2012, നവംബർ 6, ചൊവ്വാഴ്ച

ഞങ്ങളെപ്പറ്റി


കേരള സഭാചരിത്രം പഠിക്കുന്നവര്‍ക്ക് ഭാവിയില്‍ ജോസഫ് പുലിക്കുന്നേലിനെയും ഓശാന മാസികയെയും അവഗണിക്കാന്‍ ആവില്ല. അതിനാല്‍ത്തന്നെ ലെറ്റര്‍ പ്രസ്സില്‍ അച്ചടിച്ചിരുന്ന ആദ്യകാലലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള ജോസഫ് പുലിക്കുന്നേലിന്റ ലേഖനങ്ങളും ലഘുലേഖകളും സമാഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി തുടങ്ങുന്ന ഈ ബ്ലോഗിന് വളരെ പ്രാധാന്യമുണ്ട്. 
ഓശാനമാസികയുടെ പിന്‍ഗാമിയായ, സൈബര്‍ലോകത്തുള്ള മുന്‍ഗാമിയായ, അല്മായശബ്ദത്തിന്റെ ഒന്നാം പിറന്നാളിനുതന്നെ  ഓശാനയുടെ ആദ്യകാല ലേഖനങ്ങള്‍ ദിവസവും പ്രസിദ്ധീകരിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഈ സംരംഭം തുടങ്ങിവയ്ക്കാന്‍ കഴിഞ്ഞതില്‍ പ്രത്യേകം സന്തോഷമുണ്ട്.
അഡ്മിനിസ്‌ട്രേറ്റര്‍  



'ഓശാന'മാസികയുടെ ഒന്നാം ലക്കത്തിലെ (10/1975) എഡിറ്റോറിയല്‍


പ്രസിദ്ധീകരണശാഖയില്‍ ഓശാന ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുകയാണ്. പുരോഹിതന്മാര്‍ക്ക് പൂര്‍ണ്ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നതുമായ പ്രസിദ്ധീകരണങ്ങളത്രെ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങള്‍ എന്ന പേരില്‍ ഇന്നറിയപ്പെടുന്നത്. ആശയപ്രചാരണോപാധികളുടെമേല്‍ പുരോഹിതന്മാര്‍ക്കുള്ള ഈ കുത്തക ഒരലിഖിത നിയമംപോലെ നിലനില്‍ക്കുകയാണ്. മതവും മതകാര്യങ്ങളും മതചിന്തയും വ്യാഖ്യാനവുമെല്ലാം പുരോഹിതന്മാര്‍ക്കുള്ളതാണെന്ന പൊതുധാരണയില്‍ ചില തിരുത്തലുകള്‍ ആവശ്യമായിത്തീര്‍ന്നിരിക്കുന്നു. കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനത്തിന്റെ വകയായ ഈ പ്രസിദ്ധീകരണം ഈ അലിഖിത പാരമ്പര്യത്തിന് ഒരപവാദമാകയാല്‍ ഇതിന്റെ അടിസ്ഥാനാശയലക്ഷ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാണ്. ഒരു പ്രമുഖകത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഫാ: ഹാന്‍സ് ക്യൂങ്ങ് കത്തോലിക്കാസഭയിലുള്ള രണ്ടു വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''സാധാരണയായി, സഭയെക്കുറിച്ച് രണ്ടു വ്യത്യസ്തരീതിയില്‍ സംസാരിച്ച് കേള്‍ക്കാറുണ്ട്. ആദര്‍ശവാദിയായ ഒരാള്‍, അയാള്‍ വൈദികനോ, അല്‍മായനോ ആകട്ടെ, അയാള്‍ പ്രസംഗിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും സാധാരണ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമ്പോഴും തിരുസഭയെ ദൈവത്തിന്റെ സഭയായാണ് ചിത്രീകരിക്കുക. അയാളുടെ ദൃഷ്ടിയില്‍ സഭ സംശുദ്ധയും, കറയോ കളങ്കമോ ഇല്ലാത്തവളുമാണ് - അവള്‍ മനുഷ്യരക്ഷ, ദൈവമഹത്വം, എന്നിവയില്‍ മാത്രം വ്യാപൃതയാണ്. എന്നാല്‍ യഥാര്‍ത്ഥവാദി തെരുവിലെ മനുഷ്യനാണ്. കടയില്‍ പോകുകയും പത്രക്കടലാസ് മറിച്ചുനോക്കുകയും ചെയ്യുന്ന സാധാരണക്കാരന്‍. അയാളുടെ ദൃഷ്ടിയില്‍, സഭ മനുഷ്യരുടെ സമൂഹം മാത്രമാണ്. സഭയുടെ ശിരസ്സും അവയവവുമെല്ലാം തീര്‍ത്തും മാനുഷികമാണ്. പരുഷവും സഹാനുഭൂതിയില്ലാത്തതുമായ യന്ത്രം - സ്വാതന്ത്ര്യത്തിന്റെ ബദ്ധശത്രു; ഈ ലോകത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ കൈകടത്തുന്ന അധികാരവ്യാമൂഢ- -- അവളില്‍ എല്ലാവിധ കുറ്റങ്ങളും കുറവുകളുമുണ്ട്. ഇവര്‍ രണ്ടുപേരില്‍ ആരുടെ ചിത്രമാണ് ശരി? രണ്ടുപേരുടേതും ശരിയാണ്. പക്ഷെ വ്യത്യസ്തരീതിയിലാണെന്നു മാത്രം, അതുപോലെ രണ്ടുപേരുടേതും തെറ്റുമാണ്. ശരിയാണെന്നു പറഞ്ഞതിനു കാരണം, ഒരുവിധത്തില്‍ അവരുടെ ചിത്രീകരണം സഭ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്ന സ്ഥിതിയോട് അനുരൂപമാണ്. എന്നാല്‍ തെറ്റാകുന്നത്, സഭ അവര്‍ ചിത്രീകരിക്കുന്നതു പോലെ മാത്രമാണെന്ന് ഏകപക്ഷീയമായി കരുതുമ്പോഴാണ്. ഈ 'ആദര്‍ശവാദി'യ്ക്കും 'യാഥാര്‍ത്ഥ്യവാദി'ക്കും സഭാനവീകരണത്തില്‍ താത്പര്യമൊന്നുമില്ല. സഭയുടെ ശോഭായമാനമായ വശം മാത്രം കാണുന്ന ആദര്‍ശവാദിക്ക്, സഭാനവീകരണം അനാവശ്യമാണ്. സഭയുടെ കറുത്തിരുണ്ട വശം മാത്രം കാണുന്ന യാഥാര്‍ത്ഥ്യവാദി പറയും നവീകരണം അസാദ്ധ്യമാണെന്ന്. സഭയെക്കുറിച്ച് യഥാര്‍ത്ഥ താല്‍പ്പര്യമുള്ള സഭാംഗങ്ങള്‍ക്കു മാത്രമേ, ഇരുണ്ടുമങ്ങിയ വശത്തോടൊപ്പം, സഭയുടെ പ്രകാശപൂര്‍ണ്ണമായ വശത്തിലും വിശ്വസിക്കാനാകൂ.'' (പഴയ സഭയും പുതിയ യുഗവും - ഹാന്‍സ്‌ക്യൂങ്ങ്; തര്‍ജ്ജമ. ഫാ: തുണ്ടിയില്‍ സി.എം.ഐ.; പ്രകാശം പബ്ലിക്കേഷന്‍സ്, ആലപ്പുഴ).

സഭ
കത്തോലിക്കാസഭാ'വിശ്വാസികള്‍'ക്കു തിരുസ്സഭ അപ്രമാദിത്വവരമുള്ള ഒരുസംഘടനയാണ്. തന്മൂലം, സഭാപരിഷ്‌കരണമെന്നോ നവീകരണമെന്നോ ഒക്കെപ്പറഞ്ഞാല്‍ 'പിശാചിന്റെ തട്ടിപ്പാ'യാണ് ചിലര്‍ അതിനെ വീക്ഷിക്കുക. ഇവര്‍ യാഥാര്‍ത്ഥ്യംവിസ്മരിക്കുന്നവരാണ്.

സഭ ദൈവസ്ഥാപിതമാണ്. അത് ക്രിസ്തുവിന്റെ മനുഷ്യരക്ഷാകര പ്രവൃത്തിയുടെ തുടര്‍ച്ചയാണ്. ഈ സഭയാകട്ടെ മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നു. മനുഷ്യനിര്‍മ്മിതമായ സംഘടനകളും, സംഘടനാരൂപവും, സ്ഥാപനങ്ങളും, നിയമങ്ങളും ആണ് സഭയുടെ ഭൗതികഘടന.

മിശിഹായുടെ രക്ഷാകരദൗത്യത്തിന്റെ സാക്ഷിയായ സഭ വിശുദ്ധവും ഏകവും സാര്‍വ്വലൗകികവും സംഘടനാനിബദ്ധമല്ലാത്തതുമാണ്. അതിന് മാറ്റമോ നവീകരണമോ പരിഷ്‌കാരമോ ആവശ്യമില്ല. ക്രിസ്തുവിന്റെ സനാതനനീതിയിലും വീണ്ടെടുപ്പിലും വിരാജിയ്ക്കുന്ന ഈ സഭയല്ല നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന സഭ.

ആ സഭയാകട്ടെ ബലഹീനരായ മനുഷ്യര്‍ ഉള്‍ക്കൊള്ളുന്നതും അവരാല്‍ തന്നെ നിയന്ത്രിക്കപ്പെടുന്നതും, കാലദേശസംസ്‌ക്കാരങ്ങളുടെ സ്വാധീനത്തില്‍പ്പെടുന്നതും, മനുഷ്യനിര്‍മ്മിതങ്ങളായ സ്ഥാപനങ്ങളും സംഘടനകളും സംഘടനാരൂപങ്ങളും നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉള്ളതുമായ ഒന്നത്രേ. ''സഭ ലോകമല്ല; ലോകത്തില്‍ നിന്നുള്ളതുമല്ല. പക്ഷെ സഭ ലോകത്തിലാണ്.'' (ഹാന്‍സ് ക്യൂങ്ങ്)

ഈ ലോകത്തിലുള്ള സഭയില്‍ തീര്‍ച്ചയായും ലൗകിക ബലഹീനതകള്‍ പ്രവേശിക്കുമെന്നതില്‍ സംശയമില്ല. സഭയിലെ ആചാരാനുഷ്ഠാനങ്ങളും അധികാര വ്യത്യാസവും സംഘടനാരൂപവും സംജ്ഞകളും,സാമൂഹികബന്ധങ്ങളും എല്ലാം, 'തെറ്റാവരമുള്ള സഭ'യുടെ ഭാഗമാണെന്ന്, വിശ്വസിച്ചിരുന്നവരുണ്ട്. പറങ്കിമെത്രാന്മാര്‍ നമ്മേ ഭരിച്ചിരുന്നപ്പോള്‍ വെള്ളത്തൊലിയിലും ചുവന്നതൊപ്പിയിലും 'റൂഹാദക്കുദിശായെ' ദര്‍ശിച്ചവര്‍ ഈ പാതിരിമാരുടെ കൊള്ളരുതായ്മകളെ എതിര്‍ത്തവരെ സഭാഭ്രഷ്ടരാക്കി ശപിച്ചത് ശുദ്ധവിശ്വാസത്തിന്റെ പേരിലായിരുന്നു. നാട്ടുമെത്രാന്മാര്‍ക്കുവേണ്ടി വാദിച്ചതിന് കര്‍മ്മലീത്താസഭയില്‍നിന്നും 'കണ്ണുനീരും കയ്യുമായി' ഇറക്കിവിട്ട 'ഏഴുവ്യാകുലങ്ങള്‍' എന്നറിയപ്പെട്ട വൈദികപ്രമുഖര്‍, അക്കാലത്ത് 'സാത്താന്റെ സന്താന'ങ്ങളാണെന്ന് ഭക്തിയുടെ പൊയ്മുഖമണിഞ്ഞ, 'സനാതനികള്‍', പ്രചാരണം നടത്തുകയുണ്ടായി. 'പത്രോസിന്റെ പാറ' 'പാറപോലെ ഉറച്ചതാണെന്നും' അതിനു മാറ്റം ആവശ്യമില്ലെന്നും വാദിയ്ക്കുന്നവര്‍, സഭയെ അതിന്റെ സാമൂഹ്യാര്‍ത്ഥത്തില്‍ കാണാന്‍ ശ്രമിക്കാത്തവരാണ്.

മാറ്റം
ഒരു ഇരുപതുകൊല്ലം മുമ്പ് കുര്‍ബ്ബാന മലയാളത്തില്‍ ചൊല്ലുന്നതാണ് നല്ലത് എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അയാള്‍ സനാതനികളുടെ മുന്‍പില്‍ സഭാവിശ്വാസ വിരോധിയാകുമായിരുന്നു! വൈദികന്റെ പിന്‍ഭാഗം മാത്രം കാട്ടിനിന്നിരുന്ന പഴയ സുറിയാനി കുര്‍ബാനയുടെ കാലത്ത്, സഭയ്ക്ക് അഭിമുഖമായി 'ബലി' സമര്‍പ്പിക്കുന്നതല്ലേ നല്ലത് എന്നെങ്ങാനും ചോദിച്ചിരുന്നെങ്കില്‍ അവനും 'അവിശ്വാസി'യെന്നു ചിത്രീകരിക്കപ്പെടുമായിരുന്നു! പള്ളി പണിയുന്നതിനു മുമ്പുതന്നെ 'പുണ്യാളന്മാരെ' വാങ്ങാന്‍ ഓടുന്നത് വിഗ്രഹാരാധനയുടെ മുന്നോടിയാണെന്നു കേട്ടാല്‍ അത് ഭക്തന്മാര്‍ക്ക് ഇടര്‍ച്ചയ്ക്ക് കാരണമായിരുന്നു!!!

മടിയന്മാരാല്‍ ചുറ്റപ്പെട്ട് വേലക്കാരായ തേനീച്ചകള്‍ സംഭരിക്കുന്ന തേനും പൂമ്പൊടിയും തിന്ന്, 'റാകലി'നുള്ളില്‍ കഴിയുന്ന റാണിയീച്ചയെപ്പോലെ, കൂരിയാകളുടെയും കര്‍ദ്ദിനാള്‍ സംഘത്തിന്റെയും മദ്ധ്യത്തില്‍, റോമിലെ തടവുകാരനായി കഴിയുന്ന പോപ്പ് (പരിശുദ്ധ പോപ്പ് എന്നു പറയാത്തതില്‍ ഇടര്‍ച്ച ഉണ്ടാകേണ്ട. പരിശുദ്ധന്‍ (Holy) ദൈവം മാത്രമാകുന്നു.) മനുഷ്യരുടെ ഇടയിലേയ്ക്ക് ശുശ്രൂഷ ചെയ്യാന്‍ ഇറങ്ങണമെന്ന് ആരെങ്കിലും വാദിച്ചിരുന്നെങ്കില്‍ അത് ദൈവദോഷമാകുമായിരുന്നു. (ഇപ്പോള്‍ പോപ്പ് ലോകം ചുറ്റുന്നതില്‍ ഇവര്‍ക്ക് എതിര്‍പ്പുണ്ടോ എന്തോ?)

സഭാനവീകരണത്തിന്റെ ആവശ്യം
ഇന്ന് കേരളത്തില്‍ എത്ര 'സഭക'ളുണ്ട്''? ക്രിസ്തു ഒരു സഭയും, ഒരു ശാശ്വത നിയമവുമാണ് സ്ഥാപിച്ചതെങ്കില്‍, സുറിയാനിക്കാര്‍ തന്നെ, തെക്കും, വടക്കും, മലങ്കരയും; മൂന്നിനും പ്രത്യേക മെത്രാന്മാര്‍, പോലീത്താമാര്‍ പിന്നെ ലത്തീന്‍, അത് അഞ്ഞൂറും എഴുന്നൂറും; അതിനും വേറെ വേറെ മെത്രാന്മാര്‍. തിരുവനന്തപുരം പട്ടണത്തില്‍  'ദൈവകൃപയാലും പരിശുദ്ധ സിംഹാസനത്തിന്റെ മനോഗുണത്താലും' സുറിയാനി വടക്കുംഭാഗരെ ചങ്ങനാശ്ശേരി മെത്രാന്‍ ഭരിക്കയും സ്വന്തമായ തൊഴുത്തില്‍ തന്റെ അജഗണങ്ങളെ പരിപാലിക്കയും ചെയ്യുമ്പോള്‍, മലങ്കരക്കാരെ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസും ലത്തീന്‍കാരെ റൈറ്റ് റവ: ഡോ. പരേരയും ഭരിക്കുന്നു. ഇതിനും പുറമേ, ലോകവ്യാപകമായ അധികാരമുള്ള കോട്ടയം മെത്രാന്‍ തെക്കുംഭാഗരെ ഭരിക്കുന്നു. അതുകൊണ്ടും തീരുന്നില്ല സഭ! കര്‍മ്മലീത്താസഭ, നിഷ്പാദുക ഒന്നാംസഭ, ഈശോസഭ, അസീസിസഭ, സെന്റ് തോമസ് സഭ, വിന്‍സെന്‍ഷ്യല്‍ സഭ, ദൈവവചന സഭ - ഇങ്ങനെ സഭയ്ക്കുള്ളിലും സഭകള്‍. ഈ സഭകള്‍ സ്വന്തമായി സ്വത്തുക്കള്‍ സമ്പാദിക്കുന്നു, കെട്ടിടങ്ങള്‍ പണിയുന്നു, മുദ്രണാലയങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും നടത്തുന്നു. പലപ്പോഴും സഹകരണത്തേക്കാള്‍ മത്സരബുദ്ധിയാണ് ഈ രംഗത്ത് ഭരിക്കുന്ന വികാരം.

അല്മായര്‍
ഈ റീത്തുകളും സഭകളും, എല്ലാം ഭരണരംഗത്താണ്. അല്മായര്‍ എന്ന് മുദ്ര കുത്തി, ഭരണരംഗത്തു നിന്നകറ്റി നിര്‍ത്തിയിരിക്കുന്ന 'പാപി'കള്‍ക്ക്, ഈ റീത്തുകള്‍കൊണ്ട് വ്യത്യാസമൊന്നും അനുഭവപ്പെടുന്നില്ല. പരിശുദ്ധ കുര്‍ബാന 'പാളയം പള്ളിയില്‍' കണ്ടാലും, 'ലൂര്‍ദ്ദുപള്ളി'യില്‍ കണ്ടാലും, അനുഗ്രഹം അവന് ഒന്നുതന്നെ. ആ കുര്‍ബാന ഈശോസഭക്കാരന്‍ ചൊല്ലിയാലും, കര്‍മ്മലീത്താക്കാരന്‍ ചൊല്ലിയാലും, വ്യത്യാസമൊന്നുമില്ല. കുമ്പസാരവും മറ്റു കൂദാശകളും ഒന്നും തന്നെ. പിന്നെ ഈ റീത്തുകളുടെ ഗുണഭോക്താക്കള്‍ ഭരണാധിപന്മാരാണ്. റീത്തുകളുടെ പേരില്‍ രൂപതകളും അധികാരങ്ങളും, സ്വത്തും; 'സഭ'യുടെ പേരില്‍ പ്രയോര്‍സ്ഥാനങ്ങളും മറ്റും മറ്റും!!. കര്‍ത്താവു സ്ഥാപിച്ച സഭയിതാണോ? ഒരിയ്ക്കലുമല്ല. ഇത് മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ഇങ്ങനെ മനുഷ്യ സൃഷ്ടമായ വിഭാഗീയാവശ്യങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൂടി ക്രൈസ്തവസന്ദേശത്തിന്റെ ചേതനയെ മുക്കിക്കൊന്നുകൊണ്ടിരിക്കുകയാണ്.

വിശ്വാസത്തിന്റെ പാറ
പത്രോസിന്റെ പാറ ബലമേറിയതാണ്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പാറ.പക്ഷേ ഇന്ന് ആ 'പാറ' അനാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റേയും പായലുകെട്ടിക്കിടന്ന്, മനുഷ്യ പാദങ്ങള്‍ക്ക് ഉറച്ചുനില്‍ക്കാന്‍ പറ്റാത്തതായിത്തീര്‍ന്നിരുന്നു. ഈ പാറമേല്‍ ഞവണീയ്ക്കയും ഞണ്ടും സുഖവാസം നടത്തുന്നു.

വിമര്‍ശനത്തിന് അളവുകോല്‍
അധികാരത്തേയും അധികാരം കയ്യാളുന്ന സഭാനേതൃത്വത്തേയും സോദ്ദേശകമായി വിമര്‍ശിക്കുന്നതുപോലും തെറ്റാണെന്ന ഭാവം വച്ചു പുലര്‍ത്തുന്നവര്‍ ഇന്നും ഉണ്ട്. സഭാധികാരികള്‍ തെറ്റു ചെയ്താല്‍ പുറത്തു പറയുന്നതും പാപമാണെന്നാണ് ഇവരുടെ വാദം. വ്യക്തിവിരോധം വച്ചുകൊണ്ടുള്ള സ്വഭാവഹത്യാശ്രമങ്ങളെയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സഭാവിമര്‍ശനമെന്നാല്‍, ഏതെങ്കിലും മെത്രാന്റെയോ വൈദികന്റെയോ മനുഷ്യസഹജമായ ബലഹീനതകളുടേയും സ്വഭാവവൈകല്യങ്ങളുടെയും വിഴുപ്പുകള്‍ പൊതുജനമദ്ധ്യത്തില്‍ അലക്കുകയെന്നതല്ല. മറിച്ച്, സഭയിലുള്ള അനാചാരങ്ങളുടെയും അക്രൈസ്തവ ചിന്തയുടെയും നേരെ വിരല്‍ ചൂണ്ടുകയെന്നതാണ് ഞങ്ങളുടെ ഉദ്ദേശം, ഈ വിമര്‍ശനത്തിനുള്ള ആത്മബലം ഞങ്ങള്‍ക്കരുളുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ പഠനങ്ങളാണ്.

സഭയും ക്രിസ്തുവും
സഭ ഇന്ന്, സ്ഥാപനാകാരയാണ്, അധികാരപരയാണ്. അവള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളില്‍നിന്നും വിദൂരസ്ഥയാണ്. സഭ മുടിയനായ പുത്രനെപ്പോലെ, സുഖഭോഗങ്ങളുടെയും അധികാരത്തിന്റെയും പുറകെ ഓടിയകന്നു കഴിഞ്ഞു. കര്‍ത്താവിന്റെ മുന്തിരിത്തോട്ടം കളകള്‍കൊണ്ടു നിറഞ്ഞുകഴിഞ്ഞു. നയിക്കേണ്ടവര്‍ റബര്‍ത്തോട്ടവും ഏലത്തോട്ടവും സമ്പാദിക്കാന്‍ ഉഴറുകയാണ്. സുവിശേഷം പ്രസംഗിക്കാന്‍ ആളുകള്‍ കുറയുന്നു. അതിനു നിശ്ചയിക്കപ്പെട്ടവര്‍ കോളേജുകളില്‍ ഷേക്‌സ്പിയറും ഇക്കണോമിക്‌സും പഠിപ്പിക്കുന്നു.

'മനുഷ്യവിളി'
ഇടവകയില്‍ സേവനം അനുഷ്ഠിക്കുന്നത് തരംതാഴ്ന്ന പണിയാണ്. മെത്രാനച്ചന്റെ സെക്രട്ടറിപദവും അരമനയിലേയ്ക്കുള്ള പസ്‌തേന്തിയും ഇന്നു അഭികാമ്യമായി ത്തീര്‍ന്നിരിക്കുന്നു. ഒരു നല്ല സുവിശേഷപ്രസംഗകനാകുന്നതിനേക്കാള്‍ ഇന്ന് പ്രയോരും സുപ്പീരിയറും ആകുന്നതാണ് ദൈവസേവനം എന്ന നില വന്നിരിക്കുന്നു. 'ദൈവവിളി' പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യേകവരം എന്നതിനപ്പുറം പത്രപരസ്യങ്ങള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്ന 'മനുഷ്യവിളി' ആയിത്തീര്‍ന്നിരിക്കുന്നു.

ഉറകെട്ട ഉപ്പ്
മതം മനുഷ്യഹൃദയങ്ങളെ നവീകരിയ്ക്കയും വീണ്ടും ജനിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിനു പകരകം ഇന്ന് സാമൂഹ്യസ്ഥാപനങ്ങളുടെ അനുസ്യൂതമായ നിര്‍മ്മാണത്തില്‍ വ്യാപൃതയായിരിക്കയാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പും ഭരണവും ഉന്നതക്രൈസ്ത മൂല്യങ്ങളാല്‍ നിയന്ത്രിതമല്ല. ഉപ്പിന് ഉറകെട്ടു പോയിരിക്കുന്നു.

നവീകരണവേദി
സഭയുടെ സംഘടനയിലും, സ്ഥാപനങ്ങളുടെ നടത്തിപ്പിലും, ദൈവശാസ്ത്രത്തിന്റെ വിശകലന-നിഗമനങ്ങളിലും, ഇന്ന് സുവിശേഷഗന്ധിയായ പരിവര്‍ത്തനവും നവീകരണവും ആവശ്യമാണ്. അതിനെക്കുറിച്ച് വൈദികര്‍ക്കും, ആത്മായര്‍ക്കും തുറന്നെഴുതുവാന്‍ ഒരു വേദി ഇന്നില്ല. ഇത് ഉണ്ടാകേണ്ടത് സഭയുടെ ആവശ്യമാണ്.
ഇത്തരം ഒരു പ്രസിദ്ധീകരണം നടത്തിക്കൊണ്ടുപോകുക സാമ്പത്തികമായ ഒരു വലിയ ഭാരമാണ് ഇന്ന്. സഹൃദയരും ക്രൈസ്തവ വിശ്വാസത്തിന്റെ ദീപശിഖാവാഹകരുമായ - നവീകരണത്തിനുവേണ്ടി ദാഹിക്കുന്ന - സഭാംഗങ്ങള്‍ ഈ പ്രസിദ്ധീകരണത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും സഹായിക്കുകയും ചെയ്യും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട. വിശുദ്ധ പൗലോസ് തിമൊത്തെയോസിന് എഴുതിയ നിര്‍ദ്ദേശമാണ് ഞങ്ങളുടെ പ്രചോദനം; ''വചനം പ്രസംഗിക്കുക, സമയത്തും അസമയത്തും ഉത്സാഹിയായിരിക്കുക. ദീര്‍ഘ ശാന്തതയോടും, പഠിപ്പോടുംകൂടി ശാസിയ്ക്കയും കുറ്റപ്പെടുത്തുകയും ചെയ്യുക. സകലത്തിലും ഉണര്‍വ്വുള്ളവനായിരിക്കുകയും, കഷ്ടതകള്‍ സഹിക്കുകയും, സുവിശേഷകന്റെ ജോലി നിര്‍വ്വഹിക്കുകയും, നിന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കുകയും ചെയ്യുക'' (വി. പൗലോസ് 
തിമൊ 4: 2-5)

(കത്തോലിക്കാസഭ, റീത്തുകളും സഭകളും, അല്മായര്‍, സഭാനവീകരണത്തിന്റെ ആവശ്യം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ