2013, മാർച്ച് 14, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-iiiജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം iii

അപ്രമാദിത്വത്തെ എതിര്‍ത്തവരെ മാര്‍പ്പാപ്പാ കഠിനമായി അധിക്ഷേപിച്ചു. അവരെ തന്റെ കാല്‍ മുത്തുന്നതിന് നിര്‍ബന്ധിച്ചു. അപ്രമാദിത്വത്തെ എതിര്‍ത്ത ഹെന്റി മാരെറ്റ് (Henry Maret) എന്ന മെത്രാനെ കാണുന്നതിനു പോലും മാര്‍പ്പാപ്പാ വിസമ്മതിച്ചു. അദ്ദേഹത്തെ ഒരു അണലിപ്പാമ്പായാണ് മാര്‍പ്പാപ്പാ വിവരിച്ചത്. (മുന്‍ഗ്രന്ഥം, പേജ് 83). അപ്രമാദിത്വത്തെ എതിര്‍ത്തു സംസാരിച്ച കല്‍ദായ പാത്രിയര്‍ക്കീസ് ജോസഫ് ഔദോയെ വത്തിക്കാനിലേക്കു വിളിച്ചു. 78 വയസ്സുള്ള പാത്രിയര്‍ക്കീസ് മുറിയില്‍ പ്രവേശിച്ചപ്പോള്‍ വാതിലടച്ച് ശക്തമായി ശാസിച്ചു. അപ്രമാദിത്വ രേഖയില്‍ ഒപ്പു വയ്ക്കുന്നിെല്ലങ്കില്‍ മുറിവിട്ടു പോകാന്‍ അനുവദിക്കുകയില്ലന്ന് ഭീഷണിപ്പെടുത്തി. പിന്നീടദ്ദേഹത്തെ പാത്രിയാര്‍ക്കാ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ഗ്രീക്ക് മെല്‍ക്കേറ്റ് പാത്രിയര്‍ക്കീസായ ഗ്രെഹര്‍ യൂസഫ് കൗണ്‍സിലില്‍ അപ്രമാദിത്വത്തെ എതിര്‍ക്കുകയുണ്ടായി. കുപിതനായ മാര്‍പ്പാപ്പാ അദ്ദേഹത്തെ വത്തിക്കാനിലേക്കു ക്ഷണിച്ചു. പാരമ്പര്യമര്യാദയനുസരിച്ച് പാത്രിയര്‍ക്കീസ്, മാര്‍പ്പാപ്പായുടെ കാലു ചുംബിച്ചപ്പോള്‍ കാലെടുത്ത് പാത്രിയര്‍ക്കീസിന്റെ തലയില്‍ വച്ച് ചവിട്ടി (മുന്‍ഗ്രന്ഥം, പേജ് 86).

ഇങ്ങനെയെല്ലാമാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന് കൗണ്‍സിലിനെക്കൊണ്ട് അംഗീകാരം വാങ്ങിച്ചത് എന്നാണ് ഫാ. ഹേസ്‌ലര്‍ 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥത്തില്‍ പറയു ന്നത്. ആധുനിക കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ എന്തുതന്നെ പറഞ്ഞാലും എന്തു വ്യാഖ്യാനങ്ങള്‍ നല്‍കിയാലും മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഇന്ന് കത്തോലിക്കാ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നായിത്തീര്‍ന്നിരിക്കുന്നു. 

അപ്രമാദിത്വം എപ്പോള്‍? 
ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീര്‍പ്പനുസരിച്ച് വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ചുള്ള (Ex Catheedra) മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങളെ അപ്രമാദിത്വമുള്ളതാകൂ എന്ന് നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം പ്രഖ്യാപനങ്ങളാണ് ഔദ്യോഗികം എന്നും, ഏതെല്ലാം സാഹചര്യങ്ങളാണ് ഒരു പ്രഖ്യാപനത്തെ അപ്രമാദിത്വമുള്ളതാക്കിത്തീര്‍ക്കുന്നത് എന്നും നിര്‍വചിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മാര്‍പ്പാപ്പായുടെ ഏതെങ്കിലും ഒരു പ്രഖ്യാപനം ഔദ്യോഗികം ആണോ എന്നു കണ്ടുപിടിക്കാന്‍ സാധാരണ വിശ്വാസിക്ക് കഴിയുകയില്ല. മാര്‍പ്പാപ്പാ ഇടയ്ക്കിടയ്ക്ക് പ്രസിദ്ധീകരിക്കുന്ന ചാക്രിക ലേഖനങ്ങള്‍, മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിന്റെ പരിധിയില്‍ വരുകയില്ല എന്ന് പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്മാര്‍ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. കുടുംബാസൂത്രണം സംബന്ധിച്ച് 6-ാം പോള്‍ മാര്‍പ്പാപ്പായുടെ ഹ്യുമാനെ വിറ്റേ (Humane Vitae) എന്ന ചാക്രിക ലേഖനം സഭയില്‍ ശക്തമായ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തുകയുണ്ടായി. ഇതിന്നെതിരെ അതിപ്രശസ്ത്രരായ ദൈവശാസ്ത്രജ്ഞന്മാര്‍ ആഗോള തലത്തില്‍ത്തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചു.

ഈ പ്രഖ്യാപനത്തിന് അപ്രമാദിത്വം ആരോപിച്ചവരോട് കേരളത്തിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ശ്രീ പി.റ്റി. ചാക്കോ ഇങ്ങനെ പ്രതികരിച്ചു: ''The technique of resorting to the Holy Ghost to justify all the exercises of papal authority can no more be convincing or effective. It is difficult to bleieve that the Holy Ghost is there at one's beck and call whenever one wants to justify the arbitrary exercise of one's authority. The Holy Ghost is not the monopoly of the Pope. It is claimed that the doctrine contained in 'Humanae Vitae' is authentic, though not infallible. But so many of the authentic doctrines of the Church in past ages have had to be reformulated or changed in the context of changed conditions and circumstances'' (Church in Kerala Seminar Digest 1969, page 221). അപ്പോള്‍, ചാക്രിക ലേഖനങ്ങള്‍ക്ക് അപ്രമാദിത്വം ഇല്ല എന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നതെങ്കില്‍ പിന്നെ ഏതു സാഹചര്യത്തിലാണ് മാര്‍പ്പാപ്പായുടെ പ്രഖ്യപനങ്ങള്‍ അപ്രമാദിത്വ പരിവേഷിതമാകുന്നത് എന്ന് സഭ പുനര്‍നിര്‍വചിക്കേണ്ടിയിരിക്കുന്നു. അപ്രമാദിത്വത്തിന്നെതിരെയുള്ള വാദം
അപ്രമാദിത്വ വരം മാര്‍പ്പാപ്പാ എന്ന വ്യക്തിയില്‍ നിക്ഷിപ്തമാണ് എന്ന് വാദിക്കുമ്പോള്‍ വളരെയധികം തടസ്സങ്ങള്‍ ഇതിന്നെതിരെ ഉയര്‍ത്തപ്പെടുന്നുണ്ട്. 1415-ല്‍ കൂടിയ കോണ്‍സ്റ്റന്‍സ് സൂനഹദോസ് അന്ന് അധികാരത്തിനു വേണ്ടി മല്ലടിച്ചു നിന്ന മൂന്നു മാര്‍പ്പാപ്പാമാരെ ഒറ്റയടിക്കു സ്ഥാനഭൃഷ്ടരാക്കി മാര്‍ട്ടിന്‍ 5-ാമനെ മാര്‍പ്പാപ്പായായി തെരഞ്ഞെടുത്തു നിയമിക്കുകയുണ്ടായി. മാത്രമല്ല, ഈ കൗണ്‍സില്‍ 5 വര്‍ഷത്തില്‍ ഒരിക്കല്‍ പൊതു സൂനഹദോസ് കൂടണമെന്ന് തീരുമാനിക്കുകയും ചെയ്തു. കോണ്‍സ്റ്റന്‍സ് കൗണ്‍സില്‍ സ്ഥാനഭ്രഷ്ടരാക്കിയ മാര്‍പ്പാപ്പാമാരില്‍ ആര്‍ക്കായിരുന്നു അപ്രമാദിത്വവരം ഉണ്ടായിരുന്നത് എന്ന ചോദ്യം ന്യായമായും ഉദിക്കാം. 

625 മുതല്‍ 38 വരെ മാര്‍പ്പാപ്പായായിരുന്ന ഹൊണോറിയസിനെ പാഷണ്ഡത ആരോപിച്ച് മൂന്നാം കോണ്‍സ്റ്റാന്റിനോപ്പിള്‍ കൗണ്‍സില്‍ ശപിക്കുകയുണ്ടായി. ക്രിസ്തുവിന്റെ ഏകസ്വഭാവവാദം തെറ്റായി ഇദ്ദേഹം അംഗീകരിച്ചിരുന്നു. അങ്ങനെയെങ്കില്‍ മാര്‍പ്പാപ്പാമാര്‍ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന വാദം എങ്ങനെ അംഗീകരിക്കാനാവും? മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഇതാണ്: 17-ാം നൂറ്റാണ്ടില്‍ ഗലീലിയോയെ ശപിച്ച പോള്‍ അഞ്ചാമനും (1605-1621) ഊര്‍ബന്‍ 8-ാമനും (1623-1644) അപ്രമാദിത്വവരം ഉണ്ടായിരുന്നോ? ഭൂമി സൂര്യനെ ചുറ്റുന്നു എന്ന അടിസ്ഥാന തത്ത്വം ആവിഷ്‌ക്കരിച്ച ഗലീലിയോ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കെതിരായി പഠിപ്പിക്കുന്നു എന്നാരോപിച്ച് ശിക്ഷ വിധിച്ച ഈ മാര്‍പ്പാപ്പാമാര്‍ ചരിത്ര ദൃഷ്ടിയില്‍ ഇന്നു തെറ്റുകാരാണല്ലോ? തെറ്റാവരമുള്ള മാര്‍പ്പാപ്പായ്ക്ക് ഇക്കാര്യത്തില്‍ എങ്ങനെ തെറ്റു പറ്റി? 

മധ്യകാലയുഗങ്ങളില്‍ സഭയെ ഭരിച്ചിരുന്ന വളരെയധികം മാര്‍പ്പാപ്പാമാര്‍ അഴിമതിക്കാരും കൊള്ളരുതാത്തവരും വിഷയലമ്പടന്മാരും ആയിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. പാപത്തില്‍ ഊളിയിട്ടു കഴിഞ്ഞിരുന്ന ഈ മാര്‍പ്പാപ്പാമാരില്‍ തെറ്റാവരം ഉണ്ടായിരുന്നു എന്ന് എങ്ങനെയാണ് വിശ്വസിക്കുക?

മാര്‍പ്പാപ്പായുടെ തെറ്റാവരത്തെ കത്തോലിക്കേതരസഭകള്‍ ശക്തമായി വിമര്‍ശിക്കുമ്പോള്‍ കത്തോലിക്കാസഭയ്ക്കുള്ളിലും ദൈവശാസ്ത്രജ്ഞന്മാരുടെ എതിര്‍പ്പ് ഇന്നും അവസാനിച്ചു കഴിഞ്ഞിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ