2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

പണപ്പിരിവ് - അല്‍ഫോന്‍സാ കോളേജില്‍


(ഓശാന, ജനുവരി 1976)

ചുവടെ ചേര്‍ത്തിരിക്കുന്നത്, പേരുവയ്ക്കാതെ പത്രാധിപര്‍ക്ക് ലഭിച്ച ഒരു കത്താണ്.

അല്‍ഫോന്‍സാ കോളേജ്,
ഡിസംബര്‍ 4 - 1975
സര്‍ ,
അല്‍ഫോന്‍സാകോളേജ് പ്രിന്‍സിപ്പാള്‍ ഞങ്ങളെ വളരെ അധികം പീഡിപ്പിക്കയും ചൂഷണം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. കെട്ടിടംപണി എന്നു പറഞ്ഞു ഞങ്ങളുടെ ഒരു മാസത്തെ ശമ്പളം പിടിച്ചിരിക്കുകയാണ്. വലിയ പിതാവിന്റെ ജൂബിലിസ്മാരകം എന്നു പറഞ്ഞാണ് പിരിവ് ആവശ്യപ്പെട്ടത്. വലിയ പിതാവിന്റെ ആഗ്രഹമാണ് എന്ന് സി. പ്രിന്‍സിപ്പാള്‍ പറഞ്ഞു കബളിപ്പിച്ചു. പിന്നീട് അറിയുവാന്‍ കഴിഞ്ഞത് വലിയ പിതാവ് അങ്ങനെ ഒരാഗ്രഹം പ്രകടിപ്പിച്ചിട്ടില്ല എന്നാണ്. വലിയ പിതാവ് തന്നെ, ജൂബിലി അനുമോദനങ്ങള്‍ക്കു മറുപടിയായി ഈ വിവരം അറിഞ്ഞിട്ടില്ല എന്നു പറയുകയുണ്ടായി. അതാണ് സത്യം....... കുടുംബജീവിതക്കാരായ ഞങ്ങളുടെ ഒരു മാസത്തെ ശമ്പളം ഇല്ലാതെവന്നാല്‍ അത് വലിയ ഭാരമാണ്. ഇപ്പോള്‍ ഒരു പുതിയ കെട്ടിടത്തിന്റെ ആവശ്യമില്ല. സാറിന്റെ കഴിവ് ഉപയോഗിച്ച് ഞങ്ങളെ രക്ഷിക്കണേ.
കൂടുതല്‍ ബില്‍ഡിംഗ് ഉണ്ടാക്കുന്നത് പ്രിന്‍സിപ്പാളിന്റെ സഭയില്‍പ്പെട്ടവര്‍ക്ക് ഉദ്യോഗം ഉറപ്പിക്കുന്നതിനാണ്.

പാലാ അല്‍ഫോന്‍സാ കോളേജിലെ ഒരു അദ്ധ്യാപികയാണ് ഇത് എഴുതിയതെന്ന് കത്തില്‍നിന്നും മനസ്സിലാക്കാം. ഈ കത്തില്‍ 4 ആരോപണങ്ങള്‍ ഉണ്ട്.
(1) അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപകരില്‍നിന്നും, പാലാ മെത്രാനച്ചന്റെ ജൂബിലിക്ക്, ഒരു മാസത്തെ ശമ്പളം നിര്‍ബ്ബന്ധമായി പിരിച്ചു.
(2) മെത്രാന്റെ അറിവോടും ആഗ്രഹപ്രകാരവുമാണ് പണം പിരിച്ചതെന്ന് പ്രിന്‍സിപ്പാള്‍ അദ്ധ്യാപകരെ അറിയിക്കുകയുണ്ടായി.
(3) മെത്രാനച്ചന് ജൂബിലി പ്രമാണിച്ച് അദ്ധ്യാപകര്‍ കൊടുത്ത സ്വീകരണയോഗത്തില്‍വെച്ച്, അദ്ദേഹം ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് തുറന്നുപറഞ്ഞു.
(4) ഇങ്ങനെ പണം പിരിച്ചത്, പ്രിന്‍സിപ്പാള്‍ അംഗമായ സഭയിലെ ആര്‍ക്കോ ജോലി കൊടുക്കുക എന്ന ഗൂഢോദ്ദേശ്യത്തിലാണ്.
ഇതു സംബന്ധിച്ച് ഞാന്‍ നടത്തിയ അന്വേഷണത്തില്‍നിന്ന്, ആദ്യം പറഞ്ഞ മൂന്നുകാര്യങ്ങളും ശരിയാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. നാലാമത്തെ കാര്യം കേവലം ഉദ്ദേശമാകയാല്‍ സത്യം കണ്ടുപിടിക്കുക വിഷമമാണ്. വിപുലമായ ചില ധാര്‍മ്മികപ്രശ്‌നങ്ങള്‍ ഇതില്‍ അന്തര്‍ഭവിച്ചിരിക്കയാല്‍ ഈ കത്തിനെക്കുറിച്ച് ചില കാര്യങ്ങള്‍ പ്രതിപാദിക്കുന്നത് പ്രയോജനകരമെന്ന് വിചാരിക്കുന്നു.
സംഭാവനകളും സ്ഥാപനങ്ങളും
എല്ലാ സമൂഹസ്ഥാപനങ്ങളും സന്മനസ്സുള്ള ജനങ്ങളുടെ സംഭവാനകൊണ്ടാണ് കെട്ടിപ്പടുക്കുന്നത്. കത്തോലിക്കരുടെ അല്ലാ സ്ഥാപനങ്ങളും ത്യാഗസന്നദ്ധതയുള്ള സഭാംഗങ്ങളില്‍നിന്നും ഞെക്കിപ്പിരിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇങ്ങനെ പൊതുജനങ്ങളുടെ ഔദാര്യംകൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സ്ഥാപനങ്ങളില്‍, ഇന്ന് അനേകായിരംപേര്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ, ഈ കലാലയങ്ങളില്‍ അനേകംപേര്‍ക്ക് വിദ്യാഭ്യാസസൗകര്യവും ലഭിക്കുന്നു. ലക്ഷക്കണക്കിനു രൂപാ, പൊതുജനങ്ങളില്‍നിന്നു പിരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള ഈ കലാലയങ്ങളില്‍ നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാര്‍, ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്‌ക്കോ, സഹോദരസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കോവേണ്ടി സംഭാവന കൊടുക്കുക എന്നത് കേവലം കടമ മാത്രമാണ്.
ഈ കത്ത് രണ്ടു കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. (1) അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപികമാരില്‍നിന്നു പണം പിരിക്കുന്നത് 'പിതാവിന്റെ' ആഗ്രഹപ്രകാരമാണെന്ന് പ്രിന്‍സിപ്പാള്‍ അവരോടു പറഞ്ഞു.
'തിരുമുമ്പില്‍ സേവ'
ഇതില്‍ ഞാന്‍ ബ. പ്രിന്‍സിപ്പാളിനെ കുറ്റപ്പെടുത്തുന്നില്ല. കാരണം കത്തോലിക്കാസഭയിലെ എല്ലാ തുറകളിലും കാണുന്ന കഠിനമായ തെറ്റിന്റെ വിരസമായ ആവര്‍ത്തനം മാത്രമാണിത്. സമ്പത്തുള്ളവര്‍, അതിന്റെ ഒരു ഭാഗം, സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടി വിനിയോഗിക്കാന്‍ കടമപ്പെട്ടവരാണെന്ന്, ക്രിസ്തുവിന്റെ ഉപദേശം -- ധാര്‍മ്മികമായ കടമയെക്കുറിച്ചുള്ള ശക്തമായ പ്രബോധനം -- കത്തോലിക്കാ സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്നില്ല. അഥവാ, വല്ല പണപ്പിരിവും നടത്തുകയും പണക്കിഴി സ്വരൂപിക്കുകയും ചെയ്യുന്നത്, 'തിരുമുമ്പില്‍ സേവ'യെന്ന ഗൂഢാദ്ദേശ്യത്തിലാണ്. തന്റെ കോളേജിലെ അദ്ധ്യാപകരില്‍നിന്നു ഒരു വലിയ തുക പിരിച്ച് രക്ഷാധികാരിയായ മെത്രാനച്ചന് സമര്‍പ്പിച്ചാല്‍, തന്റെ കഴിവുകളെക്കുറിച്ച് 'തിരുമേനിക്ക്' വലിയ മതിപ്പുണ്ടാകുമെന്നും തന്റെ പ്രസ്റ്റീജ് നിലനില്‍ക്കുമെന്നും ആ ബഹു. പ്രിന്‍സിപ്പാള്‍ വിചാരിച്ചെങ്കില്‍ അതിന് അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. കത്തോലിക്കാസഭയിലെ ശരാശരി പ്രിന്‍സിപ്പാളന്മാരില്‍ ഒരാള്‍മാത്രമാണ് അവര്‍.
പാലാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അവര്‍കളുടെ മെത്രാന്‍സ്ഥാന രജതജൂബിലിയോടനുബന്ധിച്ചാണല്ലോ ഈ പണപ്പിരിവ്. ഈ രജതജൂബിലി, ഏറ്റവും ലളിതമായി ആഘോഷിക്കാനുള്ള വിവേകം കാണിച്ച അദ്ദേഹം, അദ്ധ്യാപകരില്‍നിന്നു പണം പിരിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കാരണം കാണുന്നില്ല. (മെത്രാനച്ചന്‍ 'തിരുമനസ്സിലെ' ജൂബിലി, പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിക്കത്തക്ക നിലയില്‍ , കൊട്ടും കുരവയും വെടിക്കെട്ടും കെട്ടിയെഴുന്നള്ളിപ്പും ഹംസരഥവും എല്ലാമായി നടത്താന്‍ ആഗ്രഹിച്ച 'സമുദായസ്‌നേഹി'കളായ 'തിരുമുമ്പില്‍സേവക'രെ നിരുത്സാഹപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത് എന്നു കേള്‍ക്കുന്നു. അതില്‍ അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.) എങ്കിലും പിതാവിന്റെ പേരിലാണ് കോളേജില്‍ പിരിവ് നടത്തുന്നത് എന്നത് ഒരു സത്യമാണ്.
ക്രൈസ്തവമായ കടമ
കത്തോലിക്കാസഭയിലെ പാരമ്പര്യത്തിന്റെ അടിസ്ഥാനാംശത്തിന്റെ വികലതയാണ് ഇത്. മനുഷ്യനിലെ ഔദാര്യത്തെയും ഉപവിയെയും പ്രചോദിപ്പിക്കുന്നതിന് സഭ പാരമ്പര്യമായി പ്രയോഗിക്കുന്ന ഈ 'തിരുമുമ്പില്‍സേവാ'മനസ്ഥിതി തികച്ചും അക്രൈസ്തവമാണ്. ക്രൈസ്തവമായ ഉപവി കേവലം, അധികാരപ്രീണനത്തിനുള്ള ഉപാധിയല്ല; പ്രത്യുത ക്രൈസ്തവമായ കടമയാണ്. അത് ഏതെങ്കിലും, ഉന്നതസ്ഥാനീയനായ വ്യക്തിയുടെ ജൂബിലിയോട്, ഷഷ്ഠ്യബ്ദപൂര്‍ത്തിയേട്ട്, ബന്ധപ്പെടുത്തി മാത്രം ഉത്തേജിപ്പിക്കേണ്ടതല്ല.
മോണ്‍: പള്ളിക്കാപറമ്പന്റെ 'പട്ടാഭിഷേകത്തി'ന്റെ ഓര്‍മ്മയ്ക്കായി, പാവപ്പെട്ടവര്‍ക്കു കുറേ വീടുകള്‍വെച്ചു കൊടുക്കുകയും അതു കൊട്ടിഘോഷിക്കുകയും ചെയ്തു. അപ്പോള്‍ മോണ്‍. പള്ളിക്കാപറമ്പന് മെത്രാന്‍ സ്ഥാനം കിട്ടിയില്ലായിരുന്നെങ്കില്‍, പാവപ്പെട്ടവന്‍ കുടിലില്‍തന്നെ കഴിയുമായിരുന്നു. പാവപ്പെട്ടവന് വീടുവച്ചു കൊടുക്കേണ്ടത് ക്രൈസ്തവമായ കടമയാണെന്നുള്ള വിശ്വാസമല്ല; പ്രത്യുത മോണ്‍. പള്ളിക്കാപറമ്പന്റെ മെത്രാഭിഷേകമാണ്, ഈ ക്രൈസ്തവമായ ഉപവിപ്രവാഹത്തിന്റെ പ്രചോദനം. ഈ വീക്ഷണം കത്തോലിക്കാസഭയുടെ പാരമ്പര്യമായി തീര്‍ന്നിരിക്കുന്നു. സമ്പത്തിനെ, സഹജീവികളുമായി ഭാഗിച്ചനുഭവിക്കേണ്ടത് തങ്ങളുടെ കടമയായിത്തീര്‍ന്നിരിക്കുന്നു എന്ന വിശ്വാസം ജനങ്ങളില്‍, വളര്‍ത്താന്‍ നാം തയ്യാറായില്ല.
പഴയ ആ പാരമ്പര്യം അല്‍ഫോന്‍സാ കോളേജിലെ പ്രിന്‍സിപ്പാള്‍ ആവര്‍ത്തിച്ചു. അതില്‍ അവര്‍ കുറ്റക്കാരിയല്ല.
സ്‌നേഹപ്രചോദിതരാകണം
രണ്ടാമത്തേത് പിരിവിന്റെ കാര്യമാണ്. തീര്‍ച്ചയായും, കോളേജിലെ അദ്ധ്യാപകര്‍ അവരുടെ വാര്‍ഷിക വരുമാനത്തില്‍നിന്ന് ഒരു തുക തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വികസനത്തിന് ആവശ്യമെങ്കില്‍ സംഭാവന ചെയ്യേണ്ടത് കടമയാണെന്ന് കരുതേണ്ടതാണ്. ഇന്ത്യപോലുള്ള ഒരു രാജ്യത്തില്‍ രാഷ്ട്രനിര്‍മ്മാണ വിഷയത്തില്‍ , അദ്ധ്യാപകരും, ആനുപാതികമായി സാമ്പത്തികഭാരം ഏറ്റെടുക്കാന്‍ തയ്യാറാകണം. അതിന് അദ്ധ്യാപികമാര്‍ തയ്യാറായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്നാല്‍ ബ. പ്രിന്‍സിപ്പാള്‍, പണപ്പിരിവ് തന്റെ പ്രസ്റ്റീജ് പ്രശ്‌നമാക്കിയ, ആര്‍ജ്ജിത ശംുഭത്വത്തോടാണ് അവര്‍ക്കെതിര്. ഒരു നല്ല കാര്യം ചെയ്യുന്നതിലുള്ള പ്രേരണ, അധികാരദണ്ഡിന്റെ പ്രയോഗമായിരിക്കരുത്; സ്‌നേഹശക്തിയായിരിക്കണം. പശുവിനെ ചുരത്തിച്ചു കറക്കാന്‍; കരിമ്പാട്ടുന്ന ചക്കല്ല, കിടാവിന്റെ നാവാണ് ഉപയോഗപ്രദം.
തെറ്റായ രാസത്വരകം
കാതലായ പ്രശ്‌നം ഇതാണെന്നു തോന്നുന്നു - കത്തോലിക്കാസഭയിലെ അംഗങ്ങളില്‍ ഔദാര്യത്തെ പ്രചോദിപ്പിക്കുന്നതിനും ഉപവിയെ പ്രവഹിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന രാസത്വരകം, വില കുറഞ്ഞ, 'അഹന്ത'യും 'തിരുമുമ്പില്‍സേവ'യും മറ്റുമാണ്. ഈ വീക്ഷണത്തിന്റെ തടവുകാരാണ് നാം എല്ലാം. ഇവിടെ പ്രിന്‍സിപ്പാള്‍ ഒരു വന്‍തുക പിരിച്ച് മെത്രാനെ ഏല്പ്പിച്ചപ്പോള്‍ അതിന്‍ മെത്രാന്‍ 'പ്രീതനാകുന്നു.' അത്രയും തുക പിരിച്ചെടുക്കുക എന്ന ഭാരിച്ച ചുമതല ഭംഗിയായി നടത്തിയതിനാല്‍ ബ. പ്രിന്‍സിപ്പാള്‍ 'അഹം' ('ലഴീ')ത്തിന്റെ അടിമയാകുന്നു.
പണം കൊടുത്തവരാകട്ടെ, തങ്ങളില്‍നിന്നു കൈവിട്ടുപോയ പണത്തെക്കുറിച്ച് വേദനിക്കയും ഉള്ളില്‍ ശപിക്കുകയും ചെയ്യുന്നു.
മൂല്യരഹിതമായ ഒരു തലമുറയെയാണ് നാം കെട്ടിപ്പടുക്കുന്നത്. ഈ പണം വാങ്ങുന്നതിനു മുന്‍പ് അദ്ധ്യാപികമാരെ വിളിച്ചുകൂട്ടി, വസ്തുതകള്‍ ആരായാന്‍ വന്ദ്യമെത്രാനച്ചന്‍ തയ്യാറാകുമെന്നു വിശ്വസിക്കട്ടെ.
അതിനുശേഷം, ഓരോ അദ്ധ്യാപികയ്ക്കും ഇഷ്ടമുള്ള തുക പേരറിയിക്കാതെ, ഒരു കവറിലിട്ട് നിക്ഷേപിക്കുന്നതിന് കോളേജില്‍ ഒരു സംവിധാനമുണ്ടാകട്ടെ. തീര്‍ച്ചയായും. അല്‍ഫോന്‍സാ കോളേജിലെ അദ്ധ്യാപികമാര്‍, അവരുടെ കഴിവനുസരിച്ചു സംഭാവന ചെയ്യും എന്നാണ് എന്റെ വിശ്വാസം.
നിര്‍ബന്ധിച്ച് പിരിച്ച വന്‍തുകയേക്കാള്‍ എത്രയോ വിലകൂടിയതായിരിക്കും ആ സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയും കൊച്ചുകാശുകള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ