2012, ഡിസംബർ 11, ചൊവ്വാഴ്ച

സ്വര്‍ഗ്ഗത്തിലെ ഭരണസമ്പ്രദായം

ജോസഫ് പുലിക്കുന്നേല്‍ 
1975 ഡിസംബര്‍ ലക്കം ഓശാനയില്‍നിന്ന് 

(സ്വര്‍ഗ്ഗം എന്നതുകൊണ്ട് പിതാവായ ദൈവത്തിലുള്ള 'നിത്യജീവന്‍' എന്നാണ് മിശിഹാ വിവക്ഷിക്കുന്നത്. സ്വര്‍ഗ്ഗപ്രാപ്തിയ്ക്ക് അവിടുന്നു നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം 'പുത്രനില്‍' ഉള്ള വിശ്വാസമത്രേ)

കത്തോലിക്കാസഭ വിശ്വാസികളുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗം അല്ലെങ്കില്‍ ദൈവരാജ്യം ഒരു ചക്രവര്‍ത്തിയുടെ അരമനയെ അനുസ്മരിപ്പിക്കുന്നതത്രെ. ചക്രവര്‍ത്തിയായി ദൈവം സ്വര്‍ഗ്ഗസിംഹാസനത്തില്‍ ഇരിക്കുന്നു. മാലാഖമാരെന്ന സേവകവൃന്ദം സ്തുതികള്‍ പാടി കുന്തിരിക്കം പുകച്ച് ദൈവത്തെ പ്രീതിപ്പെടുത്തുന്നു. വലത്തുവശത്തായി ഇരിക്കുന്നു പരിശുദ്ധകന്യാസ്ത്രീമറിയം സര്‍വ്വാഡംബര വിഭൂഷിതയായി. ''അഗോചരമഹിമ മുതലായ ഗുണങ്ങളോടു കൂടിയവനും, സര്‍വ്വാരാധനയ്ക്കും യോഗ്യനുമായിരിക്കുന്ന ഈശോമിശിഹായെ പ്രസവിച്ചതിനാല്‍, സൃഷ്ടിക്കപ്പെട്ട വസ്തുക്കളില്‍വെച്ച് ഈ കന്യക അത്യന്തം പരിശുദ്ധയും പരലോകഭൂലോകങ്ങളുടെ രാജ്ഞിയും, മനുഷ്യര്‍ക്കും ദൈവദൂതന്മാര്‍ക്കും നാഥയും, യാതൊരുത്തനും കണ്ടുപിടിക്കാന്‍ കഴിയാത്ത മഹത്വത്തേ പ്രാപിച്ചുമിരിക്കുന്നു'' (മാതാവിന്റെ വണക്കമാസം തലേന്നാള്‍-ഒന്നാമത്). അടുത്ത് വിശുദ്ധയൗസേപ്പു പിതാവ്; ''ഈ പുണ്യപിതാവിന്റെ പത്‌നിയായ ദൈവമാതാവ് കഴിഞ്ഞാല്‍, ഇദ്ദേഹത്തെപ്പോലെ നമ്മുടെ വണക്കത്തിനു യോഗ്യതയുള്ള പുണ്യവാളന്മാരില്ലെന്ന് ഗ്രഹിക്കാവുന്നതാണ്'' (വി. യൗ. പിതാവിന്റെ വണക്കമാസം-മുഖവുര). പിന്നെ പുണ്യവാളന്മാര്‍, വേഷഭൂഷാദികളോടെ ഇരിക്കുന്നു. ഇതാണ് ബാല്യം മുതല്‍ ഒരു കത്തോലിക്കനില്‍ ഭംഗ്യാന്തരേണ സൃഷ്ടിക്കപ്പെടുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ധാരണ.


സ്തുതിയും ശുപാര്‍ശയും
ഈ സ്വര്‍ഗ്ഗത്തില്‍ എന്താണ് നടക്കുന്നത്? റോമാസാമ്രാജ്യത്തിലെ രാജകൊട്ടാരത്തില്‍ നടന്നിരുന്ന സേവയും ശുപാര്‍ശയും തന്നെ, റോമാചക്രവര്‍ത്തിയെ കാര്യസാദ്ധ്യത്തിനായി സമീപിച്ചിരുന്നത് ആലോചനക്കാരിലൂടെയും, അന്തപ്പുരവാസികളിലൂടെയും, ബന്ധുക്കളിലൂടെയുമായിരുന്നു. കത്തോലിക്കാസഭ സൃഷ്ടിച്ച സ്വര്‍ഗ്ഗം ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഇവിടെ പുണ്യവാളന്മാര്‍ക്കു രണ്ടു തൊഴിലേ ഉള്ളു. ഒന്ന് ദൈവത്തെ മഹത്വപ്പെടുത്തുക. (ഇതു കേട്ടാല്‍ തോന്നും ഇവരുടെ മഹത്വപ്പെടുത്തല്‍ ഇല്ലെങ്കില്‍ പിതാവായ ദൈവം പൂര്‍ണ്ണനാകയില്ലെന്ന്). രണ്ട് ദൈവത്തിന്റെ അടുക്കല്‍ മദ്ധ്യസ്ഥം പറയുക. ചക്രവര്‍ത്തിയുടെ അടുക്കല്‍ ശുപാര്‍ശക്കാരായ സെനറ്റ് അംഗങ്ങളുടെ സ്ഥാനമാണ് പുണ്യവാന്മാര്‍ക്ക് സ്വര്‍ഗ്ഗത്തിലുള്ളത്. ഈ മാദ്ധ്യസ്ഥ്യം വെറുതേയല്ല! ഭക്തന്മാര്‍ക്കു വേണ്ടിയും, നേര്‍ച്ച കാഴ്ചകള്‍ നല്‍കിയവര്‍ക്കുവേണ്ടിയുമുള്ളതത്രെ.

വകുപ്പവിഭജനം
ഈ മദ്ധ്യസ്ഥതയ്ക്ക് (പുണ്യവാന്മാരാകയാല്‍, ശുപാര്‍ശക്കാര്‍ എന്ന പദം യോജിക്കാത്തതിനാല്‍ മദ്ധ്യസ്ഥന്‍ എന്ന പദം തന്നെ ഉപയോഗിക്കാം. മദ്ധ്യസ്ഥന്‍ എന്ന പദത്തിന്റെ അര്‍ത്ഥവും 'ഇടനിലക്കാരന്‍' എന്നു തന്നെ.) ഓരോ പുണ്യവാനും പ്രത്യേക പോര്‍ട്ടുഫോളിയോകള്‍ തന്നെ (വകുപ്പ്) ഉണ്ട്. ആരോഗ്യ കാര്യങ്ങളെ സംബന്ധിച്ചുള്ള മദ്ധ്യസ്ഥതയുടെ കുത്തക വി. സെബസ്ത്യാനോസിനാണ്, ഭക്ഷ്യകാര്യങ്ങളിലും, യുദ്ധകാര്യങ്ങളിലും, മദ്ധ്യസ്ഥന്‍ അങ്ങേരു തന്നെ. (പഞ്ഞം, പട, വസന്ത എന്നിവയില്‍ നിന്നും രക്ഷിക്കുന്നത് വി. സെബസ്ത്യാനോസാണല്ലോ!) കളവു കണ്ടു പിടിക്കുക, പാമ്പില്‍നിന്നും, ദുഷ്ടമൃഗങ്ങളില്‍ നിന്നും രക്ഷിക്കുക, മുതലായത് ഗീവര്‍ഗ്ഗീസ് സഹദായുടെ 'പോര്‍ട്ടുഫോളിയോ' ആണ്. വണ്ടിയില്‍ യാത്രചെയ്യുന്നവരുടെ മദ്ധ്യസ്ഥന്‍ 'ട്രാന്‍സ്‌പോര്‍ട്ടുമന്ത്രി' വി. ക്രിസ്തഫറാണ്. ഇതിനുംപുറമേ ഏത് അസാദ്ധ്യകാര്യങ്ങളുടേയും മദ്ധ്യസ്ഥനായ 'മിനിസ്റ്റര്‍ വിത്തൗട്ട് പോര്‍ട്ടുഫോളിയോ' ആയി യൂദാതദ്ദേവൂസ് വിരാജിക്കുന്നു. പുറമേ അനേകം പുണ്യവാളന്മാരും പുണ്യവതികളും, ചെറിയ ചെറിയ ശുപാര്‍ശകളും മദ്ധ്യസ്ഥതയുമായി ദൈവതിരുമുമ്പാകെ നില്‍ക്കുന്നു. അവരുടെ കൂടെ ഭൂമിയില്‍ ഒരു ശുപാര്‍ശയും ചെയ്യാതിരുന്ന നല്ലവനായ കാവുകാട്ടുമെത്രാനും, ചാവറയച്ചനും, അല്‍ഫോന്‍സാമ്മയും, തേവര്‍പറമ്പില്‍ കുഞ്ഞച്ചനും, എല്ലാം എല്ലാം ശുപാര്‍ശകളുമായി ദൈവതിരുമുമ്പാകെ നില്‍ക്കുകയാണ്.

ഒരാള്‍ പലവേഷത്തില്‍
ഈ മദ്ധ്യസ്ഥന്മാര്‍ പലവേഷക്കാരാണ്. ഏറ്റവും കൂടുതല്‍ വേഷം കെട്ടുന്നത് കന്യകാമറിയമാണ്. ഏതെല്ലാം വേഷത്തിലും രൂപത്തിലുമാണ് കന്യാമറിയം ഭക്തന്മാരെ തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നത്!! കൊന്തമാതാവായി, കൊന്തഭക്തന്മാര്‍ക്ക് മാദ്ധ്യസ്ഥം വഹിക്കുന്നു! വെന്തിങ്ങാ മാതാവായി, വെന്തിങ്ങാക്കാര്‍ക്ക് മാദ്ധ്യസ്ഥ്യം വഹിക്കുന്നു! കര്‍മ്മമാതാവായി ഭക്തന്മാരെ സഹായിക്കുന്നു! ത്രിലോകരാജ്ഞിയായി കിരീടം വെച്ച് ഭക്തന്മാരില്‍ നന്മപൊഴിക്കുന്നു! സര്‍വ്വോപരി നിത്യസഹായമാതാവായി ശുപാര്‍ശകളുടെ കനത്ത ഫയല്‍ സൃഷ്ടിക്കുന്നു! കഴിഞ്ഞില്ല. കേരളത്തില്‍ പ്രസിദ്ധങ്ങളായ പല പള്ളികളും, ഉണ്ടെങ്കിലും ചിലപ്പോള്‍ മാതാവ് അത്ഭുതം പ്രവര്‍ത്തിക്കണമെങ്കില്‍ ഭക്തന്‍ വേളാങ്കണ്ണിവരെ പോകേണ്ടതായിവരും!!!
ഇവര്‍ക്കേവര്‍ക്കും ദിനംപ്രതി കിട്ടുന്ന അപേക്ഷകള്‍ ശരിക്കും 'സോര്‍ട്ടു' ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ കംപ്യൂട്ടര്‍ തന്നെ ഘടിപ്പിച്ചിട്ടുണ്ടാവണം. ഈ ശുപാര്‍ശകളെല്ലാം ഓരോന്നോരോന്നായി ദൈവത്തിന്റെ മുന്‍പില്‍ നിരത്തിവെച്ചാണ് ഭക്തന്മാര്‍ക്ക് അനുഗ്രഹം നേടിക്കൊടുക്കുന്നത്. ''അലസിഭാഗപ്പെട്ട് നടക്കുന്ന ഹാവായുടെ മക്കളായ ഞങ്ങള്‍ നിന്നെ വിളിക്കുന്നു, കരയുന്നു. ഈ സ്ഥലത്തു ഉഴന്നു കരഞ്ഞുകൊണ്ട് നെടുവീര്‍പ്പിടുന്നു'' (രാജകന്യക' എന്ന നമസ്‌കാരം) ഇങ്ങനെയുള്ള മനുഷ്യന്റെ വിളിയെല്ലാം, ദൈവത്തിലെത്തണമെങ്കില്‍ ഈ മദ്ധ്യസ്ഥന്മാര്‍ വേണം.

നേര്‍ച്ച കാഴ്ചകള്‍
ഈ പുണ്യവാളന്മാര്‍ ഭക്തന്മാരുടെ അപേക്ഷകള്‍ സോര്‍ട്ടുചെയ്ത് ദൈവതിരുമുന്‍പില്‍ വയ്ക്കുന്നു. പ്രസ്തുത കാര്യസാദ്ധ്യത്തിനായി കൊടുത്തിട്ടുള്ള പണത്തിന്റെ കാര്യവും വരവു വയ്‌ക്കേണ്ടതായിട്ടുണ്ട്. ഉദാഹരണത്തിന് ഒരാള്‍ക്ക് ഒരു മാല നഷ്ടപ്പെടുന്നു. അയാള്‍ ''കുറവിലങ്ങാട്ടു മുത്തിയമ്മക്ക്'' കൂടുതുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. വേറൊരാള്‍ക്ക് ഒരു ആടു കാണാതെ പോകുന്നു. 15 രൂപാ മുടക്കി നട തുറന്ന് ഒരു കുര്‍ബാന ചൊല്ലിക്കുന്നു. രണ്ടും ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ലല്ലോ? രണ്ടാമത്തേത് സത്വര ശ്രദ്ധയാകര്‍ഷിക്കേണ്ടതാകയാല്‍ 'കാാലറശമലേ' എന്ന ഫയലില്‍വച്ച് ദൈവത്തിനു പോകുന്നു. വേറെയുമുണ്ട്. പാലായില്‍ ളാലം പള്ളിയിലെ നിത്യസഹായ മാതാവിന് ഒന്‍പതു ശനിയാഴ്ചകള്‍ (കാലില്‍ വന്ന വാതത്തില്‍നിന്നും രക്ഷ കിട്ടാന്‍) മറിയച്ചേടത്തി നേര്‍ച്ച നേരുന്നു. ആ ഒന്‍പതു നൊവേനയും, എല്ലാ ശനിയാഴ്ചയും വരവുവയ്ക്കണം. കാര്യംപഠിച്ച് മറിയച്ചേടത്തിയെ വാതത്തില്‍ നിന്നും രക്ഷിക്കണം.!! കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയപ്പോള്‍ കത്രികച്ചേടത്തി നേര്‍ച്ചനേര്‍ന്നു. ''എന്റെ അരീത്ര വെല്ലിച്ചാ, എന്റെ കോഴിയേ പരുന്ത് കൊണ്ടുപോകാതിരുന്നാല്‍ വെല്ലിച്ചന് തലക്കോഴിയെ തന്നേക്കാവേ'' പിന്നെ ഈ കോഴിയേ നോക്കേണ്ടത് അരീത്രവെല്ലിച്ചനാണ്. ഇങ്ങനെ എന്തെല്ലാം!

വെസ്പൃക്കാനാ ഒരു പ്രശ്‌നം
തീര്‍ന്നില്ല ഭരണപരമായ പ്രശ്‌നങ്ങള്‍. ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല പ്രശ്‌നങ്ങള്‍; മറിച്ച് വെസ്പൃക്കാനാടത്തില്‍ കിടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടിയും വന്‍പിച്ച ഒരു സെക്രട്ടറിയേറ്റു പ്രവര്‍ത്തിക്കുന്നുണ്ട്. വെസ്പൃക്കാനിയില്‍ കിടക്കുന്ന ആത്മാക്കള്‍ക്കുവേണ്ടി ചൊല്ലുന്ന കുര്‍ബാനകള്‍ ദിവസവും സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒഴുകുകയാണ്. പന്നിമറ്റത്തില്‍ കോരയുടെ ആത്മാവിനുവേണ്ടി ഭാര്യ മറിയം കുര്‍ബാന ചൊല്ലിച്ചിട്ടുണഅട്. ഈ കുര്‍ബാനയുടെ അനുഗ്രഹങ്ങള്‍ വെസ്പൃക്കാനാടത്തിലെത്തിച്ച് കോരയുടെ പാപക്കടയില്‍ കുറവു വരുത്തണം. അവിടെയും തീര്‍ന്നില്ല പ്രശ്‌നം. ചില പണക്കാര്‍ മരിച്ചാല്‍ കൊട്ടക്കണക്കിനു കുര്‍ബാനയും ഒപ്പീസും ഒഴുകും. പക്ഷേ ആള് വെസ്പൃക്കാനാടത്തിലില്ല! നരകത്തിലാണ്. എന്തു ചെയ്യും? അക്കൗണ്ടില്‍ വരവ് വെച്ച് ആണ്ടവസാനം ഈ അനുഗ്രഹങ്ങള്‍ ഭാഗിക്കുന്നു. മുന്നൂറു ദിവസത്തെ ദണ്ഡവിമോചനസ്ലിപ്പു വന്നാല്‍ വെസ്പൃക്കാനാടത്തില്‍ കിടന്നു വേദനിക്കുന്ന ആത്മാവിന് മുന്നൂറു ദിവസത്തെ ഇളവു കൊടുക്കുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ സൂര്യനുദിക്കയും അസ്തമിക്കയും ചെയ്യുന്നുണ്ട്.

മുന്‍കൂര്‍ സുകൃതം
പിന്നെയും പ്രശ്‌നങ്ങള്‍, നാലത്തറ ഇടവകയില്‍നിന്നും ബ. മേലേല്‍മത്തായിച്ചന്‍ സ്ഥലം മാറിപ്പോകുന്നു. അവിടെയുള്ള മഠം, സൊഡാലിറ്റി, വിന്‍സെന്‍ഡിപ്പോള്‍, ലീജനോഫ് മേരി വേദപാഠക്ലാസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഒരു സുകൃതമഞ്ജരി സമര്‍പ്പിക്കുന്നു. 90,000 സുകൃതജപം, 200 കുര്‍ബാന കാണല്‍, 2000 അരൂപിക്കടുത്ത്....... ഇങ്ങനെ. ഉടനെ ഇവയെല്ലാം ബ. മേലേല്‍ മത്തായി അച്ചന്റെ അക്കൗണ്ടില്‍ ചേര്‍ത്ത് കണക്കു തുറക്കേണ്ടിവരും!!! ഈ പുണ്യപ്രവര്‍ത്തികളുടെ ഫലം മേലേല്‍ മത്തായിച്ചന്‍ മരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ പാപക്കടം വീട്ടുന്നതിനുള്ള ഒരു മുന്‍കൂര്‍ ഇന്‍ഷൂറന്‍സാണ്.
ഇങ്ങനെ സ്വര്‍ഗ്ഗത്തെക്കുറിച്ച് കത്തോലിക്കനു കിട്ടുന്ന ധാരണ കൈക്കൂലിയും ശുപാര്‍ശയും അഴിമതികളും വിളയാടുന്ന ഒരു സെക്രട്ടറിയേറ്റ് ഭരണസംവിധാനത്തിന്റേതല്ലേ?
ഇതാണോ ക്രിസ്തു ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച സ്വര്‍ഗ്ഗം? ഈ ശുപാര്‍ശക്കാര്‍ക്കു അഴിഞ്ഞാടാനുള്ള ഒരു വേദിയായാണോ സ്വര്‍ഗ്ഗത്തെ അവിടുന്നു കണ്ടത്? അല്ല; തീര്‍ച്ചയായും അല്ല.

നിത്യജീവന്‍
മിശിഹാ വാഗ്ദാനം ചെയ്തത്, നിത്യജീവനാണ്. ''പുത്രനെ കാണുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ആരോ അവന് നിത്യജീവന്‍ ഉണ്ടാകണം എന്നതാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം. അവസാനനാളുകളില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.'' (യോഹ 6:40) പിതാവായ ദൈവത്തില്‍ നിത്യജീവന്‍ ലഭ്യമാക്കുക എന്നതാണ്; സ്വര്‍ഗ്ഗം എന്നതുകൊണ്ട് മിശിഹാ വിവക്ഷിക്കുന്നത്. ഈ സ്വര്‍ഗ്ഗപ്രാപ്തിക്കായി മിശിഹാ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം, 'പുത്രനില്‍' ഉള്ള വിശ്വാസമാണ്. ''ഞാനാകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കല്‍ വരുന്നവന് വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. (യോഹ: 6:35) അപ്പോള്‍ വിശക്കാത്തതും ദാഹിക്കാത്തും (വിശക്കുക, ദാഹിക്കുക എന്നത് ജഡധാരിയായ നരന്റെ അവശതകളാണ്). ആയ നിത്യജീവന്‍ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നല്‍കുമെന്ന് അവിടുന്ന് കല്പിച്ചു. ''ഞാന്‍ സത്യം സത്യമായി പറയുന്നു. എന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്'' (വി. യോഹ 6:47) ''എന്റെ ആടുകള്‍ എന്റെ സ്വരം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുന്നു. അവ എന്റെ പിന്നാലെ വരികയും ചെയ്യുന്നു. ഞാന്‍ അവര്‍ക്ക് നിത്യജീവന്‍ കൊടുക്കുന്നു.'' (യോഹ: 10:27-28) ഇങ്ങനെ പിതീവില്‍ നിത്യജീവന്‍ നേടിയവര്‍ ഭൗതിക കാര്യങ്ങളില്‍ ശുപാര്‍ശക്കാരായി പിതാവില്‍ വസിക്കുകയല്ല. ദൈവം തന്റെ ഏക സുതനായ മനുഷ്യപുത്രനെ ലോകത്തിലയച്ചത്, അവനിലൂടെയും, അവനിലുള്ള വിശ്വാസത്തിലൂടെയും, നിത്യജീവന്‍ നേടുന്നതിനാണ്.

മിശിഹാ മനുഷ്യരുടെ മുന്‍പാകെ തന്റെ വചനത്തിലൂടെ അവതരിപ്പിച്ച ''നിത്യജീവനാകുന്ന'' സ്വര്‍ഗ്ഗത്തെ കവികളും ചിത്രകാരനാമാരും ഭാവനയുടെ ചായം കൊടുത്ത് വൈവിദ്ധ്യപൂര്‍ണ്ണമായി ചിത്രീകരിച്ചു!. മനുഷ്യന്റെ അമര്‍ത്ത്യത എന്ന ആശയം-പിതാവിലുള്ള നിത്യജീവന്‍-മനുഷ്യഭാവനയില്‍ വിരചിക്കപ്പെട്ടപ്പോള്‍ അത് കേവലം ലോകായതികത്വമായി. ദൈവം സിംഹാസനത്തിലിരിക്കുന്നതായി ചിത്രകാരന്‍ വരച്ചു. പുണ്യവാന്മാര്‍ ചുറ്റും നില്‍ക്കുന്ന സേവകന്മാരായി ചിത്രീകരിക്കപ്പെട്ടു. ഈ ചിത്രീകരണത്തിന് അവരുടെ ഭാവനയെ ഉദ്ദീപിപ്പിച്ചത് റോമാസാമ്രാജ്യത്തിലെ അധികാരഗര്‍വ്വവും ഭരണഭീതിയുമായിരുന്നു. അക്രൈസ്തവവും പിതാവായ ദൈവത്തിനെ ദൂഷണം ചെയ്യുന്നതുമായ ഈ ''സ്വര്‍ഗ്ഗം'' ക്രിസ്തു നമ്മോട് പറഞ്ഞുതന്ന 'പിതാവിലുള്ള നിത്യജീവനുമായി'' യാതൊരു ബന്ധവുമില്ല. 

സര്‍വ്വനന്മസ്വരൂപിയും ആദിമദ്ധ്യാന്തരഹിതനും സര്‍വ്വജ്ഞനുമായ ദൈവം നമ്മുടെ പിതാവ് ആണെങ്കില്‍ അവിടുത്തെ സമീപിക്കുന്നതിന് മദ്ധ്യസ്ഥന്മാരുടെ ആവശ്യമെന്ത്? കൈക്കൂലിയുടെ ആവശ്യമെന്ത്? ഈ വിശുദ്ധന്മാരാരും, സഭാധികാരികള്‍ ചിത്രീകരിക്കുന്നതുപോലെ, പണക്കൊതിയന്മാരോ, പ്രസിദ്ധീകരണതല്പരരായ അല്പന്മാരോ ഒന്നുമല്ല. എന്നാല്‍ അവരെ അങ്ങിനെ ചിത്രീകരിച്ചാലേ നേര്‍ച്ചപ്പെട്ടികളും ഭണ്ഡാരപ്പുരകളും നിറയുകയുള്ളു.

''എന്തെന്നാല്‍ സകല തിന്മകളുടെയും മൂലം ദ്രവ്യാഗ്രഹമാകുന്നു. അതിനെ ആഗ്രഹിച്ച് വിശ്വാസത്തില്‍നിന്നും വഴിതെറ്റി വളരെ ക്ലേശങ്ങളില്‍ തങ്ങളെത്തന്നെ ഉള്‍പ്പെടുത്തുന്ന ആളുകളുണ്ട്. ''അല്ലയോ ദൈവത്തിന്റെ മനുഷ്യാ നീ ഇവയില്‍നിന്നും ഓടി അകന്ന് നീതിയുടെയും, സത്യത്തിന്റേയും, സ്‌നേഹത്തിന്‍റെയും, വിശ്വാസത്തിന്‍റെയും, ക്ഷമയുടെയും, വിനയത്തിന്‍റെയും പിന്നാലെ പാഞ്ഞെത്തുക.''
(പൗലോസ് : 1 തിമാ-6:11)

2012, ഡിസംബർ 6, വ്യാഴാഴ്‌ച

ഓശാന വായനക്കാരോടും സുഹൃത്തുക്കളോടും


ജോസഫ് പുലിക്കുന്നേല്‍
(ഓശാന മാസികയുടെ 2012 ഡിസംബര്‍ ലക്കത്തില്‍നിന്ന്)

എന്റെ മകന്‍ രാജുവും ഹൈക്കോടതിയിലെ ഒരു വക്കീലും ചേര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്. ഞാന്‍ ഇതുവരെയായും അതിനു മറുപടിയൊന്നും പറഞ്ഞില്ല. കാരണം ഇത്തരം അനേകം ആരോപണങ്ങളുടെ തീക്കട്ടകളിലൂടെയാണ് ഞാന്‍ എന്റെ ജീവിതം നടന്നുതള്ളിയത്. ഈ ആരോപണത്തിന്റെ ഒരു പ്രത്യേകത എന്റെ മകന്‍ രാജുവാണ് ഇതിന്റെ പിന്നിലുള്ളതെന്നാണ്. തന്മൂലം വൈകാരികമായ ഒരു വേദന എനിക്കുണ്ട്. എന്നെ സ്‌നേഹിക്കുന്നവരും എന്നെ അറിയാവുന്നവരുമായ ആരുംതന്നെ ഈ കള്ളക്കഥകള്‍ വിശ്വസിക്കുകയുമില്ലെന്ന് എനിക്കറിയാം. ആരോപണങ്ങളെക്കുറിച്ച് ഗവണ്‍മെന്റ് അന്വേഷണം നടത്തുന്നു എന്നു ഞാന്‍ അറിയുന്നു. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ മാത്രം ഒരു വിശദീകരണം എഴുതിയാല്‍ മതിയെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ സത്യം നേരത്തെതന്നെ പുറത്തു പറയണമെന്ന് പലരും നിര്‍ദേശിച്ചു.


പ്രശ്‌നത്തിന്റെ ആരംഭം
എന്റെ മകന്‍ രാജു ദുര്‍ഗാപ്പൂരില്‍ നിന്നും എഞ്ചിനിയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ഹോളണ്ടില്‍ എനിക്കു പരിചയമുള്ള ഒരു വ്യവസായിയുടെ സ്ഥാപനത്തില്‍ പരിശീലനത്തിനായി വിട്ടു. പിന്നീട് ആ വ്യവസായിയുടെ സാമ്പത്തിക സഹായത്തോടെ ബാംഗ്‌ളൂരില്‍ ആര്‍ഡിംഗ് ഇന്ത്യ എന്നപേരില്‍ അവന്റേതായ ഒരു സ്ഥാപനവും ആരംഭിച്ചു. മുഖ്യമായും ഹോളണ്ടിലേക്കുള്ള കയറ്റുമതിയും ഇറക്കുമതിയുമായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഏതായാലും വളരെ താമസിയാതെതന്നെ അവന്‍ വ്യവസായത്തില്‍ വിജയിച്ചു. ബാംഗ്‌ളൂരില്‍ സ്ഥിരതാമസമാക്കി. വളരെയധികം സ്ഥലം കേരളത്തിലും ബാംഗ്‌ളൂരിലും ഇതര സ്ഥലങ്ങളിലും അവന്‍ വാങ്ങിയിട്ടുണ്ടെന്ന് അറിയുന്നു. 



ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെയും കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെയും പ്രവര്‍ത്തനത്തിനായുള്ള സാമ്പത്തിക സഹായം നല്‍കിയിരുന്നത് ഹോളണ്ടിലെ വേര്‍ഡ് ആന്റ് ഡീഡ് എന്ന സംഘടനയായിരുന്നു. വ്യവസായിക ആവശ്യത്തിനായി ഹോളണ്ടിലേക്ക് പോകുന്ന രാജു വേര്‍ഡ് ആന്റ് ഡീഡിന്റെ തലപ്പത്തുള്ളവരുമായി ബന്ധമുണ്ടാക്കി. 

2003-ല്‍ ഒരു ദിവസം അവന്‍ വന്ന് എന്നോടു ചില കാര്യങ്ങള്‍ പറഞ്ഞു. അതില്‍ മുഖ്യമായത് വേര്‍ഡ് ആന്‍ഡ് ഡീഡ് എന്ന സംഘടന ഒരു മാനുവല്‍ ഇറക്കിയിട്ടുണ്ടെന്നും അതില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു എന്നുമായിരുന്നു. 'The organisation does not have branches worldwide; instead, it coþoperates with local independent Protestant Christian partner organisations.' 


അതുകൊണ്ട് നമ്മുടെ സംഘടന ഒരു പ്രോട്ടസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ ആക്കുന്നില്ലെങ്കില്‍ സംഭാവന തരാന്‍ അവര്‍ ഭാവിയില്‍ മടിച്ചേക്കാം എന്ന മുന്നറിയിപ്പായിരുന്നു അവന് പറയാനുണ്ടായിരുന്നത്. വേര്‍ഡ് ആന്റ് ഡീഡിന്റെ സ്ഥാപക നേതാക്കന്മാരായ എല്ലാവരേയും എനിക്കറിയാം. ഞാന്‍ കത്തോലിക്കാ സമുദായത്തില്‍ ജനിച്ചതാണെന്നും ഈ സമുദായത്തില്‍ നിന്നു മാറാന്‍ ഉദ്ദേശമില്ലെന്നും പരസ്പരം സമ്മതിച്ച് ഒപ്പുവെക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം തരുന്നതിന് സഭ മാറേണ്ട ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു. അത് അവര്‍ സമ്മതിക്കുകയും ചെയ്തു. പക്ഷേ രാജുവിന്റെ അഭിപ്രായം അതായിരുന്നില്ല. സ്ഥാപക നേതാക്കന്മാര്‍ ഓരോരുത്തരായി ഹോളണ്ട് സംഘടനയില്‍നിന്നും റിട്ടയര്‍ ചെയ്‌തെന്നും ജാന്‍ ലോക്ക് എന്ന ഒരു ചെറുപ്പക്കാരന്‍ വേര്‍ഡ് ആന്റ് ഡീഡിന്റെ പുതിയ സി.ഇ.ഒ. ആയിയെന്നും അദ്ദേഹത്തിന് ഇക്കാര്യങ്ങളെല്ലാം നിര്‍ബന്ധമുണ്ടെന്നും എന്നോടു പറഞ്ഞു. ഏതായാലും ഞാന്‍ സഭ മാറാന്‍ തയ്യാറല്ല എന്ന് തറപ്പിച്ചു പറഞ്ഞു. സഭയെ നവീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓശാന ആരംഭിച്ചത്. അല്ലാതെ വേറൊരു സഭയില്‍ ചേരാന്‍ വേണ്ടിയിട്ടല്ല. 


ഇതിനിടെ എനിക്ക് 60 വയസ്സു തികഞ്ഞപ്പോള്‍ എന്റെ ഭൗതിക സ്വത്തുക്കളെല്ലാം എന്റെ മകന്‍ രാജുവിന് നല്‍കിക്കൊണ്ട് ഒരു ഒസ്യത്ത് എഴുതി. പിന്നീട് 70 വയസ്സായപ്പോള്‍ ഓശാന സ്ഥാപനങ്ങളെക്കുറിച്ച് ഞാന്‍ അവനെഴുതി. 
''ഓശാനമൗണ്ട് സ്ഥാപനങ്ങളെക്കുറിച്ച് എന്റെ മകന്‍ രാജുവിന് നല്കുന്ന അനുശാസനം


പ്രിയപ്പെട്ട രാജു,
എനിക്ക് 70 വയസ്സായി. എന്റെ പ്രതീക്ഷകള്‍ക്കപ്പുറം ദൈവം എനിക്ക് ദീര്‍ഘായുസ് തന്നിരിക്കുന്നു. നിനക്കറിയാവുന്നതുപോലെ എന്റെ സഹോദരന്മാരും സഹോദരിയും 70 നുമുമ്പ് അവശരായി. ചിലരാകട്ടെ, 60 വയസ്സിലും. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ കൂടുതല്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഓശാനമൗണ്ട് സ്ഥാപനങ്ങളുമായി നിനക്കുള്ള ബന്ധത്തെക്കുറിച്ച് നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം എനിക്കു തന്ന ഒരു വിശുദ്ധട്രസ്റ്റായിട്ടാണ് ഓശാനമൗണ്ട് സ്ഥാപനങ്ങളെ ഞാന്‍ കാണുന്നത്. ഞാന്‍ ദൈവത്തിന്റെ കൈയിലെ കേവലഉപകരണമായിരുന്നു. നീയും അങ്ങനെ വേണം ഇതിനെ കാണാന്‍. മുപ്പതോളം കൊല്ലത്തെ എന്റെ ആയുസ്സ് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടി ഞാന്‍ ചെലവഴിച്ചു. അത് ആഹ്ലാദകരമായ ഒരു ജോലിയായിരുന്നു. ഈ സ്ഥാപനത്തില്‍നിന്നും വളരെയധികംപേര്‍ അവരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ദാഹം തീര്‍ത്തു. നന്ദിയോടെയുള്ള അവരുടെ ദീര്‍ഘനിശ്വാസം വമ്പിച്ച ഒരു ധനമായി ഞാന്‍ കാണുന്നു. അവയെല്ലാം നിനക്കും വരുന്ന തലമുറയ്ക്കും ഞാന്‍ നല്‍കുന്നു. രണ്ട് സ്ഥാപനങ്ങളുടെയും മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ നീ നിന്റെ സേവനം അവര്‍ക്ക് നല്‍കണം. ദൈവാനുഗ്രഹത്താല്‍ GSPI യ്ക്കും CRLS നും ഇന്ന് അര്‍പ്പിതമനസ്‌കരായ ഒരു മാനേജിംഗ് ബോര്‍ഡുണ്ട്. അവര്‍ സ്ഥാപനം നോക്കി നടത്തും. അവര്‍ ആവശ്യപ്പെടുമ്പോള്‍ വേണ്ട സഹായവും പിന്തുണയും നീ കൊടുക്കണം. ഈ സ്ഥാപനങ്ങളില്‍നിന്ന് ഒരു സാമ്പത്തികലാഭമോ പ്രശസ്തിയോ പേരോ നീ ആഗ്രഹിക്കരുത്. ഈ സ്ഥാപനങ്ങള്‍ ഒരു വിശുദ്ധപൊതുട്രസ്റ്റാണ്. ഇവ സ്ഥാപിച്ചിരിക്കുന്നത് നമ്മുടെ ഗ്രാമത്തിലും കുടുംബഭവനത്തിനും സമീപമാകയാല്‍ ബോര്‍ഡ് നിന്റെ സഹായം ചോദിച്ചേക്കാം. നീ എല്ലാ കാലങ്ങളിലും ബോര്‍ഡിനോട് സഹകരിക്കുകയും അവരെ സഹായിക്കുകയും ചെയ്യണമെന്ന് ഞാന്‍ അനുശാസിക്കുന്നു.''


ഇത് അവന് ഇഷ്ടപ്പെട്ടില്ല എന്ന് അവന്റെ സംസാരത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ അവനോടു പറഞ്ഞു. പൊതു ജീവിതത്തില്‍ സമ്പാദിക്കുന്നതൊന്നും നമ്മുടേതല്ല. മന്നത്തു പത്മനാഭന്‍ എന്‍.എസ്.എസ്. സ്ഥാപിച്ചു. അത് മക്കള്‍ക്കു കൊടുത്തില്ല. ഡോ പല്‍പുവും ആര്‍ ശങ്കറും എസ്.എന്‍.ഡി.പി.യെ വളര്‍ത്തി. അവരാരും അവരുടെ പിന്‍ഗാമികളെ ഈ സംഘടനയില്‍ അംഗമാക്കിയില്ല. ഇത്തരം വാദങ്ങളൊന്നും രാജു ഇഷ്ടപ്പെട്ടില്ല. അവന്റെ അമ്മയോടും പെങ്ങന്മാരോടും ഞാന്‍ എടുത്ത തീരുമാനം തെറ്റാണെന്ന് പറഞ്ഞു. പക്ഷേ അവരാരും രാജുവിന്റെ അഭിപ്രായത്തോട് യോജിച്ചില്ല. 
അങ്ങനെയിരിക്കുമ്പോഴാണ്. ഡോ. പൈലി ബോര്‍ഡ് വികസിപ്പിക്കണമെന്നും രാജുവിനെക്കൂടെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടത്. ഞാന്‍ എന്റെ തീരുമാനം പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. രാജു ബോര്‍ഡില്‍ ചേര്‍ന്നാലും ഭരണപരമായ കാര്യങ്ങള്‍ നടത്തുന്നത് ബോര്‍ഡല്ലേ. അവനു ഹോളണ്ടുമായി ബന്ധമുള്ള നിലയ്ക്ക് നമ്മുടെ കാര്യങ്ങള്‍ അവര്‍ക്കു കൂടുതല്‍ വിശദീകരിച്ചുകൊടുക്കാന്‍ അവനു കഴിയും. ഞാന്‍ സമ്മതം മൂളി. അങ്ങനെ അവന്‍ ജി.എസ്.പി.ഐ ബോര്‍ഡിലെ അംഗമായിതീര്‍ന്നു. 



ഇതിനിടെ രാജു ''അക്‌സസ്'' എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് ബാംഗ്‌ളൂരില്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഈ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഡോ.എം.വി..പൈലിയായിരുന്നു. അദ്ദേഹം സി.ആര്‍എല്‍.എസിന്റെ ചെയര്‍മാനും ജി.എസ്.പി.ഐ.യുടെ കൗണ്‍സില്‍ അംഗവുമായിരുന്നു. 2003-ല്‍ രാജു ഹോളണ്ടിലേക്ക് അക്‌സസിന്റെ പേരില്‍ രണ്ടേകാല്‍ കോടി രൂപയുടെ ഒരു പ്രോജക്ട് സമര്‍പ്പിച്ചു. ഞാനോ ട്രഷററോ ബോര്‍ഡ് അംഗങ്ങളോ ഈ പ്രോജക്ടിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പ്രോജക്ട് ഹോളണ്ടില്‍ എത്തിയപ്പോള്‍ ജി.എസ്.പി.ഐ. ഈ പ്രോജക്ട് ഏറ്റെടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന് അവര്‍ തിരിച്ചെഴുതി. ബോര്‍ഡ് കൂടി. എന്റെ മകന്റെ അപേക്ഷയെ സംബന്ധിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഞാന്‍ മീറ്റിംഗില്‍ ഇരിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്നു പറഞ്ഞ് ഞാന്‍ യോഗത്തില്‍നിന്നും വിട്ടു നിന്നു. ഇത് അവനെ ക്ഷോഭിപ്പിച്ചു. ജി.എസ്.പി.ഐ.യുടെ മേല്‍നോട്ടത്തില്‍ ഈ ടെക്‌നിക്കല്‍ സ്‌കൂള്‍ നടത്താന്‍ രാജു തയ്യാറായില്ല. അങ്ങനെ ഇക്കാര്യത്തില്‍ അവന് എന്നോടു വലിയ അമര്‍ഷമുണ്ടായിരുന്നു. അവന്‍, അവനെക്കുറിച്ചു മാത്രമേ ചിന്തിച്ചുള്ളൂ. നാം ജീവിക്കുന്ന സമൂഹത്തില്‍ ചില ധാര്‍മികമൂല്യങ്ങളും അളവുകോലുകളും ഉണ്ടെന്നും അവ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അവന്‍ ഒരു ബിസിനസുകാരനാണ്. ബിസിനസ്സിന്റെ കണ്ണിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ കാണരുതെന്ന് ഞാനും എന്റെ ഭാര്യയും മറ്റു മക്കളും അവനെ ഉപദേശിച്ചു.


രാജുവിന്റെ സംസാരത്തിലും എഴുത്തിലും പ്രകടമായ ഒരു വ്യത്യാസം അക്കാലഘട്ടത്തിലുണ്ടായി. എഴുത്തുകള്‍ എഴുതുമ്പോള്‍ ''സര്‍വശക്തനായ ദൈവത്തിന്റെ പുത്രനും, നമ്മുടെ രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ആദ്യമായി നന്ദി പറയട്ടെ.'' മുതലായ വിശേഷണങ്ങളോടുകൂടിയാണ് കത്തുകള്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. അതായത് തികച്ചും പെന്തക്കോസ്തല്‍ സഭാ പാസ്റ്റര്‍മാര്‍ ഉപയോഗിക്കുന്ന അതേ ശൈലി. ഇത് ഹോളണ്ടിനെ പ്രീണിപ്പിക്കാനാണ് എന്ന് എനിക്കറിയാമായിരുന്നു. 2007 ഏപ്രില്‍ മാസം 14-ാം തീയതി 75-ാമത്തെ വയസ്സില്‍ ഓശാനമൗണ്ടിലെ സ്ഥാപനങ്ങളിലുണ്ടായിരുന്ന എല്ലാ സ്ഥാനങ്ങളും ഞാന്‍ രാജിവെച്ചു. സാധാരണ എന്റെ അഭാവത്തില്‍ ഓശാനമൗണ്ടിലെ ദൈനംദിന കാര്യങ്ങള്‍ നടത്തിയിരുന്നത് ട്രഷററായിരുന്നു. ശ്രീ. തോമസ് എബ്രാഹം കളളിവയലില്‍ ആയിരുന്നു അന്നത്തെ ട്രഷറര്‍. ഏപ്രില്‍ 21-ാം തീയതി രാജു ജീവനക്കാരുടെയെല്ലാം മീറ്റിംഗ് വിളിച്ചുകൂട്ടി. ഞാനും ട്രഷററായ തോമസ് എബ്രാഹവും ഉണ്ടായിരുന്നു. അവിടെവെച്ച് ഓശാനമൗണ്ടിന്റെ ഭരണം അവന്‍ ഏറ്റെടുത്തിരിക്കുന്നെന്നും ജീവനക്കാര്‍ അവനോട് വിധേയരായിരിക്കണമെന്നും മറ്റും പ്രസംഗിക്കുകയുണ്ടായി. 

ഞാന്‍ രാജിവെച്ച സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കുന്നതിന് ബോര്‍ഡിന് അവസരം കൊടുക്കാതെ അവന്‍ അധികാരം ഏറ്റെടുത്തു. ഇത് ജീവനക്കാര്‍ക്കും ബോര്‍ ഡിനും അംഗീകരിക്കാവുന്നതായിരുന്നില്ല. ഇതിനിടെ പലപ്രാവശ്യം അവന്‍ ഹോളണ്ടില്‍ പോകുകയും ജാന്‍ ലോക്കുമായി സംസാരിക്കുകയും ചെയ്തുപോന്നു. ഓശാനമൗണ്ടിനെ പെന്തക്കോസ്തല്‍ സ്ഥാപനമായി മാറ്റാന്‍ ആയിരുന്നു അവന്റെ പരിശ്രമം. ജീവനക്കാരായി നാനാജാതി മതസ്ഥര്‍ ഓശാനമൗണ്ടില്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ജോലി തുടങ്ങുന്നതിനുമുമ്പ് കൂട്ടായി പ്രാര്‍ഥിക്കണം എന്ന ചിട്ടയുണ്ടാക്കി. അന്നുവരെ ഇല്ലാതിരുന്ന ഈ ചിട്ട ഇതര മതവിശ്വാസികളെ ചൊടിപ്പിച്ചു. ഇവിടെ അന്ന് അന്തേവാസികളായി പത്തുമുപ്പതോളം പ്രമേഹരോഗികളായ ബാലികമാര്‍ താമസിക്കുന്നുണ്ടായിരുന്നു. എന്നും വൈകുന്നേരം അവര്‍ക്ക് പ്രാര്‍ഥന നിര്‍ബന്ധമാക്കി. മാത്രമല്ല ബൈബിള്‍ ക്ലാസുകളും. ഇതു പലരിലും രോഷം ഉളവാക്കി. ഈരാറ്റുപേട്ടയില്‍നിന്നു കുറെ മുസ്ലീമുകള്‍ ഇവിടെ വന്ന് മുസ്ലീമുകളെ ഈ പ്രാര്‍ഥനായോഗത്തില്‍ നിര്‍ബന്ധിച്ച് ചേര്‍ക്കുന്നതിനെ പ്രതിഷേധിച്ചു ആര്‍.എസ്.എസുകാരും ഇടപെട്ടു. ഇതെല്ലാം ഞാന്‍ അവനോടു പറഞ്ഞു. ആകെ അന്തരീക്ഷം കലുഷിതമായി. തന്നെ അനുസരിക്കാത്തവരെ പിരിച്ചുവിടുമെന്ന് ഭീഷണിയായി. 


ഈ കാലഘട്ടത്തില്‍ എന്റെ ഭാര്യ രോഗബാധിതയായി. എനിക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. എന്റെ ഭാര്യയുടെ ആരോഗ്യ നില പരിഗണിച്ച് രാജുവിനെതിരെ നടപടികളെടുക്കാന്‍ ബോര്‍ഡ് മടിച്ചു. 
2009 ജനുവരി 12-ാം തീയതി ബോര്‍ഡുകൂടി രാജുവിനോട് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ശാസിച്ചു. ഈ യോഗത്തില്‍ എം.വി. പൈലി ഉള്‍പെടെയുള്ള ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തിരുന്നു. ഈ വിവരം ഹോളണ്ടിനെ അറിയിച്ചു. ബോര്‍ഡില്‍നിന്നും രാജുവിനെ പുറത്താക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് നേരത്തെതന്നെ അവന്‍ ജാന്‍ ലോക്കിനെ അറിയിച്ചിരുന്നു. 


ജാന്‍ ലോക്ക് ജനുവരി 20-ാം തീയതിയിലെ കത്തില്‍ ഇങ്ങനെ എഴുതി. 'With the news that are going on we are at the point of asking you the following as the sole donor organization: 
can you, as the chairman and board member, confirm the change in management? 

If you can confirm this information I request you the following: Please send me a formal letter informing me about what is going on and request the status-þco to be maintained in the management as far as possible;
Please use your authority as chairman and board member and permit W&D board representative to participate in an emergency Board of GSPI & CRLS to be called were Raju must be allowed to explain his case and a workable solution is chocked out.
In case GSPI and CRLS are not willing to accept our request: Please transfer back immediately the funds given and still not spend for projects back to our ban
k account as we are really concerned about the funds which is meant only for agreed target group and freeze the account with immediate effect to avoid misuse.
If that is not acceptable, I feel forced to inform the Indian Government about possible misuse of funds with all consequences for the name of the organisation and the name of all its governors
For the time being I have to stop immediately the working relation with GSPI and CRLS till I get more clarity about the direction etc.'


അതായത് രാജുവിനെ കൗണ്‍സിലിലേക്ക് തിരിച്ചെടുക്കാനുള്ള 'കല്പന'യായിരുന്നു ഇത്. ഇത് വേര്‍ഡ് ആന്റ് ഡീഡിന്റെ മാനുവലിന് വിരുദ്ധമായിരുന്നുതാനും. മാത്രമല്ല വിദേശത്തുള്ള ഡോണര്‍ സംഘടനക്ക് സംഭാവന ലഭിക്കുന്ന ഇന്ത്യയിലുള്ള സംഘടനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. അന്നുവരെ കൃത്യമായി ഓഡിറ്റുചെയ്ത കണക്കും ബാലന്‍സ് ഷീറ്റും ഹോളണ്ടിനു കൊടുത്തിരുന്നു. മാത്രമല്ല 2008 നവംബര്‍ മാസത്തില്‍ പൂനായില്‍ നിന്നുള്ള 'ശിക്ഷാങ്കന്‍' എന്ന ഓഡിറ്റ് സംഘടന ഇവിടെയെത്തി ഏകദേശം രണ്ടാഴ്ചയോളം താമസിച്ച് ഓഡിറ്റിംങ് നടത്തി അതിന്റെ റിപ്പോര്‍ട്ട് ഹോളണ്ടിന് സമര്‍പ്പിച്ചിരുന്നു. അതില്‍ ഇങ്ങനെ പറയുന്നു. 'GSPI runs projects efficiently, on rather low budgets and manages everything well.' 

ഫെബ്രുവരി 12-ാം തീയതി ബോര്‍ഡ് വീണ്ടും ചേര്‍ന്നു. ഈ ബോര്‍ഡില്‍ ബന്തേം എന്ന ഒരു പാസ്റ്റര്‍ സംബന്ധിച്ചിരുന്നു. അയാള്‍ വേര്‍ഡ് ആന്റ് ഡീഡിന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ള ആളായിരുന്നില്ല. ഇയാള്‍ ഞാനും രാജുവുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിന് എത്തിയതായിരുന്നു. ആളൊരു സാധു. പക്ഷേ ''പാപപ്പേടി'' അദ്ദേഹത്തിന് ഏറെയായിരുന്നു. ഇത് അദ്ദേഹത്തെ പലപ്പോഴും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തോട് രാജു എന്തെല്ലാമോ നുണക്കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹം ഇതൊന്നും എന്നോടു പറഞ്ഞില്ല. പിന്നീട് അദ്ദേഹം ബോര്‍ഡില്‍ എനിക്കെതിരെ രാജു പറഞ്ഞ ആരോപണങ്ങള്‍ പറഞ്ഞതായി അറിഞ്ഞു. ഡോ. പൈലിയും ഉണ്ടായിരുന്ന യോഗത്തില്‍വെച്ച് രാജുവിനെ ഏകകണ്ഠമായി പുറത്താക്കി. അപ്പോഴേയ്ക്കും രാജുവിന്റെ സമീപനം വളരെ മാറിയിരുന്നു.


മൂന്ന് മുഖ്യ ആരോപണങ്ങളാണ് രാജു ഇപ്പോള്‍ ഉന്നയിക്കുന്നത്. 
1. സുനാമിക്ക് വീടുവയ്ക്കാന്‍ ലഭിച്ച പണം വകമാറ്റി ചിലവഴിച്ചു: ഒരിക്കലുമില്ല ഇത് തികച്ചും അയഥാര്‍ഥമാണ്. ഗവണ്‍മെന്റിന്റെ കണക്കനു സരിച്ച് ഒരു വീടിന് 2,72,000/- രൂപവെച്ച് 33 വീടുകള്‍ക്കായി 89,76,000/- രൂപ ഹോളണ്ടില്‍ നിന്നും അയച്ചു തന്നു. ഈ വീടുകളുടെ നിര്‍മാണം വളരെ സൂക്ഷ്മമായി നിര്‍വഹിച്ചതിന്റെ ഫലമായി 19,80,426.20 രൂപ മിച്ചം വന്നു. പണുത വീടുകള്‍ ഹോളണ്ടില്‍ നിന്നുള്ള പ്രതിനിധി സംഘം കാണുകയും അഭിനന്ദിക്കുകയും ചെയ്തു. മുന്‍ സൂചിപ്പിച്ച ശിക്ഷാങ്കന്‍ ഓഡിറ്റ് കമ്മിറ്റി സുനാ മിവീടുകളുടെ ചെലവുകളും ഓഡിറ്റ് ചെയ്തിരുന്നു. മിച്ചംവന്ന 19,80,426.20 രൂപ എന്തുചെയ്യണമെന്ന് ട്രഷറര്‍ ഹോളണ്ടിനെഴുതി ചോ ദിച്ചു. ആ പണം ഇന്നും ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിട്ടുണ്ട്. ഇന്ത്യന്‍ നിയമം അനുസരിച്ച് വിദേശത്തുനിന്നും സംഭാവനകള്‍ സ്വീകരിക്കാം. എന്നാല്‍ ഇന്ത്യയില്‍ നിന്നും പണം വിദേശത്തേക്ക് അയക്കാന്‍ പാടില്ല. ഇന്നും ആ പണം ബാങ്കിലുണ്ട്. അതില്‍ ഒരു രൂപപോലും ആരും എടുത്തിട്ടില്ല. 


2. മുളന്തുരുത്തി സ്‌കൂള്‍ പ്രശ്‌നം: രാജു ഉന്നയിക്കുന്ന മുളന്തുരുത്തി സ്‌കൂള്‍ പ്രശ്‌നം ഇതാണ്. 2005 ഫെബ്രുവരി മാസത്തില്‍ ഹോളണ്ടുമായി സഹകരിച്ച് ഒരു സി.ബി.എസ്.സി. സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഈ സ്‌കൂള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അതിന്റെ നടത്തിപ്പു ചെലവു മുഴുവന്‍ ഹോ ളണ്ടു തന്നുകൊള്ളാമെന്നുള്ള വാഗ്ദാനവും ഉണ്ടായിരുന്നു. അതനുസരിച്ച് 2005 മാര്‍ച്ച് 22-ാം തീയതി മുളന്തുരുത്തിയില്‍ 4 ഏക്കര്‍ 19 സെന്റ് സ്ഥലം വാങ്ങി കെട്ടിടവും പണുതു. 2006 ജൂണ്‍ മാസത്തില്‍ സ്‌കൂളും ആരംഭിച്ചു. ഈ അവസരത്തിലാണ് ഹോളണ്ടില്‍ നിന്നും എല്ലാ പ്രോജക്ടുകളും നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് കത്തുവരുന്നത്. പിന്നീട് സ്‌കൂള്‍ നടത്താന്‍ സാധ്യമാകാതെ വന്നു. എല്ലാ പ്രോജക്ടുകളും നിര്‍ത്തിയതോടൊപ്പം മുളന്തുരുത്തി പ്രോജക്ടും അടക്കേണ്ടി വന്നു. 4 ഏക്കര്‍ 19 സെന്റ് സ്ഥലമുണ്ട്. അത് കാത്തു സൂക്ഷിക്കണമെങ്കില്‍ ആണ്ടിനാല്‍ ഏകദേശം 1 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഇത് ഞങ്ങളെ വിഷമിപ്പിച്ചു. മൂന്നു കൊല്ലങ്ങള്‍ക്കു ശേഷം ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തു.


“’Resolution Regarding sale of Mulanthuruthy property carried at the meeting of the GSPI on 9th June 2010.
'..... It is in this background that the council decided to consider the feasibility of disposing of the Mulanthuruthy property, and to utilize the interest accruing on the sale proceeds thereof for continuing the charitable activities of the society. The considered assessment is that the interest that could accrue on the sale proceeds, if properly managed, will be sufficient to carry on the present activities for a fairly long future period of years. If on the other hand the Mulanthuruthy property is not disposed of some of the Council members expressed their apprehension that the entire property could possibly be encroached upon or rival claimants set up illegal claims or lost in some other manner once and for all. This apprehension is shared by the majority of the members of the Council. The alternative option suggested by some members was that the entire activities of this society be transferred to some other organization with similar objectives. But the majority members of the council did not agree to that option.
After considering both the options threadbare in two sittings of the Council (31st May 2010 and 9th June 2010), the council resolved by a two third majority to take early steps for the disposal of the Mulanthuruthy property. ..... However, it is made clear that the sale proceeds of the Mulanthuruthy property will be put in the most appropriate deposit so that the interest accrued thereon alone will be permitted to be utilized for the activities of the society. The following members will form the committee for making the recommendations regarding disposal of the property at Mulanthuruthy and investment of the sale proceeds. (The recommendation will be placed before the Council for its approval).'


ഈ തീരുമാനമനുസരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, മനോരമ എന്നീ പത്രങ്ങളില്‍ പരസ്യം കൊടുത്തു. ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത നോര്‍ത്ത് മൗണ്ട് പ്രോപ്പര്‍ട്ടീസ് എന്ന സംഘടനക്ക് 3,92,00,000/- രൂപയ്ക്ക് സ്ഥലം വിറ്റു. ആ തുക അതേപടി 5 ബാങ്കുകളിലായി ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചു. ഒരു പൈസപോലും വകമാറ്റി ചെലവാക്കിയിട്ടില്ല. ഈ പണവും തിരിച്ചുകൊടുക്കാന്‍ നിയമപരമായി കഴിയുന്നില്ലെന്നുള്ളതാണ് വസ്തുത. 

3. ഹോളണ്ടില്‍നിന്നും ജനസേവനത്തിനായി അയച്ചുതന്ന പണം ഓശാനമൗണ്ടില്‍ സിമ്മിംഗ് പൂള്‍ പണിയുന്നതിന് ഉപയോഗിച്ചു എന്നതാണ് മറ്റൊരാരോപണം. ഓശാനമൗണ്ടില്‍ രണ്ടു സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. പൊതു ജനസേവനം ലക്ഷ്യമാക്കി ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ (ജി.എസ്.പി.ഐ). മറ്റൊന്ന് കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി (സി.ആര്‍.എല്‍.എസ്.). ഈ സൊസൈറ്റിയുടെ കീഴിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ് (ഐ.ഐ.സി.എസ്) പ്രവര്‍ത്തിക്കുന്നത്. അന്ന് ഇതിന്റെ ചെയര്‍മാന്‍ ഡോ. എം.വി.പൈലിയായിരുന്നു. ഈ സംഘടനക്ക് വിദേശത്തുനിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. ഈ സംഘടനക്ക് ഇവിടെ സെമിനാറുകള്‍ നടത്താന്‍ സൗകര്യമുണ്ട്. ഈ സെമിനാറുകളില്‍നിന്നും ലഭിക്കുന്ന വരുമാനംകൊണ്ടാണ് സി.ആര്‍എല്‍.എസിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 2004 മാര്‍ച്ച് 6-ാം തീയതി ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍വെച്ചാണ് ഒരു സിമ്മിംഗ് പൂള്‍ ഉണ്ടാക്കുന്നതിന് തീരുമാനിച്ചത്. ഇതിനെക്കുറിച്ച് ആലോചിച്ച് ഭാവി നടപടി സ്വീകരിക്കാന്‍ അന്നത്തെ ട്രഷററായ ശ്രീ. തോമസ് ഉമ്മനെയും എന്നേയും ചുമതലപ്പെടുത്തി. തുടര്‍ന്ന് ജൂലൈ 3-ാം തീയതിയിലെ മീറ്റിംഗിലും ഇതുസംബന്ധമായി തീരുമാനമെടുത്തു. ആഗസ്റ്റ് 21-ാം തീയതികൂടിയ യോഗത്തില്‍ ഇതിനുള്ള പണം എങ്ങനെ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. 6 മീറ്റിംഗുകളിലെങ്കിലും ചര്‍ച്ച ചെയ്തതിനുശേഷമാണ് സി.ആര്‍എല്‍.എസിന്റെ കീഴില്‍ ഈ സിമ്മിംഗ് പൂള്‍ പണിയാന്‍ തീരുമാനിക്കുന്നതും പണിയുന്നതും. ഇതിനായി ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ വിദേശപണമൊന്നും ഉപയോഗിച്ചിട്ടില്ല. 


പിന്നെയുള്ള ആരോപണം ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍നടക്കുന്നു എന്നതാണ്. അത് ആര്‍ക്കും അന്വേഷിക്കാവുന്നതാണല്ലോ.

2012, ഡിസംബർ 3, തിങ്കളാഴ്‌ച

ഗാന്ധിരാജാവ് ?!!!

ജോസഫ് പുലിക്കുന്നേല്‍
(1975 നവംബറിലെ ഓശാനമാസികയില്‍നിന്ന്) 

കേള്‍ക്കുമ്പോള്‍തന്നെ എന്തോ ഒരപാകത തോന്നുന്നില്ലേ? അര്‍ദ്ധനഗ്നനായി, ഇന്‍ഡ്യയിലെ ഏതു ഗ്രാമത്തിലും കാണുന്ന ഒരു കൃഷീവലനെപ്പോലിരിക്കുന്ന ഗാന്ധിജിയെ ഏതെങ്കിലും ചിത്രകാരന്‍ രാജാവായി ഭാവനയില്‍ കണ്ട്, തലയില്‍ രത്‌നഖചിതമായ ഒരു കിരീടവും, ദേഹത്തില്‍ സ്വര്‍ണ്ണക്കസവ് തുന്നിപ്പിടിപ്പിച്ച കുപ്പായവും കയ്യില്‍ ചെങ്കോലും കാലില്‍ ഷൂസും മറ്റുമായിട്ടു വരയ്ക്കുന്നു എന്ന് വിചാരിക്കുക! അത് വികൃതവും, ഗാന്ധിയുടെ ആത്മാവിനോട് ചെയ്യുന്ന കഠിനമായ അപരാധവും ആയിത്തീരുകയില്ലേ? ഗാന്ധിജി ഭാരതത്തിലെ ജനഹൃദയങ്ങളില്‍, രാജാവായിരുന്നു. (രാജാവ് എന്ന പദം 'അധികാരി' എന്ന അര്‍ത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിട്ടുള്ളത്.) അതിനെ സൂചിപ്പിക്കാനായി, രാജകീയവേഷത്തില്‍ ഗാന്ധിജിയെ വരയ്ക്കാനോ പ്രതിമകൊത്താനോ ഒരു കലാകാരനും തയ്യാറായിട്ടില്ല. ഗാന്ധിജിയുടെ ഭാഗ്യം!

പുല്‍ക്കൂട്ടില്‍ പിറന്നവന്‍
ക്രിസ്തുവിന്റെ ജീവിതം നമുക്ക് ഒന്നു പരിശോധിക്കാം. കാലിത്തൊഴുത്ത് എന്നത് വൃത്തികേടിന്റെ ഒരു പര്യായമാണ്. ഒരു മനുഷ്യന് ജനിക്കാന്‍ ഒട്ടും പറ്റാത്ത സ്ഥലമാണത്. ലോകചരിത്രത്തില്‍ വളരെ അപൂര്‍വ്വം മനുഷ്യജീവികളേ കാലിത്തൊഴുത്തില്‍ പിറന്നുകാണാന്‍ ഇടയുള്ളു. അവിടെയാണ് യേശു ജനിച്ചത്. മരിച്ചതോ? അക്കാലത്ത് കൊള്ളക്കാര്‍ക്കും കൊലപാതകികള്‍ക്കും മാത്രം ഒരുക്കിയിരുന്ന മരക്കുരിശില്‍. 33 കൊല്ലത്തെ ജീവിതത്തില്‍ 3 കൊല്ലത്തെ ജീവിതത്തേക്കുറിച്ചേ നമുക്ക് അറിവുള്ളു; ആ കാലഘട്ടത്തില്‍ അനുയായികളായി ലഭിച്ചതോ, അക്ഷരജ്ഞാനമില്ലാത്ത മുക്കുവന്മാര്‍! പണ്ഡിതന്മാരും പണക്കാരും പ്രതാപികളും ഭരണാധികാരികളും, മതാധികാരികളും യേശുവിനെ പുച്ഛിച്ചുതളളി. പോവപ്പെട്ടവരോടൊപ്പം ജീവിച്ചു. അവസാനം സ്വന്തം അനുയായികളാല്‍പോലും ഉപേക്ഷിക്കപ്പെട്ടു മരിച്ചു. ഭൗതികമായി യാതൊരു നേട്ടവും യേശുവിന് ഉണ്ടായിരുന്നില്ല; ഉണ്ടാകണമെന്ന് ആഗ്രഹവുമില്ലായിരുന്നു.

മിശിഹാരാജാവ്
ആ യേശുവിനെ ഇന്ന് നിങ്ങള്‍ ഒന്നു നോക്കൂ! നിങ്ങളുടെ വീട്ടിലെ പ്രധാന സ്ഥാനത്ത് പസ്‌ക്കിയിട്ട് (എൃമാല ചെയ്ത്), മെഴുകുതിരികളാലും, ബള്‍ബുകളാലും അലങ്കരിക്കപ്പെട്ട്, ഏറ്റവുമധികം ബഹുമാനാദരവുകള്‍ക്ക് അര്‍ഹനായി ഇരിപ്പുണ്ട്. മനോഹരമായ വിവിധ വര്‍ണ്ണങ്ങളുള്ള പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞ്, തലമുടി കലാപരമായി രണ്ടു വശത്തേക്കും ചീകിവെച്ച്, വടിവൊത്ത മുഖത്തിന് ഭൂഷണമായ താടി ചീകിഒതുക്കി അതീവസുന്ദരമായി കാണപ്പെടുന്ന നല്ല ആര്‍ട്ടുപേപ്പറില്‍ അച്ചടിച്ച ആ പടത്തിന്റെ മുമ്പില്‍ നിങ്ങള്‍ മുട്ടുകുത്തി നിന്ന് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നില്ലേ? ഒരു പക്ഷേ പല പടങ്ങളിലും തിരുഹൃദയം നെഞ്ചിനു പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും! ആ ഹൃദയത്തില്‍നിന്നും തീജ്ജ്വാലകള്‍ കത്തി നില്‍ക്കുന്നതായി വരച്ചിട്ടുണ്ടാകും!!! നിങ്ങളുടെ വീട്ടിലെ മിശിഹാരാജാവിന്റെ തലയില്‍, കിരീടവും കയ്യില്‍ ചെങ്കോലും രാജകീയ ചിഹ്നങ്ങളും ഉണ്ടായിരിക്കാം!
യേശു ഒരു പൗരസ്ത്യനായിരുന്നു. ശ്ലീഹന്മാരും പൗരസ്ത്യരായിരുന്നു. യേശു ജനിച്ച കാലത്ത്, ഇന്നു യൂറോപ്പെന്നു പറയുന്ന ഭൂവിഭാഗം, നാഗരികതയുടെ പടിവാതിലില്‍നിന്നു വളരെ അകലെയായിരുന്നു. റോമാ എന്ന കൊച്ചു പട്ടണം കയ്യൂക്കുകൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ യൂറോപ്പില്‍ ചിന്താപരമോ സാസംക്കാരികമോ ആയ ഒരു നേതൃത്വം റോമായ്ക്കുണ്ടായിരുന്നില്ല.

ശക്തിപൂജ
റോമിലും യൂറോപ്പിലും പ്രാകൃതമതമാണ് നിലവിലുണ്ടായിരുന്നത്. സ്രഷ്ടാവിനെക്കുറിച്ച് വ്യക്തമായ അവബോധം റോമില്‍ വികസിച്ചിരുന്നില്ല. റോമാസാമ്രാട്ടുകളെ ദൈവാംശമായിക്കണ്ട് ആരാധിച്ചിരുന്ന ഒരു ജനസമൂഹമാണ് അന്നുണ്ടായിരുന്നത്. സ്രഷ്ടാവിനെക്കുറിച്ചുള്ള അന്വേഷണങ്ങളേക്കാള്‍ സാമ്രാജ്യങ്ങള്‍ വിപുലപ്പെടുത്തുനനതിനേക്കുറിച്ചുള്ള അന്വേഷണങ്ങളായിരുന്നു അവര്‍ക്കു പ്രധാനം. ധാര്‍മ്മിക ശക്തിയേക്കാള്‍ ശരീരശക്തിയ്ക്ക് പ്രാധാന്യം കല്പിച്ചിരുന്നു. അവരില്‍ ധര്‍മ്മബോധം വികാസം പ്രാപിച്ചിരുന്നില്ല. മിശിഹാ ജീവിച്ചിരുന്നപ്പോള്‍, മിശിഹായുടെ സന്ദേശത്തെക്കുറിച്ച് റോമാക്കാര്‍ കേട്ടിരുന്നില്ല. അല്ലെങ്കില്‍ പിതാവായ ദൈവത്തെക്കുറിച്ചും, രക്ഷയെക്കുറിച്ചും ഏകദൈവവിശ്വാസത്തെക്കുറിച്ചും, മറ്റുമുള്ള ക്രിസ്തുവിന്റെ മുരടന്‍ വാദങ്ങളില്‍ റോമാക്കാര്‍ക്ക് താത്പര്യമുണ്ടാകേണ്ട ആവശ്യമില്ലായിരുന്നു. അവര്‍ക്കറിയേണ്ടിയിരുന്നത് ''നീ യൂദന്മാരുടെ രാജാവാകുന്നുവോ'' എന്നു മാത്രമായിരുന്നു. (യോഹ 18:37) ''താന്‍ സത്യത്തെക്കുറിച്ച് സാക്ഷിക്കുന്നതിനാണു ഈ ലോകത്തില്‍ വന്നരിക്കുന്നത്'' എന്ന് പ്രത്യുത്തരിച്ചപ്പോള്‍ ''സത്യമെന്താകുന്നു''വെന്ന് അലസമായി ചോദിച്ച് പീലാത്തോസ് ക്രിസ്തുവിനെ ഉപേക്ഷിച്ചു.

ക്രിസ്തുവും പൗരസ്ത്യന്‍

മതങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഭൗതികതയില്‍ എന്നും കാലൂന്നി നിന്നിരുന്ന യൂറോപ്പിന്, ആ രംഗത്ത് ഒന്നുംതന്നെ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ലായെന്ന് കാണാം. എല്ലാ മതങ്ങളും എല്ലാ മതാചാര്യന്മാരും പൗരസ്ത്യരായിരുന്നു. യഹൂദമതം പൗരസ്ത്യമാണ്. ക്രിസ്തുവും മുഹമ്മദും ബുദ്ധനും ജൈനനും സരതുഷ്ടരും വേദേതിഹാസകര്‍ത്താക്കളും പൗരസ്ത്യരായിരുന്നു. സ്രഷ്ടാവിനെ കണ്ടെത്തുവാനുള്ള സൃഷ്ടിയുടെ അതിതീവ്രമായ ബൗദ്ധികപരിശ്രമങ്ങള്‍ നടത്തിയ പൗരസ്ത്യരാണ് ധര്‍മ്മനിയമങ്ങളെ ലോകത്തിന് സംഭാവന ചെയ്തത്.

കുന്തത്തിന്റെ ഭാഷ
ബത്‌ലേഹമിലെ പശുത്തൊഴുത്തില്‍ മരപ്പണിക്കാരന്റെ മകനായി ജനിച്ച്, മരുഭൂമിയില്‍ അലഞ്ഞുതിരിഞ്ഞു നടന്ന്, ഭൗതികമായി യാതൊന്നും ഇച്ഛിക്കാതെയും നേടാതെയും, കാല്‍വരിമലമുകളില്‍ മരക്കുരിശില്‍ അപമാനിതനായി മരിച്ച മിശിഹായുടെ ദൗത്യം, മനുഷ്യത്വത്തിന്റെ മാര്‍ദ്ദവമെന്തെന്നറിയാത്ത റോമായിലെ ഭരണാധികാരികളില്‍ ഒരു ചലനമുണ്ടാക്കിയെങ്കിലേ, അത്ഭുതത്തിനവകാശമുള്ളു. പൗരസ്ത്യയായ ക്ലിയോപാട്രയുടെ അധരങ്ങളുടെ മാധുര്യവും റോമാസാമ്രാജ്യത്തിലെ ഭരണനിയന്താക്കളില്‍ സൃഷ്ടിച്ച ചലനങ്ങളുടെ പതിനായിരത്തിലൊന്നുപോലും, ക്രിസ്തുവിന്റെ രക്തത്തിന് സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും എളിമയുടെയും വിശ്വാസത്തിന്റെയും രക്ഷയുടെയും സന്ദേശങ്ങള്‍ സാമ്രാജ്യസ്ഥാപനത്തിനുവേണ്ടി കുന്തം കയ്യിലെടുത്ത റോമാക്കാരില്‍ പ്രതികരണം സൃഷ്ടിച്ചെങ്കിലല്ലേ അത്ഭുതമുള്ളു?

കിരീടവും ചെങ്കോലും
എന്നാല്‍, കാല്‍വരിമുകളിലെ ക്രിസ്തുവിനെ മൂന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം റോമായിലെ ഭൗതിക സമ്പല്‍സമൃദ്ധമായ ഏഴുമലമുകളില്‍ സ്ഥാപിച്ചപ്പോള്‍ ആ ക്രിസ്തുവില്‍നിന്ന് ആദ്ധ്യാത്മിക ചൈതന്യം വാര്‍ന്നുപോവുകയും അതിന് പകരമായി ഭൗതികപ്രവാഹം രൂപപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ചക്രവര്‍ത്തിമാരുടെ ആഡംബരവിഭൂഷിതമായ 'തിരുമേനികള്‍' വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത കലാകാരന്മാര്‍, ഇസ്രായേല്‍ക്കാരനായ ഈശോയെ രാജാവാക്കിയതില്‍ അത്ഭുതത്തിനവകാശമില്ല. ഭാവനാസമ്പന്നരായ കലാകാരന്മാരുടെ ഹൃദയങ്ങളില്‍ ഉയര്‍ന്നുവന്ന ഉല്ലേഖകല്ലോലങ്ങള്‍ ക്രിസ്തുവിനെ വൈവിദ്ധ്യമുള്ള നിറങ്ങളിലും രൂപങ്ങളിലും ഭാവങ്ങളിലും ആവിഷ്‌ക്കരിച്ചു.

പ്രഭുക്കന്മാരുടെ വേഷം
തച്ചന്റെ മകന്റെ ശിഷ്യഗണങ്ങളായിരുന്ന അനക്ഷരരും അന്നന്നത്തെയപ്പത്തിന് അന്തിയോളം വേലചെയ്തിരുന്നവരുമായ മുക്കുവന്മാരുടെ പ്രതിനിധികള്‍ എന്ന് അവകാശവാദം പുറപ്പെടുവിച്ചുകൊണ്ട് ചിലര്‍ റോമന്‍ പ്രഭുക്കളുടെ വേഷവിധാനങ്ങളാല്‍ സ്വയം മോടടപിടിപ്പിച്ചു. ചിത്രകാരന്മാര്‍ തങ്കക്കസവുകൊണ്ടുള്ള ആടയാഭരണങ്ങള്‍ ക്രിസ്തുവിനെ അണിയിച്ചു; മുള്‍മുടിയാല്‍ ശോഭിതമായിരുന്ന ശിരസ്സില്‍ സ്വര്‍ണ്ണക്കിരീടവും ഞാങ്കണ പിടിച്ചിരുന്ന കയ്യില്‍ സ്വര്‍ണ്ണ ചെങ്കോലുകളും കൊടുത്തു.
ഇവയെല്ലാം ബോധപൂര്‍വ്വമായിരുന്നു. നാലാം നൂറ്റാണ്ടിനുശേഷം തകര്‍ന്നുകൊണ്ടിരുന്ന റോമാസാമ്രാജ്യത്തിന്റെ അധികാരശലകങ്ങള്‍ ഒന്നൊന്നായി പെറുക്കിയെടുത്ത് ക്രിസ്തുവിന്റെ രക്ഷാകരദൗത്യം എന്തെന്നറിയാത്ത പാശ്ചാത്യ ഭൗതികചിന്തയുടെ സന്താനങ്ങള്‍ ക്രിസ്തുവിന്റെ പേരില്‍ അധികാരത്തിന്റെ പ്രാകാരങ്ങള്‍ പണിതു.

ചരിത്രപരമായ ദുരന്തം
നസ്രായക്കാരനായ ഈശോ-അഗതികളുടെ ആലംബമായ, കുഷ്ഠരോഗികളുടെ മോചനമായ, വിശക്കുന്നവരുടെ അപ്പമായ, പാപികളുടെ പരിത്രാണമായ, അദ്ധ്വാനിക്കുന്നവരുടെ അത്താണിയായ, നീതിക്കുവേണ്ടി ദാഹിക്കുന്നവരുടെ തൃപ്തിയായ, ദരിദ്രന്മാരുടെ സ്വര്‍ഗ്ഗമായ, ദു:ഖിതരുടെ ആശ്വാസമായ, മനുഷ്യപുത്രനായ ആ ദൈവപുത്രന് റോമാസാമ്രാട്ടിന്റെ രൂപമാണ് പാശ്ചാത്യര്‍ നല്‍കിയത്.
ചരിത്രപരമായ ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. ക്രിസ്തുവിനെ രാജാവിന്റെ ആടയാഭരണങ്ങള്‍ കൊണ്ട് വിഭൂഷിതനാക്കിയെങ്കില്‍ മാത്രമേ, തങ്ങളുടെ പ്രഭൂത്വജീവിതത്തിന് ഒരു ന്യായീകരണം ജനങ്ങളുടെ മുന്‍പില്‍ വയ്ക്കാനാകൂ. പട്ടുവസ്ത്രങ്ങളും രത്‌നഖചിതകിരീടങ്ങളും, കൊട്ടാരങ്ങളും രാജ്യഭരണവും സ്വായത്തമാക്കിയ പോപ്പിനും കര്‍ദ്ദിനാളിനും മെത്രാനും നസ്രായക്കാരനെ രാജാവാക്കേണ്ടത് ആവശ്യമായിരുന്നു.

ധാരണ തിരുത്തുക
നസ്രായക്കാരനായ ഈശോ-മനുഷ്യപുത്രന്‍-അങ്ങിനെ, റോമാപ്രഭുത്വത്തിന്റെ ആടയാഭരണങ്ങളില്‍ മറയ്ക്കപ്പെട്ടു. പാപിയെത്തേടി അലഞ്ഞുനടക്കുന്ന ക്രിസ്തുവിനെ, വേശ്യയോടും ചുങ്കക്കാരനോടും സമറിയക്കാരിയോടും സ്‌നേഹവാത്സല്യങ്ങളോടെ സംസാരിച്ച ക്രിസ്തുവിനെ, ആണോ ഇന്ന് നാം പ്രാര്‍ത്ഥനാലയങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്? തീര്‍ച്ചയായും അല്ല. പ്രഭുവായ ക്രിസ്തുവിനെ, രാജാവായ ക്രിസ്തുവിനെ, സമ്പന്നനായ ക്രിസ്തുവിനെ, പാശ്ചാത്യഭൗതിക പ്രതാപങ്ങളില്‍ മഹത്വം ദര്‍ശിച്ച കലാകാരന്മാരുടെ ഭാവനയില്‍ വാര്‍ത്തെടുത്ത ക്രിസ്തുവിനെയാണ് ഇന്നും നാം ചില്ലിട്ട് വീടുകളില്‍ സൂക്ഷിക്കുന്നത്; രൂപക്കൂടുകളില്‍ കാണുന്നത്; ക്രിസ്തുമസിനെക്കുറിച്ച് പാശ്ചാത്യപ്രഭുത്വം നമുക്ക് തന്ന ഈ ധാരണ നമ്മുടെ ഹൃദയത്തില്‍നിന്നു പറിച്ചെറിയേണ്ടിയിരിക്കുന്നു.
സാധാരണക്കാരനായ നസ്രായക്കാരന്‍ ഈശോയെ ഭാവനയില്‍ കണ്ടുകൊണ്ട്, ഇന്ന് സഭാധികാരികളുടെ അരമനകളെയും വേഷവിധാനങ്ങളെയും ഭൗതികപ്രതാപങ്ങളെയും മറ്റും ഒന്നു വിലയിരുത്തൂ. നാം മനുഷ്യപുത്രനില്‍നിന്ന് എത്രമാത്രം അകന്നുപോയിരിക്കുന്നു! നാം യഥാര്‍ത്ഥ ക്രൈസ്തവരാകണമെങ്കില്‍, പാശ്ചാത്യചരിത്രകാരന്മാര്‍ വരച്ച, തങ്കക്കസവങ്കിയണിഞ്ഞ, കിരീടം ധരിച്ച, ക്രിസ്തുവിനെ നമ്മുടെ ഹൃദയത്തില്‍നിന്നു പറിച്ചെറിയണം. ക്രിസ്തുവിനെക്കുറിച്ചുള്ള നമ്മുടെ ധാരണ തിരുത്തണം.

പുതിയ ക്രിസ്മസ്
നാം ഈ ക്രിസ്മസ്സിന്, പട്ടില്‍ പൊതിഞ്ഞ ക്രിസ്തുവിനെയല്ല; വൈക്കോലില്‍, കീറത്തുണികള്‍കൊണ്ട് പൊതിഞ്ഞ്, തണുപ്പുകൊണ്ട് വിറയ്ക്കുന്ന ക്രിസ്തുവിനെ ദര്‍ശിക്കണം. നമ്മുടെ പള്ളികളിലെ ക്രിബ്ബുകളില്‍, പ്രസംഗം കഴിഞ്ഞയുടന്‍, ആടയാഭരണങ്ങള്‍ അണിഞ്ഞ മറിയത്തെയും വസ്ത്രാഡംബരവിഭൂഷിതനായ യൗസേപ്പിനെയും ആണ് പ്രതിഷ്ഠിച്ചിരിക്കന്നത്.

കൊടുതണുപ്പത്ത്, ക്ഷീണിതനായി വെറും തറയില്‍ വേദന കടിച്ചമര്‍ത്തിക്കൊണ്ട് കിടന്ന്, തന്റെ ഓമനപ്പുത്രനെ പ്രസവിച്ച മറിയത്തെയാണ് നമുക്ക് കാണേണ്ടത്. തന്റെ ഭാര്യയുടെ വേദനയില്‍ ഹൃദയംകൊണ്ട് പങ്കുചേര്‍ന്ന്, പ്രസവം കാത്തുനില്‍ക്കുന്ന നിഷ്‌ക്കളങ്കനും, തരളഹൃദയനുമായ യൗസേപ്പിനെയാണ് നാം കാണേണ്ടത്. അവര്‍ അവശരുടെ വര്‍ഗ്ഗമായിരുന്നു. ഇല്ലാത്തവരായിരുന്നു, അവരുടെ മാനസികസഖികള്‍.
പക്ഷേ, തങ്ങള്‍ ആര്‍ജ്ജിച്ചനുഭവിച്ചുകൊണ്ടിരുന്ന സമ്പത്തിന് ന്യായീകരണമായി, പാശ്ചാത്യപ്രഭുത്വം കെട്ടിയുണ്ടാക്കിയ സമ്പന്നതയുടെ 'പശുത്തൊഴുത്തില്‍' ചെന്ന് നമുക്ക് മനുഷ്യപുത്രനെ കാണേണ്ട.

രാജാവായിപ്പിറന്ന ശ്രീബുദ്ധന് പൗരസ്ത്യര്‍ കിരീടം കൊടുത്തില്ല; രാഷ്ട്രീയാധികാരത്തിനു വേണ്ടി പോരാടിയ ഗാന്ധിജിയെ പൗരസ്ത്യര്‍ രാജാവാക്കിയില്ല; ഇവരേക്കാളെല്ലാം അധികമായി, ജനിച്ചപ്പോള്‍ മുതല്‍ മരിക്കുന്നതുവരെ, മനുഷ്യനോടൊപ്പം ജീവിച്ച ക്രിസ്തുവിനെ റോമന്‍ പ്രഭുത്വം രാജാവാക്കി പ്രതിഷ്ഠിച്ചു.
ചരിത്രത്തിലെ പരമഹീനമായ പ്രവൃത്തിയായിരുന്നു അത്. ആ തെറ്റ് തിരുത്തിയേ മതിയാകൂ.

2012, ഡിസംബർ 2, ഞായറാഴ്‌ച

പുണ്യവാളന്റെ ആള്‍മാറാട്ടം


(1975 നവംബറിലെ ഓശാനമാസികയില്‍നിന്ന്) 


സംഭവം നടന്നത് പാലാ രൂപതയിലുള്ള പൂവത്തോട് സെന്റ് തോമസ്സ് പള്ളിയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടവകക്കാര്‍ക്ക് വി: തോമ്മാശ്ലീഹായോട് അസാമാന്യമായ ഭക്തി തോന്നി. ഭക്തന്മാര്‍ തോമ്മാശ്ലീഹായുടെ ഒരു രൂപം വാങ്ങാന്‍ തീരുമാനിച്ചു. പ്രതിനിധികള്‍ നിയോഗിക്കപ്പെട്ടു. 'മാര്‍തോമ്മാശ്ലീഹായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിയ്ക്കണമേ' എന്ന് വിഗ്രഹത്തിനടയില്‍ എഴുതിയിട്ടുള്ള ഒരു രൂപം സമ്പാദിച്ചു. തലയില്‍ മുതലവായന്‍ തൊപ്പിയുമായി, മെത്രാന്റെ സ്ഥാന വസ്ത്രമണിഞ്ഞു നിന്ന 'മാര്‍തോമ്മാശ്ലീഹായെ' മനോഹരമായ രൂപക്കൂടുണ്ടാക്കി, ആഘോഷമായി വെഞ്ചരിച്ചു പ്രതിഷ്ഠിച്ചു. ഭക്തന്മാര്‍ പെരുന്നാള്‍ ദിവസം തോമ്മാശ്ലീഹായെയും വഹിച്ച് പ്രദക്ഷിണം നടത്തി; ഇടവകക്കാര്‍ നേര്‍ച്ചപ്പെട്ടിയില്‍ തങ്ങളുടെ മദ്ധ്യസ്ഥനായ തോമ്മാശ്ലീഹായ്ക്കു നേര്‍ച്ചകള്‍ ഇട്ടു. (ഈ തോമ്മാശ്ലീഹ അത്ഭുതം പ്രവര്‍ത്തിച്ചതായി ഈ ലേഖകന് നേരിട്ടറിവില്ല: പ്രവര്‍ത്തിച്ചു കാണണം).

സംഭവ ബഹുലങ്ങളായ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. പൂവത്തോട്ടു പള്ളിയില്‍ വികാരിയായി മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ നിയമിതനായി. തോമ്മാച്ചനൊരു സംശയം. ഇത് മാര്‍ത്തോമ്മാശ്ലീഹാതന്നെയാണോ? അദ്ദേഹം സൂക്ഷിച്ചുനോക്കി, കമ്പിളുതടി കൊണ്ട് മനോഹരമായി കൊത്തിയ ആ തടിരൂപത്തെ തോമ്മാച്ചന്‍ അംഗപ്രത്യഗം പരിശോധിച്ചു. അവസാനം വിധിയെഴുതി! ആള്‍മാറാട്ടം!!! ഇതു തോമ്മാശ്ലീഹായല്ല; വി. ആഗസ്തിനോസിന്റെ രൂപമാണ്. തോമ്മാശ്ലീഹായ്ക്ക് മുതലവായന്‍ തൊപ്പിയില്ല. വികാരിയച്ചന്‍ പറഞ്ഞപ്പോള്‍ ഇടവകക്കാര്‍ക്ക് കാര്യം ബോദ്ധ്യമായി. വി. ആഗസ്തീനോസാണ്, 'തോമ്മാ'യാണെന്നും പറഞ്ഞ് ആള്‍മാറാട്ടം നടത്തി പറ്റിച്ചത്!!! ഏതായാലും മറ്റപ്പള്ളില്‍ തോമ്മാച്ചന്‍, വിശുദ്ധ ആഗസ്തീനോസായ, തോമ്മാശ്ലീഹായെ പള്ളിയില്‍നിന്നും നിഷ്‌കാസനം ചെയ്ത്, 'ആറുപൂട്ടി'ന്റെ കോണില്‍ തള്ളി. ഭക്തജനങ്ങള്‍ പ്രകോപിതരായിട്ടില്ല. സന്തോഷണം! ഇപ്പോഴെങ്കിലും ഈ ആള്‍മാറാട്ടം കണ്ടുപിടിച്ചല്ലോ? ആശ്വാസമായി!!


മറ്റപ്പള്ളില്‍ തോമ്മാച്ചന്‍ സ്ഥലം മാറിപ്പോയി. കുറെക്കാലത്തിനുശേഷം കുത്തിവളച്ചേല്‍ ജോര്‍ജ്ജച്ചന്‍ പൂവത്തോടുപള്ളി വികാരിയായി നിയമിതനായി. 'ആറു പൂട്ടു' തുറന്നപ്പോള്‍ ഒരു കോണില്‍ ഇരിക്കുന്നു, ആള്‍മാറാട്ടക്കാരനായ ആഗസ്തീനോസ് അപമാനിതനായി!! ഭക്തന്മാരില്ലാതെ!!! ഇതു പാടില്ല. പക്ഷേ എന്തു ചെയ്യും? ഇന്നലെവരെ വിശുദ്ധ തോമ്മായായിരുന്ന രൂപത്തെ ആഗസ്തീനോസാണെന്നു പറഞ്ഞു ജനത്തിനെ വിശ്വസിപ്പിക്കാന്‍ വിഷമം. ഏതായാലും പരാജയപ്പെടാന്‍ പാടില്ല. ഒരു ശില്പിയെ വരുത്തി, ആഗസ്തീനോസിന്റെ മൊതലവായന്‍ തൊപ്പി അറുത്തുമാറ്റി ഒരു കിരീടം വെച്ചു. 'വടി' പിടിച്ചിരുന്ന കയ്യില്‍ ഒരു ഭൂഗോളം പ്രതിഷ്ഠിച്ചു. ചായം മാറ്റി അടിച്ചു. വികാരിയച്ചന്‍ സൂക്ഷിച്ചുനോക്കി. ആര്‍ക്കും മനസ്സിലാവുകയില്ല. ഇത് ആള്‍മാറാട്ടക്കാരന്‍ ആഗസ്തീനോസാണെന്ന്. 'ഒന്നാം തരം ക്രിസ്തുരാജന്‍'. പള്ളിയില്‍ ക്രിസ്തുരാജനായി അദ്ദേഹം വിരാജിച്ചു.

അപ്പോഴാണ് പനയ്ക്കക്കുഴിയില്‍ ദേവസ്യാച്ചന്‍ വികാരിയായി വന്നത്. അദ്ദേഹം പുരോഗമനവാദിയായിരുന്നു! പുരോഗമനത്തിന്റെ ലക്ഷണമായി, പടിഞ്ഞാട്ടു തിരിഞ്ഞിരുന്ന ആനവാതില്‍, കിഴക്കും, കിഴക്കിരുന്ന അള്‍ത്താര പടിഞ്ഞാറും പ്രതിഷ്ഠിച്ച്, 'പുരോഗമനം' നടപ്പാക്കി. ഇങ്ങനെ പുരോഗമനം നടന്നുവന്നപ്പോഴാണ് ഒരിയ്ക്കല്‍ മാര്‍ത്തോമ്മായും പിന്നീടു ക്രിസ്തുരാജനുമായി വേഷം മാറി വന്ന ആഗസ്തീനോസിനെ കണ്ടുപിടിച്ചത്. ഇടവകക്കാരില്‍ ചിലരോടാലോചിച്ച്, ആള്‍മാറാട്ടക്കാരനെ കൊച്ചിയില്‍ ഏതോ വ്യാപാരിക്ക് വിറ്റു. ജനം ഇളകി. ജനത്തിന് ഇളകാന്‍ പല കാരണങ്ങളുണ്ടായിരുന്നു. ജനം മെത്രാനച്ചനെ കണ്ടു. 'പല കാലങ്ങളില്‍ പല വേഷങ്ങളില്‍' പൂവത്തോട്ടു ഇടവക ജനങ്ങളില്‍ അനുഗ്രഹം ചൊരിഞ്ഞിരുന്ന രൂപത്തിന്റെ തിരോധാനത്തിലുള്ള പ്രതിഷേധം അറിയിച്ചു.


പനയ്ക്കക്കുഴിയില്‍ അച്ചന്‍ മാറിപ്പോയി. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ''അങ്ങേര് ആഗസ്തീനോസു തന്നെയായിരുന്നോ? ഏതായാലും ആഗസ്തിനോസ് മാര്‍ത്തോമ്മായായി രൂപക്കൂട്ടില്‍ ഇരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും, ക്രിസ്തുരാജനായിരുന്നപ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണവും പള്ളി എടുത്തു!! മറ്റൊരു ചോദ്യം അവശേഷിയ്ക്കുന്നു. ഓരോ കാര്യസാദ്ധ്യത്തിനായി ഇടവകകക്കാര്‍ ഈ 'തിരു'സ്വരൂപത്തിന്റെ മുന്‍പില്‍ ഇട്ട പണത്തിന് ആരാണ് അത്ഭുതം പ്രവര്‍ത്തിക്കേണ്ടത്? വിശുദ്ധ ആഗസ്തീനോസോ വിശുദ്ധ തോമ്മായയോ ക്രിസ്തുരാജനോ? ഒരു പക്ഷേ സ്വര്‍ഗ്ഗത്തില്‍ തര്‍ക്കം നടക്കുന്നുണ്ടാകാം!?

2012, നവംബർ 30, വെള്ളിയാഴ്‌ച

ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനം


ജോസഫ് പുലിക്കുന്നേല്‍

കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചെയര്‍മാനായും ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും 1998-മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിരുന്ന ഡോ. പൈലി ഈ അടുത്തയിടെ സൂര്യ ടീവിയില്‍ പ്രത്യക്ഷപ്പെട്ട് ഓശാനമൗണ്ടിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ പഠന വിധേയമാക്കുകയാണ് ഇവിടെ. 

1. പതിനൊന്നു കൊല്ലം ഈ സംഘടനയുടെ ചെയര്‍മാനായിരുന്ന ശ്രീ.പൈലി ഇവിടെ നടക്കുന്ന കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറയുകയുണ്ടായി. വിദേശത്തുനിന്ന് ഒരു സായിപ്പു വന്നു പറഞ്ഞപ്പോഴാണുപോലും ഇവിടെ അനാശാസ്യം നടക്കുന്നെന്നും പണം അപഹരിക്കുന്നുവെന്നും അദ്ദേഹത്തിനു മനസ്സിലായത്. 

ശ്രീ. പൈലി ഒരു മാനേജ്‌മെന്റ് വിദഗ്ദ്ധനാണെന്നാണു വെപ്പ്. ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് പതിനൊന്നു കൊല്ലം ഇരുന്നിട്ടും എല്ലാ മാസവും ബോര്‍ഡു യോഗംകൂടി കണക്കുകള്‍ അവതരിപ്പിച്ചിട്ടും അവിടെ നടക്കുന്ന ഒരു കാര്യവും ശ്രീ. പൈലി അറിഞ്ഞിരുന്നില്ല എന്നു പറയുമ്പോള്‍ ആരും അത്ഭുതപ്പെട്ടു പോകില്ലേ. 

2. ശ്രീ പൈലി രാജിവയ്ക്കാനുള്ള കാരണം അദ്ദേഹത്തിന്റെ പ്രായക്കൂടുതലോ ഓശാനമൗണ്ടില്‍ നടന്നു എന്ന് ആരോപിക്കപ്പെടുന്ന അഴിമതികളോ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളോ ആയിരുന്നില്ല. മറിച്ച് അദ്ദേഹം നടത്തിയ ഒരു വലിയ അഴിമതി കണ്ടുപിടിച്ചതായിരുന്നു. ശ്രീ. പൈലി യുടെ സുഹൃത്തായ തോമസ് ഉമ്മനെ 1999 ആഗസ്റ്റ് 8-ാം തീയതിയിലെ യോഗത്തില്‍ ട്രഷററായി നിയമിച്ചു. ശ്രീ. തോമസ് ഉമ്മന്‍ 2005 ഒക്‌ടോബര്‍ 22-ാം തീയതി രാജിവെച്ചു. ഈ കാലഘട്ടത്തിലും പിന്നീടും ശ്രീ. പൈലിയുടെ വക Asian Institute of Development and Enterpreneurship, South Kalamassery, Kochi -33 എന്ന സംഘടനയുടെ ഹെഡ്ഡാഫീസിന്റെ വാടകയായി മൂവായിരം രൂപ മാസംതോറും ഇവിടെനിന്നും വാങ്ങിക്കൊണ്ടിരുന്നു. അത് ഞങ്ങള്‍ക്കാര്‍ക്കും അറിവുണ്ടായിരുന്നില്ല. 

3. ശ്രീ. പൈലി ചെയര്‍മാനായിരുന്ന സി.ആര്‍.എല്‍.എസില്‍നിന്നും കൗണ്‍സില്‍ അംഗമായിരുന്ന ജി.എസ്.പി.ഐ.യില്‍ നിന്നും എന്റെ മകന്‍ രാജുവിനെ പുറത്താക്കിയ 2009 ഫെബ്രുവരി 12-ാം തീയതിയിലെ യോഗത്തില്‍ സി.ആര്‍.എല്‍.എസിന്റെ അധ്യക്ഷത വഹിച്ചിരുന്നത് ശ്രീ. പൈലി തന്നെയായിരുന്നു. ഈ യോഗത്തില്‍ അദ്ദേഹം പറയുന്ന van Benthem സംബന്ധിച്ചിരുന്നു. van Benthem ആണല്ലോ പൈലിയോട് ഇവിടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും നടക്കുന്നു എന്നു പറഞ്ഞത്. എങ്കില്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന ശ്രീ. പൈലി എന്തുകൊണ്ട് ഇക്കാര്യം നേരിട്ട് അന്വേഷിച്ചില്ല. അല്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ശ്രീ.പൈലി ആവശ്യപ്പെട്ടില്ല? എന്നോടുപോലും ഇന്നുവരെ ഈ മനുഷ്യന്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് മാര്‍ച്ച് 10-ാം തീയതിയും യോഗം കൂടിയിരുന്നു. ഈ യോഗത്തിലും പൈലി സന്നിഹിതനായിരുന്നു. ഈ യോഗത്തില്‍വച്ചാണ് എന്നെ ഈ സ്ഥാപനത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. ആ തീരുമാനം താഴെ കൊടുക്കുന്നു.

'The Council felt that the services of Mr. Joseph Pulikunnel who was very much with this institution until two years ago was needed now. His absence for the last two years as member of the Council was found to be one of the causes of the malfunctioning of the institutions. On the request of the members of the Council Mr. Joseph Pulikunnel came to the meeting place. After initial hesitation he agreed to accept the request made by all the members of the Council unanimously'. 

എന്നെ വീണ്ടും ഓശാനമൗണ്ടിലേക്ക് ക്ഷണിക്കുന്ന യോഗത്തിലും പൈലി പങ്കെടുത്തിരുന്നു. ഒരു എതിര്‍പ്പും പറഞ്ഞില്ലെന്നു മാത്രമല്ല എന്നെ സ്വാഗതം ചെയ്തതും ഇനി ഒരിക്കലും ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കരുതെന്നും പറഞ്ഞത് അദ്ദേഹമായിരുന്നു. ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 8-ാം തീയതി യോഗം കൂടി. ആ യോഗത്തിലും പൈലി എന്റെ അഴിമതിയെക്കുറിച്ചും അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചതേയില്ല. ഞാനും പൈലിയുമായി പരിചയപ്പെടുന്നത് 1969-ലാണ്. അങ്ങനെ ബന്ധമുള്ള എന്നോട് എന്തുകൊണ്ട് ബെന്തേമിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ഈ വിദ്വാന്‍ എന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സൂര്യാ ടീവിയില്‍ എത്തുന്നത്. 

പെട്ടെന്ന് അദ്ദേഹത്തിന് മനംമാറ്റം വരാനുണ്ടായ കാരണം പിന്നീടു വന്ന ട്രഷറര്‍ മാസംതോറും മൂവായിരം രൂപ പൈലി വാങ്ങുന്നുണ്ടെന്നും അങ്ങനെ ഒരു തീരുമാനം ബോര്‍ഡ് എടുത്തിട്ടുണ്ടോ എന്നും എന്നോടു ചോദിച്ചു. ഈ കാര്യം പിന്നീട് ബോര്‍ഡില്‍ ചര്‍ച്ചയ്ക്കു വന്നു. അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പക്ഷേ അന്നുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന മുഖത്തിനു വിപരീതമായി 2000 മുതല്‍ 2008 വരെ 3,12,388/- രൂപ ഓശാനമൗണ്ടില്‍നിന്നും അദ്ദേഹം വാങ്ങുകയുണ്ടായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പതിവ് നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ശ്രീ. പൈലി എന്റെ ശത്രുവായിതീര്‍ന്നത്. ഞാനാണ് ഇതിനു കാരണക്കാരനെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു. 

ഓശാനമൗണ്ടിലെ സാമ്പത്തിക ഇടപാടുകളിലൊന്നുംതന്നെ എനിക്ക് പങ്കുണ്ടായിരുന്നില്ല. അത് പൈലിയുടെ സുഹൃത്തായിരുന്ന തോമസ് ഉമ്മനും പൈലിയും കൂടിയാണ് നടത്തിപ്പോന്നിരുന്നത്. 

4. ശ്രീ.പൈലി ചെയര്‍മാനായിരുന്ന കാലത്ത് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. ഹോളണ്ടില്‍ നിന്നും വന്ന് പത്തു ദിവസം താമസിച്ച ശ്രീ ബെന്തേം എന്ന പാസ്റ്റര്‍ ഈ അനാശാസ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പണം വെട്ടിക്കുന്നതിനെക്കുറിച്ചും പഠിച്ചു എന്നാണ് ശ്രീ. പൈലി പറയുന്നത്. ഈ രണ്ടു സ്ഥാപനങ്ങളിലും രണ്ടു മാസത്തിന് ഒന്ന് എന്ന ക്രമത്തില്‍ ബോര്‍ഡ് കൂടാറുണ്ട്. ശ്രീ പൈലിയുടെ സൗകര്യം ചോദിച്ചിട്ടാണ് പലപ്പോഴും ബോര്‍ഡു കൂടാറ്. അങ്ങനെ ഈയോഗങ്ങളില്‍ മുടക്കമില്ലാതെ പെങ്കടുത്തിരുന്ന അദ്ദേഹം ഇതൊന്നും കണ്ടില്ലെങ്കില്‍ അദ്ദേഹം എന്തുതരം മാനേജ്‌മെന്റ് വിദഗ്ദ്ധനാണ്?

5. അദ്ദേഹം പറയുന്നു. നാലുപേരോടൊപ്പമാണ് അദ്ദേഹം രാജി വെച്ചതെന്ന്. അങ്ങന ഒരു സംഭവമേ നടന്നിട്ടില്ല. 2009 മെയ് മാസത്തില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ തനിക്ക് 90 വയസാകാന്‍ പോകുന്നു എന്നും അതുകൊണ്ട് ദീര്‍ഘദൂരം യാത്ര ചെയ്യാന്‍ വിഷമമാണ് എന്നും പറഞ്ഞുകൊണ്ടാണ് ബോര്‍ഡിനോട് യാത്ര പറഞ്ഞത്. ന്യായമായ ഈ ആവശ്യത്തിന് ബോര്‍ഡ് എതിരുനിന്നില്ല. വേറെ ആരുംതന്നെ രാജിവെച്ചുമില്ല. 

പ്രായാധിക്യം മൂലം പലരും റിട്ടയര്‍ ചെയ്തിട്ടുണ്ട്. ജി.എസ്.പി.ഐ. യുടെ ചെയര്‍മാനായിരുന്ന പത്മശ്രീ പോള്‍ പോത്തന്‍ 86 വയസായപ്പോള്‍ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. സി.ടി.ടൈറ്റസ് സാര്‍ 80 വയസു കഴിഞ്ഞപ്പോള്‍ അനാരോഗ്യംമൂലം പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറുകയാണുണ്ടായത്. മിസ്സിസ് സാറാ കെ. എ. മാത്യു 86 വയസായപ്പോള്‍ അനാരാഗ്യം മൂലം യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. 

6. ശ്രീ. പൈലി പറയാതിരുന്ന ഒരു കാര്യമുണ്ട്. എന്റെ മകന്‍ രാജു 1996-ല്‍ അക്‌സസ് എന്നപേരില്‍ ഒരു ചാരിറ്റബിര്‍ സൊസൈറ്റിക്ക് ബാംഗ്‌ളൂരില്‍ രൂപംകൊടുക്കുകയുണ്ടായി. ഈ ട്രസ്റ്റിന്റെയും സ്ഥാപക ചെയര്‍മാന്‍ ശ്രീ. പൈലിയായിരുന്നു. 94-ാം വയസ്സിലും ശ്രീ. പൈലി ഈ സൊസൈറ്റിയുടെ ചെയര്‍മാനായി തുടരുന്നു. ഞാനും എന്റെ മകന്‍ രാജുവുമായി അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ ഓശാനമൗണ്ട് സ്ഥാപനങ്ങളില്‍നിന്നും രാജി വയ്ക്കാന്‍ ശ്രീ. പൈലിയെ പ്രേരിപ്പിച്ചത് എന്റെ മകനായിരുന്നു. ഞാന്‍ കറവ പറ്റിയ ഒരു പശുവാണ്. അവനാകട്ടെ നല്ല കറവയുള്ള പശുവും. ആരെ സ്വീകരിക്കണം എന്ന് ബുദ്ധിമാനായ പൈലിക്കറിയാം. അതു മാത്രമാണ് അദ്ദേഹത്തിന്റെ രാജിയുടെ പിന്നിലുള്ള കാരണം. സായിപ്പ് പറഞ്ഞത് അദ്ദേഹവും വിശ്വസിച്ചില്ല. 2009 മാര്‍ച്ച് മാസത്തില്‍ ഈ സായിപ്പും സന്നിഹിതനായിരുന്ന യോഗത്തില്‍വെച്ചാണ് രാജു ജോസഫിനെ പുറത്താക്കുന്നത്. ഇതെല്ലാം സത്യമാണെന്നു വിശ്വസിച്ചിരുന്നെങ്കില്‍ അന്ന് ശ്രീ. പൈലി രാജിവെക്കുമായിരുന്നു. അതു കഴിഞ്ഞു നടന്ന മൂന്നു യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. അവസാന യോഗത്തില്‍വെച്ചാണ് അദ്ദേഹം പുറംവാതിലിലൂടെ വാങ്ങിക്കൊണ്ടിരുന്ന മൂവായിരം രൂപ നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചത്. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചു.

ശ്രീ.ബന്തേം കൊണ്ടു വന്ന ആരോപണങ്ങള്‍ ജസ്റ്റിസ് കെ.ടിതോമസ് പോലും വിശ്വസിച്ചില്ല എന്ന് അദ്ദേഹം പറയുന്നു. സത്യത്തില്‍ ശ്രീ.പൈലിപോലും വിശ്വസിച്ചില്ല. അതുകൊണ്ടാണല്ലോ രാജുവിനെ പുറത്താക്കുന്നതിനെ പൈലി അനുകൂലിച്ചത്. 

ശ്രീ. പൈലിയുടെ കോടികള്‍
ഓശാനമൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിദേശത്തുനിന്നും കോടികള്‍ ലഭിച്ചു എന്ന് അദ്ദേഹം പറയുന്നു. 1998-ല്‍ ശ്രീ. പൈലി ചെയര്‍മാനായപ്പോള്‍ അദ്ദേഹത്തിന്റെ നോമിനിയായ ശ്രീ. ഗീവര്‍ഗീസായിരുന്നു ട്രഷറര്‍. ശ്രീ. ഗീവര്‍ഗീസിന്റെ മരണശേഷം ശ്രീ. പൈലിയുടെതന്നെ നോമിനിയായ ശ്രീ. തോമസ് ഉമ്മന്‍ ട്രഷററായി. ഇവര്‍ ട്രഷററാകുമ്പോള്‍ എനിക്ക് ഇവരെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. നിയമം അനുസരിച്ച് എനിക്ക് പണം കൈകാര്യം ചെയ്യാന്‍ അവകാശമില്ല. ഞാന്‍ അതില്‍ ഇടപെടുകയും ചെയ്തിരുന്നില്ല. ട്രഷററിന്റെയോ ചെയര്‍മാന്റെയോ സെക്രട്ടറിയുടെയോ ഒപ്പില്ലാതെ ബാങ്കില്‍നിന്നും പണം എടുക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ട്രഷറര്‍ പിന്‍വലിക്കുന്ന തുക എങ്ങനെ ചിലവുചെയ്തു എന്ന് ഓരോ യോഗത്തിലും അംഗങ്ങളെ ബോധ്യപ്പെടുത്തിപോന്നു. ഇക്കാര്യം അദ്ദേഹത്തിന് നിഷേധിക്കാനാകുമോ? പിന്നെ എവിടെ നിന്നാണ് ഞാന്‍ കോടികള്‍ വെട്ടിച്ചത്?

അദ്ദേഹം ചെയര്‍മാനായിരുന്ന 11 കൊല്ലവും കുടുംബസമേതം ഇവിടെ വന്നു താമസിച്ചിരുന്നു. ഇവിടെ ഒരു ആയുര്‍വേദ തിരുമ്മുകേന്ദ്രമുണ്ടായിരുന്നു. ഇവിടെവന്ന് ഫ്രീയായി തിരുമ്മിക്കാന്‍ അദ്ദേഹവും ഭാര്യയും പല ദിവസങ്ങളിലും താമസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ഈ താമസമൊന്നും ഔദ്യോഗികകാര്യങ്ങള്‍ക്കായിരുന്നില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ള സൂപ്പും മറ്റുപലതും അദ്ദേഹം തന്നെ ഓര്‍ഡര്‍ ചെയ്ത് സ്ഥാപനത്തിന്റെ ചിലവില്‍ കഴിക്കുകയായിരുന്നു. ശ്രീ. പൈലിയെപ്പോലെ തരംതാഴാന്‍ എനിക്കു കഴിയാത്തതുമൂലം അദ്ദേഹത്തിന്റെ സാമ്പത്തിക ആര്‍ത്തിയെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. 
                                Published by IICS Hosanna Mount, Edamattom - 686 578 date: 21-11-2012

2012, നവംബർ 29, വ്യാഴാഴ്‌ച

നമ്മുടെ പ്രാര്‍ത്ഥന

ജോസഫ് പുലിക്കുന്നേല്‍ 
1975 നവംബര്‍ ലക്കം ഓശാന മാസികയില്നിന്ന്  


(''രഹസ്യത്തില്‍ നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക'' 
എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ? 
ഇന്നത്തെ നമ്മുടെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ?)

പിതാവായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യന്റെ ഹൃദയം കേന്ദ്രീകരിച്ച് ഉയരുമ്പോള്‍ ആ അമ്യമായ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഹൃദയചലനങ്ങളെ ആവിഷ്‌കരിക്കുന്നതാണ് പ്രാര്‍ത്ഥന. ക്രിസ്തു പ്രാര്‍ത്ഥനയെക്കുറിച്ച് ഇപ്രകാരം പറയുന്നു:-''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മനുഷ്യര്‍ കാണാന്‍വേണ്ടി, ജപാലയങ്ങളിലും, തെരുവീഥിയിലും നിന്നു പ്രാര്‍ത്ഥിക്കുവാന്‍ ഇഷ്ടപ്പെടുന്ന കപടഭക്തരേപോലെ ആകരുത്. തങ്ങളുടെ പ്രതിഫലമവര്‍ക്കു ലഭിച്ചുകഴിഞ്ഞു എന്നു ഞാന്‍ സത്യമായി നിങ്ങളോട് പറയുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി, വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. അപ്പോള്‍ രഹസ്യത്തില്‍ ചെയ്യുന്നതെല്ലാം കാണുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും. പ്രാര്‍ത്ഥിക്കുമ്പോള്‍, വിജാതിയരെപോലെ അതിഭാഷണം ചെയ്യരുത്. അതിഭാഷണം കൊണ്ട് തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നാണ്, അവര്‍ കരുതുക. ആകയാല്‍ നിങ്ങള്‍ അവരേപോലെ ആകരുത്. ചോദിയ്ക്കുന്നതിനു മുന്‍പുതന്നെ, നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവ് അറിയുന്നു. ആകയാല്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ! അങ്ങയുടെ നാം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലേതുപോലെ തന്നെ ഭൂമിയിലും ആകേണമേ! അന്നന്നുവേണ്ട ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ; ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ! ഞങ്ങളെ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍നിന്ന് ഞങ്ങളെ രക്ഷിക്കണമെ! എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങേയ്ക്കുള്ളതാകുന്നു. (വി. മത്തായി 6:6-13)
മനുഷ്യസൃഷ്ടിക്കു ചില സവിശേഷതകളുണ്ട്, ഏറ്റവും ഒടുവിലാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. അത് ഇല്ലായ്മയില്‍ നിന്നൊട്ടല്ലതാനും. മണ്ണില്‍നിന്ന് ദൈവം അവനെ രൂപപ്പെടുത്തി; സകല സൃഷ്ടികളുടെമേലും ആധിപത്യമുള്ള മനുഷ്യനെ.

മിശിഹായുടെ വീക്ഷണം
രണ്ടു പ്രധാന കാര്യങ്ങളില്‍, അന്ന് നിലവിലുണ്ടായിരുന്ന ''പ്രാര്‍ത്ഥനാ'' സമ്പ്രദായത്തില്‍നിന്നും, തന്റെ ശിഷ്യന്മാര്‍ വിട്ടുനില്‍ക്കണമെന്ന് മിശിഹാ ആഗ്രഹിച്ചു. (1) പ്രാര്‍ത്ഥന മനുഷ്യര്‍ കാണുന്നതിനുവേണ്ടി ആകരുത്. പ്രാര്‍ത്ഥന ദൈവഭക്തിയുടെ ബഹിര്‍പ്രകടനമായി കണക്കാക്കി, പ്രാര്‍ത്ഥ ദൈവവുമായുള്ള വ്യക്തിയുടെ അടുപ്പത്തിന്റെ പ്രദര്‍ശനമായി കരുതിയിരുന്ന കപടഭക്തന്മാര്‍ അന്നും ഉണ്ടായിരുന്നു. ഇവരെയാണ് പ്രീശനും, ചുങ്കക്കാരനും എന്ന ഉപമയില്‍ ക്രിസ്തു വിവരിക്കുന്നത് (വി. ലൂക്കാ.18:11) പ്രീശന്‍ ദേവാലയത്തേയും പ്രാര്‍ത്ഥനയേയും ഉപയോഗിച്ചത് തന്റെ ഭക്തി പ്രകടനത്തിനായിരുന്നു. മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം ന്യായീകരിക്കുകയും ഭക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്ത്, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുക ഇവര്‍ക്ക് പ്രാര്‍ത്ഥന മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയും, സമൂഹത്തില്‍ 'ഭക്ത'നെന്നറിയപ്പെടുകയും ചെയ്യാനുള്ള ഉപാധി മാത്രമാണ്. പ്രദര്‍ശനാത്മകമായ ഭക്തിയേയും പ്രകടനാത്മകമായ ഭക്തിയെയും പ്രകടനാത്മകമായ പ്രാര്‍ത്ഥനയും മിശിഹാ അപലപിച്ചു. (2)പ്രാര്‍ത്ഥിക്കുമ്പോള്‍ അതിഭാഷണം അരുത് എന്നു മിശിഹാ കല്പിച്ചു. പ്രാര്‍ത്ഥനയുടെ ഉരുവിടല്‍ ദൈവപ്രീതിജനകമാണെന്ന അന്ധവിശ്വാസം ഒരുകാലത്ത് നിലവിലുണ്ടായിരുന്നു. ഉദാഹരണത്തിന് ''ഗായത്രീമന്ത്രം'' ജപിച്ചാല്‍, അപകടമോചനം ലഭിക്കും എന്നുള്ള ഹിന്ദു വിശ്വാസം; ലക്ഷാര്‍ച്ചന, മുതലായ പ്രാര്‍ത്ഥനായജ്ഞങ്ങളുടെ അടിസ്ഥാനം ഏതെങ്കിലും പ്രത്യേക പ്രാര്‍ത്ഥനയുടെ, ആവര്‍ത്തിച്ചുള്ള ഉരുവിടല്‍, ദേവപ്രീതിജനകമാണെന്ന വിശ്വാസമാണ്. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ സാമാന്യ വീക്ഷണത്തേയും മിശിഹാ നിരാകരിച്ചു. പ്രാര്‍ത്ഥനയെന്നാല്‍, വാചാലമായ ദൈവസ്‌ത്രോത്രങ്ങളല്ല എന്ന് അവിടുന്ന് പഠിപ്പിച്ചു. പ്രാര്‍ത്ഥന സൃഷ്ടാവും, പിതാവുമായ ദൈവത്തോട് സൃഷ്ടിയായ മനുഷ്യന്റെ ഹൃദയത്തിന്റെ സംസര്‍ഗ്ഗമാണ്. സ്‌നേഹനിധിയായ ഒരു പിതാവും, പുത്രനും തമ്മിലുള്ള സംസര്‍ഗ്ഗത്തിന്റെ നൈര്‍മ്മല്യവും സ്വച്ഛതയുമാണ് പ്രാര്‍ത്ഥനയില്‍ വേണ്ടത്. പ്രശംസാപരവും അനുകരഭ്രമമുള്ളതുമായ പ്രാര്‍ത്ഥന യഥാര്‍ത്ഥ ഹൃദയസംസര്‍ഗ്ഗം ദ്യോതിപ്പിക്കുകയില്ല.

പ്രാര്‍ത്ഥന ഇന്ന് പ്രകടനം
മിശിഹായുടെ കല്പനകളില്‍ നിന്നും ഇന്ന് നാം ബഹുദൂരം അകന്നുപോയിട്ടില്ലേ? ഇന്ന് പ്രാര്‍ത്ഥന പ്രകടനാത്മകയാണ്. ഭക്തി പ്രദര്‍ശനമുഖ്യമാണ്. വീയാസാക്രകള്‍ പെരുവഴിയിലൂടെ നടത്തിയെങ്കിലേ ദൈവത്തിനിഷ്ടമുള്ളു എന്നുവരെയായിരിക്കുന്നു. പരിഹാരപ്രദക്ഷിണമെന്ന പേരില്‍, പെരുവഴിയില്‍ യാത്രാതടസ്സമുണ്ടാക്കുന്ന പ്രാര്‍ത്ഥനാഭ്യാസം, ഇന്ന് ദൈവഭക്തിയുടെ മുഖമുദ്രയായി സമൂഹത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചില ഭക്തി പ്രസ്ഥാനക്കാര്‍ക്ക് കഴിഞ്ഞു. പരിഹാരപ്രദക്ഷിണത്തിന്, പട്ടികകള്‍ കൊണ്ടുണ്ടാക്കിയ കുരിശും പിടിച്ച് പ്രാര്‍ത്ഥനയും ഉച്ചത്തില്‍ അലറി, (ഇതു കേട്ടാല്‍ തോന്നും, സ്വര്‍ഗ്ഗത്തിലിരിക്കുന്ന വൃദ്ധനായ ദൈവവും, പുണ്യാളന്മാരും കേള്‍ക്കണമെങ്കില്‍ ഉച്ചത്തില്‍ വിളിച്ചുപറയേണ്ടത് ആവശ്യമാണെന്ന്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്നു കല്‍പ്പിച്ച മിശിഹായോടുള്ള കൂറു പ്രഖ്യാപനമാണ് പ്രാര്‍ത്ഥനയെന്ന ഈ അലര്‍ച്ച!!) വഴിമുടക്കി, ഭക്തിപ്രകടനം നടത്തുന്നത് 'സഭാ വിശ്വാസികളുടെ' വിശ്വാസ പ്രകടനമായി കണക്കാക്കപ്പെടുന്നു.
ഇത് അപഹാസ്യവും തെറ്റായതും മിസിഹായുടെ കല്പനകള്‍ക്ക് വിരുദ്ധവുമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തി ക്രിസ്തുവിന്റെ കല്പനകള്‍ പാലിക്കുവാന്‍ ജാഗരൂഗരായിരിക്കണം. എങ്കില്‍ ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ജപാലയങ്ങളിലും, തെരുവീഥികളില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന കപട ഭക്തരെപ്പോലെ ആകരുത്. ''നീ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍ കയറി വാതിലടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.'' എന്ന് വ്യക്തവും അര്‍ത്ഥശങ്കക്കിടയാകാത്തവിധവും കല്‍പ്പിച്ച മിശിഹായില്‍ വിശ്വസിക്കുന്നവരെക്കൊണ്ട് ''തെരുവീഥികളില്‍, പ്രാര്‍ത്ഥനാഗര്‍ജ്ജനങ്ങള്‍ നടത്തിക്കുന്നവര്‍ ഭക്തി പ്രദര്‍ശിപ്പിക്കുന്നതിലാണ് കൂടുതല്‍ തല്‍പരര്‍. അവര്‍ പിതാവായ ദൈവത്തില്‍ നിന്നും എത്രയോ അകന്നിരിക്കുന്നു. ''തങ്ങളുടെ പ്രതിഫലം അവര്‍ക്കു ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

ഉരുവിടല്‍
ഇന്നത്തെ പ്രാര്‍ത്ഥനകള്‍ അതിഭാഷണങ്ങളാണ്. ''പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതിയരെ പോലെ അതിഭാഷണം അരുത്'' എന്നു മിശിഹാ വ്യക്തമായി കല്‍പ്പിച്ചിട്ടുണ്ട് എങ്കിലും, ഇന്ന് പ്രാര്‍ത്ഥനയെ ഉരുവിടല്‍ പ്രക്രിയയായി നാം അധ:പതിപ്പിച്ചു. ഒരു മണിക്കൂര്‍വരെ നീണ്ടുനില്‍ക്കുന്ന ആവര്‍ത്തനവിരസമായ പ്രാര്‍ത്ഥന ''കുടുംബ''ത്തിന്റെ മഹത്വമാകുന്നതിനു പകരം ഗൈവ ദൂഷണമായിതീരുന്നു. അന്‍പത്തിമൂന്നുമണി ജപം തന്നെ എടുക്കാം. ഭക്തിയുടെ പ്രധാന പ്രകടനാത്മക പ്രാര്‍ത്ഥനയായ അമ്പത്തിമൂന്നുമണി ജപത്തില്‍ ''നന്മനിറഞ്ഞ മറിയമെ'' എന്ന ജപം അന്‍പത്തിമൂന്നു പ്രാവശ്യം ഉരുവിടുന്നു. മിശിഹാ പഠിപ്പിച്ച ''സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ'' എന്ന മനോഹരമായ പ്രാര്‍ത്ഥന, പുട്ടിന് തേങ്ങാപോലെ ആറുപ്രാവശ്യം ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നു. അവസാനം വിനീതയായ കന്യാമറിയം ലജ്ജിച്ചു പോയേക്കാവുന്ന പ്രശംസാപ്രവാഹമാണ് - ''ദാവീദിന്റെ കോട്ടയേ'' ''സ്വര്‍ണ്ണാലയമേ'' ''വാഗ്ദത്തിനറെ പെട്ടകമേ'' ''ആകാശമോക്ഷത്തിന്റെ വാതിലേ'' ''ഈ അതിശയോക്തിയുള്ള മുഖസ്തുതിയുടെ അതിഭാഷണം കേട്ട് ''പൊങ്ങി'' അനുഗ്രഹം വര്‍ഷിക്കുന്ന ശുംഭയാണ്, വിനീതയായ കന്യമറിയമെന്നാണ് ചിലര്‍ വിശ്വസിക്കുന്നതെന്നു തോന്നും. ജീവിതകാലത്ത് 'ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി' എന്നും (വി. ലൂക്കാ. 1:38) എന്തെന്നാല്‍ ദാസിയുടെ താഴ്ചയെ തൃക്കണ്‍ പാര്‍ത്തു (ലൂക്കാ 1:48) എന്നും പറഞ്ഞ പരമവിനീതയായ കന്യകാമറിയത്തെയാണ്, ''കോട്ടയെന്നും'' ''സ്വര്‍ണ്ണാലയമെന്നും'' ''പെട്ടക'' മെന്നും മറ്റും വിളിച്ച് അപമാനിയിക്കുന്നതെന്നോര്‍ക്കുമ്പോള്‍, സങ്കടം തോന്നും.
ഈ അതിഭാഷണാത്മകവും മുഖസ്തുതി ജടിലവും, ആവര്‍ത്തനവിരസവുമായ പ്രാര്‍ത്ഥനകള്‍ക്ക്, മിശിഹാ നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സുന്ദരമായ അരൂപിയുമായി യാതൊരു ബന്ധവുമില്ല; പോരെങ്കില്‍ ഇത് അക്രൈസ്തവുമാണ്. 

പ്രാര്‍ത്ഥനയുടെ സാമ്പത്തിക വശം
ഇന്ന് പ്രാര്‍ത്ഥനയെ ഒരു വലിയ വ്യവസായമായി ചിലര്‍ അധഃപതിപ്പിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥനപ്പുസ്തകങ്ങള്‍, ആയിരക്കണക്കിന് വിറ്റഴിയുന്നു. പുതിയ പുതിയ പ്രാര്‍ത്ഥനകള്‍, ഭംഗിയായി എഴുതുകയും, പുസ്തകമായി അച്ചടിപ്പിക്കുകയും ചെയ്ത് ഭക്തന്മാര്‍ക്ക് ആദായകരമായി വില്‍ക്കാന്‍ കഴിയും, എന്ന് കണ്ടുപിടിച്ച സഭകളും 'അച്ചുകൂട'ങ്ങളും ഉണ്ട്. ഇവര്‍ ക്രൈസ്തവിശ്വാസത്തിന്റെ അടിത്തറ ഇളക്കി വിറ്റാണ് കാശുണ്ടാക്കുന്നത്. പുതിയ, പുതിയ പുണ്യവാളന്മാരെക്കുരിച്ച് പ്രാര്‍ത്ഥനകള്‍ സൃഷ്ടിച്ച് ഭക്തന്മാര്‍ക്ക് വില്‍ക്കുന്നു. പ്രാര്‍ത്ഥനാ പാട്ടുപുസ്തകം മറ്റൊരു വലിയ വ്യവസായത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥനയുടെ ഈ സാമ്പത്തികവശമാണ്, ഇന്നു ഇതിതരം അക്രൈസ്തവ പ്രാര്‍ത്ഥനകളെ നിലനിര്‍ത്താന്‍ പല ഭക്തി പ്രസ്ഥാനക്കാരേയും പ്രേരിപ്പിക്കുന്നത്. ''രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക'' എന്ന നമ്മുടെ കര്‍ത്താവിന്റെ കല്പന എവിടെ; ഇന്നത്തെ പ്രാര്‍ത്ഥനാ പ്രകടനങ്ങള്‍ എവിടെ!!!
''കപടഭക്തരായ നിയമജ്ഞരേ, പ്രീശരേ, നിങ്ങള്‍ക്ക് ഹാ കഷ്ടം. എന്തെന്നാല്‍, നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ദീര്‍ഘിപ്പിക്കുക നിമിത്തം വിധവകളുടെ ഭവനങ്ങള്‍ നിങ്ങള്‍ വിഴുങ്ങിക്കളയുന്നു. ഇതുകൊണ്ടു നിങ്ങള്‍ക്ക് കൂടുതലായ വിധിയുണ്ടാകും. (മത്തായി 23: 13)

2012, നവംബർ 27, ചൊവ്വാഴ്ച

മതം സൃഷ്ടിക്കുന്ന നിരീശ്വരത്വം

ജോസഫ് പുലിക്കുന്നേല്‍ 


1975 നവംബര്‍ ലക്കം ഓശാനയില്‍നിന്ന്

(കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?
)

ഈ പ്രപഞ്ചത്തിന് മൂലകാരണമായി ഒരു ശക്തിയുണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ആ ശക്തിയെ ഈശ്വരന്‍ എന്നോ, യഹോവയെന്നോ അള്ളായെന്നോ ഒക്കെ പല മതക്കാര്‍ പല പേരില്‍ വിളിക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കലാണ് നാസ്തികത്വം അഥവാ നിരീശ്വരവാദം. അപ്പോള്‍ മതം നിരീശ്വരത്വത്തിനെതിരും നിരീശ്വരത്വം മതത്തിനെതിരുമാണെന്ന് കാണാം. അതുകൊണ്ട് മതം നിരീശ്വരത്തെ സൃഷ്ടിക്കുമെന്നോ പ്രോത്സാഹിപ്പിക്കുമെന്നോ പറഞ്ഞാല്‍ അത് വിരോധാഭാസമായി തോന്നിയേക്കാം. എന്നാല്‍ നിരീശ്വരത്വത്തിന് ഏറ്റവും കൂടുതല്‍ പ്രോത്സാഹനം ലഭിക്കുന്നത് മതത്തില്‍ നിന്നത്രെ.

ഈശ്വരനെ ആരും കണ്ടിട്ടില്ല. ഓക്‌സിജന്റെ അസ്തിത്വം പരീക്ഷണങ്ങള്‍കൊണ്ട് ലാബറട്ടറിയില്‍ തെളിയിക്കുന്നതുപോലെ ഈശ്വരാസ്തിത്വം തെളിയിക്കാനാവില്ല. ഈശ്വരബോധം, നൈസര്‍ഗ്ഗികമായ ഒരു വാസനയായി വളര്‍ന്ന് വിശ്വാസമായി മാറുകയാണ് ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനും ഗുണപ്രദമായ ഒന്നത്രെ ഈ വിശ്വാസം. ഒരതിര്‍ത്തിയോളം വ്യക്തിയെ അതു സന്മാര്‍ഗ്ഗത്തിലേക്കു നയിയ്ക്കുകയും ചെയ്യുന്നു. സമൂഹ ജീവിയായ മനുഷ്യന്, സാമൂഹ്യധര്‍മ്മനിയമങ്ങള്‍ സംഭാവന ചെയ്തത് മതവും മതാചാര്യന്മാരുമാണ്. ഈ ധര്‍മ്മ നിയമങ്ങളുടെ കരുത്തുറ്റ ചട്ടക്കൂട്ടിലാണ് മനുഷ്യസമൂഹവും സംസ്‌കാരവും വളര്‍ന്നുവന്നത്. ഇന്ന് നിലവിലുള്ള എല്ലാ സാമൂഹ്യനിയമങ്ങളുടേയും പിന്‍പിലുള്ള പ്രേരണാശക്തി മതമായിരുന്നു.

ഈശ്വരന്‍ 
ഈശ്വരനെന്താണ്? ഏകനോ അനേകനോ ദ്വയനോ? ഓരോ മതവും ഈശ്വരനെക്കുറിച്ച് ഓരോ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളാണ് ഒരു മതത്തെ മറ്റൊരു മതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നത്. മതസ്ഥാപകന്മാരാണ് ദൈവത്തെപ്പറ്റി അനുയായികളെ പഠിപ്പിച്ചത്. 
നമ്മുടെ കര്‍ത്താവായ മിശിഹാ തന്റെ ശിഷ്യന്മാരെ പിതാവായ ദൈവത്തെക്കുറിച്ച് വ്യക്തമായും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധവും പഠിപ്പിച്ചു. മിശിഹായുടെ പഠനങ്ങള്‍, താനും ദൈവവും, താനും മനുഷ്യരും തമ്മിലുള്ള ബന്ധങ്ങളില്‍ കേന്ദ്രീകരിച്ചാണിരിക്കുന്നത്.

'
പിതാവ്'
നിങ്ങളുടെ ഹൃദയം കലങ്ങേണ്ട. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍ (യോഹ: 14:1) ''എന്നെക്കാണുന്നവന്‍ പിതാവിനെ കാണുന്നു......... ഞാന്‍ എന്റെ പിതാവിലും, എന്റെ പിതാവ് എന്നിലും ആകുന്നു എന്ന് നിങ്ങള്‍ വിശ്വസിക്കുവിന്‍'' (യോഹ :14:9-11) ''എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം കാക്കുന്നു. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും, ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന് അവനോടുകൂടി വസിക്കുകയും ചെയ്യും. എന്നെ സ്‌നേഹിക്കാത്തവന്‍ എന്റെ വചനം കാക്കുന്നില്ല. നിങ്ങള്‍ കേള്‍ക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റെ ആകുന്നു.'' (യോഹ: 14: 23-34) ''എന്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ തന്നെ ഞാനും നിങ്ങളെ സ്‌നേഹിച്ചു; നിങ്ങള്‍ എന്റെ സ്‌നേഹത്തില്‍ വസിക്കുവിന്‍. ഞാന്‍ എന്റെ പിതാവിന്റെ കല്പനകള്‍ പാലിച്ച് അവന്റെ സ്‌നേഹത്തില്‍ വസിക്കുന്തുപോലെ നിങ്ങള്‍ എന്റെ കല്പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ വസിക്കും. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം എന്നതാണ് എന്റെ കല്പന. ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ ഉപേക്ഷിക്കുന്നതില്‍ വലുതായ സ്‌നേഹം ഇല്ല.'' ( യോഹ:15: 12, 13)

സ്‌നേഹമൂര്‍ത്തി
മിശിഹാ തന്റെ അന്തിമ അത്താഴവേളയില്‍ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകളാണ് മുന്‍കൊടുത്തിരിക്കുന്നവ. ക്രിസ്തു ദൈവത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന പദമായിരുന്നു 'പിതാവ്' എന്നത് (സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു തുടങ്ങുന്ന മനോഹര പ്രാര്‍ത്ഥനാകാവ്യം ഇത് കുറച്ചുകൂടി സ്പഷ്ടമാക്കുന്നു). സ്രഷ്ടാവായ, സ്‌നേഹസമ്പന്നനായ ഒരു പിതാവായാണ് മിശിഹ ദൈവത്തെ വിവരിച്ചിരിക്കുന്നത്. സ്‌നേഹമെന്ന അത്യുദാത്തഭാവത്തില്‍ താനും ദൈവവും സൃഷ്ടിയായ മനുഷ്യനും എല്ലാം പരസ്പരം ദൃഢബന്ധത്തിലാണ്. ഈ ഉദാത്തമായ സ്‌നേഹത്തിന്റെ ലക്ഷണമാണ്. ''ഒരു മനുഷ്യന്‍ തന്റെ സ്‌നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ കളയുക'' എന്നത്. മിശിഹാ തനിക്ക് മനുഷ്യവര്‍ഗ്ഗത്തോടുള്ള സ്‌നേഹത്തെപ്രതി കുരിശുമരണം വരിച്ചു. ''ഒരുത്തന്റെ പാപം നിമിത്തം വളരെപ്പേര്‍ മരിച്ചു എങ്കില്‍ ഈശോമിശിഹാ എന്ന ഏകമനുഷ്യന്‍മൂലം ദൈവത്തിന്റെ കൃപയും അവന്റെ മാനവും വളരെപ്പേരില്‍ എത്ര അധികമായി വര്‍ദ്ധിച്ചിരിക്കും''......(റോമാ 5: 15, 17, 17, 18, 19) ''നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു എങ്കില്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹം ഇവിടെ കാണിക്കുന്നു''. (റോമാ 5: 8) ക്രിസ്തീയവിശ്വാസത്തിന്റെ മൂലക്കല്ല്, പിതാവായ ദൈവത്തിന്റെ ഏകജാതനായ മിശിഹായുടെ മനുഷ്യസ്‌നേഹത്തെ പ്രതിയുള്ള പരിഹാരബലിയും, തന്മൂലം മനുഷ്യവര്‍ഗ്ഗത്തിനു ലഭിച്ച കൃപയും ദാനവുമാകുന്നു. പിതാവായ ദൈവവും, ദൈവത്തോടുകൂടി സ്‌നേഹത്തില്‍ ഇരുന്ന്, മനുഷ്യസ്‌നേഹത്തെ പ്രതി സ്വയം പരിഹാരബലിയായിത്തീര്‍ന്ന ദൈവസുതനായ മിശിഹായും, ആ സ്‌നേഹബലിയുടെ ഫലമായി വീണ്ടെടുക്കപ്പെട്ട മനുഷ്യനും, ഉള്‍ക്കൊള്ളുന്നതാണ് ദൈവത്തിന്റെ സ്‌നേഹപ്രപഞ്ചം. ഈ സ്‌നേഹപ്രപഞ്ചത്തില്‍, മിശിഹാ ദൈവത്തിലും ദൈവം മിശിഹായിലും വസിക്കുന്നതുപോലെ തന്നെ, തന്റെ വചനം കാക്കുന്നവരില്‍, മിശിഹായും ദൈവവും വസിക്കുന്നു. അപ്പോള്‍ ദൈവം അത്യുദാത്തമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണ്.
സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ ഈശ്വരനെക്കുറിച്ചാണ് ക്രിസ്തു പഠിപ്പിക്കുന്നത്. ആ സ്‌നേഹത്തിന്റെ കാന്തവലയത്തിന്റെ വിശ്രാന്തി ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അത് നിര്‍വ്വാണമായിരിക്കും. ആ സ്‌നേഹത്തിന്, ആചാരങ്ങളില്ല. പാരമ്പര്യനിബദ്ധമായ ചട്ടങ്ങളില്ല; ആ സ്‌നേഹത്തിന്റെ പ്രകടനത്തിന് സംഘടനയുടെ ആവശ്യമില്ല. അത് ചുങ്കക്കാരനെയും വ്യഭിചാരിണിയെയും, ശമ്രായക്കാരിയെയും, കുഷ്ഠരോഗിയെയും, രക്തസ്രാവമുള്ള സ്ത്രീയെയും, ശതാധിപനെയും, വിശക്കുന്നവനെയും എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. ആ സ്‌നേഹം ബലിയല്ല കരുണയത്രേ ആഗ്രഹിക്കുന്നത്. അത് നിയമജ്ഞന്മാരുടെ നീതിയേക്കാള്‍ വലുതായ നീതി ആവശ്യപ്പെടുന്നു. ''ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്നു'' ആ സ്‌നേഹത്തില്‍, ''ഒന്നാമനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനായിരിക്കും.'' ആ സ്‌നേഹത്തില്‍ രണ്ടു വസ്ത്രത്തിന്റെ ആവശ്യമില്ല. പൊന്നോ, വെള്ളിയോ, സമ്പത്തുമല്ല.

സഭ
നിര്‍ഭാഗ്യവശാല്‍ മിശിഹ ചൂണ്ടിക്കാണിച്ച പിതാവായ ദൈവമെന്ന മനോഹരാശയം ഇന്ന് കത്തോലിക്കാസഭയില്‍ വിരളമായേ കാണാറുള്ളു. സഭ മിശിഹായുടെ ഭൗതികശരീരമെന്നും മറ്റും ദൈവശാസ്ത്ര പദമുപയോഗിച്ച് സഭയെ നിര്‍വ്വചിക്കാന്‍ മുരടന്‍ പണ്ഡിതന്‍മാര്‍ പരിശ്രമിക്കുന്നു എന്നതു ശരിതന്നെ. മിശിഹാ കല്പിച്ചു. ''മനുഷ്യന്‍ നിങ്ങളുടെ നല്ല പ്രവൃത്തി കണ്ട് സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ.'' (മത്താ :5:16) സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെ മഹത്വപ്പെടുത്തുന്നത് ''നിങ്ങളുടെ നല്ല പ്രവൃത്തികളാണ്.'' സമൂഹജീവിയായ മനുഷ്യനാണ് ദൈവത്തിന്റെ സൃഷ്ടികള്‍: സമൂഹജീവിയായ മനുഷ്യനാണ് മിശിഹാ പ്രതിഫലം വാഗ്ദാനം ചെയ്തത്. മനുഷ്യപുത്രന്‍ തന്റെ സകല പരിശുദ്ധ ദൈവദൂതന്മാരുമായി മഹത്വത്തോടുകൂടി വരുമ്പോള്‍ അവന്‍ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരുന്ന് വിളിക്കുന്നതു നോക്കുക.''അപ്പോള്‍ രാജാവ് വലത്തുഭാഗത്തുള്ളവരോട് പറയും 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ വരുവിന്‍. ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരുന്ന രാജ്യം അവലകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിയ്ക്കു വിശന്നു, നിങ്ങള്‍ എനിയ്ക്കു ഭക്ഷിക്കുവാന്‍ തന്നു. എനിക്കു ദാഹിച്ചു. നിങ്ങള്‍ എന്നെ കുടിപ്പിച്ചു. ഞാന്‍ പരദേശിയായിരുന്നു. നിങ്ങള്‍ എന്നെ അംഗീകരിച്ചു. ഞാന്‍ നഗ്നനായിത്തീരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടു; ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ ആ നീതിമാന്മാര്‍ അവനോടു ചോദിക്കും 'കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശന്നിരിക്കുന്നവനായിക്കണ്ട് നിനക്കു ഭക്ഷണം തരികയോ, നിന്നെ ദാഹിച്ചിരിക്കുന്നവനായി (കണ്ടു) നിന്നെ കുടിപ്പിക്കുകയോ ചെയ്തത് എപ്പോള്‍? ഞങ്ങള്‍ നിന്നെ പരദേശിയായിക്കണ്ടു സ്വീകരിക്കുകയോ, നഗ്നനനായി(കണ്ടു) ഞങ്ങള്‍ നിന്നെ ഉടുപ്പിക്കുകയോ ചെയ്തത് എപ്പോള്? നിന്നെ രോഗിയായിട്ടോ, കാരാഗൃഹത്തിലോ കണ്ട് നിന്റെ അടുക്കല്‍ ഞങ്ങള്‍ വന്നതും എപ്പോള്‍?' രാജാവ് ഉത്തരമായി അവരോട്: ചെറിയവരായ എന്റെ ഈ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകന്നു ചെയ്തത് എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു എന്നു പറയും. പിന്നെ അവന്‍ തന്റെ ഇടതുഭാഗത്തുള്ളവരോടും അരുളിചെയ്യും; ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നെ വിട്ട് പിശാചിനും അവരുടെ ദൂതന്മാര്‍ക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു. നിങ്ങള്‍ എനിക്കു ഭക്ഷിക്കുവാന്‍ തന്നില്ല; എനിക്കു ദാഹിച്ചു: നിങ്ങള്‍ എന്നെ കുടിപ്പിച്ചില്ല; ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല; ഞാന്‍ നഗ്നനായിരുന്നു. നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; ഞാന്‍ രോഗിയായിരുന്നു; കാരാഗൃഹത്തിലുമായിരുന്നു; നിങ്ങള്‍ എന്നെ വന്നു കണ്ടില്ല. അപ്പോള്‍ അവരും ഉത്തരമായി അവരോട്; കര്‍ത്താവേ, നിന്നെ വിശപ്പുള്ളവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ, രോഗിയോ, കാരാഗൃഹത്തിലോ ആയി ഞങ്ങള്‍ കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? എന്നു ചോദിക്കും. അപ്പോള്‍ അവന്‍ ഉത്തരമായി അവരോട്; ഈ ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യാതിരുന്നപ്പോഴെല്ലാം എനിക്കും ചെയ്തിട്ടില്ല എന്ന് ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു, എന്നു പറയും. ഇവര്‍ നിത്യപീഡയിലേക്കും നീതിമാന്മാര്‍ നിത്യജീവനിലേക്കും പോകും.'' (മത്തായി. 25: 34 - 46).

മിശിഹായുടെ നീതി എത്ര വ്യക്തമാണ്. സമൂഹജീവിയായ മനുഷ്യന്, സ്‌നേഹത്തിന്റെ നീരുറവ ഒഴുക്കിക്കൊടുക്കുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യമുള്ളു. ഭക്തിപ്രകടനങ്ങും, വണക്കമാസവും, കുര്‍ബ്ബാനയും, പള്ളിപണിയിയ്ക്കലും കപ്പേളനിര്‍മ്മിക്കലും ബലിയും നേര്‍ച്ചയും ഒന്നും സ്വര്‍ഗ്ഗപ്രവേശനത്തിനുള്ള പാസ്‌പോര്‍ട്ടുകളല്ല. ''ഞാന്‍ കരുണയാഗ്രഹിക്കുന്നു, ബലിയല്ല എന്നുള്ളത് എന്താകുന്നു എന്ന് നിങ്ങള്‍ പോയി പഠിക്കുവിന്‍. ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിക്കുവാന്‍ വന്നത്.'' (മത്തായി 9:13).

ചരിത്രം പരതിനോക്കിയാല്‍
ചരിത്രം പരതിനോക്കിയാല്‍ നാം കാണുന്ന സഭ രക്തക്കളം സൃഷ്ടിച്ച സഭയാണ്. (ഞങ്ങള്‍ക്ക് എബാഹമുണ്ട്. ഇസഹാക്കുണ്ട് എന്നു വിളിച്ചുപറഞ്ഞ യഹൂദന്മാരെപ്പോലെ ഞങ്ങള്‍ക്ക് കൊച്ചുത്രേസ്യായുണ്ട്. അല്‍ഫോന്‍സാമ്മയുണ്ട് എന്ന് ചിലര്‍ വിളിച്ചു പറഞ്ഞേക്കാം. മാമ്മോദീസാ വെള്ളം വീഴാതെതന്നെ പരസ്‌നേഹത്തിന്റെ പരമകാഷ്ടയില്‍ എത്തിയ ഗാന്ധിജിയും വിനോബാഭാവേയും ശ്രീനാരായണനും രാമകൃഷ്ണപരമഹംസനും ഉണ്ടായില്ലേ? പിന്നെ എന്തിന് ഈ അഹങ്കാരം). അവിടെ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ ശാപവും പല്ലുകടിയും ആണ് കാണുന്നത്. (മത്താ: 8:12) സഭയും മാര്‍പ്പാപ്പയും കൂടി മദ്ധ്യകാലയുഗത്തില്‍, ഹെഡ്‌സിനെയും, സന്യാസിയായ സാവനറോളയെയും ബ്രൂണോയെയും പിന്നീട് പുണ്യവതിയെന്നു വിളിച്ച ജോവാന്‍ ഓഫ് ആര്‍ക്കിനെയും, പച്ചയ്ക്ക് തീയില്‍ കരിച്ചുകൊന്നു. വൃദ്ധനായ ഗലീലിയോയെ ശാസ്ത്രതത്വങ്ങള്‍ കണ്ടുപിടിച്ചു പ്രചരിപ്പിച്ചതിന്റെ പേരില്‍ മാര്‍പ്പാപ്പാ തടവറകളില്‍ തള്ളി! തന്റെ പ്രേഷ്ടശിഷ്യനോട് വാളുറയിലിടുവാന്‍ കല്പിച്ച് സ്വയം ശത്രുക്കള്‍ക്ക് കീഴ്‌പ്പെട്ട്, മഹത്വത്തോടെ പുനരുത്ഥാനം ചെയ്ത മിശിഹാ ജനിച്ച നാടിനെ, പാലസ്തീന്‍ നാടിനെ, യൂറോപ്പിലെ രാജാക്കന്മാരുടെ അധീനതയിലാക്കാന്‍ കുരിശുയുദ്ധങ്ങള്‍കൊണ്ട് കുരുതിക്കളമാക്കിയത് ഈ സഭയാണ്!! തന്റെ ശിഷ്യന്മാരുടെ കാലുകഴുകി ചുംബിച്ച്, എളിമയുടെ മഹത്വപൂര്‍ണ്ണ സാമ്രാജ്യത്തിന്റെ താക്കോല്‍ കാണിച്ചുകൊടുത്ത മിശിഹായുടെ വികാരിയായ 'പത്രോസ്' ഇന്ന് വിശുദ്ധപത്രോസിന്റെ ബസ്സലീക്കയിലേക്ക് എഴുന്നെള്ളുന്നത്, ദൈവത്തിന്റെ രൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന്റെ തോളിലമരുന്ന സ്വര്‍ണ്ണക്കസേരയിലാണ്. 'ചിതലും പുഴുവും നശിപ്പിക്കുകയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന സ്ഥലമായ ഭൂമിയില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ സൂക്ഷിച്ചു വയ്ക്കണ്ട' എന്ന് കല്പിച്ച മിശിഹായുടെ പേരില്‍, വലിയ സമ്പത്ത് സമാര്‍ജ്ജിക്കുന്നു.

'സ്വര്‍ണ്ണക്കാളകള്‍'
രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരും
തെണ്ടിയാണോ മതം തീര്‍ത്ത ദൈവം (ചങ്ങമ്പുഴ)
അതേ, ഇന്നത്തെ മതം സൃഷ്ടിച്ചത് രണ്ടു തുട്ടേകിയാല്‍ ചുണ്ടില്‍ ചിരിവരുന്നവനും സമ്പത്തില്‍ ആഹ്ലാദിക്കുന്നവനും സ്തുതിവചസ്സുകളില്‍ പ്രീതനാകുന്നവനുമായ ദൈവത്തെയാണ്. മിശിഹാ കാണിച്ചുതരുന്നത് പിതാവായ, രോഗിയെ അന്വേഷിച്ചുവന്ന, നിയമജ്ഞന്മാരുടെ നീതിക്ക് അതീതമായ നീതി കാണിക്കുന്ന, ക്ഷമിക്കുന്ന, കരുണ ആഗ്രഹിക്കുന്ന, സമ്പത്ത് ആഗ്രഹിക്കാത്ത വിശ്വംമുറ്റിനില്‍ക്കുന്ന സ്‌നേഹസമ്പന്നയായ ഈശ്വരനെയായിരുന്നു. സ്വന്തം ആര്‍ത്തിയും സ്ഥാനമഹിമയിലുമുള്ള കൊതിയും കൊണ്ട് ഒരുവിഭാഗം ആളുകള്‍ യഥാര്‍ത്ഥ ദൈവത്തെ-ക്രിസ്തു ആവിഷ്‌കരിച്ച ദൈവത്തെ-മനുഷ്യനില്‍ നിന്നു മാറ്റിനിര്‍ത്തി ദൈവത്തിന്റെ മുഖഛായ വികൃതമാക്കി. സ്വര്‍ണ്ണക്കാളകള്‍ പിതാവായ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.
ഇങ്ങനെ വികൃതമാക്കിയ ദൈവത്തിന്റെ മുഖമാണ് കത്തോലിക്കാസഭ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്. ചിന്തിക്കുന്നവന്‍ ആ ദൈവത്തെ പുച്ഛിക്കുന്നു. നിഷേധിക്കുന്നു. സഭ സൃഷ്ടിച്ച പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ഭക്തിപ്രസ്ഥാനത്തിന്റെയും, നേര്‍ച്ചകാഴ്ച, പെരുന്നാളാദിയായ പ്രകടനങ്ങളുടെയും ഇടയ്ക്ക് സ്വന്തകാര്യത്തിനുവേണ്ടി, സക്രാരിയിലുള്ള ഇരുമ്പുപെട്ടിയില്‍ പൂട്ടിവെച്ചിരുന്ന പിതാവായ ദൈവത്തിന്റെ മുഖം ഒന്നു കാണുവാന്‍ വിശ്വാസികളെ അനുവദിച്ചിരുന്നെങ്കില്‍!!!

ഇതിന് നാം ആരേയും കുറ്റം പറയേണ്ടതില്ല. കുറ്റം നമ്മുടേതാണ്, നാം ഓരോരുത്തരുടേതും. ത്രികാലജ്ഞാനിയായിരുന്ന മിശിഹാ നമുക്കു നല്‍കിയ മുന്നറിയിപ്പ് അനുസരിക്കാന്‍ നാം തയ്യാറായില്ല; അവിടുന്നു ദീര്‍ഘദൃഷ്ടിയോടുകൂടി കല്പ്പിച്ചിരുന്നു, ''നീണ്ടകുപ്പായങ്ങളോടുകൂടി നടക്കാന്‍ ഇച്ഛിക്കയും, തെരുവീഥികളില്‍ വന്ദനവും സംഘങ്ങളില്‍ പ്രധാനപീഠവും വിരുന്നുകളില്‍ മുഖ്യസ്ഥാനവും ആഗ്രഹിക്കുകയും ചെയ്യുന്ന നിയമജ്ഞരെ സൂക്ഷിക്കുവിന്‍'' (മര്‍ക്കോസ് 12:38, 39) നാം ഈ മുന്നറിയിപ്പു ദയനീയമാംവിധം മറന്നുപോയത് നമ്മുടെ തെറ്റല്ലേ?