2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം II


ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
II
മാര്‍പ്പാപ്പയും ഇതര സഭകളും 

കത്തോലിക്കാസഭയൊഴിച്ചുള്ള മറ്റു ക്രൈസ്തവസഭകളും സമൂഹങ്ങളും മാര്‍പ്പാപ്പായുടെ മുന്‍പറഞ്ഞ ഉന്നതസ്ഥാനങ്ങള്‍ അംഗീകരിക്കുന്നില്ല. അതിന്ന് അവര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ താഴെ കൊടുക്കുന്നു. 

യേശുവിന്റെ അപ്പോസ്തലന്മാരില്‍ പത്രോസിനുണ്ടായിരുന്ന പ്രാമുഖ്യത്തെ അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ സഭ പത്രോസെന്ന പാറമേലാണ് സ്ഥാപിതമായിരിക്കുന്നത് എന്ന വാദം അവര്‍ നിരാകരിക്കുന്നു. അതിന് അവര്‍ താഴെപ്പറയുന്ന സുവിശേഷഭാഗങ്ങള്‍ ഉദ്ധരിക്കുന്നു. പൗലോസ് സഭയുടെ അസ്തിവാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ദൈവം എനിക്കു നല്‍കിയ കൃപയനുസരിച്ചു സമര്‍ഥനായ മുഖ്യശില്പിയെപ്പോലെ ഞാന്‍ അസ്തിവാരമിട്ടു. മറ്റൊരാള്‍ അതിന്മേല്‍ പണിതുയര്‍ത്തുന്നു. തങ്ങള്‍ എങ്ങനെയാണു പണിതുയര്‍ത്തുന്നത് എന്ന് ഓരോരുത്തരും ശ്രദ്ധിക്കട്ടെ. ഇപ്പോള്‍ ഇട്ടിരിക്കുന്ന അസ്തിവാരം, അതായത് യേശുക്രിസ്തു, അല്ലാതെ മറ്റൊരു അസ്തിവാരവും ഇടാന്‍ ആര്‍ക്കും സാധ്യമല്ല. ഈ അസ്തിവാരത്തില്‍ സ്വര്‍ണം, വെള്ളി, വിലപിടിച്ച രത്‌നങ്ങള്‍, തടി, കമ്പി, പുല്ല് തുടങ്ങിയവ ഉപയോഗിച്ച് ആരെങ്കിലും പണിതാല്‍, ഓരോ മനുഷ്യന്റെയും പണി വെളിവാകും; ന്യായവിധിദിവസം അതു വെളിപ്പെടും; അഗ്നിയാല്‍ അതു വെളിവാക്കപ്പെടും; ഓരോരുത്തരും ചെയ്ത പ്രവൃത്തിയുടെ സ്വഭാവം അഗ്നി പരീക്ഷിക്കും'' (1 കോറി 3:10-13).
'മനുഷ്യന്‍ ഉപേക്ഷിച്ചതെങ്കിലും ദൈവദൃഷ്ടിയില്‍ തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ സജീവശിലയായ അവന്റെ അടുക്കലേക്കു വന്നാലും! ജീവനുള്ള കല്ലുകള്‍ പോലെ നിങ്ങള്‍ സ്വയം ഒരു ആധ്യാത്മിക ഭവനമായി പണിയപ്പെടുക; അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിനു സ്വീകാര്യമായ ആത്മീയബലികള്‍ അര്‍പ്പിക്കാന്‍ ഒരു വിശുദ്ധ പുരോഹിത ജനമായിത്തീരുക. കാരണം, വിശുദ്ധ ലിഖിതത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നല്ലോ: 'കണ്ടാലും, സിയോനില്‍ ഞാനൊരു ശില സ്ഥാപിക്കുന്നു! തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ മൂലക്കല്ല്! അവനില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും ലജ്ജിതനാകയില്ല'. വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവന്‍ വിലയേറിയവനാണ്. വിശ്വസിക്കാത്തവര്‍ക്കോ, 'ശില്പികള്‍ തള്ളി ക്കളഞ്ഞ കല്ല്, മൂലക്കല്ലായിത്തീര്‍ന്നു;' അവരെ ഇടറി വീഴിക്കുന്ന ഒരു കല്ല്, അവരെ നിലം പതിപ്പിക്കുന്ന പാറ! വചനം അനുസരിക്കായ്കകൊണ്ട് അവര്‍ ഇടറുന്നു; അവര്‍ അതിന്നു നിശ്ചയിക്കപ്പെട്ടവരാണ്''(1 പത്രോ 2: 4-8). 

''അപ്പോസ്തലന്മാരും പ്രവാചകരുമാകുന്ന അസ്തിവാരത്തിന്മേല്‍ കെട്ടിപ്പടുക്കപ്പെട്ടവരാണ് നിങ്ങള്‍; ക്രിസ്തുയേശു തന്നെയാണ് മൂലക്കല്ല്. അവനില്‍ സൗധം മുഴുവന്‍ കൂട്ടിയിണക്കപ്പെട്ടിരിക്കുന്നു; അതു കര്‍ത്താവില്‍ ഒരു വിശുദ്ധ ദേവാലയമായി വളരുന്നു. അതിലേക്ക് ആത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായിരിക്കാന്‍, നിങ്ങളും അവനില്‍ പണിതു ചേര്‍ക്കപ്പെടുന്നു'' (എഫേ 2:20-22) ''നഗരമതിലിന്നു പന്ത്രണ്ട് അസ്ഥിവാരങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകളും'' (വെളി 21: 14).

സുവിശേഷത്തിലെ മേലുദ്ധരിച്ച വാക്കുകളെ മുന്‍നിര്‍ത്തി സഭയുടെ അടിക്കല്ല് അല്ലെങ്കില്‍ അസ്തിവാരം യേശു തന്നെയാെണന്നും, വേറൊരു അടിക്കല്ല് സഭയ്ക്കുണ്ടാകുക സുവിശേഷ വിരുദ്ധമാണെന്നും അവര്‍ കരുതുന്നു. മത്തായിയുടെ സുവിശേഷം 16:16 ലെ വാക്യങ്ങളെ വേറൊരു വിധത്തിലാണ് അവര്‍ വ്യാഖ്യാനിക്കുന്നത്. ശിമയോന്‍ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിന്റെ പുത്രന്‍' ഈ പ്രഖ്യാ പനം നിത്യസത്യമാകയാല്‍ ആ സത്യമാകുന്ന പാറയില്‍ തന്റെ പള്ളി പണിയും എന്നാണ് യേശു പ്രഖ്യാപിച്ചത്. മറ്റു ശിഷ്യന്മാര്‍ നിത്യമായ ഈ വിശ്വാസത്തെ, പരസ്യമായി പ്രഖ്യാപിക്കാന്‍ മടിച്ചു നിന്നപ്പോള്‍ പത്രോസ് ഏറ്റു പറഞ്ഞ ആ വിശ്വാസത്തെ 'പാറ'യെന്ന് പ്രഖ്യാപിക്കുക മാത്രമാണ് യേശു ചെയ്തത്. പത്രോസ് എന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല, പത്രോസ് പ്രഖ്യാപിച്ച വിശ്വാസസത്യത്തെയാണ് പാറയായി കണക്കാക്കുന്നത്. ഇതിന് ഉപോദ്ബലകമായി അവര്‍ ഉദ്ധരിക്കുന്ന മറ്റൊരു വാദം പത്രോസിനോട് യേശു പറഞ്ഞ ഈ വാക്കുകളാണ്: ''സാത്താനേ, എന്റെ പിന്നിലേക്കു പോകൂ. നീ എന്റെ വഴിയില്‍ ഒരു തടസ്സമാണ്. കാരണം, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' (മത്താ 16:23). ''നീ ക്രിസ്തുവാകുന്നു, ജീവനുള്ള ദൈവത്തിന്റെ പുത്രന്‍'' എന്നു പത്രോസ് പറഞ്ഞപ്പോള്‍, 'യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍. മനുഷ്യനല്ല ഇതു നിനക്ക് വെളിപ്പെടുത്തിയിരിക്കുന്നത്; എന്റെ സ്വര്‍ഗസ്ഥനായ പിതാവാണ്'' (മത്താ 16:17) എന്നു പറഞ്ഞ യേശുതന്നെ പത്രോസിനെ ''സാത്താന്‍'' എന്ന് അഭിസംബോധന ചെയ്യുന്നു. അപ്പോള്‍, പത്രോസ് ദൈവികവും മാനുഷികവുമായ രണ്ടു ചിന്തകളുടെ സ്വാധീനത്തിന് അടിമയായിരുന്നു. 'ജീവനുള്ള ദൈവത്തിന്റെ പുത്രനാണ്' എന്നു പ്രഖ്യാപിച്ചപ്പോള്‍ അത് ദൈവികമായ വെളിപാടിന്റെ പ്രചോദനത്തിലായിരുന്നു. എന്നാല്‍ യേശുവിന്റെ രക്ഷാകര ബലിയെ എതിര്‍ത്തു നിന്നപ്പോള്‍ യേശു പത്രോസിനെ ''സാത്താനേ'' എന്ന് അഭിസംബോധന ചെയ്യുന്നു. പത്രോസ് സാത്താനല്ലാത്തതു പോലെ, സഭയുടെ അടിത്തറയുമല്ല. മാനുഷികവും ദൈവികവുമായ ചിന്തയ്ക്കു മധ്യേ പത്രോസ് ഊഞ്ഞാലാടുകയാണ്. ദൈവികമായ ചിന്തകളെ അഭിനന്ദിക്കുകയും മാനുഷികമായ ചിന്തകളെ അപലപിക്കുകയും ആണ് യേശു ചെയ്തത്. 'സാത്താനേ' എന്ന് യേശു വിളിച്ച പത്രോസിനെ സഭയുടെ മൂലക്കല്ലാക്കും എന്നു വിശ്വസിക്കുക സാധ്യമല്ല. 

യോഹന്നാന്‍ 21:15-19 വരെയുള്ള ഭാഗങ്ങളിലെ, 'ആടുകളെ മേയ്ക്കുക' എന്ന യേശുവിന്റെ വാക്കുകള്‍ ഇങ്ങനെ അവര്‍ വ്യാഖ്യാനിക്കുന്നു:.
 

പത്രോസ് മൂന്നു പ്രാവശ്യം യേശുവിനെ ഉപേക്ഷിക്കുകയുണ്ടായി. ഈ സംഭവത്തെ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയാണ് 'എന്നെ സ്‌നേഹിക്കുന്നുവോ' എന്ന് യേശു മൂന്നു പ്രാവശ്യം പത്രോസിനോട് ചോദിക്കുന്നത്. ഇവിടെ ''എന്റെ ആടുകളെ മേയ്ക്കുക'' എന്നതിന്നര്‍ഥം സഭയെ ഭരിക്കാന്‍ പത്രോസിന് അനുവാദം കൊടുത്തു എന്നല്ല, മറിച്ച് പത്രോസ് തന്റെ ജീവിതകാലത്ത് യേശുവിനെപ്പോലെ, വിശ്വാസികള്‍ക്കു വേണ്ടി തന്റെ ജീവന്‍ സമര്‍പ്പിക്കണം എന്ന കല്പന മാത്രമാണ്. ഇടയന്‍ എന്ന പദം അധികാരസൂചകമായിട്ടല്ല യേശു ഉപയോഗിക്കുന്നത്. ''നല്ല ഇടയന്‍ ഞാനാകുന്നു, നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ ത്യജിക്കുന്നു'' (യോഹ 10:11). ശിഷ്യരെ വിട്ട് താന്‍ സ്വര്‍ഗാരോഹണം ചെയ്യുകയാണെന്നും തന്റെ ആട്ടിന്‍ കൂട്ടത്തെ താന്‍ ജീവാര്‍പ്പണം ചെയ്തു സേവിച്ചതു പോലെ പത്രോസും സേവിക്കണം എന്നുമാണ് യേശു ഇവിടെ പത്രോസിനോടു പറയുന്നത്.

തന്റെ ആടുകളെ മേയ്ക്കുക എന്ന് യേശു പത്രോസിനോട് പറഞ്ഞതിന്റെ പശ്ചാത്തലം അവര്‍ ഇങ്ങനെ വിവരിക്കുന്നു. യേശു തന്റെ പ്രതാപപൂര്‍ണമായ ഉയിര്‍പ്പിനു ശേഷം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് പ്രാതല്‍ ഒരുക്കിക്കൊടുത്തതിനു ശേഷമാണ് 'തന്റെ ആടുകളെ മേയ്ക്കുക' എന്ന് പത്രോസിനോടു പറയുന്നത്. തന്റെ ശിഷ്യന്മാരെ താന്‍ എങ്ങനെ ശുശ്രൂഷിച്ചുവോ അതു പോലെ ശുശ്രൂഷിക്കണം എന്നര്‍ഥം. ശിഷ്യരുടെ മേല്‍ ഭൗതികമായ അധികാരമല്ല പ്രത്യുത അവരെ സേവിക്കുന്നതിനുള്ള കടമയാണ് പത്രോസില്‍ നിക്ഷിപ്തമായത്. 

''ശിമയോനേ, ശിമയോനേ, ഇതാ സാത്താന്‍ നിങ്ങളെ ഗോതമ്പു പോലെ പേറ്റിക്കൊഴിക്കാന്‍ അനുവാദം വാങ്ങിയിരിക്കുന്നു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിച്ചു, നീ പിന്തിരിഞ്ഞു വരുമ്പോള്‍ നിന്റെ സഹോദരരെയും ശക്തിപ്പെടുത്തുക'' എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ (22: 31-32) വാക്കുകള്‍ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് എന്നാണ് ഇതര സഭയിലെ വേദശാസ്ത്രഞ്ജരുടെ വാദം. പത്രോസിനോട് ഈ വാക്കുകള്‍ അരുള്‍ചെയ്യുന്നതിന് തൊട്ടു മുമ്പ് യേശു ഇങ്ങനെ പറയുന്നു: ''എനിക്കുണ്ടായ പരീക്ഷകളില്‍ എന്നോടൊത്തു നിന്നവര്‍ നിങ്ങളാണ്. എന്റെ പിതാവ് എനിക്കു നല്‍കിയതു പോലുള്ള ഒരു രാജ്യം ഞാന്‍ നിങ്ങള്‍ക്കും നല്‍കുന്നു. അങ്ങനെ നിങ്ങള്‍ എന്റെ രാജ്യത്ത് എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളേയും വിധിച്ചു കൊണ്ട് സിംഹാസനത്തില്‍ ഇരിക്കയും ചെയ്യും'' (ലൂക്കോ 22: 28-30). ഇവിടെ പത്രോസിന്റെ സിംഹാസനത്തെക്കുറിച്ചല്ല, പന്ത്രണ്ട് സിംഹാസനങ്ങള്‍ സ്വര്‍ഗത്തിലുണ്ട് എന്നാണ് യേശു പറയുന്നത്. ആ സിംഹാസനങ്ങളില്‍ പത്രോസിന്റെ സിംഹാസനത്തിന് പ്രാമുഖ്യം നല്‍കുന്നില്ല; എല്ലാം തുല്യമാണ്. പ്രായം കൊണ്ടും സ്ഥാനം കൊണ്ടും പ്രമുഖനായിരുന്ന പത്രോസ് തന്റെ പീഡാനുഭവത്തിന്റെ അവസരത്തില്‍ തന്നെ ഉപേക്ഷിക്കും; അതില്‍ മനസ്താപപ്പെട്ട് പിന്തിരിഞ്ഞു വരുമ്പോള്‍ തന്റെ കാരുണ്യമേറിയ ക്ഷമയുടെ അടയാളമായി തന്റെ ഇതര ശിഷ്യന്മാര്‍ക്ക് മാതൃകയും ശക്തിയുമായി പ്രവര്‍ത്തിക്കണം എന്നാണ് യേശു ഇവിടെ ഉപദേശിക്കുന്നത്. പരസ്പരം ശക്തിപ്പെടുത്തുന്നതിന് ശിഷ്യന്മാര്‍ക്കുള്ള ആഹ്വാനമാണ് ഇതില്‍.

പെന്തക്കുസ്താനാളില്‍ പത്രോസില്‍ മാത്രമല്ല പരിശുദ്ധാത്മാവ് ആവസിച്ചത്. ''പെന്തക്കുസ്താദിനമായി. അന്ന്, അവരെല്ലാവരും ഒരിടത്ത് ഒരുമിച്ചു കൂടിയിരിക്കയായിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റ് അടിക്കുംപോലെയുള്ള ഒരു മുഴക്കം ആകാശത്തു നിന്ന് ഉണ്ടായി. അവര്‍ സമ്മേളിച്ചിരുന്ന വീടു മുഴുവന്‍ അതു നിറഞ്ഞു. തീനാളങ്ങള്‍ പോലെയുള്ള നാവുകള്‍ അവിടെ അവര്‍ക്കു പ്രത്യക്ഷപ്പെട്ടു; അവ വേര്‍പിരിഞ്ഞ് അവര്‍ ഓരോരുത്തരുടെയും മേല്‍ ആവസിച്ചു. അവര്‍ ഏവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. പരിശുദ്ധാത്മാവ് ഭാഷണവരം നല്‍കിയതനുസരിച്ച് അവര്‍ അന്യഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങി'' (അപ്പോ 2: 1-4). എല്ലാ അപ്പോസ്തലന്മാര്‍ക്കും പരിശുദ്ധാത്മവരം തുല്യമായി ലഭിച്ചു എന്നര്‍ഥം. അവര്‍ എല്ലാവരും സുവിശേഷം പ്രസംഗിച്ചു: ''പുതുവീഞ്ഞ് കുടിച്ച് ഇവര്‍ക്ക് ലഹരി പിടിച്ചിരിക്കുകയാണ്'' (അപ്പോ 2:13) എന്ന കേള്‍വിക്കാരുടെ പ്രതികരണം പെന്തക്കുസ്താനാളില്‍ എല്ലാ അപ്പോസ്തലന്മാരും സുവിശേഷം പ്രസംഗിച്ചു എന്നതിന് തെളിവാണ്. ''എന്നാല്‍, പത്രോസ് മറ്റു പതിനൊന്നു പേരോടൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരെ അഭിസംബോധന ചെയ്തു'' (അപ്പോ 2:14). ഇവിടെയും പത്രോസിന്നു പ്രത്യേക പ്രാമാണ്യം ഒന്നും നല്‍കിയിട്ടില്ല. അപ്പോള്‍ പത്രോസിന്നു മാത്രമാണ് പരിശുദ്ധാത്മവരം ലഭിച്ചത് എന്ന വാദം നിലനില്‍ക്കത്തക്കതല്ല.
 

കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം പത്രോസിന്നു മാത്രമല്ല എല്ലാ അപ്പോസ്തലന്മാര്‍ക്കും തുല്യമായാണ് നല്‍കിയിരുന്നത്. ''സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും'' (മത്താ 18:18). അപ്പോസ്തലന്മാര്‍ക്കു മാത്രമല്ല വിശ്വാസികള്‍ക്കും ഈ അധികാരം നല്‍കിയിട്ടുണ്ട്. ''നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍, അവ ക്ഷമിക്കപ്പെടും. നിങ്ങള്‍ ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍, അവ നിലനിര്‍ത്തപ്പെടും'' (യോഹ 20:23). ഇവിടെയും ഈ അധികാരം 'നിങ്ങള്‍' എന്ന പദം കൊണ്ട് വിശ്വാസികള്‍ ഏവര്‍ക്കും യേശു നല്‍കുന്നു. 

സഭയുടെ മേല്‍ പത്രോസിന് അധികാരം നല്‍കി എന്നതിന് ആധാരമായി ചൂണ്ടിക്കാണിക്കുന്ന സുവിശേഷഭാഗങ്ങളുടെ അര്‍ഥവ്യാഖ്യാനത്തെ കത്തോലിക്കേതര സഭകള്‍ എതിര്‍ത്ത് അവരുടെ നിലപാട് ഉറപ്പിക്കുകയാണ്. ഇതിനും പുറമേ മറ്റു സുവിശേഷഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സഭയില്‍ പത്രോസിന്ന് പ്രത്യേകമായ സ്ഥാനം നല്‍കിയിട്ടില്ല എന്ന് അവര്‍ വാദിക്കുന്നു.
 

1. ശിഷ്യന്മാര്‍ തങ്ങളില്‍ പ്രമുഖര്‍ ആരാണ് എന്നു തര്‍ക്കമുണ്ടാക്കിയപ്പോള്‍, ഉത്തരമായി യേശു 'പത്രോസാണ് പ്രമുഖന്‍' എന്ന് പറയുന്നില്ല. ''തങ്ങളില്‍ വലിയവന്‍ ആരാണ് എന്നൊരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. അവന്‍ അവരോടു പറഞ്ഞു: 'വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെ മേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയും ചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല. നിങ്ങളില്‍ ഏറ്റം വലിയവന്‍ ഏറ്റം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോെലയും ആയിരിക്കണം. ആരാണ് വലിയവന്‍ - ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷകനോ? ഭക്ഷണത്തിന്നിരിക്കുന്നവന്‍ അല്ലേ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷകനെപ്പോലെ യാണ്. എനിക്കുണ്ടായ പരീക്ഷകളില്‍ എന്നോടൊത്തു നിന്നവര്‍ നിങ്ങളാണ്. എന്റെ പിതാവ് എനിക്കു നല്‍കിയതുപോലുള്ള ഒരു രാജ്യം ഞാന്‍ നിങ്ങള്‍ക്കും നല്‍കുന്നു. അങ്ങനെ നിങ്ങള്‍ എന്റെ രാജ്യത്ത് എന്റെ മേശയില്‍ നിന്ന് ഭക്ഷിക്കയും പാനം ചെയ്കയും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെയും വിധിച്ചു കൊണ്ട് സിംഹാസനത്തില്‍ ഇരിക്കുകയും ചെയ്യും'' (ലൂക്കോ 22:24-30).
 

ആരാണ് വലിയവന്‍ എന്ന ചോദ്യം മറ്റു സന്ദര്‍ഭങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. ''എന്നാല്‍ യേശു അവരെ അടുത്തു വിളിച്ചു പറഞ്ഞു: 'വിജാതീയരുടെ മേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്കറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം; നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം. മനുഷ്യപുത്രനെപ്പോലെ'' (മത്താ 20:25-27). 

''വിജാതീയരുടെ മേല്‍ അവരുടെ ഭരണാധികാരികളെന്നു വച്ചിട്ടുള്ളവര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും അവരുടെ പ്രമാണിമാര്‍ അവരുടെ മേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നാല്‍, ഇത് നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും അടിമയാകണം. കാരണം, മനുഷ്യപുത്രന്‍ പോലും വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല സേവിക്കാനാണ്; അനേകര്‍ക്കു വേണ്ടി സ്വജീവന്‍ വീണ്ടെടുപ്പു വിലയായി നല്‍കാനാണ്'' (മര്‍ക്കോ 10:42-45).
 

തന്റെ മരണശേഷം സഭയെ ഭരിക്കാനുള്ള അവകാശം ആര്‍ക്കാണ് എന്ന് വ്യക്തമായി പറയാനുള്ള അവസരമായിരുന്നു ഇത്. എന്നാല്‍ പത്രോസിനെക്കുറിച്ച് ഒരു സൂചന പോലും ക്രിസ്തു ഈ അവസരങ്ങളില്‍ നല്‍കുന്നില്ല. അപ്പോസ്തല പ്രവര്‍ത്തനങ്ങളിലോ ലേഖനങ്ങളിലോ, ഒരിടത്തു പോലും സഭയില്‍ പത്രോസിനുള്ള പ്രാധാന്യം എടുത്തുപറഞ്ഞിട്ടില്ല. അപ്പോസ്തലന്മാര്‍ പങ്കെടുത്ത ഒന്നാമത്തെ സൂനഹദോസില്‍ പത്രോസല്ല യാക്കോബാണ് അന്തിമതീരുമാനം പറയുന്നത്.

2. പത്രോസ് തന്റെ ലേഖനങ്ങളിലൊരിടത്തും തനിക്ക് മറ്റ് അപ്പോസ്തലന്മാരുടെമേല്‍ അധികാരം ഉണ്ട് എന്ന് സൂചിപ്പിച്ചിട്ടില്ല. പത്രോസ് തന്നെത്തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്: ''ക്രിസ്തുവിന്റെ പീഡനങ്ങള്‍ക്കു ദൃക്‌സാക്ഷിയും വെളിപ്പെടാന്‍ പോകുന്ന മഹത്വങ്ങളുടെ പങ്കാളിയും ഒരു കൂട്ടുമൂപ്പനും എന്ന നിലയില്‍ നിങ്ങളുടെ ഇടയിലെ മുപ്പന്മാരെ ഞാന്‍ ഉപദേശിക്കുന്നു'' (പത്രോ 5:1). ഇവിടെ പത്രോസ് താന്‍ ഒരു കൂട്ടുമൂപ്പന്‍ ആണ് എന്നേ അവകാശപ്പെടുന്നുള്ളു. മറ്റ് അപ്പോസ്തലന്മാര്‍ക്ക് തുല്യനാെണന്നല്ലാതെ അവര്‍ക്ക് ഉപരിയാെണന്ന് പത്രോസ് പറയുന്നില്ല.

3. പൗലോസ് സഭയുടെ സ്ഥാനികളെ വിവരിക്കുന്നത് ഇപ്രകാരമാണ്: ''സഭയില്‍ ഒന്നാമത് അപ്പോസ്തലന്മാരെയും രണ്ടാമത് പ്രവാചകരെയും മുന്നാമത് പ്രബോധകരെയും പിന്നീട് രോഗശാന്തി ശുശ്രൂഷകരെയും സഹായികളെയും മേല്‍ വിചാരകരെയും വിവിധ ഭാഷാവരമുള്ളവരെയും ദൈവം നിയമിച്ചു'' (1 കോറി 12:28). ''അവന്‍ ചിലര്‍ക്ക് അപ്പോസ്തലന്മാരാകാനും ചിലര്‍ക്ക് സുവിശേഷപ്രഘോഷകരാകാനും ചിലര്‍ക്ക് ഇടയന്മാരാകാനും ചിലര്‍ക്ക് അധ്യാപകരാകാനും വരങ്ങള്‍ നല്‍കി'' (എഫേ 4:11).

പത്രോസിന്ന് അപ്രമാദിത്വവരം ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പൗലോസ് ഈ വരത്തെക്കുറിച്ച് സഭയെ പഠിപ്പിക്കുമായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്.
 

4. പൗലോസ് എഴുതുന്നു: ''ഞാന്‍ ഒന്നുമല്ലാത്തവനെങ്കിലും ഈ കേമന്മാരായ അപ്പോസ്തലന്മാരെക്കാള്‍ ഒട്ടും താണവനല്ല'' (2 കോറി 12:11). പൗലോസ് യേശുവിന്റെ നേരിട്ടുള്ള ശിഷ്യന്‍ അല്ലാതിരുന്നിട്ടും വിശ്വാസത്തിലും പ്രബോധന കാര്യത്തിലും അവരുടെ പിന്നിലല്ല എന്ന് വ്യക്തമായി പ്രഖ്യാപിക്കുന്നു. ഇതിനര്‍ഥം ആദിമസഭയില്‍ പത്രോസിന് എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടായിരുന്നു എന്ന് അപ്പോസ്തലന്മാരും പൗലോസും കരുതിയിരുന്നില്ല എന്നതാണ്.

5. പൗലോസ്, പത്രോസിനെ മുഖത്തു നോക്കി കുറ്റപ്പെടുത്തുന്നതായി ഗലാത്തിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ കാണാം. ''പക്ഷേ, കേപ്പാ അന്തിയോഖ്യയില്‍ വന്നപ്പോള്‍, അയാളുടെ മുഖത്തു നോക്കി ഞാന്‍ എതിര്‍ത്തു. കാരണം, അയാള്‍ കുറ്റക്കാരനായിരുന്നു. വിജാതീയരോടൊത്തു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കേപ്പാ, യാക്കോബിന്റെ അടുക്കല്‍നിന്ന് ചില ആളുകള്‍ വന്നപ്പോള്‍, പരിച്ഛേദനവാദികളെ ഭയന്ന് അതില്‍ നിന്നു പിന്‍മാറി അകന്നുനിന്നു. മറ്റു യഹൂദസഹോദരരും പത്രോസിനോടൊത്ത് ആത്മാര്‍ഥതയില്ലാതെ മാറി നിന്നു; ബര്‍ന്നബാസ് പോലും ഈ കാപട്യത്തിന്നു വഴിപ്പെട്ടു. സുവിശേഷ സത്യത്തിന് അനുസൃതമായ നേര്‍വഴിയില്‍ക്കൂടിയല്ല അവര്‍ സഞ്ചരിക്കുന്നതെന്നു ബോധ്യമായപ്പോള്‍, ഞാന്‍ എല്ലാവരുടെയും സമക്ഷം കേപ്പായോടു ചോദിച്ചു: 'യഹൂദനായ താങ്കള്‍ യഹൂദനെപ്പോലെയല്ലാതെ, വിജാതീയനെപ്പോലെയാണ് ജീവിക്കുന്നത്. വിജാതീയര്‍ യഹൂദരെപ്പോലെ ജീവിക്കണം എന്നു നിര്‍ബന്ധിക്കാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും?' (ഗലാ.2:11-14). പത്രോസിന് സഭയില്‍ എന്തെങ്കിലും പ്രത്യക അധികാരം ഉണ്ടായിരുന്നു എന്ന് ആദിമസഭ വിശ്വസിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പത്രോസിനെ പൗലോസ് കുറ്റപ്പെടുത്തുമായിരുന്നില്ല. ഈ കുറ്റപ്പെടുത്തല്‍ സൂചിപ്പിക്കുന്നത് പത്രോസ് എല്ലാവരെയും പോലെ പാപിയും സമൂഹസമ്മര്‍ദത്തില്‍പ്പെട്ട് വഴി തെറ്റിപ്പോകാന്‍ ഇടയുള്ള ഒരു മനുഷ്യവ്യക്തിയുമായിരുന്നു എന്നാണ്. 

ആദിമസഭയില്‍ പത്രോസിന് പ്രത്യേകാധികാരം ഒന്നുമില്ലായിരുന്നു എന്നു ചൂണ്ടിക്കാണിച്ചശേഷം, എങ്ങനെ പത്രോസിന്റെ പിന്‍ഗാമിക്ക് സഭയുടെ മേല്‍ അധികാരം ഉണ്ടാകും എന്നു ചിലര്‍ ചോദിക്കുന്നു. വാദത്തിനു വേണ്ടി പത്രോസിന്ന് സഭയില്‍ മുഖ്യ സ്ഥാനം ഉണ്ട് എന്നു സമ്മതിച്ചാല്‍തന്നെ മറ്റു രണ്ടു ചോദ്യങ്ങള്‍ക്കു കൂടി കത്തോലിക്കാസഭ ഉത്തരം പറയണമെന്നാണ് മാര്‍പ്പാപ്പായുടെ സഭയിലുള്ള അനിഷേധ്യ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ വാദിക്കുന്നത്.
 

പത്രോസിന്നു കിട്ടിയ ഈ പ്രത്യേക അവകാശം എങ്ങനെ റോമിലെ മെത്രാന്നു കിട്ടി? റോമിലെ മെത്രാന്‍ മാത്രമാണ് പത്രോസിന്റെ പിന്‍ഗാമി എന്നുള്ളതിന് സുവിശേഷത്തില്‍ എന്താണ് തെളിവ്? പത്രോസിന്റെ റോമാ സന്ദര്‍ശനം ഇന്നും ചരിത്രകാരന്മാരുടെ ഇടയില്‍ തര്‍ക്കവിഷയമാണ്. റോമന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രം എന്നതിനപ്പുറം ക്രിസ്തുവിന്റെ ജീവിതകാലത്ത് യാതൊരു പ്രാധാന്യവും റോമായ്ക്ക് ഉണ്ടായിരുന്നില്ല. ക്രിസ്തു ജനിച്ചത് പാലസ്തീനിലാണ്. ജെറൂശലേം അക്കാലത്ത് വിശുദ്ധ നഗരം ആയിരുന്നു. അവിടെയാണ് യേശു സുവിശേഷം പ്രസംഗിച്ചതും തന്റെ പരമബലി അര്‍പ്പിച്ചതും. അവിടെയാണ് ആദ്യത്തെ സൂനഹദോസ് കൂടിയത്. പ്രവാച കന്മാര്‍, ജെറൂശലേമിനെക്കുറിച്ചാണ് രക്ഷകന്റെ നഗരമെന്ന് പ്രവചിച്ചിട്ടുള്ളത്. യേശുവും അപ്പോസ്തലന്മാരും റോമാ ആയിരിക്കും സഭയുടെ കേന്ദ്രം എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പത്രോസിന്റെ പിന്‍ഗാമികള്‍ തലമുറ തലമുറയായി തന്റെ സഭയെ ഭരിക്കുമെന്നും റോമിലെ മെത്രാന്‍ ലോകത്തില്‍ യേശുവിന്റെ കാണപ്പെട്ട പ്രതിനിധിയും വികാരിയും ആയിരിക്കുമെന്നും ഒരു സൂചനപോലും ഒരിടത്തും നല്‍കുന്നില്ല. 

മുന്‍പറഞ്ഞ വാദഗതികള്‍ ഉന്നയിച്ചുകൊണ്ടാണ് കത്തോലിക്കേതര ക്രൈസ്തവസഭകള്‍ റോമന്‍ മാര്‍പ്പാപ്പായ്ക്ക് ക്രിസ്തുവിന്റെ സഭയുടെ മേല്‍ യാതൊരു പ്രത്യേകാധികാരവും ഇല്ല എന്ന് വാദിക്കുന്നത്.

1 അഭിപ്രായം:

  1. Joseph Matthew February 22, 2013 at 7:59 AM
    മാര്‍പാപ്പയും ഇതരസഭകളെന്നും തലവാചകം കണ്ടപ്പോള്‍ സഭകള്‍ തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്താലം എന്നാണു ഞാന്‍ വിചാരിച്ചത്.വചനങ്ങളുടെ വെളിച്ചത്തില്‍ ഒരു സഭക്കും ക്രിസ്തുമുതലുള്ള പാരമ്പര്യത്തില്‍ എത്തുവാന്‍ സാധിക്കുകയീല്ല. ഒരു ചരിത്രകാരനും ക്രിസ്തുവിന്റെ സഭയേതെന്നു സ്ഥിതികരിക്കുവാന്‍ കഴിയുകയുമില്ല. ഈ ലേഖനത്തില്‍ കൊടുത്തിരിക്കുന്ന അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടിയും ചതച്ചുമുള്ള വചനങ്ങള്‍കൊണ്ടുള്ള വാദഗതികള്‍ മാര്‍ട്ടിന്‍ലൂതര്‍കാലം മുതല്‍ തുടങ്ങിയതാണ്‌. ഏതു ഈര്‍ക്കിലി സഭയോട് ചോദിച്ചാലും വചനത്തില്‍നിന്ന് ഒരു വാചകം ചൂണ്ടികാണിച്ചിട്ട് തങ്ങളുടെ സഭയാണ് ആദിമ സഭയെന്നു പറയും. വെന്തിക്കോസുകാരന്‍ കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ഏതു പള്ളിയില്‍ പോകുന്നുവെന്നാണ്. കത്തോലിക്കനെന്നു പറഞ്ഞാല്‍ ഉടന്‍ വചനം തുറന്നു എന്നെ കാണിക്കുകയായി. വെന്തിക്കോസുനാളില്‍ ഭാഷാവരം കിട്ടിയനാള്‌മുതല്‍ പിന്നെ പ്രസംഗമായി. അന്തിക്രിസ്തു വത്തിക്കാനില്‍ ഉണ്ടെന്നും പറയും. പൊന്നുസഹോദരാ ഞാന്‍ ഒരിക്കലും പള്ളിയില്‍ പോകാറില്ലെന്നുപറഞ്ഞു രക്ഷപ്പെടും.

    ഈ പാരമ്പര്യം പറയുവാന്‍ ബനഡിക്റ്റ് മാര്‍പാപ്പയും മിടുക്കനായിരുന്നു. മാര്‍പാപ്പ സഭയുടെ ഒരു ഡോക്കുമെന്റില്‍ പറഞ്ഞിരിക്കുന്നത് ഓര്‍ത്തോഡോക്സ് സഭകള്‍ അപൂര്‍ണ്ണങ്ങളാണെന്നാണ്. മറ്റുള്ള നവീകരണസഭകളെല്ലാം സത്യമായ സഭകളല്ലെന്നും. മാര്‍പാപ്പയുടെ ഈ പ്രസ്താവന ഓര്‍ത്തോഡോക്സ് സഭകളെയും നവീകരണസഭകളെയും വളരെയധികം ചൊടിപ്പിച്ചിരുന്നു. മാര്‍പാപ്പാക്കു തെറ്റുപറ്റിയെന്നും അവര്‍ തിരിച്ചടിച്ചു.

    സഭയുടെ വിശ്വാസസത്യങ്ങളില്‍ മാര്‍പാപ്പ ഇത്തരം പ്രസ്താവനകള്‍ പല തവണകള്‍ ഉരുവിട്ടിട്ടുണ്ട്. മാര്‍പാപ്പയുടെ അവസരത്തിനു ചേരാത്ത ഇത്തരം വാക്കുകള്‍ തികച്ചും രണ്ടാം വത്തിക്കാന്‍ സുനഹദോസ് തീരുമാനങ്ങള്‌ക്കെതിരായിരുന്നു.

    രണ്ടാം വത്തിക്കാന്‍സുനഹദോസ് നടക്കുന്നസമയം ബനടിക്റ്റ് യുവാവായ ഒരു തീയോളജിയനായിരുന്നു. സഭയിലെ ലിബറല്‍ ചിന്തഗതികള്‌ക്കെതിരെ യാഥാസ്തിഥിക ദൈവശാസ്ത്രഞനായ ബനടിക്റ്റ് ശക്തിയായി അന്ന് എതിര്‍ക്കുന്നുമുണ്ടായിരുന്നു. ഭൂതകാലത്തിന്റെ പാരമ്പര്യം കാത്തുകൊണ്ടുള്ള ഒരു സഭാനവീകരണത്തിനായും അന്നു വാദിച്ചു.

    രണ്ടായിരമാണ്ട് അന്നത്തെ മാര്‍പാപ്പ എഴുതിയ ഡോമിനസ് ജീസസ് എന്ന ഡോക്കുമെന്റില്‍ നവീകരണ സഭകള്‍ക്കും മറ്റുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‌ക്കുമെതിരെ ഒരു കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അന്ന് ബനഡിക്റ്റ് കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്റ്റ് ആയിരുന്നു. അകത്തോലി‌ക്കരായ ക്രിസ്ത്യന്‍സഭകള്‍ സത്യസഭകളല്ലെന്നും ക്രിസ്തു സ്ഥാപിച്ച സഭയെന്നു പറയുവാന്‍ യോഗ്യതയില്ലാത്ത വെറും മതസമൂഹങ്ങളാണെന്നും തന്മൂലം അവര്‍ക്ക് നിത്യരക്ഷയില്ലെന്നും അന്ന് തുറന്നു എഴുതി.

    ഡോക്കുമെന്റ് തുടരുന്നു, യേശു ഭൂമുഖത്ത് ഒരു സഭയേ സ്ഥാപിച്ചിട്ടുള്ളൂവെന്നും മറ്റുള്ള സമൂഹങ്ങളെ സഭയെന്നു പറയുവാന്‍ സാധിക്കുകയില്ലെന്നും ഡോക്കുമെന്റില്‍ ഉണ്ട്. കാരണം, ഇതരസഭകള്‍ക്ക് അപ്പോസ്തോലിക പാരമ്പര്യം ഇല്ല. അവരുടെ ബിഷപ്പുമാര്‍ക്ക് അപ്പോസ്തോലികവരെയുള്ള മഹിമകളിലെ വേരുകളില്‍ എത്തുവാന്‍ സാധിക്കുകയില്ല. വത്തിക്കാന്റെ ഈ നിലപാടുകളുടെ ലക്‌ഷ്യം എന്താണെന്ന് മനസിലാകുന്നില്ലന്നു പറഞ്ഞ് ആംഗ്ലിക്കന്‍ സഭകളൊന്നാകെമുറവിളി കൂട്ടി. മാര്‍പാപ്പയും അപൂര്‍ണ്ണനെന്നും അപ്പോസ്തോലിക സഭകളില്‍നിന്നും വളരെ വിദൂരതയിലുള്ള മുറിവുപറ്റിയ സഭയുടെ നേതാവാണ്‌ മാര്‍പാപ്പയെന്നും ആംഗ്ലിക്കന്‍ സഭകള്‍ മറുപടിയും കൊടുത്തു.

    ഒരു പുതു ക്രിസ്ത്യാനിയായ ഒരാള്‍ അപ്പോസ്തോലികപാരമ്പര്യം ചിന്തിക്കാറുണ്ടോ? യേശു ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലെ ഭാഗമെന്നു ചിന്തിച്ചാല്‍ പോരെ? വേഷങ്ങള്‍ അണിഞ്ഞ പുരോഹിതരുടെ ബാലിശമായ വാദഗതികള്‍ സഭയെ തകര്‍ച്ചയിലേക്കെ നയിക്കുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ