2013, മാർച്ച് 14, വ്യാഴാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII-ii


ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ii
ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ 

സഭയുടെ ചരിത്രത്തില്‍ ആകെ ഇരുപത്തിയൊന്ന് സൂനഹദോസുകളാണ് വിളിച്ചുകൂട്ടപ്പെട്ടിട്ടുള്ളത്. അതില്‍ പത്തൊമ്പത് സൂനഹദോസുകളും രാജാക്കന്മാരുടെ രക്ഷാകര്‍ത്തൃത്വത്തിലായിരുന്നു. 1545-63 കാലഘട്ടങ്ങളില്‍ നടത്തപ്പെട്ട തെന്ത്രോസ് സൂനഹദോസിനു ശേഷം (20-മത്തെ സൂനഹദോസ്) മുന്നുറു കൊല്ലം കഴിഞ്ഞാണ് 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടപ്പെട്ടത്. രാജാക്കന്മാരുടെ ഇടപെടല്‍ ഇല്ലാതെ ആദ്യമായി വിളിച്ചു കൂട്ടപ്പെട്ട സാര്‍വത്രിക സൂനഹദോസ് ഇതായിരുന്നു. ഈ സൂനഹദോസ് വിളിച്ചു കൂട്ടിയ 9-ാം പീയൂസ് മാര്‍പ്പാപ്പാ വ്യക്തിപരമായി ഏകാധിപത്യവാദിയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നുണ്ട്. മാത്രമല്ല ചെറുപ്പത്തില്‍ അപസ്മാര രോഗിയായിരുന്ന ഇദ്ദേഹം ആ രോഗത്തിന്റെ പ്രതിഫലനമായ പല മാനസിക അസ്വാസ്ഥ്യങ്ങള്‍ക്കും വിധേയനായിരുന്നു എന്നും ചിലര്‍ വാദിക്കുന്നു. (1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നടപടിക ളെക്കുറിച്ച് കൂടുതല്‍ വിവരത്തിന് ഫാ. ഹേസ്‌ലറിന്റെ 'How the Pope Became Infallible' എന്ന ഗ്രന്ഥം നോക്കുക). ഈ സൂനഹദോസില്‍ സംബന്ധിച്ചിരുന്ന യൂറോപ്യന്മാരായ 541 മെത്രാന്മാരില്‍ 276 പേരും ഇറ്റലിക്കാ രായിരുന്നു. ഇവരില്‍ 62 പേര്‍ പേപ്പല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും.

ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഈശോ സഭാ വൈദികരുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ സംബന്ധിച്ച് വിപുലമായ പ്രചാരണം ആരംഭിച്ചിരുന്നു. പേപ്പല്‍ അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാര്‍ പലപ്പോഴും ഭീഷണിക്ക് വിധേയ രായി. എങ്കിലും പേപ്പല്‍ അപ്രമാദിത്വത്തെ പലരും ശക്തിയായി എതിര്‍ത്തു. ക്രോഷ്യയിലെ (Crotia) ഡയക്കേവായിലെ (Diakavo) പണ്ഡിതനായ മെത്രാന്‍ സ്‌ട്രോസ് മെയര്‍ (Strossmayer) സൂനഹദോസില്‍ ഇങ്ങനെ ധീരമായി പറഞ്ഞു: ''ഞാന്‍ അങ്ങേയറ്റം ഗൗരവത്തോടെ പഴയ നിയമവും പുതിയ നിയമവും പഠിച്ചു. സത്യത്തിന്റെ നിക്ഷേപമായ ദൈവനിവേശിതഗ്രന്ഥങ്ങളോട്, ഇവിടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന മാര്‍പ്പാപ്പാ പത്രോസിന്റെ പിന്‍ഗാമിയും ക്രിസ്തുവിന്റെ വികാരിയും സഭയിലെ തെറ്റു വരാത്ത വേദപണ്ഡിതനുമാണോ എന്ന് എന്നെ അറിയിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അപ്പോസ്തലികകാലത്ത് പത്രോസിന്റെ പിന്‍ഗാമിയും യേശുവിന്റെ വികാരിയുമായി ഒരു മാര്‍പ്പാപ്പാ ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കി. പുതിയ നിയമം മുഴുവന്‍ വായിച്ചതിനു ശേഷം, ദൈവസന്നിധിയില്‍ കരങ്ങളുയര്‍ത്തി ഞാന്‍ പറയുന്നു: ഇന്നു കാണുന്ന രൂപത്തിലുള്ള ഒരു മാര്‍പ്പാപ്പാ സ്ഥാനം അന്നുണ്ടായിരുന്നില്ല എന്ന്.''

മാര്‍പ്പാപ്പായുടെ അപ്രമാദിത്വവരം പ്രഖ്യാപിച്ച 1-ാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു സ്വതന്ത്ര കൗണ്‍സില്‍ ആയിരുന്നില്ല എന്ന് ഇന്ന് പല ചരിത്ര പണ്ഡിതന്മാരും വാദിക്കുന്നുണ്ട്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനും ചരിത്ര ഗവേഷകനുമായ ഫാ. ഹേസ്‌ലര്‍ ദീര്‍ഘകാലം 1-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ രേഖകള്‍ പഠിച്ചതിനു ശേഷം എഴുതിയ 'How the Pope Became Infallible' എന്ന ഗ്രന്ഥത്തില്‍ കൗണ്‍സിലിന്റെ തീരുമാനത്തെ സ്വാധീനിക്കുന്നതിന് റോമന്‍ കൂരിയാ നടത്തിയ സമ്മര്‍ദങ്ങളെ വിശദമായി പ്രതിപാദിക്കുന്നു.

വളരെയധികം ഒരുക്കങ്ങള്‍ക്കു ശേഷമാണ് 9-ാം പീയൂസ് മാര്‍പ്പാപ്പാ ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത്. 1846-ല്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളത്. (1846-78) 23 വര്‍ഷം മാര്‍പ്പാപ്പായായി ഭരണം നടത്തിയ ശേഷമാണ് 1869-ല്‍ 1-ാം വത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയത്. സഭയിലെ മെത്രാന്മാരെ നിയമിക്കുന്നത് മാര്‍പ്പാപ്പാമാരാണല്ലോ. ഈ കാലഘട്ടത്തില്‍ തന്റെ ആജ്ഞാനുസാരികളായ പുരോഹിതന്മാരെ വിവിധ രൂപതകളില്‍ മെത്രാന്മാരായി നിയമിക്കുകയുണ്ടായി. മാര്‍പ്പാപ്പായുടെ ഇഷ്ടാനുസരണം മാത്രം പ്രവര്‍ത്തിക്കുന്നതിന് മെത്രാന്മാരെ ഒരുക്കുന്നതിനായി റോം അനുവര്‍ത്തിച്ച നയങ്ങള്‍ ഫാ. ഹേസ്‌ലര്‍ വിവരിക്കുന്നു: 'Wherever possible, Pius IX named Ultramontane priests as bishops. In keeping with the old Roman maxim 'divide and conquer'', he forbade the formation of national bishops's conferences. The bishops were to have as little contact as possible with each other, but were instead to cultivate all the more their connection with Rome. For this reason Pius IX introduced the obligation of regular visits to the Holy See. At bottom, the idea was to eliminate the bishop's independence as much as possible. The bishops had to administer their dioceses in strict sub-ordination to the pope. In carefully gradated fashion, various curial measurs were brought into play to attain this end; praise, blame, coercion, condemnation. With their many informants scattered far and wide, the nuncios lent significant help. Again, as far as possible, theology and catechesis were brought into line with a centralized standard. Episcopalist manuals had to be rewritten, or they were put on the Index of Forbidden Books or even burned in the style of an auto-da-fe. The intransigent curial party forced the acceptance of papal infallibility in many catechisms'' (How the Pope Became Infallible, August Bernhard Haslter, Page 43). റോമില്‍ കേന്ദ്രീകരിച്ചുള്ള സഭാഭരണത്തിനു വേണ്ടി വാദിക്കുന്നവരെയാണ് Ultramontane എന്നു വിളിക്കുന്നത്.

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പിന്‍താങ്ങിയ 'എല്‍ യൂണിവേഴ്‌സ്' (L Universe), 'എല്‍ കത്തോലിക്ക' (L Cattolica) എന്നീ പ്രസിദ്ധീകരണങ്ങള്‍ കൗണ്‍സില്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ദീര്‍ഘങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് മ്യുണിക്കിലെ സഭാചരിത്ര പ്രൊഫസറായ ഡ്വള്ളിന്‍ജര്‍ (Johann Joseph Ignaz Von Dollinger) പ്രസിദ്ധികരിച്ച 'മാര്‍പ്പാപ്പായും കൗണ്‍സിലും' എന്ന ഗ്രന്ഥം സഭയുടെ ഇന്‍ഡക്‌സില്‍ പെടുത്തി വിശ്വാസികള്‍ വായിക്കരുത് എന്നു നിരോധിച്ചു. കര്‍ദ്ദിനാള്‍ ന്യുമാന്റെ നിര്‍ദേശപ്രകാരം ഹൊണോറിയസ് 1-ാമന്‍ മാര്‍പ്പാപ്പായെക്കുറിച്ച് ദൈവശാസ്ത്രജ്ഞനായ റിനോഫ് (Peter Le Page Renouf) എഴുതിയ 'The Condemnation of Pope Honorius'' എന്ന ഗ്രന്ഥം ഇന്‍ഡക്‌സില്‍ പെടുത്തി നിരോധിച്ചു. 

മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തിനെതിരെ സംസാരിച്ചവരും എഴുതിയവരും എല്ലാം കഠിനമായ പീഡനത്തിന് വിധേയരായി. കൗണ്‍സിലിന്റെ വിവിധ കമ്മറ്റികളില്‍ നിന്നും അപ്രമാദിത്വത്തെ എതിര്‍ത്ത മെത്രാന്മാരെയും കര്‍ദ്ദിനാളന്മാരെയും ഒഴിച്ചു നിര്‍ത്തി. കൗണ്‍സിലിന് മുമ്പ് മാര്‍പ്പാപ്പാ ബെല്‍ജിയം സ്ഥാനപതിയോട് ഇങ്ങനെ പറഞ്ഞു: ''Pope want to credit me with infallibility. I don't need it at all. Am I not infallible already? Didn't I establish the dogma of the Virgin's Immaculate Conception all by myself several years ago'' (How the Pope Became Infallible, A.B. Hasler, Page 82)
                                                                        (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ