2013, ഏപ്രിൽ 11, വ്യാഴാഴ്‌ച

അരുത്!

ജോസഫ് പുലിക്കുന്നേല്‍
1975 ഡിസംബര് ലക്കം ഓശാനയില്‍നിന്ന് 

(38 വര്‍ഷങ്ങള്‍ക്കുമുമ്പ് പാലാ രൂപതയുടെ വന്ദ്യമെത്രാനച്ചന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അവര്‍കള്‍ക്ക് ഓശാനയുടെ പത്രാധിപര്‍ അയച്ചു കൊടുത്ത ഈ കത്ത് ഇന്നും പ്രസക്തമല്ലേ?)

പാലാ രൂപതയില്‍പ്പെട്ട പൂവത്തോടു പള്ളിയില്‍, ഒരു കപ്പേള പണിയുന്നതിനായി 12000 രപാ സംഭാവനയായി ഒരു മാന്യന്‍ കൊടുക്കുകയുണ്ടായി. വളരെയൊന്നും സമ്പന്നമല്ലാത്ത ആ ഇടവകയില്‍ രണ്ടു കൊല്ലം മുമ്പു മാത്രമാണ്, ഏകദേശം 20000 രൂപയോളം പിരിച്ചും, പള്ളിവക ഏകദേശം 85 സെന്റ് സ്ഥലം വിറ്റും, പള്ളിയുടെ മുഖവാരം മാറ്റിപ്പണുതത്. ഇക്കൊല്ലം പളളിവക 50 സെന്റ് സ്ഥലത്തോളം ഒരു മഠത്തിന് സംഭാവന കൊടുക്കുകയും, ആ മഠത്തില്‍ താമസിക്കുന്ന രണ്ടു കന്യാസ്ത്രീകള്‍ക്ക് പള്ളിവക സ്‌കൂളില്‍ ജോലി കൊടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുനാലു കൊല്ലത്തെ കണക്കു പരിശോധിച്ചാല്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിന് പതിനായരക്കണക്കിനു രൂപാ, ഈ ഒട്ടും സമ്പന്നമല്ലാത്ത ഇടവക ചെലവാക്കിയിട്ടുണ്ട്. പള്ളിയുടെ മുഖവാരം പുതുക്കിപ്പണുതെന്ന് മുന്‍ സൂചിപ്പിച്ചല്ലോ? പള്ളിയോടു ബന്ധപ്പെട്ട് ഒരു കപ്പേള ഇപ്പോഴും കാണാം. സാധാരണ പെസഹാക്കാലങങളില്‍ 'കുര്‍ബാന' പ്രധാന അള്‍ത്താരയില്‍ നിന്നും, എടുത്തുവയ്ക്കുന്നതിനുള്ള ഒരു കപ്പേള; അത് ഈ ഇടവകക്കാരനായ ഒരു മാന്യപുരോഹിതന്‍ സ്വന്തം ചെലവില്‍ പണിയിച്ചതാണുപോലും! ഇത് പൊളിക്കണമെന്നും, പൊളിക്കരുതെന്നും, വാദിച്ച് ഇടവകയില്‍ ജനങ്ങള്‍ രണ്ടു വിഭാഗമായിത്തിരിഞ്ഞി, പള്ളിമുറ്റത്ത് ചീത്തയും വഴക്കും ഉണ്ടാക്കുകയുണ്ടായി. എന്തിന് ഈ കപ്പേളയുടെ ഭിത്തിയില്‍ രാത്രിയില്‍ അശ്ലീലചിത്രങ്ങള്‍ വരച്ചുവയ്ക്കുകയും, അശ്ലീലം എഴുതിവയ്ക്കുകയും ചെയ്തു. ഇന്നും ആ വിദ്വേഷവിഷം കെട്ടടങ്ങിയിട്ടില്ല. അപ്പോഴാണ് മറ്റൊരു കപ്പേള!!!

കഴിഞ്ഞ അഞ്ചാം തീയതി വന്ദ്യ മെത്രാനച്ചന്‍, കപ്പേളയ്ക്ക് കല്ലിടുക തന്നെ ചെയ്തു!! കരിങ്കുരിശില്‍ ഇതാ റോഡുവക്കത്ത് ഒരു കപ്പേളകൂടി!!!

ഈ ഇടവകയില്‍ വീടില്ലാത്തവര്‍, സുഖക്കേടു ചികിത്സിക്കാന്‍ നിര്‍വ്വാഹമില്ലാത്തവര്‍, കയ്യും കാലും ഒടിഞ്ഞു ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍, ഇങ്ങനെ എത്രയോ ജനങ്ങളുണ്ട്. അവരുടെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പള്ളി എന്തു ചെയ്തു എന്ന് ആത്മപരിശോധന നടത്തുന്നത് ഒരു ആവശ്യമാണ്!!
ഇതില്‍ ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. മനുഷ്യപുത്രന്‍ ജനങ്ങളില്‍ പിതാവിന്റെ മഹത്വത്തെ ദര്‍ശിച്ചു. നാമാകട്ടെ ''ബാബേല്‍ കൊട്ടാരങ്ങള്‍ പണിത് ദൈവത്തെ കാണുന്നു. നാം മനുഷ്യനെ മറന്നുകൊണ്ട് ദൈവത്തെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യം വളര്‍ത്തിയെടുത്തു. ഈ തണുത്ത, നിര്‍ജ്ജീവമായ, ചൈതന്യമറ്റ ക്രിസ്തുവിരുദ്ധമായ പാരമ്പര്യത്തിന്റെ തടവുമാരാണ്, മെത്രാനച്ചനും, അച്ചനും, നാമും. ഈ പാരമ്പര്യത്തിന്റെ തടവറ മുറിച്ച് ഇവരെ മോചിപ്പിച്ച്, ക്രിസ്തുവിന്റെ യഥാര്‍ത്ഥപഠനങ്ങളുടെ, ശുദ്ധശ്വാസം ശ്വസിപ്പിക്കാന്‍, നാം ഉണര്‍ന്നു പരിശ്രമിച്ചേ മതിയാകൂ'' ഉപ്പിന് ഉറകെട്ടുപോയിരിക്കുന്നു!)

പൂവത്തോടു പള്ളിവക സ്ഥലത്ത് വേരുങ്കള്‍ മാത്തൂച്ചന്‍ ജ്യേഷ്ഠന്റെ സംഭാവനയായി ഏകദേശം 12000 രൂപ മുടക്കി പണിയാന്‍ പോകുന്ന കപ്പേളയുടെ കല്ലിടീല്‍ കര്‍മ്മത്തിന് അങ്ങ്, പങ്കെടുക്കുന്നതായി അറിയുന്നു. അനാരോഗ്യവാനെങ്കിലും, ഈ ചടങ്ങ് അങ്ങ്, പങ്കെടുക്കാമെന്ന് സമ്മതിച്ചത് അങ്ങയുടെ കര്‍മ്മവ്യഗ്രതയെ സൂചിപ്പിക്കുന്നു.

വയോവൃദ്ധനായ മാത്തൂച്ചന്‍, ദൈവം അദ്ദേഹത്തിനു നല്‍കിയ നന്മകള്‍ക്ക് പ്രതിനന്ദിയെന്നോണമാണ്, ഈ കപ്പേള പണിയിക്കുന്നതെന്നാണ് അറിഞ്ഞത്. അതീവശ്ലാഘനീയമായ ഒരു മാനസ്സികാവസ്ഥയാണിതെന്നതില്‍ സംശയമില്ല. തനിക്ക് ഉപയോഗിക്കാമായിരുന്ന പണം, വേറൊരു നല്ല കാര്യത്തിന്, അതും ഈശ്വരപ്രീതിജനകമാണെന്ന് താന്‍ വിശ്വസിക്കുന്ന രീതിയില്‍ വിനിയോഗിക്കാന്‍ തയ്യാറാകുന്നത് നല്ല മനസ്സിന്റെ ലക്ഷണമായേ കണക്കാക്കാന്‍ കഴിയൂ. ആ സന്മസ്സിനും, ഔദാര്യത്തിനും, അര്‍ഹമായ സ്ഥാനം കൊടുത്തുകൊണ്ട്, താഴെപ്പറയുന്ന കാര്യങ്ങള്‍ അങ്ങയുടെ മുമ്പില്‍വെച്ചു കൊള്ളട്ടെ.
മനുഷ്യപാപപരിഹാരാര്‍ത്ഥം സ്വയം ബലിയായി അര്‍പ്പിച്ച മിശിഹായോട്, ആ അനുഗ്രഹങ്ങളുടെ ഫലഭുക്കുകളായ മനുഷ്യര്‍ എങ്ങിനെയാണ് പ്രതിനന്ദി കാണിക്കേണ്ടത് എന്ന മൗലികമായ പ്രശ്‌നത്തിലേയ്ക്ക് കടന്ന് ചിന്തിക്കുന്നതിന് അങ്ങ് തയ്യാറാകണമെന്നാണ് എന്റെ എളിയ അപേക്ഷ.

ക്രൈസ്തവ ഉപവിയുടെ പ്രചോദന നിദാനം ദൈവത്തിന് സൃഷ്ടികളോടുള്ള സ്‌നേഹത്തെക്കുറിച്ച്, സൃഷ്ടിയായ മനുഷ്യനുള്ള അവബോധമാണ്. പൂര്‍ണ്ണനായ ദൈവത്തിന്, മനുഷ്യന് ഒന്നുംതന്നെ കൊടുക്കാനാവില്ല. ദൈവത്തിന്റെ അതീവകാരുണ്യത്തില്‍, അനുഗ്രഹമായി മനുഷ്യനു കൊടുത്ത സ്വര്‍ഗ്ഗസൗഭാഗ്യത്തിന്റെ പ്രതിനന്ദി പിന്നെ എങ്ങിനെയാണ് മനുഷ്യന്‍ പ്രദര്‍ശിപ്പിക്കുക. (ഭൗതികമായ ഒന്നുംതന്നെ ദൈവത്തിന് ആവശ്യമില്ല; അങ്ങിനെ ആവശ്യമുള്ളവനാണ് ദൈവമെങ്കില്‍, ദൈവം പൂര്‍ണ്ണനല്ലല്ലോ?)

ദൈവത്തോട് പ്രതിനന്ദി കാണിക്കുക എന്ന സ്വാഭാവിക വികാരം എങ്ങിനെയാണ് മനുഷ്യന്‍ പൂര്‍ത്തീകരിക്കേണ്ടത്?
ഇക്കാര്യത്തില്‍ അക്രൈസ്തവവും കുറെയെല്ലാം പ്രാകൃതവുമായ ദൈവവീക്ഷണത്തില്‍ നിന്ന ജനിച്ചതായ ചില തെറ്റായ ധാരണകള്‍ നിലവിലുണ്ട്.
ഇങ്ങനെ തന്നെ, മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പിന്‍ പ്രകാശിക്കട്ടെ. (മത്താ. 5-16)

ഈ നല്ല പ്രവൃത്തികള്‍ എന്താണ്? തീര്‍ച്ചയായും ദൈവത്തിനു ചെയ്യുന്ന ഈ നല്ല പ്രവൃത്തികള്‍, ''ചെറിയവരായ എന്റെ സഹോദരന്മാരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാകുന്നു ചെയ്തത് എന്ന് സത്യമായി നിങ്ങളോടു പറയുന്നു.'' ( മത്താ:25-40)
''അപ്പോള്‍ ഈ ചെറിയവന് ചെയ്തപ്പോഴൊക്കെയാണ് ദൈവത്തിനു ചെയ്തത്.''
അപ്പോള്‍, മനുഷ്യന് ദൈവത്തോടുള്ള സ്‌നേഹം-പ്രതിനന്ദി-സൃഷ്ടിയായ മനുഷ്യനിലൂടെ മാത്രമേ ദൈവത്തിലെത്തൂ.
നിര്‍ഭാഗ്യവശാല്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ മൂലാധാരമായ ഈ ചിന്താഗതികള്‍ കാലാന്തരത്തില്‍ അവഗണിക്കപ്പെട്ടു. അതിനാല്‍ ദൈവപ്രീതിജനകങ്ങളായ പ്രവൃത്തികളില്‍ ഏറ്റവും പിന്‍തള്ളപ്പെട്ടിരിക്കുന്നവരാണ് ''ഈ ചെറിയവര്‍.''
ഈ ചിന്തയുടെ വെളിച്ചത്തില്‍ പൂവത്തോടുപള്ളിയില്‍ 12000 രൂപ മുടക്കിപ്പണിയുന്ന കപ്പേള, ദൈവപ്രീതിജനകമാണോ എന്ന് ഒന്നു ചിന്തിക്കാന്‍ ഞാന്‍ വിനീതമായി അങ്ങയോട് അപേക്ഷിക്കുകയാണ്.

രണ്ടുകൊല്ലം മുമ്പാണ് ഏകദേശം 20000 രൂപാ മുടക്കി കിഴക്കോട്ടു തിരിഞ്ഞിരുന്ന പള്ളി പടിഞ്ഞാറോട്ടു തിരിച്ചുവച്ചത്. ഇതിനെത്തുടര്‍ന്ന് തുരുത്തിയില്‍ അച്ചന്‍ പണിയിപ്പിച്ച കപ്പേള പൊളിക്കണമെന്നും, പൊളിക്കരുതെനനും വാദിച്ചുനടന്ന വിദ്വേഷത്തന്റെ കുതിരകളെ കെട്ടിയ പരസ്പര തേരോട്ടത്തിന്റെ മുറിപ്പാടുകള്‍ ഇന്നും ഇവിടെ തീര്‍ന്നിട്ടില്ല.
ഇതാ 12000 രൂപാ മുടക്കി വീണ്ടും ഒരു കപ്പേളകൂടി പണിയിക്കുന്നു. ഈ ഇടവകയില്‍, മനുഷ്യനില്ലേ; പട്ടിണികിടക്കുന്ന നിര്‍ഭാഗ്യവാന്മാര്‍, വീടില്ലാത്തവര്‍, രോഗികള്‍, അവസാനവിധിദിനത്തില്‍ പേരെടുത്തുപറയുന്ന ''ഈ ചെറിയവരെ'' മറന്നിട്ട് വീണ്ടും കപ്പേള പണിയാനുള്ള നീക്കങ്ങളെ തടയാന്‍ ധര്‍മ്മപാലകനായ അങ്ങേയ്ക്കു കടപ്പാടില്ലേ?
'തിരുക്കുടുംബത്തിന്'' വേണ്ടിയാണ് ഈ കപ്പേളപോലും! പ്രപഞ്ചസൃഷ്ടികര്‍ത്താവായ ദൈവസുതന്‍, തന്റെ തിരുക്കുടുംബവസതി, മനുഷ്യവാസയോഗ്യമല്ലാത്ത, പശുത്തൊഴുത്തായി തെരഞ്ഞെടുത്തതെന്തിനാണ്?
ഇതാ, അനേകം ''തിരുക്കുടുംബങ്ങള്‍'' വഴിയരുകില്‍ മഴ നനഞ്ഞുകിടക്കുമ്പോള്‍, 12000 രൂപായ്ക്ക് കോണ്‍ക്രീറ്റ് മണ്ഡപം ഉണ്ടാക്കി പ്ലാസ്റ്റര്‍ നിര്‍മ്മിതമായ തിരുക്കുടംബത്തെ പ്രതിഷ്ഠിക്കുന്നു.

ഇക്കാര്യത്തിനു പണം മുടക്കാമെന്നേറ്റ, ബഹുമാന്യവ്യക്തിയുടെ ഔദാര്യത്തെ ഞാന്‍ ചെറുതായി കാണുന്നില്ല. എന്നാല്‍, മനുഷ്യനില്‍ ഊറിക്കൂടുന്ന ഔദാര്യഭാവത്തേയും, ഉപവിയേയും ശരിയായി-ക്രൈസ്തവമായ മാര്‍ഗ്ഗത്തിലൂടെ-തിരിച്ചുവിടാന്‍ കടമപ്പെട്ടവനായ അങ്ങ്, ഈ ഔദാര്യത്തെ, നിര്‍ദ്ദേശം കൊണ്ടും, ശാസനകൊണ്ടും, ചെറിയവരിലേയ്ക്ക് തിരിച്ചുവിടണമെന്നാണ് എന്റെ എളിയ അപേക്ഷ.

സൃഷ്ടാവായ ദൈവത്തോട്, സൃഷ്ടിയായ മനുഷ്യനുള്ള പ്രതിനന്ദി, ഔദാര്യമായി പ്രവഹിക്കുമ്പോള്‍, അതിനെ ശരിയായ വഴിയിലൂടെ തിരിച്ചുവിട്ട്, സമസൃഷ്ടങ്ങളില്‍ ദൈവമഹത്വത്തിന്റെ പൂര്‍ത്തീകരണം ആചരിക്കാന്‍ കടമപ്പെട്ടവനാണ് അങ്ങ്.

തൃശ്ശൂര്‍ മെത്രാന്‍ ഡോ. കുണ്ടുകുളം 06.04.75-ല്‍ മനോരമയില്‍ എഴുതിയ ഒരു ലേഖനഭാഗം ഇവിടെ ഉദ്ധരിക്കട്ടെ. 'പ. കന്യാമറിയാമിന്റെ കണ്ണീരൊഴുകുന്ന തിരുസ്വരൂപമുണ്ടവിടെ. അതിനോടു തൊട്ട് ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപാ ചെലവ് ചെയ്ത് ഒരടിപ്പള്ളി തീര്‍ക്കുന്നത് ഞാന്‍ കണ്ടു. ആ പള്ളി കണ്ടപ്പോള്‍ ഞാന്‍ തമാശ പറഞ്ഞു. 'പണം വാരിയെറിഞ്ഞു പണുത ഈ പള്ളി കണ്ടിട്ട് മാതാവ് ഇനിയും കരയുമോ?'

അനേകം കുടുംബങ്ങള്‍ക്ക് കുത്തിമറയ്ക്കാന്‍ ഓലപോലുമില്ലാതെ വിഷമിക്കുമ്പോള്‍, 'തിരുക്കുടുംബം' 12000-ത്തിന്റെ കപ്പേളയില്‍ ഇരിക്കുമോ എന്തോ?
ദൈവപ്രീണനത്തിനുള്ള യഥാര്‍ത്ഥമാര്‍ഗ്ഗം കാണിച്ചുകൊടുക്കേണ്ട അങ്ങ്, ക്രൈസ്തവ ഉപവിയുടെ പ്രവാഹത്തിന് തെറ്റായ മൂല്യദാനം ചെയ്യാന്‍ വേണ്ടി ഇത്തരം സംരംഭങ്ങളെ ആശിര്‍വദിക്കുന്നത്, തെറ്റും ഉതപ്പുണ്ടാക്കുന്നതുമാണ്:
''നിങ്ങളുടെ ഈ സ്വാതന്ത്ര്യം ഒരുപക്ഷേ ബലഹീനര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. (1 കോറി-9) എന്ന പൗലോസിന്റെ ശാസന അങ്ങയെ ഓര്‍മ്മിപ്പിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ