ജോസഫ് പുലിക്കുന്നേല്‍
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ്
'പേപ്പസി - ചരിത്രപരമായ വികാസം
- ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ
രാജിയുടെയും
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍
ഇലക്ഷന്റെയും പശ്ചാത്തലത്തിലും
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി
പ്രസിദ്ധീകരിക്കുന്നത്.
V
പേപ്പസിക്കെതിരെ
നസ്രത്തിലെ തച്ചന്റെ മകനായ യേശുവിന്റെ മുക്കുവനായ ശിഷ്യന്‍
പത്രോസിന്റെ പിന്‍ഗാമി യൂറോപ്പിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി മാറിയപ്പോള്‍ ഈ
സ്ഥാനത്തിനെതിരെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ന്നു വന്നു. ഈ വെല്ലുവിളിയുടെ
കുന്തമുന രണ്ടു വാദഗതികളില്‍ ഊന്നിയാണ് നിലനിന്നത്.
പാശ്ചാത്യ-പൗരസ്ത്യവാദം
ക്രൈസ്തവസഭയുടെ മൂലക്കല്ലായ ക്രിസ്തുവും പേപ്പസിയുടെ
അടിത്തറക്കല്ലായ പത്രോസും മധ്യപൂര്‍വദേശവാസികളായ യഹൂദരായിരുന്നു. ന്യായമായും ആദിമ
നൂറ്റാണ്ടുകളില്‍ പൗരസ്ത്യ ദേശത്താണ് ക്രൈസ്തവ മതം വികാസം പ്രാപിച്ചത്. ഇറ്റലി
ഒഴിച്ചുള്ള ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുവിന്നു ശേഷം നൂറ്റാണ്ടുകള്‍
കഴിഞ്ഞാണ് ക്രൈസ്തവമതം പ്രാബല്യത്തില്‍ എത്തിയത്. എന്നാല്‍ മധ്യപൂര്‍വദേശങ്ങളില്‍
വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍ ക്രൈസ്തവര്‍ സംഘടിതരായിരുന്നു. ജെറുശലേം,
അന്ത്യോക്യാ, കോണ്‍സ്റ്റാന്റിനോപ്പിള്‍, ബാബിലോണ്‍ എന്നിങ്ങനെ വിവിധ പാത്രിയാര്‍ക്കേറ്റുകളുടെ കീഴില്‍
പൗരസ്ത്യ ക്രിസ്ത്യാനികള്‍ സംഘടിതരായപ്പോള്‍ പാശ്ചാത്യസഭയില്‍ റോമന്‍ പാത്രിയര്‍ക്കീസിന്റെ
(പാപ്പായുടെ) കീഴില്‍ ക്രൈസ്തവര്‍ ജീവിച്ചു പോന്നു. മുന്‍ അധ്യായത്തില്‍
വിവരിച്ചതുപോലെ പാശ്ചാത്യസഭ രാഷ്ട്രീയശക്തികളുടെ പിന്തുണയോടെ കൂടുതല്‍
ശക്തമായപ്പോള്‍ അത് പൗരസ്ത്യ പാത്രിയാര്‍ക്കേറ്റുകള്‍ക്ക് ഒരു ഭീഷണിയായിത്തീര്‍ന്നു.
റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ പാത്രിയര്‍ക്കീസ് എന്ന നിലയില്‍ മാര്‍പ്പാപ്പായ്ക്ക്
പാത്രിയര്‍ക്കീസ്മാരില്‍ ഒന്നാംസ്ഥാനം ലഭിച്ചിരുന്നെങ്കിലും (രണ്ടാം സ്ഥാനം
പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ കേന്ദ്രമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസിനായിരുന്നു.)
പൗരസ്ത്യസഭകളുടെ മേല്‍ അധികാരം ഉണ്ടായിരുന്നില്ല. അധികാരപരമായ ഈ വടംവലി ഒന്‍പതാം
നൂറ്റാണ്ടില്‍ പാശ്ചാത്യസഭയും പൗരസ്ത്യസഭയും തമ്മിലുള്ള ഭിന്നതയില്‍ അവസാനിച്ചു. ഈ
ഭിന്നതയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് റോമന്‍ ചക്രവര്‍ത്തിമാരായിരുന്നു.
അന്നത്തെ ചക്രവര്‍ത്തിനിയായിരുന്ന തെയഡോറായുടെ (842-856) സഹോദരന്‍
ബര്‍ദാസ് കിരീടാവകാശിയായിരുന്ന മൈക്കിള്‍ മൂന്നാമനെ വശീകരിക്കുകയും
സ്വസഹോദരിക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു. അന്നു പാത്രിയര്‍ക്കീസായിരുന്ന
ഇഗ്നേഷ്യസ്, ബര്‍ദാസിന്റെ പ്രവൃത്തികളെ എതിര്‍ക്കുകയും
തെയഡോറാ ചക്രവര്‍ത്തിനിക്ക് പിന്തുണ നല്‍കുകയും ചെയ്തു. എന്നാല്‍ ഈ
അധികാരസമരത്തില്‍ തെയഡോറാ പരാജയപ്പെട്ടു. മൈക്കിള്‍ ചക്രവര്‍ത്തി ഇഗ്നേഷ്യസ്
പാത്രിയര്‍ക്കീസിനെ അധികാരത്തില്‍ നിന്നു പുറന്തള്ളുകയും ഫോസിയസ്സിനെ പാത്രിയര്‍ക്കീസായി
നിയമിക്കുകയും ചെയ്തു. സ്ഥാനഭ്രഷ്ടനായ ഇഗ്നേഷ്യസ് റോമന്‍ മാര്‍പ്പാപ്പായുടെ
പിന്തുണ ചോദിച്ചു. ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസിന്റെ സ്വാധീനത്തില്‍പ്പെട്ട്
നിക്കോളാസ് മാര്‍പ്പാപ്പാ 863-ല്‍ ഒരു സിനഡ് വിളിച്ചു
കൂട്ടി ഫോസിയസ്സിനെ ശപിച്ച് സഭാഭ്രഷ്ടനാക്കി. ഈ സംഭവം പാശ്ചാത്യസഭയേയും
പൗരസ്ത്യസഭയേയും തമ്മില്‍ ഭിന്നിപ്പിച്ചു.
മൈക്കിള്‍ ചക്രവര്‍ത്തിയുടെ
പിന്‍ഗാമിയായ ബേസില്‍ ഒന്നാമന്‍ (867-886) റോമായോട്
കൂറുള്ളവനായിരുന്നു. റോമിന്റെ താത്പര്യപ്രകാരം ഫോസിയസ്സിനെക്കൊണ്ട് പാത്രിയാര്‍ക്കാ
സ്ഥാനം രാജിവയ്പ്പിക്കുകയും വീണ്ടും മുന്‍ പാത്രിയര്‍ക്കീസ് ഇഗ്നേഷ്യസിനെ
പാത്രിയര്‍ക്കീസായി പ്രഖ്യാപിക്കുകയും ചെയ്തു. എങ്കിലും ഇഗ്നേഷ്യസ് പാത്രിയര്‍ക്കീസായി
വീണ്ടും വാഴിക്കപ്പെടുന്നതിനു മുമ്പ് മരണമടയുകയും ഫോസിയസ് തന്നെ പാത്രിയര്‍ക്കീസായി
തുടരുകയും ചെയ്തു. റോമന്‍ മാര്‍പ്പാപ്പായെ അനുസരിക്കാന്‍ ഫോസിയസ് തയ്യാറായെങ്കിലും
886-ല്‍ ലെയോ ആറാമന്‍ മാര്‍പ്പാപ്പ ഫോസിയസ്സിനെ
സ്ഥാനഭ്രഷ്ടനാക്കി ലെയോയുടെ ഇളയ അനുജനായ സ്റ്റീഫനെ പാത്രിയാര്‍ക്കീസായി
അവരോധിച്ചു. ഫോസിയസ്സിനെക്കുറിച്ച് ഫാ.കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: ''അധികാരത്തിനുള്ള ആഗ്രഹത്താലും വിധേയത്വക്കുറവിനാലും ഒരു വലിയ
ശീശ്മക്കാരന്‍ എന്നാണ് പാശ്ചാത്യര്‍ക്ക് ഫോസിയസ്സിനെപറ്റിയുള്ള അഭിപ്രായം. എന്നാല്‍
പൗരസ്ത്യരുടെ അഭിപ്രായം നേരെ മറിച്ചാണ്. റോമിന്റെ അധികാരപ്രമത്തത യ്ക്കും
കയ്യേറ്റങ്ങള്‍ക്കുമെതിരെ കിഴക്കിന്റെ സ്വാതന്ത്ര്യം സംരക്ഷിച്ച ധീരനേതാവാണ്
അവരുടെ ദൃഷ്ടിയില്‍ ഫോസിയസ്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാന്മാരില്‍ ഒരുവനായിരുന്നു
അദ്ദേഹം; സഭാ ചരിത്രത്തില്‍ എക്കാലത്തും ഉയര്‍ന്നു നില്‍ക്കുന്ന
ഒരു മഹാ പ്രതാപവാനും. ഫോസിയസ് തന്റെ കാലഘട്ടത്തിലെ സുപ്രസിദ്ധ പണ്ഡിതനും
വ്യക്തിപരമായ ജീവിതത്തില്‍ യാതൊരു കളങ്കവുമില്ലാത്തവനും ആയിരുന്നു. 'സമൃദ്ധമായ വിശുദ്ധിയും ലോകോത്തരമായ ജ്ഞാനവുമുള്ള ഒരാള്‍' എന്നാണ് പ്രതിയോഗിയായ പോപ്പ് നിക്കോളാസ് പോലും ഫോസിയസ്സിനെ
വിശേഷിപ്പിച്ചിട്ടുള്ളത്. എന്തൊക്കെയായാലും ഫോസിയസ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ സാര്‍വ്വത്രികസഭയില്‍
വളരെ പ്രത്യഘാതങ്ങള്‍ ഉളവാക്കി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഭിന്നതയ്ക്ക്
സ്ഥൂലരൂപം നല്‍കുന്ന ഒന്നായിരുന്നു അത്. പാശ്ത്യസഭകളുടെ വര്‍ദ്ധിച്ചുവരുന്ന
പ്രതാപവും പൗരസ്ത്യസഭകളുടെ പരമ്പരാഗതമായ സ്വയംഭരണാവകാശവും തമ്മിലുള്ള
ഉരസലുകളാണിവിടെ ദൃശ്യമാകുക. മാര്‍പ്പാപ്പായ്ക്ക് രാഷ്ട്രീയമായി കൈവന്ന നേട്ടങ്ങളും
പൗരസ്ത്യര്‍ക്ക് മുഹമ്മദീയരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന കനത്ത
ആക്രമണങ്ങളുമാണ് ഇതിന്റെ പശ്ചാത്തലം'' (തിരുസ്സഭാചരിത്രം,
പേജ് 365-366).
ഈ സംഘര്‍ഷത്തെതുടര്‍ന്ന് റോമിന്റെ അധികാരത്തെ ചോദ്യം ചെയ്തു
കൊണ്ട്പിന്നീട് പൗരസ്ത്യ ഓര്‍ത്തോക്‌സ് സഭ രൂപം കൊണ്ടു. അങ്ങനെ അധികാരപരമായി
പൗരസ്ത്യമെന്നും പാശ്ചാത്യമെന്നും ഉള്ള വിഭജനം ക്രൈസ്തവസഭയില്‍ വന്നു ചേരുകയും
പാശ്ചാത്യസഭ പൂര്‍ണമായും റോമന്‍ മാര്‍പ്പാപ്പായുടെ അധികാരം അംഗീകരിക്കുകയും
ചെയ്തു.
റോമന്‍ സഭയോടൊപ്പംതന്നെ സ്ഥാനം തങ്ങള്‍ക്കും ഉണ്ടെന്നും റോമന്‍
സഭയ്ക്കു പ്രത്യേക പ്രാധാന്യം റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയില്‍
മാത്രമായിരുന്നെന്നും പൗരസ്ത്യര്‍ വാദിച്ചു. കാല്‍സിഡോണിയന്‍ കൗണ്‍സില്‍ (A.D.451)
28-ാം കാനോനായില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''പരിശുദ്ധ പിതാക്കന്മാരുടെ തീരുമാനങ്ങള്‍ അനുസരിച്ചും, ഇപ്പോള്‍ വായിച്ച 150 മെത്രാന്മാരുടെ കാനോനാ
അനുസരിച്ചും പുതിയ റോമ്മായായ കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയുടെ പാരമ്പര്യങ്ങളെ
ബഹുമാനിച്ചു കൊണ്ടും ഞങ്ങള്‍ പ്രഖ്യാപിക്കുന്നു: '.........അതേ കാരണങ്ങള്‍ കൊണ്ടുതന്നെ പുതിയ റോമ്മായ്ക്കും ഇവിടെ കൂടിയിരിക്കുന്ന
150 മെത്രാന്മാര്‍ തുല്യ അവകാശങ്ങള്‍ നല്‍കി. കാരണം പുതിയ
റോമായ്ക്ക് സാമ്രാജ്യത്തില്‍ തുല്യ അവകാശങ്ങള്‍ ഉണ്ട്; സഭാകാര്യങ്ങളിലും
ഈ അവകാശങ്ങള്‍ ഉണ്ടായിരിക്കണം; കാരണം റോമ്മാ കഴിഞ്ഞാല്‍
അടുത്ത സ്ഥാനം അവള്‍ക്കാണ്...'' (മുന്‍ഗ്രന്ഥം, പേജ് 263).
നേരത്തെ കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സിലില്‍ വച്ച് A.D.
381-ല്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിരുന്നു: ''കോണ്‍സ്റ്റാന്റിനോപ്പിള്‍ 'പുതിയ റോമ'
(New Rome) ആയതു കൊണ്ട് അവിടുത്തെ മെത്രാന് റോമായിലെ മെത്രാന്‍
കഴിഞ്ഞാല്‍ അടുത്ത സ്ഥാനമുണ്ടായിരിക്കും'' (മുന്‍ഗ്രന്ഥം,
പേജ് 263)
''ഈ
രണ്ടു കൗണ്‍സിലുകളും സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍ എന്നാണ് അറിയപ്പെടുന്നത്.
അപ്പോള്‍ റോമിലെ മെത്രാന്ന് സാമ്രാജ്യതലസ്ഥാനമെത്രാന്‍ എന്നുള്ള
ഔന്നത്യത്തിനപ്പുറം ആകമാനസഭയെ ഭരിക്കാനുള്ള അവകാശം ആദിമനൂറ്റാണ്ടുകളില്‍
ഉണ്ടായിരുന്നില്ല എന്ന് പൗരസ്ത്യസഭകള്‍ വാദിച്ചു. മാര്‍പ്പാപ്പാ എന്ന പേരു തന്നെ
ഉപയോഗിക്കാനുള്ള അവകാശം ആദ്യമായി സംവരണം ചെയ്തത് അലക്‌സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കീസായിരുന്നു''
(Karl Rahnar, Sacramentum Mundi, Vol. 5, page 40. തര്‍ജമ
സ്വന്തം). പേപ്പല്‍ സംസ്ഥാനങ്ങളുടെ സ്ഥാപനത്തോടുകൂടി രാജകീയ പദവി ആര്‍ജിച്ച
റോമായിലെ മെത്രാന്‍ യൂറോപ്പിലെ രാജാക്കന്മാരുടെ പിന്തുണയോടുകൂടി രാഷ്ട്രീയ
ശൈലിയില്‍ അധികാരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയായിരുന്നു എന്നായിരുന്നു
പൗരസ്ത്യസഭയുടെ വാദം.