2012, നവംബർ 26, തിങ്കളാഴ്‌ച

യാഥാസ്ഥിതികത്വത്തിന്റെ തിരികല്ലുകള്‍


ഓശാനമാസികയിലെ യുവശക്തി എന്ന പംക്തിയില്‍ 1975 നവംബര്‍മാസത്തില്‍ ശ്രീ. ജോസഫ് പുലിക്കുന്നേല്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം

കത്തോലിക്കാസഭയിലെ നേതൃത്വഹത്യയെക്കുറിച്ച് യുവജനപംക്തിയില്‍ വന്ന ലേഖനം കാര്യസ്പര്‍ശിയായിരുന്നു എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. കത്തോലിക്കസഭാനേതൃത്വത്തിന്റെ വരാന്തയില്‍, കുരയ്ക്കാന്‍ കെട്ടിയിടുന്ന പട്ടികളായി മാത്രം കഴിയുന്നവരെയാണ് സഭാധികാരികള്‍ കത്തോലിക്കാനേതാക്കന്മാരായി കരുതുന്നത്. മെത്രാസന അരമനകളില്‍, കാലാകാലങ്ങളില്‍ സന്ദര്‍ശിച്ച് മോതിരം മുത്തി സമുദായകാര്യങ്ങളെക്കുറിച്ച് ഏറാന്‍മൂളി ദീപിക പത്രത്തെ പ്രീണിപ്പിച്ച് നില്‍ക്കുന്നവര്‍ക്ക് കത്തോലിയ്ക്കാ സമുദായ നേതൃത്വപ്പട്ടം, അവര്‍ കൊടുക്കും. ഈ കത്തോലിക്കാ നേതൃത്വപ്പട്ടവും, ഷെവലിയര്‍ സ്ഥാനവും എല്ലാം, ഇവരുടെ മുരടിച്ച വളര്‍ച്ചയ്ക്കുള്ള കിരീടം മാത്രമാണ്.

സഭയും സമുദായവും
ഇന്ന്, സഭാനേതൃത്വത്തിന്, സമുദായ നേതൃത്വത്തേയും അതിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന മനോഭാവമാണുള്ളത്. കേരളത്തിലെ മറ്റൊരു ക്രൈസ്തവ സഭാനേതാക്കളും ഈ അതിക്രമിച്ച ആഗ്രഹം കാണിച്ചിട്ടില്ല. മതപരമായ കാര്യങ്ങളും മതസംബന്ധിയായ മൂല്യങ്ങളും ജനങ്ങളെ പഠിപ്പിക്കുകയെന്നതാണ് മതനേതാക്കളുടെ കര്‍ത്തവ്യം. ഈ രാജ്യത്തെ സാമ്പത്തിക ക്രമീകരണം എങ്ങിനെ വേണം, നികുതിവ്യവസ്ഥ എന്തായിരിക്കണം, കാര്‍ഷികനയം എന്തായിരിക്കണം, എന്ന കാര്യങ്ങള്‍, അക്കാര്യത്തില്‍ വിദഗ്ദ്ധമായി അഭിപ്രായം പറയാന്‍ കഴിവുള്ളവര്‍ക്ക് വിട്ടുകൊടുക്കുകയാണ് നല്ലത്. സമൂഹത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് അടിസ്ഥാനമായ സാമൂഹിക വ്യവസ്ഥകളെ സംബന്ധിച്ചുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളില്‍നിന്നും സഭയും സഭാനേതൃത്വവും ഒഴിഞ്ഞുനില്‍ക്കുന്നതാണ് ഭേദം. 1954-ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭ ഭൂനയബില്ല് ആവിഷ്‌കരിച്ചപ്പോള്‍, അതിന് സമുദായത്തിന്റെ പേരില്‍ ശക്തമായി എതിര്‍ത്തത് 'ദീപികപ്പത്ര'മായിരുന്നു. കമ്യൂണിസവും, എന്തിന് സോഷ്യലിസംപോലും മതവിരുദ്ധമാണെന്ന് മുദ്രകുത്തി, സോഷ്യലിസത്തെക്കുറിച്ച് പറയുന്നവരെ മതഭ്രഷ്ടരാക്കിയ ഈ പത്രം തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ആലിംഗനം ചെയ്യാന്‍ ഈയിടെ അനുവാദവും ആശിസ്സും നല്‍കി.

വിദ്യാഭ്യാസരംഗം തന്നെ നമുക്ക് എടുക്കാം. കഴിഞ്ഞ 25 കൊല്ലങ്ങളായി എത്ര എത്ര സമരങ്ങളും ഗോഗ്വാവിളികളുമാണ് സഭ നയിച്ചത്. പനമ്പള്ളി, സ്‌കൂള്‍ അദ്ധ്യാപകന്മാര്‍ക്ക് നേരിട്ടു ശമ്പളം കൊടുക്കുന്നതിനുള്ള റൂളുകള്‍ ആവിഷ്‌കരിച്ചപ്പോള്‍, ''സഭ അപകടത്തിലാണേ'' എന്നു പറഞ്ഞു സമരം ചെയ്തു. എന്നിട്ട് എന്തുണ്ടായി? വിദ്യാഭ്യാസ ബില്ലിനെതിരേയും ഈയിടെ കോളേജില്‍ അദ്ധ്യാപകര്‍ക്കു നേരിട്ടു ശമ്പളം കൊടുക്കുന്നതിനെതിരേയും സഭ സമരം ചെയ്തു. എന്നിട്ട് എന്തു നേട്ടം ഉണ്ടായി എന്ന് ഒന്നു ഗാഢമായി ചിന്തിക്കേണ്ടതാണ്! ഈ സമരങ്ങളെല്ലാം സമുദായത്തിന്റെ എത്ര ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്? എത്ര കുടുംബങ്ങളെ അനാധമാക്കി? എത്രമാത്രം വിദ്വേഷം സമൂഹത്തില്‍ അഴിച്ചുവിട്ടു? സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകളെ ലജ്ജാവഹമാം വിധം ലംഘിക്കുന്ന എത്ര എത്ര മുദ്രാവാക്യങ്ങള്‍ വിളിച്ചു പറഞ്ഞു. സഭയുടെ അന്തസത്തയും ഉന്നതമായ മൂല്യങ്ങളും ചോര്‍ത്തിക്കളഞ്ഞ ഈ സംരംഭങ്ങള്‍ക്കെല്ലാം പുറകില്‍നിന്ന്് ഉപദേശം നല്‍കിയവര്‍, ഈ ചോര്‍ച്ച കണ്ടില്ല. കാണേണ്ട ആവശ്യവും അവര്‍ക്കുമുണ്ടായിരുന്നില്ല.

ഇവിടുത്തെ യാക്കോബായസഭയും മാര്‍ത്തോമ്മാസഭയും സി.എം.എസ്സ്. സഭയും ഒന്നും ഈ സമരപ്രകടനങ്ങള്‍ക്ക് ഒരുകാലത്തും നേതൃത്വം കൊടുത്തിരുന്നില്ല. അതുകൊണ്ട് അവരുടെ സമുദായത്തിന് ഒരപകടവും വന്നില്ല. ഒരു സമുദായമെന്ന നിലയില്‍ കാര്‍ഷികരംഗത്തും വ്യവസായരംഗത്തും തൊഴില്‍ രംഗത്തും അവര്‍ മുന്നേറി. കത്തോലിക്കരാകട്ടെ എന്നും, സാമൂഹികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തെരുവീഥിയിലിറങ്ങി, പണം മുടക്കി സമരം ചെയ്തു. കത്തോലിക്കന്‍ ഒരുക്കിക്കൊടുത്ത സമരത്തേരുകളില്‍ മറ്റുള്ളവര്‍ പലപ്പോഴും ഇരുന്നിട്ടുണ്ടായിരിക്കാം, പക്ഷേ പണം മുടക്കും കര്‍മ്മശക്തിയും മൂല്യനഷ്ടവും എല്ലാം കത്തോലിയ്ക്കാസഭയ്ക്കായിരുന്നു; സമുദായത്തിനായിരുന്നു.

സഭ ഇക്കാര്യങ്ങളില്‍ ഇടപെടണമോ?
സമൂഹസ്ഥാപനങ്ങളുടെ, സംഘടനയിലും, നടത്തിപ്പിലും, സമൂഹത്തിലെ വിശാല താല്‍പര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് മാറ്റങ്ങല്‍ ആവശ്യമാണെന്ന് വാദിയ്ക്കുമ്പോള്‍, അതിന്റെ എതിര്‍വാദം ഉണ്ടെങ്കില്‍, അത് നിരത്തിവയ്ക്കാന്‍ സമുദായത്തിലെ അംഗങ്ങളെ അനുവദിക്കട്ടെ! ഇവിടെ കോളേജുകളില്‍ ശമ്പളം മാനേജര്‍ കൊടുക്കണോ, ഗവണ്‍മെന്റ് കൊടുക്കണമോ എന്നത് ഒരു മതതത്വപ്രശ്‌നമല്ല. അത് ഒരു സാമൂഹികപ്രശ്‌നമാണ്. ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ മൗലിക നിയമങ്ങളെ ഒന്നും ലംഘിക്കുന്നതല്ല ഈ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ സമൂഹത്തിനാവശ്യമാണോ അല്ലയോ എന്ന തര്‍ക്കത്തില്‍ സഭാനേതൃത്വം ഇടപെടേണ്ട ആവശ്യമേയില്ല. ഭൂമി സൂര്യനെ ചുറ്റുന്നുവോ, സൂര്യന്‍ ഭൂമിയെ ചുറ്റുന്നുവോ എന്ന് ശാസ്ത്രതത്വത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ തര്‍ക്കിച്ചുകൊള്ളുമായിരുന്നു. സഭ ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമേ ഉണ്ടായിരുന്നില്ല? പക്ഷേ, ഇടപെട്ടു; ചരിത്രം മറക്കാത്തവിധം അവഹേളനത്തിന് സഭയെ അര്‍ഹയാക്കിക്കൊണ്ട് ഗലീലിയോയെ ജയിലിലടച്ചു.

ഭാഗ്യവശാല്‍, കേരളസഭയുടെ തലവന്മാരായ മെത്രാന്മാര്‍, പൊതുവേ, സംസ്‌കാരസമ്പന്നരും സമുഹബോധമുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ സമൂഹവീക്ഷണത്തെ സ്വാധീനിയ്ക്കുന്നവരില്‍ പലവും പഴമയുടെ കാവല്‍ഭടന്മാരാണ്. റിട്ടയാര്‍ഡ് ജഡ്ജിമാരും, നൂറുകണക്കിന് ഏക്കറുള്ള പാന്ററന്മാരു, പച്ചവെള്ളത്തെ രക്തമാക്കി മാറ്റാന്‍ കഴിവുള്ള വക്കീലന്മാരും മറ്റുമാണ് മെത്രാസനപീഠങ്ങളെ ഇന്ന് ചൂഴ്ന്നിരിക്കുന്നത്. സംസാരത്തിനിടയില്‍, ''തിരുമേനി, തിരുമേനി'' എന്നും ''പിതാവേ പിതാവേ'' എന്നും പുട്ടിനു തേങ്ങാ പോലെ ചേര്‍ത്ത് കാണുമ്പോഴും പോകുമ്പോഴും പോകുമ്പോഴും 'കൈമുത്തി ആദരവ് പ്രകടിപ്പിച്ച്', പഴയകാലത്ത് രാജകൊട്ടാരങ്ങളില്‍ സുലഭമായിരുന്ന മുഖസ്തുതിക്കാരായ ക്ഷൂദ്രജീവികളെപ്പോലെ, പെരുമാറുന്ന ഈ നേതൃമ്മന്യന്മാര്‍ക്ക്, അവരുടേതായ, സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. 'തിരുമേനി'യുടെ മേനിയോടു ചേര്‍ന്നു നിന്നാലെ അതു നേടാനൊക്കൂ. അവര്‍ സെക്രട്ടറി, ചാന്‍സലര്‍, മോണ്‍ സിഞ്ഞോറാദിയായ 'അരമനസ്വാമികളെ, ആവസിക്കുന്നു. ഗൂഢാത്മാക്കളും ചിലപ്പോള്‍ ദുഷ്ടാത്മാക്കളുമായ അവരില്‍ പലരും ഈ പുണ്യന്മാരുടെ മതവീക്ഷണത്തില്‍ അത്ഭുതം കൂറുന്നു. ഇവര്‍ മെത്രാന്മാരുടെ സാമൂഹ്യവീക്ഷണത്തെ, പഴമയുടെ തിരികല്ലില്‍ കെട്ടിനിര്‍ത്തുന്നവരാണ്.


ഭാഗ്യവശാല്‍, കേരളസഭയുടെ തലവന്മാരായ മെത്രാന്മാര്‍, പൊതുവേ, സംസ്‌കാരസമ്പന്നരും സമുഹബോധമുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ അവരുടെ സമൂഹവീക്ഷണത്തെ സ്വാധീനിയ്ക്കുന്നവരില്‍ പലവും പഴമയുടെ കാവല്‍ഭടന്മാരാണ്. റിട്ടയാര്‍ഡ് ജഡ്ജിമാരും, നൂറുകണക്കിന് ഏക്കറുള്ള പാന്ററന്മാരു, പച്ചവെള്ളത്തെ രക്തമാക്കി മാറ്റാന്‍ കഴിവുള്ള വക്കീലന്മാരും മറ്റുമാണ് മെത്രാസനപീഠങ്ങളെ ഇന്ന് ചൂഴ്ന്നിരിക്കുന്നത്. സംസാരത്തിനിടയില്‍, ''തിരുമേനി, തിരുമേനി'' എന്നും ''പിതാവേ പിതാവേ'' എന്നും പുട്ടിനു തേങ്ങാ പോലെ ചേര്‍ത്ത് കാണുമ്പോഴും പോകുമ്പോഴും പോകുമ്പോഴും 'കൈമുത്തി ആദരവ് പ്രകടിപ്പിച്ച്', പഴയകാലത്ത് രാജകൊട്ടാരങ്ങളില്‍ സുലഭമായിരുന്ന മുഖസ്തുതിക്കാരായ ക്ഷൂദ്രജീവികളെപ്പോലെ, പെരുമാറുന്ന ഈ നേതൃമ്മന്യന്മാര്‍ക്ക്, അവരുടേതായ, സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. 'തിരുമേനി'യുടെ മേനിയോടു ചേര്‍ന്നു നിന്നാലെ അതു നേടാനൊക്കൂയ അവര്‍ സെക്രട്ടറി, ചാന്‍സലര്‍, മോണ്‍ സിഞ്ഞോറാദിയായ 'അരമനസ്വാമികളെ, ആവസിക്കുന്നു. ഗൂഢാത്മാക്കളും ചിലപ്പോള്‍ ദുഷ്ടാത്മാക്കളുമായ അവരില്‍ പലരും ഈ പുണ്യന്മാരുടെ മതവീക്ഷണത്തില്‍ അത്ഭുതം കൂറുന്നു. ഇവര്‍ മെത്രാന്മാരുടെ സാമൂഹ്യവീക്ഷണത്തെ, പഴമയുടെ തിരികല്ലില്‍ കെട്ടിനിര്‍ത്തുന്നവരാണ്.


സമുദായത്തിന്റെ പത്രം
കേരള കര്‍മ്മലീത്താസഭയില്‍ മൂന്നു പ്രോവിന്‍സുകളുള്ളതില്‍ ഒന്നിന്റെ ഉടമസ്ഥതയില്‍ നടക്കുന്ന 'ദീപികപ്പത്ര'മാണ് സമുദായത്തിന്റെ പത്രമായി സ്വയം ചിത്രീകരിക്കുന്നത്. ഈ പത്രമാണ് കാലാകാലങ്ങളില്‍, സമുദായസമരങ്ങള്‍ക്ക്, കളം ഒരുക്കുന്നത്. ഈ പത്രത്തിന്റെ ഉടമസ്ഥതയിലോ, നടത്തിപ്പിലോ കേരളത്തിലെ സഭാനേതൃത്വത്തിന് യാതൊരു സ്വാധീനവും ഇല്ല. പ്രഗല്ഭരായ സമുദായനേതാക്കന്മാര്‍ക്കും, ഇതിന്റെ നയരൂപവല്‍ക്കരണത്തില്‍ പങ്കില്ല. ഇങ്ങനെ സഭയുടെ ഭരണമണ്ഡലമായ മെത്രാന്മാര്‍ക്കോ, സഭയെ ഇടവകതോറും ഭരിക്കുന്ന ഇടവക വികാരിമാര്‍ക്കോ, സമുദായനേതാക്കളായ അല്‍മേനികള്‍ക്കോ, യാതൊരു നിയന്ത്രണവുമില്ലാത്ത ദീപികപ്പത്രം, ഇന്ന് കത്തോലിക്കരുടെ ജിഹ്വയായാണ് സ്വയം വിശേഷിപ്പിക്കുക. എന്തുകൊണ്ട്, ഈ പത്രത്തെ, കേരളത്തിലെ ബിഷ്പ്‌സ് കോണ്‍ഫ്രന്‍സിന്റെയെങ്കിലും നിയന്ത്രണത്തില്‍ കൊണ്ടുവന്നുകൂടാ? അതല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരിക്കുന്നത്? ഉമടസ്ഥതയിലും നിയന്ത്രണത്തിലും നയരൂപവല്‍ക്കരണത്തിലും കത്തോലിക്കര്‍ക്കു പങ്കുണ്ടായിരിക്കയും ഉന്നതമായ ക്രൈസ്തവമൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യത്തക്കവിധത്തില്‍, ഈ പത്രത്തെ പുനസ്സംവിധാനം ചെയ്യുന്നതിന് സമുദായം ശബ്ദം ഉയര്‍ത്താന്‍ സന്നദ്ധമാകണം.

നാം ജീവിക്കുന്ന സമുദായത്തിലും സമൂഹത്തിലും ആവശ്യം വേണ്ട പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ഉറക്കെ ചിന്തിക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണം. യാഥാസ്ഥിതികത്വത്തിന്റെ അനങ്ങാപ്പാറയല്ല, ചലനാത്മകത്വത്തിന്റെ ചിറകായാണ് യുവജനങ്ങള്‍ കര്‍മ്മശേഷി പ്രദര്‍ശിപ്പിക്കേണ്ടത്. നാളെയുടെ വിധാതാക്കളും നിയന്താക്കളുമായി മാറേണ്ട, കത്തോലിക്കാ യുവജനങ്ങള്‍, ഉറക്കെ ചിന്തിക്കുന്നതിനു സമയമായിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ