2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം III


                                         ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
III
പേപ്പസിയുടെ വളര്‍ച്ച

ആദിമസഭ വളര്‍ന്നതും വികസിച്ചതും പ്രാധാനമായും റോമന്‍ സാമ്രാജ്യ ത്തിനുള്ളിലാണ്. തോമസ് അപ്പോസ്തലന്‍ ഒഴിച്ചുള്ള അപ്പോസ്തലന്മാരും പൗലോസും സുവിശേഷം പ്രസംഗിച്ചതിന്റെ ഫലമായി റോമന്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഭകള്‍ സ്ഥാപിക്കപ്പെട്ടു. അപ്പോസ്തല ന്മാരുടെ പ്രവര്‍ത്തനങ്ങളും ലേഖനങ്ങളും വായിക്കുമ്പോള്‍ ഓരോ സഭയും വിശ്വാസികളുടെ കൂട്ടായ്മ മാത്രമാണെന്നും അവര്‍ അതതു കൂട്ടായ്മകളില്‍ ശുശ്രൂഷകരെ നിയമിച്ചു പോന്നു എന്നും മനസ്സിലാക്കാം. ആദിമനൂറ്റാണ്ടിലെ സഭാവ്യവസ്ഥയെക്കുറിച്ച് ഡോ. കുടപ്പുഴ ഇങ്ങനെ എഴുതുന്നു: 

''ഒരു നഗരത്തിലെ വിശ്വാസികള്‍ എല്ലാംകൂടി ഒരു ഇടവകയായതു പോലെ പല ഇടവകകള്‍ ചേര്‍ന്ന് ഒരു പ്രോവിന്‍സുണ്ടായി. ഡയക്ലിഷന്‍ (284-305)എന്ന റോമന്‍ ചക്രവര്‍ത്തി 297-ല്‍ സാമ്രാജ്യത്തെ പ്രീഫെക്ച്ചറുകള്‍ (Prefectures), ഡയോസിസുകള്‍ (Dioceses), പ്രൊവിന്‍സുകള്‍ (Provinces) എന്നിങ്ങനെ വിഭജിച്ചു. 'diokein'-'ഡിയോകെയിന്‍' എന്ന ഗ്രീക്കു പദത്തിന്റെ മൂലാര്‍ഥം 'ഭരണം നടത്തുക' എന്നത്രെ. റോമന്‍ നിയമ പ്രകാരം, ഡയോസിസ് ഭരണത്തിനു വിധേയമായ ഒരു പ്രദേശമാണ്. ഇത് ഒരു പട്ടണമോ ഒരു പ്രോവിന്‍സിന്റെ ഭാഗമോ ആകാം. ക്രൈസ്തവമതം റോമാ സാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടപ്പോള്‍തന്നെ സഭാഭരണവും രാജഭരണവുമായി ഉറ്റബന്ധമുണ്ടായി. റോമന്‍ ഭരണകൂടത്തില്‍ നിലവിലിരുന്ന ഭരണരീതി സഭാനേതാക്കളും സ്വികരിച്ചു.

നിക്യാസൂനഹദോസിന്റെ ആറാമത്തെ കാനോന പുരാതനസഭകളുടെ മേഖലാവിഭജനരീതിയെപ്പറ്റി പറയുന്നുണ്ട്. മെത്രാന്ന് ഒരു പ്രത്യേക മേഖലയില്‍ അധികാരമുണ്ടായിരുന്നു. മെത്രാന്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരിലാണ് രൂപത അറിയപ്പെടുന്നത്. റോമന്‍ സാമ്രാജ്യത്തിലെ പ്രോവിന്‍സുകളുടെ തലസ്ഥാനങ്ങളായിരുന്നു ക്രൈസ്തവസമൂഹത്തിന്റെ പ്രഥമകേന്ദങ്ങള്‍. പൗരസ്ത്യ സഭകള്‍ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഭരണപരമായ വിഭജനങ്ങള്‍ സ്വികരിച്ചു. പാശ്ചാത്യസഭകളില്‍ വിഭജനം നടന്നത് വളരെ വൈകിയാണ്. പ്രധാന തലസ്ഥാന പട്ടണങ്ങളില്‍ സഭകള്‍ ആസ്ഥാനം ഉറപ്പിച്ചതു കൊണ്ട് പ്രേഷിതപ്രവര്‍ത്തനം വളരെ എളുപ്പമായിരുന്നു. അതിനെ തുടര്‍ന്ന് പുതിയ സഭാസമൂഹങ്ങള്‍ രൂപം കൊണ്ടു. അങ്ങനെ മാതൃസഭകള്‍ ഉണ്ടായി. അവിടുത്തെ മെത്രാന്മാരെ മെത്രാപ്പോലീത്തമാര്‍ എന്നു വിളിച്ചുവന്നു. 

ഒരു പ്രോവിന്‍സിലെ മെത്രാന്മാര്‍ ഒന്നിച്ചു കൂടി പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിവ് രണ്ടാം നൂറ്റാണ്ടില്‍തന്നെയുണ്ടായിരുന്നു. ഈ പതിവ് ആരംഭിച്ചത് ഏഷ്യാമൈനറിലാണത്രെ. ഇപ്രകാരമുള്ള സമ്മേളനങ്ങള്‍ സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും പ്രയോജനകരമായിരുന്നു. പ്രോവിന്‍സ് അടിസ്ഥാനമാക്കിയുള്ള ഈ സമ്മേളനങ്ങളുടെ നേതൃത്വം മെത്രാപ്പോലീത്തയാണ് വഹിച്ചരുന്നത്. പാശ്ചാത്യ സഭയില്‍ റോമിലെയും കാര്‍ത്തേജിലേയും മെത്രാന്മാരായിരുന്നു ഈ പ്രോവിന്‍ഷ്യല്‍ ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍. പൗരസ്ത്യ സഭകളിലും രാഷ്ട്രീയമേഖലാവിഭജനരീതി പ്രതിഫലിച്ചിരുന്നു. പാശ്ചാത്യസഭയില്‍, വടക്കേ ആഫ്രിക്കന്‍ പ്രോവിന്‍ സിലെ മെത്രാന്മാരെല്ലാം കാര്‍ത്തേജില്‍ സമ്മേളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതുപോലെ ഇറ്റലിയിലെ മെത്രാന്മാര്‍ റോമില്‍ സമ്മേളിച്ചു. റോമാ, അന്ത്യോക്യ, അലക്‌സാന്‍ഡ്രിയ എന്നീ കേന്ദ്രങ്ങളിലെ മെത്രാന്മാരായിരുന്നു സഭയില്‍ പ്രധാനസ്ഥാനം വഹിച്ചിരുന്നത്. എഫേസോസിലേയും കപ്പദോച്ചിയായിലെ കേസറിയായിലെയും (Caesarea in Cappadocia) പാലസ്തീനിയായിലെ കേസറിയായിലേയും (Caesaria in Palastine) മെത്രാന്മാര്‍ക്കും ഉന്നതസ്ഥാനമാണുണ്ടായിരുന്നത്. എഫേസോസിലെയും ഹെരാക്ലിയാ(Heraclea)യിലെയും കേസറിയായിലേയും മെത്രാന്മാര്‍ മെത്രാപ്പോലീത്താസ്ഥാനത്തിനുവേണ്ടി പരിശ്രമിച്ചതിനെപ്പറ്റി കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലിന്റെ രണ്ടാം കാനോന പറയുന്നുണ്ട്. മാതൃസഭയോട് മറ്റു ചെറിയ സഭാസമൂഹങ്ങള്‍ വളരെയധികം ബന്ധപ്പെട്ടാണ് കഴിഞ്ഞിരുന്നത്.

മെത്രാപ്പോലീത്താമാരുടെ കീഴിലുള്ള സഭാസമൂഹങ്ങളെല്ലാം ഒന്നിച്ച് ഒരു വലിയ സംഘടനയ്ക്ക് രൂപം കൊടുക്കാന്‍ മൂന്നാം നൂറ്റാണ്ടില്‍ ചില ശ്രമങ്ങള്‍ നടന്നു. ഇവയെയാണ് പാത്രിയാര്‍ക്കേറ്റ് (Patriarchate) എന്നു പറയുന്നത്. ഒരു കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ തലവന്‍ എന്ന അര്‍ഥത്തിലാണ് യഹൂദര്‍ പാത്രിയാര്‍ക്ക (Patriarch) എന്ന പദം ഉപയോഗിച്ചിരുന്നത്. പഴയനിയമത്തില്‍ ഗോത്രത്തലവന്മാര്‍ക്കും പാത്രിയര്‍ക്കീസ് എന്ന പേരുണ്ടായിരുന്നു. അബ്രാഹവും യാക്കോബും പാത്രിയര്‍ക്കീസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

തിരുസഭാചരിത്രത്തില്‍ പാത്രിയര്‍ക്കീസിന് പ്രത്യക അര്‍ഥമുണ്ട്. ആദ്യനൂറ്റാണ്ടിലെ പ്രധാന ക്രൈസ്തവകേന്ദ്രങ്ങളായിരുന്നു റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ തുടങ്ങിയവ. അവിടുത്തെ മെത്രാന്മാര്‍ക്ക് പാത്രിയര്‍ക്കീസ് സ്ഥാനം ലഭിച്ചിരുന്നു. പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നിഖ്യാസൂനഹദോസിന്റെ (325) 6-ാം കാനോന റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ എന്നീ കേന്ദ്രങ്ങളുടെ സ്ഥാനം അഭംഗുരം കാത്തുസൂക്ഷിക്കണം എന്ന് പറയുന്നു. എന്നാല്‍ പിന്നീട് ഇവയുടെ സ്ഥാനക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ (Constantinople) റോമന്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനമായി മാറിയപ്പോള്‍ രാജ്യഭരണക്രമത്തിന്റെ മാതൃകയില്‍ സഭാഭരണം സംവിധാനം ചെയ്തിരുന്നതു കൊണ്ട്, ഈ മാറ്റം സഭാഭരണത്തെയും ബാധിച്ചു. കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമാ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ആവശ്യപ്പട്ടു. ആദ്യനൂറ്റാണ്ടുകളില്‍ പാത്രിയര്‍ക്കീസ് സംവിധാനം സഭയില്‍ ഏറെക്കുറെ കാര്യക്ഷമമായിത്തന്നെ പ്രവര്‍ത്തിച്ചു. പ്രധാന കേന്ദ്രങ്ങളിലെ പ്രബലരായ പാത്രിയര്‍ക്കീസുമാര്‍ അവരുടെ സഭകളുടെ ഭരണത്തില്‍ മാത്രമല്ല, സാര്‍വത്രികസഭയുടെ പൊതു കാര്യങ്ങളിലും അതിയായ താല്‍പര്യം കാണിച്ചു. റോമാ, അലക്‌സാന്‍ഡ്രിയ, അന്തിയോഖ്യ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ജെറൂസലേം എന്നീ അതിപ്രധാന പാത്രിയാര്‍ക്കേറ്റുകള്‍ സഭയുടെ 'പെന്റാര്‍ക്കി' (Pentarchy -þ അഞ്ച് അധികാരകേന്ദ്രങ്ങള്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവരില്‍ പ്രമുഖസ്ഥാനം റോമിലെ പാത്രിയര്‍ക്കീസിനായിരുന്നു. 

നാലാം നൂറ്റാണ്ടാരംഭത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഹെരാക്ലിയ അതിരൂപതയുടെ സമാന്തര രൂപതയായിരുന്നു. എന്നാല്‍ 324-ല്‍ കോണ്‍സ്റ്റ ന്റൈന്‍ (Constantine) ചക്രവര്‍ത്തി റോമിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു മാറ്റിയപ്പോള്‍ ''പുതിയ റോമാ'' എന്ന പേരില്‍ ഈ നഗരം അറിയപ്പെടാന്‍ തുടങ്ങി. ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍ സില്‍ (381) ഇതിന് പാത്രിയര്‍ക്കീസുമാരുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം നല്‍കി. കാല്‍സിഡോണ്‍ കൗണ്‍സിലിന്റെ 28-ാമത്തെ കാനോനയും ഇത് അഗീകരിച്ചുറപ്പിച്ചു. ഇപ്രകാരം അഞ്ചാം നൂറ്റാണ്ടുമുതല്‍ റോം കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിന് ലഭിച്ചു. നാലാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലിന്റെ (869-870) 21-ാം കാനോന ഈ വസ്തുത ഔദ്യോഗികമായി സ്ഥിരപ്പെടുത്തി. എന്നാല്‍ റോമിലെ പോപ്പ് ലെയോ ഒന്നാമന്‍ (440-461) ഇതു സ്വീകരിച്ചിരുന്നില്ല. കാല്‍സിഡോണിന്റെ 28-ാം കാനോന അസ്വീകാര്യമാണെന്നു മാര്‍പ്പാപ്പാ പ്രഖ്യാപിച്ചെങ്കിലും ക്രമേണ ഈ കാനോന പൊതുവെ അംഗീകൃതമായി. 1438-ല്‍ നടന്ന ഫ്‌ളോറന്‍സ് കൗണ്‍സില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ രണ്ടാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. 

തലസ്ഥാന നഗരം എന്ന നിലയില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വളരെയധികം ആനുകൂല്യങ്ങള്‍ അനുഭവിച്ചുപോന്നു. ബൈസന്റൈന്‍തീരത്തുള്ള പൗരസ്ത്യസഭകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം കോണ്‍സ്റ്റാന്റിനോപ്പിളിനാണ് എന്ന് കാല്‍സിഡോണ്‍ (Chalcedon) സൂനഹദോസ് പറയുന്നു. പോന്തസ് (Pontus), ആസ്യ (Asia), ത്രാസ് (Thrace) എന്നീ രൂപതകളിലെ മെത്രാന്മാരെ വാഴിക്കുന്നതിനുള്ള അധികാരം കോണ്‍സ്റ്റാന്റിനോപ്പിള്‍ മെത്രാന് സൂനഹദോസ് കൊടുത്തു. ഇതോടുകൂടി കോണ്‍സ്റ്റാന്റിനോപ്പിള്‍ റോമിന്റെയും അലക്‌സാന്‍ഡ്രിയായുടെയും അന്തിയോഖ്യാക്യയുടെയും മുന്‍പന്തിയിലേക്ക് എത്തി. ആറാം നൂറ്റാണ്ടു മുതല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനെ 'എക്യുമേനിക്കല്‍ പാത്രിയര്‍ക്കീസ് (Ecumenical Patriarch) എന്നു വിളിച്ചു തുടങ്ങി. പോപ്പ് ഗ്രിഗറി (Gregory the Great 590þ604) ഈ പദവിയെ എതിര്‍ത്തുവെങ്കിലും ചക്രവര്‍ത്തിയുടെ അംഗീകാരത്തോടെ അതുപയോഗിച്ചു പോന്നു. ഏഷ്യമൈനര്‍ മുഴുവനിലും കോണ്‍സ്റ്റാന്റിനോപ്പിളിന് ഭരണാധികാരമുണ്ടായിരുന്നു.

സഭാതലത്തില്‍ ജെറുശലേമിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. പാലസ്തീനിയായിലെ കേസറിയാരൂപതയുടെ സാമന്തരൂപതയായിരുന്നു ജെറുശലേം. നിഖ്യാസൂനഹദോസ് ഈ രൂപതയ്ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ അനുവധിച്ചുകൊടുത്തു. എന്നാല്‍ അതുകൊണ്ട് തൃപ്തിപ്പെടാതെ ജെറൂശലേമിനെ ഒരു പാത്രിയാര്‍ക്കോയി മാറ്റമെന്ന് അവിടുത്തെ മെത്രാ ന്മാര്‍ ആവശ്യപ്പെട്ടു. അവസാനം അവര്‍ അതില്‍ വിജയിച്ചു. കാല്‍സിഡോണ്‍ കൗണ്‍സില്‍ (451) പാലസ്തീനിയായിലെ മൂന്നു പ്രോവിന്‍സുകളുടെമേല്‍ ജെറുശലേമിന്നും അധികാരം നല്‍കി. ഇതിനു പുറമെ, അന്തിയോഖ്യാ പാത്രിയര്‍ക്കീസിന്റെ കീഴിലുള്ള അറേബ്യാ (Arabia), ഫിനീഷ്യ (Phoenicia) എന്നീ രൂപതകളുടെ മേല്‍ അധികാരം ചെലുത്താന്‍ ശ്രമിച്ചു വെങ്കിലും അതില്‍ പരാജയെപ്പട്ടു. അവ തിരിച്ച് അന്തിയോഖ്യക്കാര്‍ക്ക് കൊടുക്കേണ്ടി വന്നു. 

റോമാസാമ്രാജ്യത്തിന്നു പുറത്ത് പേര്‍ഷ്യയിലെ സഭാകേന്ദ്രമായിരുന്നു സെലൂഷ്യസ്‌റ്റെസിഫന്‍. ഇവിടുത്തെ മെത്രാപ്പോലീത്താ ആദ്യം കത്തോലിക്കോസ് എന്നും പിന്നീട് പാത്രിയര്‍ക്കീസ് എന്നും അറിപ്പെട്ടു. ഭാരതസഭയ്ക്ക് പേര്‍ഷ്യന്‍ സഭയുമായി ബന്ധമുണ്ടായിരുന്നു. ഭാരതസഭയുടെ തലവന്‍ 'ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത' (Metropolitan of the whole India) അറിയപ്പെട്ടിരുന്നത്. 'മാര്‍ത്തോമ്മാക്രിസ്ത്യനികള്‍' എന്ന പേരാണ് ഭാരതത്തിലെ ആദ്യത്തെ ക്രൈസ്തവസമൂഹത്തിനുണ്ടായിരുന്നത്'' (തിരുസ്സഭാചരിത്രം, റവ.ഡോ. സേവ്യര്‍ കുടപ്പുഴ, പേജ് 244-248).

A. D. 313-ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവര്‍ക്ക് മതസ്വാ തന്ത്ര്യം അനുവദിക്കുന്നതുവരെ സഭ പീഡനവിധേയയായിരുന്നു. എന്നാല്‍ 313-ല്‍ സഭയുടെ സ്വഭാവത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ വന്നു ഭവിച്ചു. ഇതിനെക്കുറിച്ച് ഫാ. കുടപ്പുഴ ഇങ്ങനെ എഴുതുന്നു: ''313-ല്‍ റോമാ സാമ്രാജ്യത്തില്‍ സഭ സ്വതന്ത്രയായപ്പോള്‍ ആരാധനാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിനും വസ്തുവകകള്‍ കൈവശം വയ്ക്കുന്നതിനുമുള്ള സ്വാതന്ത്ര്യം സഭയ്ക്കു സിദ്ധിച്ചു. അതേ തുടര്‍ന്ന് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയും ഉദാരമതികളായ നിരവധി പ്രഭുക്കന്മാരും സഭയ്ക്ക് ഭൗതികാവശ്യങ്ങള്‍ ക്കായി വിസ്തൃതമായ ഭൂപ്രദേശങ്ങള്‍ ദാനം ചെയ്തു. ക്രമേണ ഇറ്റലിയിലെ ഏറ്റവും വലിയ ഭൂവുടമ മാര്‍പ്പാപ്പായായി. റോമാ കേന്ദ്രമായി വടക്കേ ഇറ്റലി, ദല്‍മേഷ്യ, തെക്കേ ഇറ്റലി, സിസിലി എന്നിവയുള്‍പ്പെടെ അതിവിസ്തൃതമായ ഒരു ഭൂപ്രദേശം രൂപം കൊണ്ടു. പേപ്പല്‍സ്റ്റേറ്റിന്റെ ആരംഭമായിരുന്നു അത്. ഈ പ്രദേശത്തു നിന്നുള്ള ആദായം സഭാഭരണത്തിനായി മാര്‍പ്പാപ്പാ വിനിയോഗിച്ചിരുന്നു'' (മുന്‍ഗ്രന്ഥം, പേജ് 321-322). 

ഇതുവരെ അടിച്ചമര്‍ത്തപ്പെട്ടവരുടേതായിരുന്ന സഭ പതുക്കെപ്പ തുക്കെ വമ്പിച്ച ഭൂവുടമകളുടെയും സാമ്രാജ്യത്തിന്റെയും സഭയായി മാറി. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമായിലെ സഭാതലവന് ലാറ്ററന്‍ കൊട്ടാരം ദാനമായി കൊടുത്തതോടെ പ്രഭൂസഹജമായ അധികാരത്തിലേക്ക് സഭാധികാരം ഉയര്‍ന്നു. കോണ്‍സ്റ്റന്റയിന്റെ കാലത്ത് റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ കിഴക്കന്‍ റോമാ സാമ്രാജ്യ ത്തിന്റെ തലസ്ഥാനമായിത്തീരുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി റോമന്‍ മാര്‍പ്പാപ്പാ ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ റോമിലെ ഭരണാധിപനായിത്തീര്‍ന്നു.

2 അഭിപ്രായങ്ങൾ:

  1. സക്കറിയാസ് നെടുങ്കനാല്‍February 23, 2013 at 2:28 AM

    Those interested may watch this video about How to become Pope. A humorous and matter of fact presentation.
    http://youtu.be/kF8I_r9XT7A

    മറുപടിഇല്ലാതാക്കൂ
  2. Joseph MatthewFebruary 22, 2013 at 8:52 PM

    ചരിത്രത്തില്‍ മാര്‍പാപ്പാമാരുടെപോലെ രണ്ടായിരം കൊല്ലം പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന സഭകളൊ, രാജാക്കന്മാരോ ഭൂമുഖത്തില്ല.ഈ പിന്തുടര്‍ച്ച ആത്മീയമേഖലയില്‍ എന്നു ചരിത്രകാര്‍ അവകാശപ്പെടുന്നുവെങ്കില്‍ അത് പച്ചകള്ളമാണ്. യോജിക്കുവാന്‍ സാധിക്കുകയില്ല. രാജാധികാരത്തിലും പട്ടുമെത്തകളില്‌ സ്ത്രീകളെ കെടത്തിയുമുള്ള മാര്‍പാപ്പാമാരുടെ കറുത്തചരിത്രങ്ങള്‍ സഭയില്‍ ഉറങ്ങുന്നുണ്ട്. കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ മാത്രമാണ് മാര്‍പാപ്പാമാരുടെ ചരിത്രധാരയില്‍ ആത്മീയത ഉണരുവാന്‍ തുടങ്ങിയത്.

    പലരും വിചാരിക്കുന്നത് ഇന്നുള്ള മാര്‍പാപ്പാമാരുടെ സംവിധാനങ്ങള്‍ ആദ്യംമുതല്‍ ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ അത് സത്യമല്ല. ആദ്യമനൂറ്റാണ്ടില്‍ റോമിന് ഒരു ബിഷപ്പ് ഉണ്ടായിരുന്നുവെന്നു യാതൊരു തെളിവുകളും ഇല്ല. എന്നാല്‍ പേപ്പസ്സി ചരിത്രത്തില്‍ പത്രോസ് മുതല്‍ മുറിയാതെ മാര്‍പാപ്പാമാരുടെ ലിസ്റ്റും കാണുന്നുണ്ട്. അവരെല്ലാം വീടുകളില്‍ ഒന്നിച്ചു കൂടിയിരുന്ന പ്രാര്‍ഥനാകൂട്ടായ്മയുടെ മൂപ്പന്മാര്‍ ആയിരുന്നു. ഇന്ന് ചില വീടുകളില്‍ ഒത്തുകൂടുന്ന വെന്തിക്കോസ് പാസ്റ്റര്‍മാരെപ്പോലെ കൂട്ടത്തിലെ പ്രായംകൂടിയ മൂപ്പന്മാര്‍ അന്ന് പ്രാര്‍ഥനകള്‍ നയിച്ചിരുന്നു. തെക്കോട്ടും വടക്കോട്ടും ചില്ലറകച്ചവടങ്ങളുമായി, വെട്ടിയും കിളച്ചും നടന്ന ഈ മൂപ്പന്മാര്‍ സഭയുടെ ഔദ്യോഗികമായ മാര്‍പാപ്പാമാരുമായി. എന്നാല്‍ ക്രിസ്തുചൈതന്യം അവരോടൊപ്പം ഉണ്ടായിരുന്നു.

    എ.ഡി.142-155-ല് സഭയുടെ നേത്രുത്വം വഹിച്ച പയസ് (പീയൂസ് ) ഒന്നാമനെ സഭയുടെ ആദ്യത്തെ മാര്‍പാപ്പയായി കണക്കാക്കാം. അദ്ദേഹം അന്നുള്ള റോമിന്റെ മുഴുവനായ ആത്മീയ നേതാവായിരുന്നു.

    ആദികാലങ്ങളില്‍ റോമിലെ ബിഷപ്പിനെ വിശ്വാസികളായിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ ഈ തഴക്കങ്ങള്‌ക്കു മാറ്റങ്ങള്‍വന്നു.ബിഷപ്പിനെ തെരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളോട് ചോദിച്ചാലായി ഇല്ലെങ്കിലായിയെന്നുള്ള രീതികളും വന്നു.കാലം കഴിഞ്ഞതോടെ മാര്‍പാപ്പാമാരെ തെരഞ്ഞെടുക്കുന്നത് ചക്രവര്‍ത്തിയുടെ അനുവാദത്തോടെയും ആയി. മാര്‍പാപ്പാക്കു യൂറോപ്പ് മുഴുവന്റെയും രാഷ്ട്രീയ സംവിധാനങ്ങളുടെയും ആത്മീയ ചുമതലകളുടെയും ഉത്തരവാദിത്വങ്ങള്‍ ആയി. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ റോമയുടെ രാജാധികാരവും ലഭിച്ചു. പേഗന്‍മതങ്ങളെ മൊത്തമായി നിരോധിച്ചു. ഏ .ഡി. 452-ല്‍ ലിയോഒന്നാമന്‍ മാര്‍പാപ്പാ രാജവംശത്തെ പുറത്താക്കി റോമിന്റെ അധികാരം കൈക്കലാക്കി. മാര്‍പാപ്പാമാര്‍ക്ക് പട്ടാളമായി, അധികാരമായി, ജനങ്ങളില്‍നിന്ന് നികുതി പിരിക്കുവാനും തുടങ്ങി. റോമിനു പുറത്തും അധികാരമായി. എ.ഡി. 800-ല്‍ മാര്‍പാപ്പക്ക് യൂറോപ്പ് മുഴുവന്റെയുംമേല്‍ ആല്‍മീയവും ഭൗതികവുമായ ഭരണാധികാരം ലഭിച്ചു.യൂറോപ്പില്‍ എവിടെയും രാജാവിനെ വാഴിക്കണമെങ്കിലും മാര്‍പാപ്പയുടെ അനുവാദം വേണമായിരുന്നു.

    കിഴക്കും പടിഞ്ഞാറുമായി സഭകള്‍ രണ്ടായത്ഏ ഡി. 1052-ല്‍ ആണ്. രാഷ്ട്രീയവും മതവും ഒന്നിച്ചുള്ള ഭരണാധികാരങ്ങള്‍ സഭയെ ആശയപരമായ ഏറ്റുമുട്ടിലെക്കു നയിച്ചു. സഭാഭരണാധികാരികള്‍ ലാറ്റിന്‍ആചാരങ്ങളെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ ഗ്രീക്കിലെ പാത്രയാക്കീസ്,ഗ്രീക്ക് ആചാരങ്ങള്‍ തങ്ങളുടെ സഭയില്‍ നടപ്പിലാക്കണമെന്നും വാദിച്ചു. ഗ്രീക്ക് പാത്രിയാക്കീസിന്റെ ആവശ്യം റോം പരിഗണിക്കാത്തതുകൊണ്ട് സഭ 1054-ല്‍ ഈസ്റ്റും വെസ്റ്റുമായി വേര്‍പിരിഞ്ഞു.

    1073-ല്‍ പോപ്പ് ഗ്രിഗറിഏഴാമന്‍ രാജാധികാരത്തോടെ മാര്‍പാപ്പായായി. അവിടംമുതല്‍ നവീകരണകാലംവരെ അധികാര ഭ്രാന്തുപിടിച്ച മാര്‍പാപ്പാമാരായിന്നു സഭക്കുണ്ടായിരുന്നത്. ദുര്‍നടപ്പുകാരും തെമ്മാടികളും അഴിമാതിക്കാരുമായിരുന്നു മിക്ക മാര്‍പാപ്പാമാരും.1860-ല്‍ മാര്‍പാപ്പയുടെ പട്ടാളത്തെ Castelfidardo യില്‍ വെച്ച് ഇറ്റാലിയന്‍രാജാവ് തോല്‍പ്പിച്ചു.മാര്‍പ്പാപ്പയുടെ അധീനതയില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‌ മുഴുവന്‍ കീഴടക്കി. അന്നുമുതല്‍ മാര്‍പാപ്പാ വത്തിക്കാനിലെ തടവുകാരനായി കഴിഞ്ഞിരുന്നു.

    പതിനൊന്നാംപീയൂസ് മാര്‍പാപ്പയുടെ കാലംവരെ പേപ്പസ്സിയും ഇറ്റാലിയന്‍ സര്‍ക്കാരും നല്ല ബന്ധത്തിലായിരുന്നില്ല. 1929-ലെ അധികാരത്തില്‍ ഉണ്ടായിരുന്ന ബനിറ്റോ മുസൊലിനിയുമായ ഉടമ്പടിക്ക്ശേഷമാണ് ഇറ്റലിയും വത്തിക്കാനുമായി വീണ്ടും ബന്ധം സ്ഥാപിച്ചത്. അവിടുന്നങ്ങോട്ട് സംഭവബഹുലമായ സഭാചരിത്രം തുടങ്ങുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, ബര്‍ലിന്‍കോട്ട തകര്‍ത്തത്, രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍, വത്തിക്കാന്റെ ബാങ്ക് കൊള്ളകളും തകര്‍ച്ചകളും, പുരോഹിതരുടെ ലൈംഗിക വിവാദങ്ങള്‍, കുടുംബാസൂത്രണത്തില്‍ വത്തിക്കാന്റെ നിലപാട്, സ്വവര്‍ഗ മുന്നേറ്റം,ബട്ട്‌ലര്‍വിവാദം,ഒടുവില്‍ ബനഡിക്റ്റ് പതിനാറാമന്റെ രാജിവരെ ചരിത്രങ്ങള്‍ ഏറെയുണ്ട്. പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പും ലോകം ഉറ്റു നോക്കികൊണ്ടിരിക്കുന്നു.
    ReplyDelete

    മറുപടിഇല്ലാതാക്കൂ