2013, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

എന്തേ എല്ലാം വെളുത്ത പുണ്യവാളന്മാര്‍?


(ഓശാന മാസിക 1975 ഡിസംബര്‍ ലക്കം) 

കത്തോലിക്കാസഭയിലെ പുണ്യവാന്മാരെല്ലാം ഇരുപതാം നൂറ്റാണ്ടുവരെ വെള്ളക്കാരായിരുന്നു. അതിനുംപുറമേ 'ഇസ്പാന്യാദേശത്തും' 'ഇത്താല്യാദേശത്തും' 'പോര്‍ത്തുഗീസുദേശത്തു'മാണ് പുണ്യവാന്മാരുടേയും പുണ്യവാളത്തിമാരുടേയും ചാകര ഉണ്ടായിട്ടുള്ളത്. 2000 കൊല്ലത്തെ പാരമ്പര്യമുള്ള ഭാരതസഭയില്‍ ഒറ്റപുണ്യവാന്‍പോലുമില്ല. ഇല്ലെന്നു തീര്‍ത്തുപറഞ്ഞുകൂടാ. വി. ഗോണ്‍സാലോ ഗാര്‍സ്യ എന്ന ഒരു ഇന്ത്യാക്കാരന്‍ ജപ്പാനും സ്‌പെയിനും തമ്മിലുള്ള വഴക്കില്‍പ്പെട്ട്, സ്‌പെയിന്‍കാരുടെ വശത്തുനിന്ന് ജപ്പാനില്‍വെച്ച് 1582-ല്‍ കൊല്ലപ്പെടുകയുണ്ടായി. ഇദ്ദേഹത്തെ ഇസ്പാന്യാക്കാരായ മറ്റുള്ളവരുടെ കൂടെ ചേര്‍ത്ത് ഒരു പുണ്യവാളനാക്കുകയുണ്ടായി. എങ്കിലും അദ്ദേഹത്തിനു ലഭിച്ച പദവിയുടെ പിന്‍പില്‍ പ്രവര്‍ത്തിച്ചിരുന്നത് ഇസ്പാന്യാക്കാരായിരുന്നതിനാല്‍ ഇന്ത്യാക്കാരനായി നമ്മള്‍ അദ്ദേഹത്തെ വകയിരുത്തിയിട്ടില്ല. (ഒരുപക്ഷേ അദ്ദേഹം ഇന്ത്യാക്കാര്‍ക്ക് അത്ഭുതങ്ങളൊന്നും ചെയ്തുകാണില്ല.



എന്തുകൊണ്ടാണ് ഇന്ത്യാക്കാരായ പുണ്യവാളന്മാരുണ്ടാകാതിരുന്നത് എന്ന് കേട്ടാലും: ''പതിനേഴാം നൂറ്റാണ്ടുവരെ ഭാരതസഭയുടെ പാശ്ചാത്യബന്ധമത്രയും, പൗരസ്ത്യസഭ-പേര്‍ഷ്യന്‍-വഴി മാത്രമായിരുന്നു. പൂര്‍വ്വകാലങ്ങളില്‍, അതാതിടങ്ങളിലെ പ്രാദേശിക സഭാധികാരികളാണ് (മെത്രാന്‍) ഈവക കാര്യങ്ങളില്‍ നിര്‍ണ്ണായകമായ വിധി കല്പിച്ചിരുന്നത്. 1171-ല്‍ മൂന്നാം അലക്‌സാണ്ടര്‍പാപ്പായാണ് വിശുദ്ധപദപ്രഖ്യാപനാവകാശം റോം മാര്‍പ്പാപ്പായുടെ കുത്തകാവകാശമായി സംവരണം ചെയ്തത്.


ഭാരതവും റോമായും തമ്മിലുണ്ടായിരുന്ന അകലവും പരിഗണിക്കപ്പെടേണ്ട ഒരു ഘടകമാണ്. ഇന്നത്തേപോലുള്ള യാത്രാസൗകര്യങ്ങളും സമ്പര്‍ക്കമാദ്ധ്യമങ്ങളും അന്നുണ്ടായിരുന്നില്ലല്ലോ? അപ്പോള്‍ റോമായുടെ വിശുദ്ധപദ പ്രഖ്യാപനം നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഭാരതീയര്‍ അന്നൊക്കെ ഒട്ടുംതന്നെ ബോധവാന്മാരായിരുന്നില്ല.
വിവിധങ്ങളായ ആധുനികയാത്രാസൗകര്യങ്ങളും സമ്പര്‍ക്കമാദ്ധ്യമങ്ങളും കൊണ്ട് സ്ഥലകാലദൂരം പരിഹരിക്കപ്പെട്ടിരുന്നാലും ഒരാളെ വിശുദ്ധനെന്ന് പ്രഖ്യാപിച്ചുകിട്ടുക അത്ര എളുപ്പമായ കാര്യമൊന്നുമല്ല. അതിന് പണവും മറ്റുനാനാതരം കഴിവുകളും സ്വാധീനവുമൊക്കെ ഉണ്ടായേ പറ്റൂ. അതൊക്കെ, അന്നും ഇന്നും, ദരിദ്രഭാരതത്തിനു താങ്ങാനാവാത്ത ഭാരവും കൃഛ്‌റസാദ്ധ്യമായൊരു കാര്യവുമാണ്.


ഇവയ്‌ക്കെല്ലാം പുറമേ മറ്റൊന്ന് ഉദ്ധരണീയമായുണ്ട്. ഭാരതീയരെ സംബന്ധിച്ച് പ്രത്യേകിച്ചും 'ഞാന്‍ (ധന്യന്‍ നേതാവ്) മറ്റാരും അല്ല; ഇല്ല, പാടില്ല' എന്നൊരു മനോവ്യാപാരത്തിനടിമകളല്ലേ ഭാരതീയര്‍, ഈ ചിത്തവൃത്തിയുടെ ബാഹ്യപ്രകടനമല്ലേ ജാതിയുടെയും മതത്തിന്റേയും ഭാഷയുടേയും ദേശത്തിന്റേയും ഒക്കെ പേരില്‍ നമ്മുടെ ഇടയില്‍ നിത്യേന എന്നോണം തലയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ചേരിതിരിവും മത്സരവും, തേജോവധവുമൊക്കെ. അപ്പോള്‍ അവന്‍ വിശുദ്ധനെന്ന് ഇവന്‍ എങ്ങിനെ സമ്മതിക്കും. ഈ സാഹചര്യത്തില്‍ ഒരുവന്‍ ദൈവത്തിന്റേയും മനുഷ്യരുടേയും (?) മുമ്പില്‍ പ്രായത്തിലും, ജ്ഞാനത്തിലും വളര്‍ന്ന് ആത്മബലം പ്രാപിച്ച് വിവേകപൂരിതനായി ജീവിച്ചുമരിച്ചാലും അവന്‍ അങ്ങിനെ ഒക്കെ ആയിരുന്നെന്ന് വകവെച്ചുകൊടുക്കാന്‍ മറുപക്ഷക്കാര്‍ കൂട്ടാക്കിയെന്നും വരുകയില്ല.''
(ക്രിസ്തുമതവും ഭാരതവും - പ്രകാശം പബ്ലിക്കേഷന്‍സ് ആലപ്പുഴ, സമ്പാ: റവ: ഹൊര്‍മീസ് സി.എം.ഐ.)


വിലയ്ക്കു വാങ്ങാമോ?
ഇതുവരെ നാം വിശ്വസിച്ചിരുന്നത് ഒരു വ്യക്തിയുടെ പൂണ്യപൂര്‍ണ്ണമായ ജീവിതവും, ആ ജീവിതത്തില്‍ തൃപ്തനാകുന്ന ദൈവവുമാണ്, ഒരു വ്യക്തിയെ 'പുണ്യവാന്‍' എന്ന മഹോന്നത പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത് എന്നാണ്. എന്നാല്‍ സംഗതിയുടെ കിടപ്പ് അങ്ങിനെയല്ലാ എന്നാണ് മേല്‍ക്കാണുന്ന പ്രസ്താവന തെളിയിക്കുന്നത്. ഒരാളെ പുണ്യവാളനാക്കാന്‍ 'പുണ്യം' മാത്രം പോരപോലും! ''അതിന് പണവും മറ്റു നാനാതരം കഴിവുകളും സ്വാധീനവും ഒക്കെ ഉണ്ടായേ പറ്റൂ.'' അത് ദരിദ്രഭാരത്തിന് താങ്ങാനാകാത്ത ഭാരമാണ്. അപ്പോള്‍ പുണ്യവാളന്‍ പദവി പണത്തിന്റെയും സ്വാധീനത്തിന്റെയും സൃഷ്ടിയാണ്. 


ഇസ്പാന്യാരാജ്യത്തിനും ഇത്താല്യാരാജ്യത്തിനും പോര്‍ത്തുഗീസ് രാജ്യത്തിനും പണവും സ്വാധീനവും ഉണ്ടായിരുന്നതിനാല്‍ കൂടുതല്‍ പുണ്യവാളന്മാരെ അവര്‍ക്കു കിട്ടി. (ഇപ്പോള്‍ പല പുണ്യവാളന്മാരെയും റോമാ സ്ഥാനഭ്രഷ്ടരാക്കിക്കഴിഞ്ഞു - വി. ഗീവര്‍ഗീസുനെയും വിശുദ്ധ ഫിലോമിനായെയും മറ്റും. അവര്‍ ജീവിച്ചിരുന്നു എന്നതിനു തെളിവൊന്നും ഇല്ല. എങ്കിലും അരീത്ര വെല്ലീച്ചനും എടത്വായിലെ ഗീവര്‍ഗീസു പുണ്യവാനും മൈസൂറിലെ സെന്റ് ഫിലോമിനായും മറ്റും ഇപ്പോഴും അത്ഭുതം പ്രവര്‍ത്തിക്കുന്നു എന്നതാണ് മഹാത്ഭുതം!) ഷെവലിയാര്‍ സ്ഥാനംപോലെ പണംകൊണ്ടും സ്വാധീനംകൊണ്ടും നേടാവുന്ന ഒന്നാണ് പുണ്യവാളന്‍ പദം എന്നാണോ അതിനര്‍ത്ഥം.


ഇന്ത്യ സ്വതന്ത്രയാകുകയും യാത്രാസൗകര്യം വര്‍ദ്ധിക്കുകയും, മീനച്ചില്‍ താലൂക്കിന്റെ സമ്പത്തും എല്ലാംകൂടി ഒത്തിണങ്ങുകയും സുറിയാനി മെത്രാന്മാര്‍ക്ക് റോമില്‍ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്തതുകൊണ്ടാണോ അല്‍ഫോന്‍സാമ്മയും ചാവറകുര്യാക്കോസ് ഏലിയാസച്ചനും മറ്റും പുണ്യവാന്‍ പദവിയുടെ പടി പതുക്കെപതുക്കെ കയറാന്‍ തുടങ്ങിയത്? അപ്പോള്‍ പണം ഇല്ലാത്തതുകൊണ്ട് പുണ്യവാളന്മാരാകാതെ പോയ എത്ര കറുത്ത മനുഷ്യര്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട്!!!
പണം ഉള്ളതുകൊണ്ടും റോമുമായി സാമീപ്യസമ്പര്‍ക്കമുള്ളതു കൊണ്ടും വെള്ളക്കാരാണ് പുണ്യവാളന്മാര്‍. ഇനി പണമുണ്ടാക്കി പരിശ്രമിച്ചാല്‍ നമുക്കും കറുത്ത പുണ്യാളന്മാരെ കിട്ടുമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ