2013, ജനുവരി 6, ഞായറാഴ്‌ച

വിദ്യാഭ്യാസമൂല്യങ്ങള്‍

ജോസഫ് പുലിക്കുന്നേല്‍  
ഓശാന 1975 ഡിസംബര്‍ ലക്കത്തിലെ 
യുവശക്തി എന്ന പംക്തിയില്‍നിന്ന് 


കേരളത്തിലെ കത്തോലിക്കാസഭയുടെ വിദ്യാഭ്യാസരംഗത്തുള്ള മുതലിറക്ക് കോടിക്കണക്കിനു രൂപയാണ്. ഒരുകാലത്ത് വമ്പിച്ച ആദായവും അതോടൊപ്പം സാമൂഹ്യാന്തസ്സും സഭാതലവന്മാര്‍ക്ക് ആര്‍ജ്ജിച്ചുകൊടുക്കുവാന്‍ ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെമേല്‍, പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ഉടമാവകാശത്തെയും സ്വതന്ത്രഭരണത്തെയും നിലനിര്‍ത്തുന്നതിനുവേണ്ടി അല്‍മായര്‍ ലക്ഷക്കണക്കിനു രൂപാ മുടക്കി സമരം നടത്തുകയും ജീവാഹൂതി ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങളുടെ കെട്ടിപ്പടുക്കലില്‍ സമുദായം വന്‍പിച്ച മൂലധനം മുടക്കിയിട്ടുണ്ട് എന്നത് സത്യമാണെങ്കിലും അവയുടെ നടത്തിപ്പിനെ സംബന്ധിച്ച് ക്രൈസ്തവമായ മൂല്യങ്ങളുടെ ക്രോഡീകരണം നടത്തപ്പെട്ടിരുന്നില്ല.
പാശ്ചാത്യ വിദ്യാഭ്യാസം
മിഷനറിമാരാണല്ലോ, ആധുനിക യൂറോപ്യന്‍ വിദ്യാഭ്യാസത്തിന്റെ അടിത്തറ ഇന്ത്യയില്‍ പാകിയത്. ബ്രിട്ടീഷുകാര്‍, ഇന്ത്യയില്‍ സ്ഥാപിച്ച് സാമ്രാജ്യത്തിന് ഉറപ്പുനല്‍കുവാന്‍ വേണ്ടി, ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യാക്കാര്‍ക്ക് നല്‍കുവാന്‍ അവര്‍ തീരുമാനിച്ചു. ഇംഗ്ലീഷുകാര്‍ക്ക് ക്ലാര്‍ക്കന്മാരെ സൃഷ്ടിച്ചുകൊടുക്കുന്നതിനുള്ള വിദ്യാഭ്യാസസ്ഥാനങ്ങള്‍ ആരംഭിക്കുന്നവരോട് അവര്‍ക്ക് പ്രത്യേക പ്രതിപത്തിയും താത്പര്യവും ഉണ്ടായിരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ വികാരം പ്രാപിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രവിജ്ഞാനം ഇന്ത്യാക്കാര്‍ക്ക് പകര്‍ന്നു കൊടുക്കണമെന്നതിലേറെ, അവരെ ഇംഗ്ലീഷ് പഠിപ്പിച്ച് ബ്രിട്ടീഷുകാരുടെ ക്ലാര്‍ക്കന്മാരാക്കി 'നാലുകാശ്' നേടുന്നതിന് അവസരം ഉണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു, ഈ വിദ്യാഭ്യാസസേവനങ്ങളുടെ ലക്ഷ്യം. യജമാനപ്രീതിയെ ലാക്കാക്കി സ്ഥാപിക്കപ്പെട്ടിരുന്ന ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്ന മൂല്യങ്ങള്‍ (്മഹൗല)െ ഭാരതീയേതരമായിരുന്നു. ഭാരതീയമായ എല്ലാം തരംതാഴ്ന്നതാണെന്നും പാശ്ചാത്യമായതെന്തും ഉന്നതവും അനുകരണീയവുമാണെന്നും പഠിപ്പിക്കാനാണ് ഈ മിഷനറി സ്‌കൂളുകളും കോളേജുകളും ഉപയോഗിക്കപ്പെട്ടത്. ഭാരതത്തിന്റെ ഉന്നതമായ സംസ്‌ക്കാരപൈതൃകത്തിലേക്ക് എത്തിനോക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിച്ചിരുന്നില്ല. അവയെ വിദ്യാഭ്യാസത്തിന്റെ സജീവഘടകമാക്കി മാറ്റാന്‍ പരിശ്രമിച്ചുമില്ല; ഈ വിദ്യാലയങ്ങളുടെ ഘടനയും സ്വഭാവവും അതിന് അനുയോജ്യമായിരുന്നില്ലതാനും.
കത്തോലിക്കര്‍ വിദ്യാഭ്യാസ രംഗത്ത്
കേരളത്തെസംബന്ധിച്ച് ഇംഗ്ലീഷ്‌വിദ്യാഭ്യാസത്തോട് പൊതുവേ കത്തോലിക്കര്‍ക്ക് അവജ്ഞയായിരുന്നു. ഇംഗ്ലീഷ്‌വിദ്യാഭ്യാസത്തിന് കേരളത്തില്‍ അടിത്തറയിട്ടത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരായിരുന്നു. പോര്‍ട്ടുഗീസുകാരുടെ സ്വാധീനവലയത്തില്‍പ്പെട്ടിരുന്ന കേരളത്തിലെ കത്തോലിക്കാസഭ, സാമ്രാജ്യസ്ഥാപന വിഷയത്തില്‍ അവരുടെ എതിരാളികളായിരുന്ന ഇംഗ്ലീഷുകാരുടെ ഭാഷ പഠിക്കുന്നതിനെ എതിര്‍ത്തു. അങ്ങിനെ കുറേകാലത്തേക്ക് ഇംഗ്ലീഷ് ഭാഷ, കത്തോലിക്കര്‍ക്ക് നിഷിദ്ധമാണെന്നു വരെ കല്പിക്കപ്പെട്ടു.
ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് കത്തോലിക്കാസഭ വിദ്യാഭ്യാസരംഗത്ത് കാലുവെച്ചത്. കോട്ടയം, ആലുവാ എന്നീ കേന്ദ്രങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന പ്രൊട്ടസ്റ്റന്റു കോളേജുകളില്‍, സഭാധികാരികളുടെ വിലക്കിനെ അവഗണിച്ചുകൊണ്ട് കത്തോലിക്കാ വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ആരംഭിച്ചപ്പോഴാണ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള വാതില്‍ കത്തോലിക്കാസഭ തുറന്നത്. സ്‌കൂള്‍ വിദ്യാഭ്യാസവും, കോളേജ് വിദ്യാഭ്യാസവും അന്ന് കരുപിടിപ്പിച്ചിരുന്നത് വിദേശീയരായ ധ്വരമാരായിരുന്നു. തൃശ്ശിനാപ്പള്ളി കോളേജില്‍ പഠിച്ച പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പ്രവാചകരാണ് കേരളത്തിലെ കോളേജ് വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്. രാജഭക്തിയും ഇംഗ്ലീഷ് ഭക്തിയും സാമ്രാജ്യഭക്തിയും മറ്റുമായിരുന്നു വിദ്യാഭ്യാസത്തിലെ സാമൂഹ്യമൂല്യങ്ങളായി അവര്‍ നിര്‍ണ്ണയിച്ചത്. ഈ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ കേരളീയരുടെ പേരുവരെ പാശ്ചാത്യവല്‍ക്കരിച്ചുകളഞ്ഞു. മാത്തു മാത്യുവും, ഉലഹന്നന്‍ ജോണും, വര്‍ക്കി ജോര്‍ജ്ജും, മാമ്മി മേരിയും എല്ലാമായി. സ്‌കൂളുകള്‍ക്കെല്ലാം പാശ്ചാത്യരുടെ മണമുള്ള പേരുകളിട്ടു. ട.േ ആലൃരവാമി',െ ട.േ ഠവീാമ,െ ട.േ ങമൃ്യ' െമുതലായവ. അങ്ങനെ വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭാരതീയമായ എല്ലാത്തിന്റെയും നിഷേധമെന്ന അര്‍ത്ഥം വന്നുചേര്‍ന്നു. കാര്‍ഷികമണ്ഡലത്തില്‍ പരിശ്രമിച്ചു മുന്നേറിയ കത്തോലിക്കര്‍, സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് പണം കൊടുക്കാന്‍ തയ്യാറായി. അങ്ങിനെ കത്തോലിക്കാ വിദ്യാലയ സാമ്രാജ്യത്തിന്റെ അടിത്തറ ഇട്ടു.

സ്വാതന്ത്ര്യത്തിനുശേഷം
കത്തോലിക്കാ വിദ്യാലയങ്ങളുടെ നിര്‍മ്മാണത്തിലും വികസനത്തിലും അല്‍മായര്‍ ത്യാഗം സഹിച്ച് മുതലിറക്കിക്കൊടുത്തെങ്കിലും, ഈ വിദ്യാലയങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പുരോഹിതന്മാരുടേതായിരുന്നു. ഈ പുരോഹിതന്മാരെ പരിശീലിപ്പിച്ചിരുന്ന സെമിനാരികളുടെ നിയന്ത്രണവും ഭരണവും വിദേശീയരായ മൂപ്പച്ചന്മാര്‍ക്കും. അവരില്‍നിന്നു ലഭിച്ച വിജ്ഞാനമാണ് കേരളത്തിലെ കത്തോലിക്കാപുരോഹിതന്മാര്‍ക്കുണ്ടായിരുന്നത്. ഈ മൂപ്പച്ചന്മാരാകട്ടെ, സാമാന്യജനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നതിനാവശ്യമായ ജീവിതമൂല്യങ്ങളാണ് ശെമാശന്മാര്‍ക്ക് സെമിനാരിയില്‍ നല്‍കിയത്. ഭക്ഷണത്തിന് സ്പൂണും ഫോര്‍ക്കും ഉപയോഗിക്കുന്നതുവരെ നിര്‍ബന്ധമാക്കിയിരുന്നു. പ്ലേറ്റോയും അരിസ്റ്റോട്ടിലും അഗസ്റ്റിനും അക്വീനാസ്സും ആവിഷ്‌ക്കരിച്ച ദന്തഗോപുരതത്വശാസ്ത്രത്തിന്റെ ദഹിക്കാത്ത കഷണങ്ങള്‍ വിഴുങ്ങി, മന്തന്റെ കാലുപോലെ വീര്‍ത്ത വിജ്ഞാനഭാരവുമായാണ് അവര്‍ ഈ വിദ്യാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തത്. ഭാരതീയമായവയെ പുച്ഛിച്ചുതളളാനുള്ള ആര്‍ജ്ജിതശുംഭത്വം അവരുടെ കൂടെപ്പിറപ്പായിരുന്നു. വിദേശീയര്‍ നമ്മെ ഭരിച്ചിരുന്ന കാലത്ത്, അവരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനുവേണ്ടിയുള്ള മൂല്യവിഭവങ്ങള്‍ ആവശ്യത്തിന് സമ്പാദിച്ചിരുന്നു നാം. പക്ഷേ ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും മാറ്റം ആവശ്യമാണെന്നു വന്നു. ക്ലാര്‍ക്കുമാരുടെ സൃഷ്ടിക്കുവേണ്ടിയുള്ള അടിമത്തമനോഭാവം സ്ഥായിഭാവമായ വിദ്യാഭ്യാസമൂല്യം തിരുത്തേണ്ടി വന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍, വ്യക്തിത്വം വളര്‍ത്തിയെടുക്കയും നമ്മുടെ സാംസ്‌ക്കാരിക പൈതൃകത്തില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്ന ഒരു ജനതയായി ഭാരതീയരെ പരിവര്‍ത്തനം ചെയ്യേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസം അതിനുള്ള മൗലിക ഉപകരണമാക്കി മാറ്റേണ്ടതാവശ്യമായി വന്നു.
സംഘര്‍ഷം
എന്നാല്‍ കത്തോലിക്കാ വിദ്യാലയങ്ങളെ നിയന്ത്രിച്ചിരുന്ന പുരോഹിതവര്‍ഗ്ഗത്തിന് അതിനാവശ്യമായ 'കോപ്പ്' കയ്യില്‍ ഇല്ലായിരുന്നു. അവരുടെ 'മഹത്വത്തിന്റെ'യും സ്ഥാപനങ്ങളെ ഭരിക്കാനുള്ള അവകാശങ്ങളുടെയും ആകെയുള്ള മുതല്‍ 'ളോഹ'യായിരുന്നു. ഈ ളോഹയാകട്ടെ, 'ക്യാന്‍ഡി സെമിനാരിയും പൂനാ സെമിനാരിയും' നല്‍കിയ ദഹിക്കാത്ത പാരമ്പര്യമതതത്വശാസ്ത്രമാകുന്ന വീര്‍ത്ത മന്തിന് ആവരണം മാത്രമായിരുന്നുതാനും. സ്വതന്ത്രഭാരതത്തിന്റെ ദേശീയ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും ഉള്‍ക്കൊളളിച്ച് ഭാരതീയ പൈതൃകത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട്, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിന് മാറ്റം വരുത്താനുള്ള പരിശ്രമത്തെ ഇക്കൂട്ടര്‍ ശക്തിയായി എതിര്‍ത്തു. ഇതിനുകാരണം, വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തില്‍ മാറ്റം വന്നാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസ മണ്ഡലത്തിലുള്ള 'പിടി അയഞ്ഞു'പോകുമെന്നതു തന്നെ. അവരുടെ ദരിദ്രമായ ഭാവനയില്‍, ഏറ്റവും നല്ല വിദ്യാലയമെന്നാല്‍ 'മൂപ്പച്ചന്മാര്‍' നടത്തിയിരുന്ന തൃശ്ശിനാപ്പള്ളി കോളേജായിരുന്നു.
പാശ്ചാത്യാഭിമുഖമായ ഈ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പടികാവല്‍ക്കാരായി നില്‍ക്കാനാണ് കത്തോലിക്കാവിദ്യാഭ്യാസത്തിന്റെ കുടി ഉടമകളായ പുരോഹിതന്മാര്‍ തുനിഞ്ഞത്.
ഇത് വിദ്യാഭ്യാസ മണ്ഡലത്തിലും സാമൂഹ്യമണ്ഡലത്തിലും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു.
അതാണ് മുന്‍കാലങ്ങളില്‍ നാം കണ്ട വിദ്യാഭ്യാസ സമരങ്ങളുടെയെല്ലാം അടിസ്ഥാനം.
ധാര്‍മ്മിക മൂല്യശോഷണം
പാശ്ചാത്യവിദ്യാഭ്യാസ രീതിയ്ക്ക് ഇന്ത്യയില്‍ അടിത്തറ പാകിയ പാശ്ചാത്യര്‍ക്ക് -പ്രത്യേകിച്ചും ജസ്യൂട്ടുപുരോഹിതന്മാര്‍ക്ക്- അവര്‍ ഏറ്റെടുത്ത തൊഴിലിനെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനുള്ള ധാര്‍മ്മികമൂല്യങ്ങള്‍ അവര്‍ സമാഹരിച്ചിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം, കേരളത്തില്‍ കോളേജുകളുടെ ഒരു വിസ്‌ഫോടനം തന്നെ ഉണ്ടായി. അത്, സമുദായാഭിമാനത്തിന് വേണ്ടിയുള്ള പരസ്പര മത്സരമായിരുന്നു. ക്രിസ്ത്യാനികളുടെ കോളേജുകളെ ചൂണ്ടിക്കാണിച്ച്, നായന്മാരും നായന്മാരുടെ കോളേജുകളെ ചൂണ്ടിക്കാണിച്ച് ഈഴവരും ഇവരുടെ കോളേജുകളെ എല്ലാം ചൂണ്ടിക്കാണിച്ചു കത്തോലിക്കനും മത്സരിച്ചു കോളേജുകള്‍ വെച്ചു. ഈ കോളേജുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതിലുപരി സമുദായങ്ങളുടെ അഭിമാന അടയാളങ്ങളായി (ടമേൗേ െ്യൊയീഹ) ത്തീര്‍ന്നു. കത്തോലിക്കരും ഈ മത്സരത്തിലേയ്ക്ക് എടുത്തുചാടി. കത്തോലിക്കരില്‍ ഈ രംഗത്ത് പരസ്പര മത്സരവും പൊന്തിവന്നു. ഓരോ മാസവും മത്സരിച്ചു കോളേജുകള്‍ സ്ഥാപിച്ചപ്പോള്‍, സഭക്കാരും വെറുതേ ഇരുന്നില്ല. കര്‍മ്മലീത്തരും ജസ്വീത്തരും കന്യാമഠസഭകളും മത്സരിച്ചു രംഗത്തിറങ്ങി. അവിടംകൊണ്ടും തീര്‍ന്നില്ല മത്സരം. ഫൊറോനാപള്ളികള്‍ മത്സരിച്ച് കോളേജുകള്‍ സ്ഥാപിക്കുന്നതിനു രംഗത്തിറങ്ങി. സഭകളുടെ പ്രോവിന്‍സുകള്‍ മത്സരിച്ചു കലാലയങ്ങള്‍ സ്ഥാപിച്ചു. ഈ മത്സരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഖ്യ വര്‍ദ്ധിക്കുന്നതിനു സഹായിച്ചു. പക്ഷേ പ്രധാനമായ രണ്ടുപ്രശ്‌നങ്ങള്‍ ഈ മത്സരം സമൂഹത്തില്‍ സൃഷ്ടിച്ചു.
1) കത്തോലിക്കര്‍ പരസ്പരം മത്സരിച്ച് കോളേജുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ സ്ഥാപനങ്ങളുടെ നായകത്വത്തിന് അനുയോജ്യരായവരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ഈ സ്ഥാപനങ്ങള്‍ സമുദായത്തിന്റെ പണംകൊണ്ടും സമുദായത്തിന്റെ പേരിലും ആണ് കെട്ടിപ്പടുത്തതെങ്കിലും, ഇവയുടെ ഉടമാവകാശം പുരോഹിതന്മാര്‍ക്കായിരുന്നു. കോളേജുകളുടെ തലവന്മാരാകാന്‍, യൂണിവേഴ്‌സിറ്റി നിശ്ചയിച്ചിരുന്ന ബിരുദങ്ങള്‍ പാസ്സായ പുരോഹിതന്മാരുണ്ടായിരുന്നില്ല. (കഴിവും പരിചയവുമുള്ള അല്‍മേനികള്‍ ധാരാളം ഉണ്ടായിരുന്നെങ്കിലും അവരെ പാടില്ലല്ലോ?) ഇതിന് ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. അമേരിക്കയില്‍ കത്തോലിക്കര്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പലതും ബിരുദം നല്‍കുന്ന യൂണിവേഴ്‌സിറ്റികളാണ്. അവിടെ ചെന്നാല്‍, ബുദ്ധിമുട്ടുകൂടാതെ എം.എയും പി.എച്ച്.ഡിയും എല്ലാം കിട്ടും. ഇത് ഒരു വലിയ കണ്ടുപിടുത്തമായിരുന്നു! എസ്.എസ്.എല്‍.സി. മാത്രം പാസ്സായിട്ടുള്ള മദ്ധ്യവയസ്‌ക്കരായ അച്ചന്മാര്‍ അമേരിക്കയിലേക്കു പറന്നു. ആറുമാസവും ഒരു കൊല്ലവും കഴിഞ്ഞ് അവര്‍ എം.എ. ഡിഗ്രിയും ഡോക്ടറേറ്റും മറ്റുമായി തിരിച്ചെത്തി. കപ്പലില്‍, ലോകം ചുറ്റിക്കണ്ട ഈ കൂറകള്‍ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുക്കാന്‍ മലവേടന്‍ തോക്കെടുക്കുന്നതുപോലെ ഏറ്റെടുത്തു.
2) സാമ്പത്തികമായി വന്‍പിച്ച മുതലിറക്കുള്ളതാണ് കോളേജിന്റെ സ്ഥാപനം. മത്സരിച്ചുള്ള കോളേജുകളുടെ കെട്ടിപ്പടുക്കലിന്റെ ഭാരം താങ്ങാനുള്ള സാമ്പത്തികശക്തിയും സന്മനസ്സും സമുദായത്തിനില്ലായിരുന്നു. കോളേജുകള്‍ക്ക് പണം ആവശ്യമായി വന്നു. അപ്പോള്‍, ഈ സ്ഥാപനങ്ങളുടെ മാനേജര്‍ സ്ഥാനത്തേയ്ക്ക് 'പണം ഉണ്ടാക്കാന്‍' കഴിവുള്ളവരെ നിയമിക്കേണ്ടി വന്നു. അവര്‍ക്ക് ലക്ഷ്യമല്ലാതെ മാര്‍ഗ്ഗം ഒരു പ്രശ്‌നമായിരുന്നില്ല. കൈക്കൂലിയും അഴിമതിയും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുക എന്ന 'സദു'ദ്ദേശ്യത്തിന്റെ മുന്‍പില്‍ ഒരു തെറ്റായി അവര്‍ കണ്ടില്ല. അറിവിന്റെ കണ്ണുതുറക്കാന്‍ വിലക്കപ്പെട്ട കനി തിന്ന ആദത്തിന്റെ പിന്‍ഗാമികള്‍, കോളേജ് സ്ഥാപിക്കാന്‍, വിലക്കപ്പെട്ട കനികള്‍ പലതും പറിച്ചുതിന്നു.
അങ്ങിനെ കത്തോലിക്കാ കോളേജുകള്‍ക്ക് മൂല്യശോഷണം സംഭവിച്ചു.
ഇനിയെന്ത്
കത്തോലിക്കാ വിദ്യാലയങ്ങളുടെ മൂല്യശോഷണം വിളിച്ചുവരുത്തുന്ന സമൂഹത്തിന്റെ വിമര്‍ശനത്തെയും ഗവണ്‍മെന്റിന്റെ നിയന്ത്രണത്തെയും എതിര്‍ക്കാന്‍ സമരം ചെയ്യാന്‍ തയ്യാറായ സമുദായം, ഇതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കാന്‍ തയ്യാറായില്ല. സമുദായം വന്‍പിച്ച മുതലിറക്കു നടത്തിയ ഈ സേവനമണ്ഡലത്തില്‍ നടക്കുന്ന കൊള്ളരുതായ്മയെ മറച്ചുവെയ്ക്കാനല്ലാതെ, സാമൂഹ്യവിമര്‍ശനം കൊണ്ടു തിരുത്താന്‍ സമൂഹം തയ്യാറായില്ല.
അഭിമാനധനരും, ചിന്താശക്തിയുള്ളവരുമായ പുതിയ തലമുറ നമ്മുടെ കോളേജുകളുടെ മൂല്യശോഷണത്തേക്കുറിച്ച് വിലയിരുത്തണം, പഠിക്കണം. രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കണം. ഈ സ്ഥാപനങ്ങള്‍, പുരോഹിതന്മാരുടെ കുടി അവകാശമല്ല. സമുദായത്തിന്റേതാണ്. ക്രൈസ്തവമതത്തിന്റെ ഉന്നതമൂല്യങ്ങളായ സത്യം, നീതി, സ്‌നേഹം, ഉപവി മുതലായവ ഈ കലാലയങ്ങളില്‍ ഇന്നു നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. 'കത്തോലിക്കാ അന്തരീക്ഷ'മെന്നാല്‍, 'അച്ചന്മാരുടെയും അമ്മമാരുടെയും' 'ആധിപത്യ'മെന്നല്ല അര്‍ത്ഥമാക്കേണ്ടത്. ശാശ്വതങ്ങളായ ക്രൈസ്തവമൂല്യങ്ങളുടെ അനുസ്യൂതമായ പ്രവാഹത്താല്‍ ശുദ്ധീകരിക്കപ്പെട്ട അന്തരീക്ഷത്തെയാണ് കത്തോലിക്കാ അന്തരീക്ഷമെന്ന് വിവക്ഷിക്കുന്നത്.
പക്ഷേ ഇന്ന് പൊന്‍കാളകളാണ് വണങ്ങപ്പെടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ