2013, ജനുവരി 1, ചൊവ്വാഴ്ച

ഡോ. പൈലിയുടെ സൂര്യാ ടി വി പ്രകടനം - ഒരു കത്ത്

2012 ഡിസംബര്‍ ലക്കം ഓശാന മാസികയില്‍നിന്ന്‌


ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനത്തെക്കുറിച്ച് സാര്‍ എഴുതിയ ലേഖനം ഒരു സുഹൃത്തില്‍നിന്നും വാങ്ങി വായിക്കുകയുണ്ടായി. ഓശാനമൗണ്ടില്‍ ഒരു കാലത്ത് നടത്തിയിരുന്ന രണ്ടാം ശനിയാഴ്ച സെമിനാറുകളില്‍ ക്രമമായി പങ്കെടുത്തിരുന്ന ഒരാളാണു ഞാന്‍. മാത്രമല്ല ഓശാനമൗണ്ടില്‍ നടന്ന എല്ലാ പരിപാടികള്‍ക്കും ഞാന്‍ വരാറുമുണ്ടായിരുന്നു. മിക്ക വലിയ പരിപാടികള്‍ക്കും പൈലി സാര്‍ കൃത്യമായി വന്നിരുന്നതും ഓര്‍ക്കുന്നു. അദ്ദേഹത്തെ എനിക്കു നേരിട്ടു പരിചയമില്ല. ഓശാനമൗണ്ടിനെക്കുറിച്ചും ജോസഫ് സാറിനെക്കുറിച്ചും അവിടെ നടക്കുന്ന മറ്റു പരിപാടികളെക്കുറിച്ചും എനിക്കു നന്നായിട്ടറിയാം. വളരെ നല്ല പ്രവര്‍ത്തികളാണ് അവിടെ നടക്കുന്നതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പൈലി സാര്‍ 11 കൊല്ലം ചെയര്‍മാനായിരുന്നിട്ടും ഇവിടെ നടക്കുന്ന പ്രവര്‍ത്തികളെക്കുറിച്ചൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല എന്നു വിശ്വസിക്കണമെങ്കില്‍ മനുഷ്യരെല്ലാം മണ്ടന്മാരായിരിക്കണം. ഓശാനമൗണ്ടില്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെന്ന് ഒരു സായിപ്പ് പറഞ്ഞാണുപോലും പൈലി സാര്‍ അറിയുന്നത്. എന്തുകൊണ്ട് അന്ന് ഇക്കാര്യത്തെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്താന്‍ പൈലി സാര്‍ ആവശ്യപ്പെട്ടില്ല എന്നത് അത്ഭുതമായി തോന്നുന്നു. സായിപ്പ് വന്നുപോയിട്ടും മൂന്നു യോഗത്തില്‍ പൈലി സാര്‍ സംബന്ധിച്ചിരുന്നതായി പറയുന്നു. എങ്കില്‍ ഒരു അന്വേഷണം നടത്താനുള്ള ഏര്‍പ്പാട് പൈലിസാര്‍ ചെയ്യേണ്ടിയിരുന്നില്ലേ. വര്‍ഷങ്ങള്‍ക്കുശേഷം ഈ വെളിപ്പെടുത്തല്‍ എന്തിനുവേണ്ടിയായിരുന്നു, ആരെ പ്രീണിപ്പിക്കാന്‍ എന്ന് എന്നെപ്പോലെയുള്ളവര്‍ സംശയിക്കുന്നെങ്കില്‍ അവരെ കുറ്റം പറയാനാകില്ല. 


അദ്ദേഹം ഇന്റര്‍വ്യൂവില്‍ പറയുന്നു. ജസ്റ്റിസ് തോമസിനെപ്പോലെയുള്ളവര്‍ ഇതു വിശ്വസിച്ചില്ലെന്ന്. അന്ന് പൈലിസാര്‍ ഈ ആരോപണങ്ങള്‍ ശരിയാണെന്നു വിശ്വസിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് അന്നുതന്നെ രാജിവയ്ക്കാതിരുന്നു? പകരം രാജു ജോസഫിനെ പുറത്താക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തുവെന്നു കാണുന്നു. 

ഒരു വിചിത്രമായ മാനസികാവസ്ഥയാണ് വാര്‍ധക്യത്തില്‍ പൈലി സാറിന് ഉള്ളതെന്നു തോന്നുന്നു. 

'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന ഈ സമീപനം പൈലി സാര്‍ നടത്തിയിരുന്ന എറണാകുളത്തെ കുപ്രസിദ്ധമായ ലിസിന്റെ കാര്യത്തിലും അദ്ദേഹം വച്ചുപുലര്‍ത്തുന്നതായി തോന്നുന്നു. ലിസ് എന്ന പണാപഹരണ സംഘത്തില്‍ മുന്നാളായി നിന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ത്തതിന്റെ ഉത്തരവാദിത്വം പൈലി സാറിനും കൂടിയുള്ളതാണ്. പൈലിസാറിന് ഒരു ഉത്തരവാദിത്വവുമില്ലായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. അദ്ദേഹം ലിസിന്റെ സാരഥിയായി നില്‍ക്കുന്ന പടം ഉള്ള പരസ്യങ്ങള്‍ പത്രങ്ങളില്‍ വന്നിട്ടുണ്ട്. എന്നിട്ടും പൈലിസാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. പൈലിസാര്‍ ഇത്രമാത്രം തരംതാഴേണ്ടതില്ലായിരുന്നു എന്നു തോന്നുന്നു. ഇതെന്തിനായിരുന്നു എന്ന സംശയം ബാക്കി നില്‍ക്കുന്നു. 

ഓശാനയുടെ ഒരു സുഹൃത്ത്

പ്രതികരണം ജോസഫ് പുലിക്കുന്നേല്‍

ചിലര്‍ക്ക് ചില മാമൂലുകള്‍ ഉണ്ട്. ആ മാമൂലുകള്‍ ലഭിച്ചില്ലെങ്കില്‍ ആര്‍ക്കെതിരെയും എന്തു പ്രതികാര നടപടിയും അവര്‍ എടുത്തുകളയും. 

പണ്ട് ഒരു ഗ്രാമത്തില്‍ പൈലി എന്ന ഒരു അലസമനുഷ്യന്‍ ജീവിച്ചിരുന്നു. അലക്കിതേച്ച ഷര്‍ട്ടും മുണ്ടും ഇട്ട് കഴുത്തില്‍ നേര്യതും ചുറ്റി കാലത്ത് ചുറ്റിക്കറങ്ങാന്‍ ഇറങ്ങും. ഒന്നാം ലോകമഹായുദ്ധത്തില്‍ പട്ടാളത്തില്‍ ഉന്നത ജോലി ഉണ്ടായിരുന്നു എന്നാണ് അയാള്‍ നാട്ടുകാരെ ധരിപ്പിച്ചിരുന്നത്. ഒരു പണിയും ചെയ്യുകയില്ല. അദ്ദേഹം ജീവിത മാര്‍ഗം കണ്ടെത്തിയത് പരദൂഷണ പ്രചരണത്തിലൂടെയാണ്. പ്രത്യേകിച്ചും ആ ഗ്രാമത്തില്‍ ഏതെങ്കിലും ഒരു വീട്ടില്‍ കല്യാണാലോചന നടക്കുന്നെങ്കില്‍ പൈലി അറിഞ്ഞ് അവിടെയത്തും. പൈലിക്ക് മാമൂലായി കുറച്ചു കാശു കിട്ടണം. ഇല്ലെങ്കില്‍ അയാള്‍ 'പരദൂഷണം പറഞ്ഞ് കല്യാണം കുത്തും'. അതുകൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ എല്ലാ കല്ല്യാണത്തിനും പൈലിക്ക് എന്തെങ്കിലും കൊടുക്കും. പൈലിയെ കൃത്യമായി കല്ല്യാണം ക്ഷണിക്കുകയും ചെയ്യും. 

ഇങ്ങനെ കാലം മുന്നോട്ടു നീങ്ങി. പൈലിയുടെ സേവനത്തിനല്ല മറിച്ച് പൈലിയുടെ ശല്യം ഇല്ലാതാക്കാനാണ് മറ്റുള്ളവര്‍ അധ്വാനിച്ചുകിട്ടുന്ന പണം അയാള്‍ക്കു കൊടുത്തത്. അങ്ങനെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകുമ്പോള്‍ ഒരു മേജര്‍ ആ ഗ്രാമത്തില്‍ കുറച്ചു സ്ഥലം വാങ്ങി വീടു വയ്ക്കാന്‍ ആരംഭിച്ചു. പൈലി മേജറെ കേറിപരിചയപ്പെട്ടു. താന്‍ ഒന്നാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തില്‍ സേവിച്ചിരുന്നു എന്നായിരുന്നു പൈലി അദ്ദേഹത്തെ ധരിപ്പിച്ചത്. വൈകുന്നേരം കാപ്പി കുടിക്കുന്ന നേരത്തായിരിക്കും പൈലി പ്രത്യക്ഷപ്പെടുന്നത്. ഉദാരമനസ്‌കനായ മേജര്‍ പൈലിക്ക് ഒരു കപ്പു കാപ്പിയും എന്തെങ്കിലും കഴിക്കാനും കൊടുക്കും. പൈലിക്ക് ബഹു സന്തോഷം. 

അങ്ങനെയിരിക്കുമ്പോഴാണ് മേജര്‍ കുടുംബസമേതം തന്റെ ഗ്രാമത്തിലേക്ക് താമസമാക്കിയത്. വിവാഹപ്രായമായ ഒരു മകളുണ്ട്. ആ മകള്‍ക്ക് വിവാഹാലോചന നടക്കുന്നതായി പൈലി അറിഞ്ഞു. പതിവുപോലെ പൈലി മേജറെ സമീപിച്ചു. കല്യാണക്കാര്യം അന്വേഷിച്ചു. പൈലി പറഞ്ഞു. 'ഇവിടെ ചില മാമൂലുകളൊക്കെയുണ്ട്. പൈലിക്കു കിട്ടേണ്ടത് പൈലിക്കു കിട്ടണം'. മേജറിന് സംഗതി മനസ്സിലായില്ല. നാട്ടുകാരോടു ചോദിച്ചപ്പോഴാണ് അറിയുന്നത് ഗ്രാമത്തില്‍ കല്യാണം നടക്കണമെങ്കില്‍ പൈലിക്ക് മാമൂലു കൊടുക്കണം. പൈലി വീണ്ടും മേജറെ സമീപിച്ചു. വീണ്ടും പൈലി മാമൂലുകളെക്കുറിച്ച് ഓര്‍മിപ്പിച്ചു. എന്താ പൈലിയുടെ മാമൂല് എന്ന് മേജര്‍ ചോദിച്ചു. പൈലി സന്തുഷ്ടനായി. 'ഒപ്പിച്ചു തന്നാല്‍ മതി' എന്നായിരുന്നു പൈലിയുടെ മറുപടി. 'തന്നുകളയാം' എന്നായി മേജര്‍. 'വളരെ സന്തോഷം'. പൈലി കൈകൂപ്പി. 

''മുട്ടോളമെത്തിയ ഭുജാമുസലങ്ങള്‍'' ചുരുട്ടി പൈലിയുടെ നാസാദ്വാരങ്ങള്‍ക്കു നേരെ വെള്ളിടിപോലെ ഒരു പ്രയോഗം നടത്തി. കൂഴച്ചക്ക വീഴുംപോലെ പൈലി ഭൂതലത്തിലേക്കു പതിച്ചു. ഒട്ടൊക്കെയായോ? മേജര്‍ ചോദിച്ചു. മതിയേ എന്നു പൈലിയും. ഇതിനിടയില്‍ പൈലിയുടെ അന്നനാളത്തിന്റെ മറ്റേയറ്റത്തുകൂടി ഖരപദാര്‍ഥങ്ങള്‍ ഒഴുകുന്നുണ്ടായിരുന്നു. മേജര്‍ മൂക്കു പൊത്തി സെക്യൂരിറ്റിയോട് ഇയാളെ വലിച്ച് പുറത്തിടാന്‍ ആജ്ഞാപിച്ചു. പിന്നെ പൈലി ഈ മാമൂലുകളും പറഞ്ഞ് ഒരു വീട്ടിലും കയറിയിട്ടില്ല.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഗ്ലാഡ്സ്റ്റണ്‍ ആണെന്നു തോന്നുന്നു പറയുകയുണ്ടായി. 'ഓരോ മനുഷ്യനും ഓരോ വിലയുണ്ട്. അതുകൊടുത്താല്‍ അയാളെ വാങ്ങാം.' പൈലിമാരുടെ വിലയെന്താണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു! 
                                                                                                                    ശുഭം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ