2013, ജനുവരി 16, ബുധനാഴ്‌ച

കാലത്തിന്റെ അടയാളങ്ങള്‍


ജോസഫ് പുലിക്കുന്നേല്‍ 
ഓശാന 2013 ജനുവരി ലക്കത്തില്‌ നിന്ന് 

ഈ ഓശാന നിങ്ങളുടെ കയ്യില്‍ എത്തുമ്പോഴേക്കും 'മോണിക്ക തോമസ് എന്ന കത്തോലിക്കാ വനിതയോട് നീതി പാലിക്കണം' എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞിരപ്പള്ളിയില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഒരു സമരം നടത്തിക്കഴിയും. 

കത്തോലിക്കാ സഭയില്‍ ഇത്രയുംകാലം മൂടിവയ്ക്കപ്പെട്ട ചില അനീതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം പൊതുജനസമൂഹത്തിനുണ്ടായിരുന്നു. ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു. 


പത്തിരുപതു കൊല്ലങ്ങള്‍ക്കുമുമ്പ് മാന്നാനത്ത് തയ്യില്‍ പോത്തച്ചന്റെ വകയായ കുറെ സ്ഥലം അസ്സീസി മൂന്നാം സഭയുടെ വകയായി വാങ്ങുകയുണ്ടായി. അതോടെ പോത്തച്ചന്‍ നിസ്സഹായനായിക്കഴിഞ്ഞു. എഗ്രിമെന്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും നിറവേറ്റാന്‍ സഭാധികാരത്തിനു കഴിഞ്ഞില്ല. പോത്തച്ചന്‍ കോടതിയില്‍ പോയി. പോത്തച്ചന്‍ നിരുപാധികം സ്ഥലം എഴുതിക്കൊടുത്തതാണെന്നായിരുന്നു സഭയുടെ വാദം. ഇക്കാര്യത്തില്‍ കോടതിക്കും സംശയം ഉണ്ടായിരുന്നില്ല. കോടതിക്ക് ഉണ്ടായിരുന്ന സംശയം പോത്തച്ചന്‍ തന്റെ വക വിലപിടിപ്പുള്ള സ്വത്ത് ഇങ്ങനെ എഴുതികൊടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരുന്നു. സുപ്രീംകോടതി ഈ ആധാരം റദ്ദാക്കി. കാരണം പോത്തച്ചന്റെ മാനസികാവസ്ഥ ദുര്‍ബലമായിരുന്നു എന്നും മതത്തിന്റെ പേരില്‍ പോത്തച്ചന്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്നുമായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.


മോണിക്ക തോമസിന്റെ പ്രശ്‌നവും ഇതുതന്നെയാണ്. കത്തോലിക്കാ സഭയുടെ പേരിലുള്ള ഇത്തരം ചൂഷണങ്ങള്‍ പൊതു സമൂഹത്തിന് സഭയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതിനു കാരണമാകുമെന്ന് എന്തുകൊണ്ട് മെത്രാന്മാര്‍ ചിന്തിക്കുന്നില്ല? 


സ്ത്രീകളാണ് പൊതുവെ എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍. അവര്‍ പോലും ഇന്ന് സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഞാറയ്ക്കല്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഒരു അച്ചന്‍ കന്യാസ്ത്രീകളുടെ കയ്യില്‍നിന്നും അന്യായമായി കൈവശപ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ കന്യാസ്ത്രീയമ്മമാര്‍ മുന്നോട്ടു വരുമെന്നു വിചാരിച്ചില്ല. മെ ത്രാന്മാരും പുരോഹിതരും ഉറച്ചു നിന്ന് ഒരു പുരോഹിതന്റെ കള്ളയൊപ്പിനെ വെള്ളയാക്കാന്‍ പരിശ്രമിക്കുകയായിരുന്നു. എങ്കിലും കേസ് സുപ്രീം കോടതി വരെ പോയി. കന്യാസ്ത്രീയമ്മമാര്‍ വിജയിച്ചു. പണസമ്പാദനമാണ് സഭയുടെ ലക്ഷ്യം എന്ന ഒരു പുതിയ 'ആത്മീയ സത്യം' ആണ് ഇന്ന് സഭയെ നയിക്കുന്നത്. ഇത് സഭയ്ക്കുള്ളില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്നു.

1 അഭിപ്രായം: