സുറിയാനിക്കാരനും, ആശ്വാസമരുളുന്നത്'' ലത്തീനും സുറിയാനിയുമല്ല. ''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കല്‍ വരട്ടെ, അവരെ ഞാന്‍ ആശ്വസിപ്പിക്കും' എന്ന് അരുളിചെയ്തത് അദ്ധ്വഗന്റെഅത്താണിയായ് മിശിഹായാണ്. ആ മിശിഹായുടെ പേരില്‍, ഈ പാവപ്പെട്ടവരുടെ മറവില്‍, അധികാരത്തിനുവേണ്ടിയുള്ള മത്സരം മാത്രമാണ്. ഈ റീത്തു വഴക്ക്. അത് അധികാരമോഹികളുടേതാണ്. ''ലോറന്‍സിനും'', ''ഔസേപ്പിനു'' ഈ വഴക്കില്‍ ഒരു താല്പര്യവും ഉണ്ടാകേണ്ട കാര്യമില്ല.

''കപടഭക്തരായനിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ നിങ്ങള്‍ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റേയും പുറംശുദ്ധമാക്കുന്ന; അകമേ കവര്‍ച്ചയും ദുഷ്ടതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. കരുടരായ പ്രീശരേ, പാനപാത്രത്തിന്റെയും, ഭക്ഷണപാത്രത്തിന്റേയും പുറംകൂടി ശുദ്ധമാക്കുവാന്‍ വേണ്ടി ആദ്യമേ തന്നെ അവയുടെ അകം ശുദ്ധമാക്കുവിന്‍ . കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ,നിങ്ങള്‍ക്ക് ഹാ കഷ്ടം! എന്തെന്നാല്‍ നിങ്ങള്‍ വെള്ളതേച്ച് പുറമേ ഭംഗിയുള്ളവരായി കാണപ്പെടുമെങ്കിലും അകമേ, മരിച്ചവരുടെ അസ്ഥികളും സകലവിധമ്ലേച്ചതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു ശവക്കല്ലറകളോട് തുല്യരാകുന്നു. ഇപ്രകാരം തന്നെ നിങ്ങളും പുറമേ നീതിമാന്മാരായി കാണപ്പെടുന്നു. അകമേ ദുഷ്ഠതയും, കപടഭക്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
 

2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

അരുത്!

ജോസഫ് പുലിക്കുന്നേല്‍
1975 ഡിസംബര് ലക്കം ഓശാനയില്‍നിന്ന് 

(38 വര്‍ഷങ്ങള്‍ക്കുമുമ്പ് പാലാ രൂപതയുടെ വന്ദ്യമെത്രാനച്ചന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അവര്‍കള്‍ക്ക് ഓശാനയുടെ പത്രാധിപര്‍ അയച്ചു കൊടുത്ത ഈ കത്ത് ഇന്നും പ്രസക്തമല്ലേ?)

പാലാ രൂപതയില്‍പ്പെട്ട പൂവത്തോടു പള്ളിയില്‍, ഒരു കപ്പേള പണിയുന്നതിനായി 12000 രപാ സംഭാവനയായി ഒരു മാന്യന്‍ കൊടുക്കുകയുണ്ടായി. വളരെയൊന്നും സമ്പന്നമല്ലാത്ത ആ ഇടവകയില്‍ രണ്ടു കൊല്ലം മുമ്പു മാത്രമാണ്, ഏകദേശം 20000 രൂപയോളം പിരിച്ചും, പള്ളിവക ഏകദേശം 85 സെന്റ് സ്ഥലം വിറ്റും, പള്ളിയുടെ മുഖവാരം മാറ്റിപ്പണുതത്. ഇക്കൊല്ലം പളളിവക 50 സെന്റ് സ്ഥലത്തോളം ഒരു മഠത്തിന് സംഭാവന കൊടുക്കുകയും, ആ മഠത്തില്‍ താമസിക്കുന്ന രണ്ടു കന്യാസ്ത്രീകള്‍ക്ക് പള്ളിവക സ്‌കൂളില്‍ ജോലി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുനാലു കൊല്ലത്തെ കണക്കു പരിശോധിച്ചാല്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിന് പതിനായരക്കണക്കിനു രൂപാ, ഈ ഒട്ടും സമ്പന്നമല്ലാത്ത ഇടവക ചെലവാക്കിയിട്ടുണ്ട്. പള്ളിയുടെ മുഖവാരം പുതുക്കിപ്പണുതെന്ന് മുന്‍ സൂചിപ്പിച്ചല്ലോ? പള്ളിയോടു ബന്ധപ്പെട്ട് ഒരു കപ്പേള ഇപ്പോഴും കാണാം. സാധാരണ പെസഹാക്കാലങങളില്‍ 'കുര്‍ബാന' പ്രധാന അള്‍ത്താരയില്‍ നിന്നും, എടുത്തുവയ്ക്കുന്നതിനുള്ള ഒരു കപ്പേള; അത് ഈ ഇടവകക്കാരനായ ഒരു മാന്യപുരോഹിതന്‍ സ്വന്തം ചെലവില്‍ പണിയിച്ചതാണുപോലും! ഇത് പൊളിക്കണമെന്നും, പൊളിക്കരുതെന്നും, വാദിച്ച് ഇടവകയില്‍ ജനങ്ങള്‍ രണ്ടു വിഭാഗമായിത്തിരിഞ്ഞി, പള്ളിമുറ്റത്ത് ചീത്തയും വഴക്കും ഉണ്ടാക്കുകയുണ്ടായി. എന്തിന് ഈ കപ്പേളയുടെ ഭിത്തിയില്‍ രാത്രിയില്‍ അശ്ലീലചിത്രങ്ങള്‍ വരച്ചുവയ്ക്കുകയും, അശ്ലീലം എഴുതിവയ്ക്കുകയും ചെയ്തു. ഇന്നും ആ വിദ്വേഷവിഷം കെട്ടടങ്ങിയിട്ടില്ല. അപ്പോഴാണ് മറ്റൊരു കപ്പേള!!!

കഴിഞ്ഞ അഞ്ചാം തീയതി വന്ദ്യ മെത്രാനച്ചന്‍, കപ്പേളയ്ക്ക് കല്ലിടുക തന്നെ ചെയ്തു!! കരിങ്കുരിശില്‍ ഇതാ റോഡുവക്കത്ത് ഒരു കപ്പേളകൂടി!!!

ഈ ഇടവകയില്‍ വീടില്ലാത്തവര്‍, സുഖക്കേടു ചികിത്സിക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍, കയ്യും കാലും ഒടിഞ്ഞു ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍, ഇങ്ങനെ എത്രയോ ജനങ്ങളുണ്ട്. അവരുടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പള്ളി എന്തു ചെയ്തു എന്ന് ആത്മപരിശോധന നടത്തുന്നത് ഒരു ആവശ്യമാണ്!!
ഇതില്‍ ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. മനുഷ്യപുത്രന്‍ ജനങ്ങളില്‍ പിതാവിന്റെ മഹത്വത്തെ ദര്‍ശിച്ചു. നാമാകട്ടെ ''ബാബേല്‍ കൊട്ടാരങ്ങള്‍ പണിത് ദൈവത്തെ കാണുന്നു. നാം മനുഷ്യനെ മറന്നുകൊണ്ട് ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം വളര്‍ത്തിയെടുത്തു. ഈ തണുത്ത, നിര്‍ജ്ജീവമായ, ചൈതന്യമറ്റ ക്രിസ്തുവിരുദ്ധമായ പാരമ്പര്യത്തിന്റെ തടവുമാരാണ്, മെത്രാനച്ചനും, അച്ചനും, നാമും. ഈ പാരമ്പര്യത്തിന്റെ തടവറ മുറിച്ച് ഇവരെ മോചിപ്പിച്ച്, ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളുടെ, ശുദ്ധശ്വാസം ശ്വസിപ്പിക്കാന്‍, നാം ഉണര്‍ന്നു പരിശ്രമിച്ചേ മതിയാകൂ'' ഉപ്പിന് ഉറകെട്ടുപോയിരിക്കുന്നു!)

പൂവത്തോടു പള്ളിവക സ്ഥലത്ത് വേരുങ്കള്‍ മാത്തൂച്ചന്‍ ജ്യേഷ്ഠന്റെ സംഭാവനയായി ഏകദേശം 12000 രൂപ മുടക്കി പണിയാന്‍ പോകുന്ന കപ്പേളയുടെ കല്ലിടീല്‍ കര്‍മ്മത്തിന് അങ്ങ്, പങ്കെടുക്കുന്നതായി അറിയുന്നു. അനാരോഗ്യവാനെങ്കിലും, ഈ ചടങ്ങ് അങ്ങ്, പങ്കെടുക്കാമെന്ന് സമ്മതിച്ചത് അങ്ങയുടെ കര്‍മ്മവ്യഗ്രതയെ സൂചിപ്പിക്കുന്നു.

വയോവൃദ്ധനായ മാത്തൂച്ചന്‍, ദൈവം അദ്ദേഹത്തിനു നല്‍കിയ നന്മകള്‍ക്ക് പ്രതിനന്ദിയെന്നോണമാണ്, ഈ കപ്പേള പണിയിക്കുന്നതെന്നാണ് അറിഞ്ഞത്. അതീവശ്ലാഘനീയമായ ഒരു മാനസ്സികാവസ്ഥയാണിതെന്നതില്‍ സംശയമില്ല. തനിക്ക് ഉപയോഗിക്കാമായിരുന്ന പണം, വേറൊരു നല്ല കാര്യത്തിന്, അതും ഈശ്വരപ്രീതിജനകമാണെന്ന് താന്‍ വിശ്വസിക്കുന്ന രീതിയില്‍ വിനിയോഗിക്കാന്‍ തയ്യാറാകുന്നത് നല്ല മനസ്സിന്റെ ലക്ഷണമായേ കണക്കാക്കാന്‍ കഴിയൂ. ആ സന്മസ്സിനും, ഔദാര്യത്തിനും, അര്‍ഹമായ സ്ഥാനം കൊടുത്തുകൊണ്ട്, താഴെപ്പറയുന്ന കാര്യങ്ങള്‍ അങ്ങയുടെ മുമ്പില്‍വെച്ചു കൊള്ളട്ടെ.
മനുഷ്യപാപപരിഹാരാര്‍ത്ഥം സ്വയം ബലിയായി അര്‍പ്പിച്ച മിശിഹായോട്, ആ അനുഗ്രഹങ്ങളുടെ ഫലഭുക്കുകളായ മനുഷ്യര്‍ എങ്ങിനെയാണ് പ്രതിനന്ദി കാണിക്കേണ്ടത് എന്ന മൗലികമായ പ്രശ്‌നത്തിലേയ്ക്ക് കടന്ന് ചിന്തിക്കുന്നതിന് അങ്ങ് തയ്യാറാകണമെന്നാണ് എന്റെ എളിയ അപേക്ഷ.

ക്രൈസ്തവ ഉപവിയുടെ പ്രചോദന നിദാനം ദൈവത്തിന് സൃഷ്ടികളോടുള്ള സ്‌നേഹത്തെക്കുറിച്ച്, സൃഷ്ടിയായ മനുഷ്യനുള്ള അവബോധമാണ്. പൂര്‍ണ്ണനായ ദൈവത്തിന്, മനുഷ്യന് ഒന്നുംതന്നെ കൊടുക്കാനാവില്ല. ദൈവത്തിന്റെ അതീവകാരുണ്യത്തില്‍, അനുഗ്രഹമായി മനുഷ്യനു കൊടുത്ത സ്വര്‍ഗ്ഗസൗഭാഗ്യത്തിന്റെ പ്രതിനന്ദി പിന്നെ എങ്ങിനെയാണ് മനുഷ്യന്‍ പ്രദര്‍ശിപ്പിക്കുക. (ഭൗതികമായ ഒന്നുംതന്നെ ദൈവത്തിന് ആവശ്യമില്ല; അങ്ങിനെ ആവശ്യമുള്ളവനാണ് ദൈവമെങ്കില്‍, ദൈവം പൂര്‍ണ്ണനല്ലല്ലോ?)

ദൈവത്തോട് പ്രതിനന്ദി കാണിക്കുക എന്ന സ്വാഭാവിക വികാരം എങ്ങിനെയാണ് മനുഷ്യന്‍ പൂര്‍ത്തീകരിക്കേണ്ടത്?
ഇക്കാര്യത്തില്‍ അക്രൈസ്തവവും കുറെയെല്ലാം പ്രാകൃതവുമായ ദൈവവീക്ഷണത്തില്‍ നിന്ന ജനിച്ചതായ ചില തെറ്റായ ധാരണകള്‍ നിലവിലുണ്ട്.
ഇങ്ങനെ തന്നെ, മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പിന്‍ പ്രകാശിക്കട്ടെ. (മത്താ. 5-16)

ഈ നല്ല പ്രവൃത്തികള്‍ എന്താണ്? തീര്‍ച്ചയായും ദൈവത്തിനു ചെയ്യുന്ന ഈ നല്ല പ്രവൃത്തികള്‍, ''ചെറിയവരായ എന്റെ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകുന്നു ചെയ്തത് എന്ന് സത്യമായി നിങ്ങളോടു പറയുന്നു.'' ( മത്താ:25-40)
''അപ്പോള്‍ ഈ ചെറിയവന് ചെയ്തപ്പോഴൊക്കെയാണ് ദൈവത്തിനു ചെയ്തത്.''
അപ്പോള്‍, മനുഷ്യന് ദൈവത്തോടുള്ള സ്‌നേഹം-പ്രതിനന്ദി-സൃഷ്ടിയായ മനുഷ്യനിലൂടെ മാത്രമേ ദൈവത്തിലെത്തൂ.
നിര്‍ഭാഗ്യവശാല്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ മൂലാധാരമായ ഈ ചിന്താഗതികള്‍ കാലാന്തരത്തില്‍ അവഗണിക്കപ്പെട്ടു. അതിനാല്‍ ദൈവപ്രീതിജനകങ്ങളായ പ്രവൃത്തികളില്‍ ഏറ്റവും പിന്‍തള്ളപ്പെട്ടിരിക്കുന്നവരാണ് ''ഈ ചെറിയവര്‍.''
ഈ ചിന്തയുടെ വെളിച്ചത്തില്‍ പൂവത്തോടുപള്ളിയില്‍ 12000 രൂപ മുടക്കിപ്പണിയുന്ന കപ്പേള, ദൈവപ്രീതിജനകമാണോ എന്ന് ഒന്നു ചിന്തിക്കാന്‍ ഞാന്‍ വിനീതമായി അങ്ങയോട് അപേക്ഷിക്കുകയാണ്.

രണ്ടുകൊല്ലം മുമ്പാണ് ഏകദേശം 20000 രൂപാ മുടക്കി കിഴക്കോട്ടു തിരിഞ്ഞിരുന്ന പള്ളി പടിഞ്ഞാറോട്ടു തിരിച്ചുവച്ചത്. ഇതിനെത്തുടര്‍ന്ന് തുരുത്തിയില്‍ അച്ചന്‍ പണിയിപ്പിച്ച കപ്പേള പൊളിക്കണമെന്നും, പൊളിക്കരുതെനനും വാദിച്ചുനടന്ന വിദ്വേഷത്തന്റെ കുതിരകളെ കെട്ടിയ പരസ്പര തേരോട്ടത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ഇവിടെ തീര്‍ന്നിട്ടില്ല.
ഇതാ 12000 രൂപാ മുടക്കി വീണ്ടും ഒരു കപ്പേളകൂടി പണിയിക്കുന്നു. ഈ ഇടവകയില്‍, മനുഷ്യനില്ലേ; പട്ടിണികിടക്കുന്ന നിര്‍ഭാഗ്യവാന്മാര്‍, വീടില്ലാത്തവര്‍, രോഗികള്‍, അവസാനവിധിദിനത്തില്‍ പേരെടുത്തുപറയുന്ന ''ഈ ചെറിയവരെ'' മറന്നിട്ട് വീണ്ടും കപ്പേള പണിയാനുള്ള നീക്കങ്ങളെ തടയാന്‍ ധര്‍മ്മപാലകനായ അങ്ങേയ്ക്കു കടപ്പാടില്ലേ?
'തിരുക്കുടുംബത്തിന്'' വേണ്ടിയാണ് ഈ കപ്പേളപോലും! പ്രപഞ്ചസൃഷ്ടികര്‍ത്താവായ ദൈവസുതന്‍, തന്റെ തിരുക്കുടുംബവസതി, മനുഷ്യവാസയോഗ്യമല്ലാത്ത, പശുത്തൊഴുത്തായി തെരഞ്ഞെടുത്തതെന്തിനാണ്?
ഇതാ, അനേകം ''തിരുക്കുടുംബങ്ങള്‍'' വഴിയരുകില്‍ മഴ നനഞ്ഞുകിടക്കുമ്പോള്‍, 12000 രൂപായ്ക്ക് കോണ്‍ക്രീറ്റ് മണ്ഡപം ഉണ്ടാക്കി പ്ലാസ്റ്റര്‍ നിര്‍മ്മിതമായ തിരുക്കുടംബത്തെ പ്രതിഷ്ഠിക്കുന്നു.

ഇക്കാര്യത്തിനു പണം മുടക്കാമെന്നേറ്റ, ബഹുമാന്യവ്യക്തിയുടെ ഔദാര്യത്തെ ഞാന്‍ ചെറുതായി കാണുന്നില്ല. എന്നാല്‍, മനുഷ്യനില്‍ ഊറിക്കൂടുന്ന ഔദാര്യഭാവത്തേയും, ഉപവിയേയും ശരിയായി-ക്രൈസ്തവമായ മാര്‍ഗ്ഗത്തിലൂടെ-തിരിച്ചുവിടാന്‍ കടമപ്പെട്ടവനായ അങ്ങ്, ഈ ഔദാര്യത്തെ, നിര്‍ദ്ദേശം കൊണ്ടും, ശാസനകൊണ്ടും, ചെറിയവരിലേയ്ക്ക് തിരിച്ചുവിടണമെന്നാണ് എന്റെ എളിയ അപേക്ഷ.

സൃഷ്ടാവായ ദൈവത്തോട്, സൃഷ്ടിയായ മനുഷ്യനുള്ള പ്രതിനന്ദി, ഔദാര്യമായി പ്രവഹിക്കുമ്പോള്‍, അതിനെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ട്, സമസൃഷ്ടങ്ങളില്‍ ദൈവമഹത്വത്തിന്റെ പൂര്‍ത്തീകരണം ആചരിക്കാന്‍ കടമപ്പെട്ടവനാണ് അങ്ങ്.

തൃശ്ശൂര്‍ മെത്രാന്‍ ഡോ. കുണ്ടുകുളം 06.04.75-ല്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. 'പ. കന്യാമറിയാമിന്റെ കണ്ണീരൊഴുകുന്ന തിരുസ്വരൂപമുണ്ടവിടെ. അതിനോടു തൊട്ട് ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപാ ചെലവ് ചെയ്ത് ഒരടിപ്പള്ളി തീര്‍ക്കുന്നത് ഞാന്‍ കണ്ടു. ആ പള്ളി കണ്ടപ്പോള്‍ ഞാന്‍ തമാശ പറഞ്ഞു. 'പണം വാരിയെറിഞ്ഞു പണുത ഈ പള്ളി കണ്ടിട്ട് മാതാവ് ഇനിയും കരയുമോ?'

അനേകം കുടുംബങ്ങള്‍ക്ക് കുത്തിമറയ്ക്കാന്‍ ഓലപോലുമില്ലാതെ വിഷമിക്കുമ്പോള്‍, 'തിരുക്കുടുംബം' 12000-ത്തിന്റെ കപ്പേളയില്‍ ഇരിക്കുമോ എന്തോ?
ദൈവപ്രീണനത്തിനുള്ള യഥാര്‍ത്ഥമാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ട അങ്ങ്, ക്രൈസ്തവ ഉപവിയുടെ പ്രവാഹത്തിന് തെറ്റായ മൂല്യദാനം ചെയ്യാന്‍ വേണ്ടി ഇത്തരം സംരംഭങ്ങളെ ആശിര്‍വദിക്കുന്നത്, തെറ്റും ഉതപ്പുണ്ടാക്കുന്നതുമാണ്:
''നിങ്ങളുടെ ഈ സ്വാതന്ത്ര്യം ഒരുപക്ഷേ ബലഹീനര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. (1 കോറി-9) എന്ന പൗലോസിന്റെ ശാസന അങ്ങയെ ഓര്‍മ്മിപ്പിക്കുന്നു.
2013, മാർച്ച് 14, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-iiiജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം iii

അപ്രമാദിത്വത്തെ എതിര്‍ത്തവരെ മാര്‍പ്പാപ്പാ കഠിനമായി അധിക്ഷേപിച്ചു. അവരെ തന്റെ കാല്‍ മുത്തുന്നതിന് നിര്‍ബന്ധിച്ചു. അപ്രമാദിത്വത്തെ എതിര്‍ത്ത ഹെന്റി മാരെറ്റ് (Henry Maret) എന്ന മെത്രാനെ കാണുന്നതിനു പോലും മാര്‍പ്പാപ്പാ വിസമ്മതിച്ചു. അദ്ദേഹത്തെ ഒരു അണലിപ്പാമ്പായാണ് മാര്‍പ്പാപ്പാ വിവരിച്ചത്. (മുന്‍ഗ്രന്ഥം, പേജ് 83). അപ്രമാദിത്വത്തെ എതിര്‍ത്തു സംസാരിച്ച കല്‍ദായ പാത്രിയര്‍ക്കീസ് ജോസഫ് ഔദോയെ വത്തിക്കാനിലേക്കു വിളിച്ചു. 78 വയസ്സുള്ള പാത്രിയര്‍ക്കീസ് മുറിയില്‍ പ്രവേശിച്ചപ്പോള്‍ വാതിലടച്ച് ശക്തമായി ശാസിച്ചു. അപ്രമാദിത്വ രേഖയില്‍ ഒപ്പു വയ്ക്കുന്നിെല്ലങ്കില്‍ മുറിവിട്ടു പോകാന്‍ അനുവദിക്കുകയില്ലന്ന് ഭീഷണിപ്പെടുത്തി. പിന്നീടദ്ദേഹത്തെ പാത്രിയാര്‍ക്കാ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ഗ്രീക്ക് മെല്‍ക്കേറ്റ് പാത്രിയര്‍ക്കീസായ ഗ്രെഹര്‍ യൂസഫ് കൗണ്‍സിലില്‍ അപ്രമാദിത്വത്തെ എതിര്‍ക്കുകയുണ്ടായി. കുപിതനായ മാര്‍പ്പാപ്പാ അദ്ദേഹത്തെ വത്തിക്കാനിലേക്കു ക്ഷണിച്ചു. പാരമ്പര്യമര്യാദയനുസരിച്ച് പാത്രിയര്‍ക്കീസ്, മാര്‍പ്പാപ്പായുടെ കാലു ചുംബിച്ചപ്പോള്‍ കാലെടുത്ത് പാത്രിയര്‍ക്കീസിന്റെ തലയില്‍ വച്ച് ചവിട്ടി (മുന്‍ഗ്രന്ഥം, പേജ് 86).

ഇങ്ങനെയെല്ലാമാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന് കൗണ്‍സിലിനെക്കൊണ്ട് അംഗീകാരം വാങ്ങിച്ചത് എന്നാണ് ഫാ. ഹേസ്‌ലര്‍ 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ പറയു ന്നത്. ആധുനിക കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ എന്തുതന്നെ പറഞ്ഞാലും എന്തു വ്യാഖ്യാനങ്ങള്‍ നല്‍കിയാലും മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഇന്ന് കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു. 

അപ്രമാദിത്വം എപ്പോള്‍? 
ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീര്‍പ്പനുസരിച്ച് വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ചുള്ള (Ex Catheedra) മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങളെ അപ്രമാദിത്വമുള്ളതാകൂ എന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം പ്രഖ്യാപനങ്ങളാണ് ഔദ്യോഗികം എന്നും, ഏതെല്ലാം സാഹചര്യങ്ങളാണ് ഒരു പ്രഖ്യാപനത്തെ അപ്രമാദിത്വമുള്ളതാക്കിത്തീര്‍ക്കുന്നത് എന്നും നിര്‍വചിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാര്‍പ്പാപ്പായുടെ ഏതെങ്കിലും ഒരു പ്രഖ്യാപനം ഔദ്യോഗികം ആണോ എന്നു കണ്ടുപിടിക്കാന്‍ സാധാരണ വിശ്വാസിക്ക് കഴിയുകയില്ല. മാര്‍പ്പാപ്പാ ഇടയ്ക്കിടയ്ക്ക് പ്രസിദ്ധീകരിക്കുന്ന ചാക്രിക ലേഖനങ്ങള്‍, മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന്റെ പരിധിയില്‍ വരുകയില്ല എന്ന് പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്മാര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടുംബാസൂത്രണം സംബന്ധിച്ച് 6-ാം പോള്‍ മാര്‍പ്പാപ്പായുടെ ഹ്യുമാനെ വിറ്റേ (Humane Vitae) എന്ന ചാക്രിക ലേഖനം സഭയില്‍ ശക്തമായ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തുകയുണ്ടായി. ഇതിന്നെതിരെ അതിപ്രശസ്ത്രരായ ദൈവശാസ്ത്രജ്ഞന്മാര്‍ ആഗോള തലത്തില്‍ത്തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന് അപ്രമാദിത്വം ആരോപിച്ചവരോട് കേരളത്തിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ശ്രീ പി.റ്റി. ചാക്കോ ഇങ്ങനെ പ്രതികരിച്ചു: ''The technique of resorting to the Holy Ghost to justify all the exercises of papal authority can no more be convincing or effective. It is difficult to bleieve that the Holy Ghost is there at one's beck and call whenever one wants to justify the arbitrary exercise of one's authority. The Holy Ghost is not the monopoly of the Pope. It is claimed that the doctrine contained in 'Humanae Vitae' is authentic, though not infallible. But so many of the authentic doctrines of the Church in past ages have had to be reformulated or changed in the context of changed conditions and circumstances'' (Church in Kerala Seminar Digest 1969, page 221). അപ്പോള്‍, ചാക്രിക ലേഖനങ്ങള്‍ക്ക് അപ്രമാദിത്വം ഇല്ല എന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ പിന്നെ ഏതു സാഹചര്യത്തിലാണ് മാര്‍പ്പാപ്പായുടെ പ്രഖ്യപനങ്ങള്‍ അപ്രമാദിത്വ പരിവേഷിതമാകുന്നത് എന്ന് സഭ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു. അപ്രമാദിത്വത്തിന്നെതിരെയുള്ള വാദം
അപ്രമാദിത്വ വരം മാര്‍പ്പാപ്പാ എന്ന വ്യക്തിയില്‍ നിക്ഷിപ്തമാണ് എന്ന് വാദിക്കുമ്പോള്‍ വളരെയധികം തടസ്സങ്ങള്‍ ഇതിന്നെതിരെ ഉയര്‍ത്തപ്പെടുന്നുണ്ട്. 1415-ല്‍ കൂടിയ കോണ്‍സ്റ്റന്‍സ് സൂനഹദോസ് അന്ന് അധികാരത്തിനു വേണ്ടി മല്ലടിച്ചു നിന്ന മൂന്നു മാര്‍പ്പാപ്പാമാരെ ഒറ്റയടിക്കു സ്ഥാനഭൃഷ്ടരാക്കി മാര്‍ട്ടിന്‍ 5-ാമനെ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തു നിയമിക്കുകയുണ്ടായി. മാത്രമല്ല, ഈ കൗണ്‍സില്‍ 5 വര്‍ഷത്തില്‍ ഒരിക്കല്‍ പൊതു സൂനഹദോസ് കൂടണമെന്ന് തീരുമാനിക്കുകയും ചെയ്തു. കോണ്‍സ്റ്റന്‍സ് കൗണ്‍സില്‍ സ്ഥാനഭ്രഷ്ടരാക്കിയ മാര്‍പ്പാപ്പാമാരില്‍ ആര്‍ക്കായിരുന്നു അപ്രമാദിത്വവരം ഉണ്ടായിരുന്നത് എന്ന ചോദ്യം ന്യായമായും ഉദിക്കാം. 

625 മുതല്‍ 38 വരെ മാര്‍പ്പാപ്പായായിരുന്ന ഹൊണോറിയസിനെ പാഷണ്ഡത ആരോപിച്ച് മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ ശപിക്കുകയുണ്ടായി. ക്രിസ്തുവിന്റെ ഏകസ്വഭാവവാദം തെറ്റായി ഇദ്ദേഹം അംഗീകരിച്ചിരുന്നു. അങ്ങനെയെങ്കില്‍ മാര്‍പ്പാപ്പാമാര്‍ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന വാദം എങ്ങനെ അംഗീകരിക്കാനാവും? മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഇതാണ്: 17-ാം നൂറ്റാണ്ടില്‍ ഗലീലിയോയെ ശപിച്ച പോള്‍ അഞ്ചാമനും (1605-1621) ഊര്‍ബന്‍ 8-ാമനും (1623-1644) അപ്രമാദിത്വവരം ഉണ്ടായിരുന്നോ? ഭൂമി സൂര്യനെ ചുറ്റുന്നു എന്ന അടിസ്ഥാന തത്ത്വം ആവിഷ്‌ക്കരിച്ച ഗലീലിയോ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കെതിരായി പഠിപ്പിക്കുന്നു എന്നാരോപിച്ച് ശിക്ഷ വിധിച്ച ഈ മാര്‍പ്പാപ്പാമാര്‍ ചരിത്ര ദൃഷ്ടിയില്‍ ഇന്നു തെറ്റുകാരാണല്ലോ? തെറ്റാവരമുള്ള മാര്‍പ്പാപ്പായ്ക്ക് ഇക്കാര്യത്തില്‍ എങ്ങനെ തെറ്റു പറ്റി? 

മധ്യകാലയുഗങ്ങളില്‍ സഭയെ ഭരിച്ചിരുന്ന വളരെയധികം മാര്‍പ്പാപ്പാമാര്‍ അഴിമതിക്കാരും കൊള്ളരുതാത്തവരും വിഷയലമ്പടന്മാരും ആയിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. പാപത്തില്‍ ഊളിയിട്ടു കഴിഞ്ഞിരുന്ന ഈ മാര്‍പ്പാപ്പാമാരില്‍ തെറ്റാവരം ഉണ്ടായിരുന്നു എന്ന് എങ്ങനെയാണ് വിശ്വസിക്കുക?

മാര്‍പ്പാപ്പായുടെ തെറ്റാവരത്തെ കത്തോലിക്കേതരസഭകള്‍ ശക്തമായി വിമര്‍ശിക്കുമ്പോള്‍ കത്തോലിക്കാസഭയ്ക്കുള്ളിലും ദൈവശാസ്ത്രജ്ഞന്മാരുടെ എതിര്‍പ്പ് ഇന്നും അവസാനിച്ചു കഴിഞ്ഞിട്ടില്ല.

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-ii


ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ii
ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ 

സഭയുടെ ചരിത്രത്തില്‍ ആകെ ഇരുപത്തിയൊന്ന് സൂനഹദോസുകളാണ് വിളിച്ചുകൂട്ടപ്പെട്ടിട്ടുള്ളത്. അതില്‍ പത്തൊമ്പത് സൂനഹദോസുകളും രാജാക്കന്മാരുടെ രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു. 1545-63 കാലഘട്ടങ്ങളില്‍ നടത്തപ്പെട്ട തെന്ത്രോസ് സൂനഹദോസിനു ശേഷം (20-മത്തെ സൂനഹദോസ്) മുന്നുറു കൊല്ലം കഴിഞ്ഞാണ് 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടപ്പെട്ടത്. രാജാക്കന്മാരുടെ ഇടപെടല്‍ ഇല്ലാതെ ആദ്യമായി വിളിച്ചു കൂട്ടപ്പെട്ട സാര്‍വത്രിക സൂനഹദോസ് ഇതായിരുന്നു. ഈ സൂനഹദോസ് വിളിച്ചു കൂട്ടിയ 9-ാം പീയൂസ് മാര്‍പ്പാപ്പാ വ്യക്തിപരമായി ഏകാധിപത്യവാദിയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നുണ്ട്. മാത്രമല്ല ചെറുപ്പത്തില്‍ അപസ്മാര രോഗിയായിരുന്ന ഇദ്ദേഹം ആ രോഗത്തിന്റെ പ്രതിഫലനമായ പല മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും വിധേയനായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. (1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നടപടിക ളെക്കുറിച്ച് കൂടുതല്‍ വിവരത്തിന് ഫാ. ഹേസ്‌ലറിന്റെ 'How the Pope Became Infallible' എന്ന ഗ്രന്ഥം നോക്കുക). ഈ സൂനഹദോസില്‍ സംബന്ധിച്ചിരുന്ന യൂറോപ്യന്മാരായ 541 മെത്രാന്മാരില്‍ 276 പേരും ഇറ്റലിക്കാ രായിരുന്നു. ഇവരില്‍ 62 പേര്‍ പേപ്പല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.

ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഈശോ സഭാ വൈദികരുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ സംബന്ധിച്ച് വിപുലമായ പ്രചാരണം ആരംഭിച്ചിരുന്നു. പേപ്പല്‍ അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാര്‍ പലപ്പോഴും ഭീഷണിക്ക് വിധേയ രായി. എങ്കിലും പേപ്പല്‍ അപ്രമാദിത്വത്തെ പലരും ശക്തിയായി എതിര്‍ത്തു. ക്രോഷ്യയിലെ (Crotia) ഡയക്കേവായിലെ (Diakavo) പണ്ഡിതനായ മെത്രാന്‍ സ്‌ട്രോസ് മെയര്‍ (Strossmayer) സൂനഹദോസില്‍ ഇങ്ങനെ ധീരമായി പറഞ്ഞു: ''ഞാന്‍ അങ്ങേയറ്റം ഗൗരവത്തോടെ പഴയ നിയമവും പുതിയ നിയമവും പഠിച്ചു. സത്യത്തിന്റെ നിക്ഷേപമായ ദൈവനിവേശിതഗ്രന്ഥങ്ങളോട്, ഇവിടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മാര്‍പ്പാപ്പാ പത്രോസിന്റെ പിന്‍ഗാമിയും ക്രിസ്തുവിന്റെ വികാരിയും സഭയിലെ തെറ്റു വരാത്ത വേദപണ്ഡിതനുമാണോ എന്ന് എന്നെ അറിയിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അപ്പോസ്തലികകാലത്ത് പത്രോസിന്റെ പിന്‍ഗാമിയും യേശുവിന്റെ വികാരിയുമായി ഒരു മാര്‍പ്പാപ്പാ ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കി. പുതിയ നിയമം മുഴുവന്‍ വായിച്ചതിനു ശേഷം, ദൈവസന്നിധിയില്‍ കരങ്ങളുയര്‍ത്തി ഞാന്‍ പറയുന്നു: ഇന്നു കാണുന്ന രൂപത്തിലുള്ള ഒരു മാര്‍പ്പാപ്പാ സ്ഥാനം അന്നുണ്ടായിരുന്നില്ല എന്ന്.''

മാര്‍പ്പാപ്പായുടെ അപ്രമാദിത്വവരം പ്രഖ്യാപിച്ച 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു സ്വതന്ത്ര കൗണ്‍സില്‍ ആയിരുന്നില്ല എന്ന് ഇന്ന് പല ചരിത്ര പണ്ഡിതന്മാരും വാദിക്കുന്നുണ്ട്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ചരിത്ര ഗവേഷകനുമായ ഫാ. ഹേസ്‌ലര്‍ ദീര്‍ഘകാലം 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകള്‍ പഠിച്ചതിനു ശേഷം എഴുതിയ 'How the Pope Became Infallible' എന്ന ഗ്രന്ഥത്തില്‍ കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് റോമന്‍ കൂരിയാ നടത്തിയ സമ്മര്‍ദങ്ങളെ വിശദമായി പ്രതിപാദിക്കുന്നു.

വളരെയധികം ഒരുക്കങ്ങള്‍ക്കു ശേഷമാണ് 9-ാം പീയൂസ് മാര്‍പ്പാപ്പാ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. 1846-ല്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളത്. (1846-78) 23 വര്‍ഷം മാര്‍പ്പാപ്പായായി ഭരണം നടത്തിയ ശേഷമാണ് 1869-ല്‍ 1-ാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയത്. സഭയിലെ മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പ്പാപ്പാമാരാണല്ലോ. ഈ കാലഘട്ടത്തില്‍ തന്റെ ആജ്ഞാനുസാരികളായ പുരോഹിതന്മാരെ വിവിധ രൂപതകളില്‍ മെത്രാന്മാരായി നിയമിക്കുകയുണ്ടായി. മാര്‍പ്പാപ്പായുടെ ഇഷ്ടാനുസരണം മാത്രം പ്രവര്‍ത്തിക്കുന്നതിന് മെത്രാന്മാരെ ഒരുക്കുന്നതിനായി റോം അനുവര്‍ത്തിച്ച നയങ്ങള്‍ ഫാ. ഹേസ്‌ലര്‍ വിവരിക്കുന്നു: 'Wherever possible, Pius IX named Ultramontane priests as bishops. In keeping with the old Roman maxim 'divide and conquer'', he forbade the formation of national bishops's conferences. The bishops were to have as little contact as possible with each other, but were instead to cultivate all the more their connection with Rome. For this reason Pius IX introduced the obligation of regular visits to the Holy See. At bottom, the idea was to eliminate the bishop's independence as much as possible. The bishops had to administer their dioceses in strict sub-ordination to the pope. In carefully gradated fashion, various curial measurs were brought into play to attain this end; praise, blame, coercion, condemnation. With their many informants scattered far and wide, the nuncios lent significant help. Again, as far as possible, theology and catechesis were brought into line with a centralized standard. Episcopalist manuals had to be rewritten, or they were put on the Index of Forbidden Books or even burned in the style of an auto-da-fe. The intransigent curial party forced the acceptance of papal infallibility in many catechisms'' (How the Pope Became Infallible, August Bernhard Haslter, Page 43). റോമില്‍ കേന്ദ്രീകരിച്ചുള്ള സഭാഭരണത്തിനു വേണ്ടി വാദിക്കുന്നവരെയാണ് Ultramontane എന്നു വിളിക്കുന്നത്.

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പിന്‍താങ്ങിയ 'എല്‍ യൂണിവേഴ്‌സ്' (L Universe), 'എല്‍ കത്തോലിക്ക' (L Cattolica) എന്നീ പ്രസിദ്ധീകരണങ്ങള്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ദീര്‍ഘങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് മ്യുണിക്കിലെ സഭാചരിത്ര പ്രൊഫസറായ ഡ്വള്ളിന്‍ജര്‍ (Johann Joseph Ignaz Von Dollinger) പ്രസിദ്ധികരിച്ച 'മാര്‍പ്പാപ്പായും കൗണ്‍സിലും' എന്ന ഗ്രന്ഥം സഭയുടെ ഇന്‍ഡക്‌സില്‍ പെടുത്തി വിശ്വാസികള്‍ വായിക്കരുത് എന്നു നിരോധിച്ചു. കര്‍ദ്ദിനാള്‍ ന്യുമാന്റെ നിര്‍ദേശപ്രകാരം ഹൊണോറിയസ് 1-ാമന്‍ മാര്‍പ്പാപ്പായെക്കുറിച്ച് ദൈവശാസ്ത്രജ്ഞനായ റിനോഫ് (Peter Le Page Renouf) എഴുതിയ 'The Condemnation of Pope Honorius'' എന്ന ഗ്രന്ഥം ഇന്‍ഡക്‌സില്‍ പെടുത്തി നിരോധിച്ചു. 

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിനെതിരെ സംസാരിച്ചവരും എഴുതിയവരും എല്ലാം കഠിനമായ പീഡനത്തിന് വിധേയരായി. കൗണ്‍സിലിന്റെ വിവിധ കമ്മറ്റികളില്‍ നിന്നും അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും ഒഴിച്ചു നിര്‍ത്തി. കൗണ്‍സിലിന് മുമ്പ് മാര്‍പ്പാപ്പാ ബെല്‍ജിയം സ്ഥാനപതിയോട് ഇങ്ങനെ പറഞ്ഞു: ''Pope want to credit me with infallibility. I don't need it at all. Am I not infallible already? Didn't I establish the dogma of the Virgin's Immaculate Conception all by myself several years ago'' (How the Pope Became Infallible, A.B. Hasler, Page 82)
                                                                        (തുടരും)

2013, മാർച്ച് 12, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII

ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം

കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വം അഥവാ തെറ്റു വരാന്‍ പാടില്ലായ്മ. മാര്‍പ്പാപ്പായുടെ അപ്രമാദിത്വം വളരെയധികം തെറ്റിദ്ധാരണകള്‍ വളര്‍ത്തിയിട്ടുണ്ട്. 1869-70ല്‍ ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ കാലത്ത് വത്തിക്കാനില്‍ സമ്മേളിച്ച സൂനഹദോസാണ് മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം ഉണ്ട് എന്നു പ്രഖ്യാപിച്ചത്. ഹൊര്‍മീസ് പെരുമാലില്‍ ''ക്രിസ്തുമതവും ഭാരതവും'' എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''വളരെയധികം വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഒരു പ്രകാരത്തില്‍ അഗീകാരം നേടി'' (പേജ് 239).
 
മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെക്കുറിച്ചുള്ള ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ താഴെ കൊടുക്കുന്നു: 'We teach and difine that it is a dogma, divinely revealed that the Roman Pontiff, when he speaks Ex Cathedra, that is, when he discharge of the office of pastor and doctor of all Christians,by virtue of his supreme Apostolic authority, he defines a doctyrine regarding faith and morals to be held by the universal Church, by the divine assistance promised him in blessing Peter, is possessed of that infallibility with which the divine Redeemer willed that his Church should be endowed for difining doctrines regarding faith and morals, and that therefore such definitions of the Roman Pontiff of themselves-and not by virtue of the consent of Church - are irreformable''................ 'But if anyone - which may God forbid! - shall persume to contradict this our definition: let him be a anathema''.
 
ഈ പ്രഖ്യാപനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
(1) മാര്‍പ്പാപ്പാ നടത്തുന്ന എല്ലാ പ്രഖ്യാപനങ്ങള്‍ക്കും അപ്രമാദിത്വം ഇല്ല. ''എക്‌സ് കത്തീഡ്രാ'' ആയി അതായത് പത്രോസിന്റെ സിംഹാസനത്തി ലിരുന്ന് സഭാ തലവന്‍ എന്ന നിലയില്‍ ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാ പനങ്ങള്‍ക്കു മാത്രമേ അപ്രമാദിത്വം അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. 

(2) ഈ പ്രഖ്യാപനങ്ങള്‍ സഭയ്ക്ക് മുഴുവനും ബാധകമായിട്ടുള്ളതായിരിക്കണം. ഏതെങ്കിലും പ്രത്യേക പ്രദേശത്തെയോ ജനങ്ങളെയോ ബാധിക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങള്‍ അപ്രമാദിത്വമുള്ളവയല്ല. 

(3) ഈ പ്രഖ്യാപനങ്ങള്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചുള്ളവയായിരിക്കണം.
 
ഒരു മനുഷ്യനെന്ന നിലയില്‍ മാര്‍പ്പാപ്പാ അപ്രമാദിത്വം ഉള്ള ആളല്ല. സഭാതലവന്‍ എന്ന നിലയില്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പരിശുദ്ധാരൂപി മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം കൊടുക്കും എന്നാണ് കത്തോലിക്കാ സഭാ വിശ്വാസം. 
 
ഈ വിശ്വാസം വളരെയധികം തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. 1-ാം വത്തിക്കാന്‍ കൗണ്‍സിലിലെ ഈ പ്രഖ്യാപനം സഭകളുടെ യോജിപ്പിനെതിരെയുള്ള ഏറ്റവും വലിയ വിലങ്ങുതടിയായിട്ടാണ് ഇതര സഭകള്‍ ഇന്നു കാണുന്നത്. 
 
അപ്രമാദിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസത്തിന്റെ അതിര്‍ത്തി വരമ്പുകളെ സംബന്ധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ത്തന്നെ ഇന്നും തര്‍ക്കം നിലവിലുണ്ട്. മാര്‍പ്പാപ്പായ്ക്കല്ല സഭയ്ക്കാണ് അപ്രമാദിത്വം എന്നു ചിലര്‍ വാദിക്കുന്നുണ്ട്. സഭയുടെ അപ്രമാദിത്വം ആദ്യ കാലങ്ങളില്‍ത്തന്നെ ദൈവശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചിരുന്നു. ക്രിസ്തു ശിരസ്സായ സഭയ്ക്ക് ഒരിക്കലും തെറ്റുവരാന്‍ പാടില്ലല്ലോ? സഭ ക്രിസ്തുവിന്റെ ഭൗതികശരീരമാെണങ്കില്‍ ക്രിസ്തുവിനെപ്പോലെ അത് ''ഏകവഴിയും സത്യവു'' മാകുന്നു. പക്ഷേ അപ്രമാദിത്വം ഉള്ള സഭ ഏത് എന്ന് നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു. മാനുഷികമായ ബലഹീനതകള്‍ നിറഞ്ഞ മനുഷ്യരുടെ സഭയാണോ തെറ്റിന് അതീതമായ സഭ? സഭയെ നയിക്കാനും പ്രചോദിപ്പിക്കാനും പരിശുദ്ധാത്മാവ് സഭയോടൊത്തുണ്ട് എന്നു പറയുമ്പോഴും ഏതു സഭ എന്ന ചോദ്യം ന്യായമായും നിലനില്‍ക്കുന്നു.
 
ഈ നൂറ്റാണ്ടിലെ അതിപ്രശസ്തദൈവശാസ്ത്ര പണ്ഡിതനായ കാള്‍ റാണര്‍, പാപ്പായുടെ അപ്രമാദിത്വത്തെ കൂടുതല്‍ വലിയ ഒരു ക്യാന്‍വാസില്‍ വരയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്രമാദിത്വം സഭയ്ക്കാണെന്നും സഭയുടെ പ്രതിനിധി എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മാത്രേമ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം അവകാശപ്പെടാനാവു എന്നും വരെ കാള്‍ റാണര്‍ പറഞ്ഞു വച്ചിട്ടുണ്ട്. 'Hence the human subjects so to speak of infallibility is the Church as a whole, because the spirit lives and works in the church as a whole'' (Sacramentum Mundi, Vol.3, page 134).
 
വേറൊരു പ്രശസ്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാന്‍സ്‌കങ്ങ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. മാര്‍പ്പാപ്പാ എന്ന വ്യക്തിയിലല്ല സഭയിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് ഇദ്ദേഹവും വാദിക്കുന്നു. സഭ, ഘടനാപരമായ സവിശേഷതയുള്ള ഒരു സ്ഥാപനമാണ്. ഈ സവിശേഷത ക്രിസ്തുവിന്റെ മൗതിക ശരീരമായ ഏകസഭയില്‍ വിവിധ പ്രാദേശികസഭകളുടെ സംഘാതമായ കൗണ്‍സിലിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് കാള്‍ റാണര്‍ പറയുന്നു: ''The General Council being the assembly of all local Churches to represent the unity of the ' hearing'' and the teaching Church posses ses the gift of infallibility'' (ibid page 134).
എന്നാല്‍ ഈ വാദങ്ങളൊന്നും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സാധൂകരണാര്‍ഹങ്ങളല്ല. കാരണം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് റോമന്‍ മാര്‍പ്പാപ്പാ തന്നെയാണ് അപ്രമാദിത്വ വരത്തിന് ഉടമയായിട്ടുള്ളത്. അപ്രമാദിത്വത്തെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ തീര്‍പ്പില്‍ മെത്രാന്മാരുടെ കൗണ്‍സിലിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. 
 
മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന് കൗണ്‍സിലാണ് തീരുമാനിച്ചതെങ്കിലും ഈ തീരുമാനം മൂലമല്ല മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ലഭിച്ചത് എന്നാണ് അക്കാലത്ത് ദൈവശാസ്ത്രജ്ഞന്മാര്‍ വാദിച്ചുപോന്നത്. ഇതിന് ഉദാഹരണമായി മറിയത്തിന്റെ അമലോല്‍ഭവത്തെക്കുറിച്ചുള്ള ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ പ്രഖ്യാപനം (1854) കൗണ്‍സിലിനോട് ആലോചിച്ചിട്ടല്ല ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ ശരീരത്തോടു കൂടി മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന പ്രഖ്യാപനം 12-ാം പീയുസ് മാര്‍പ്പാപ്പാ നടത്തി യതും മെത്രാന്മാരുടെ കൗണ്‍സിലിനോട് ആലോചിച്ചിട്ടായിരുന്നില്ല. ഇക്കാരണത്താല്‍ കത്തോലിക്കാ സഭയുടെ പഠനങ്ങളനുസരിച്ച് അപ്രമാദിത്വവരം കൗണ്‍സിലിന്റെ പിന്തുണ ഇല്ലാതെതന്നെ മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാണ്.                                                               (തുടരും)