2013 മാർച്ച് 12, ചൊവ്വാഴ്ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VII

ജോസഫ് പുലിക്കുന്നേല്‍

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ്  
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്.
 VII
മാര്‍പ്പാപ്പായുടെ അപ്രമാദിത്വം

കത്തോലിക്കാസഭയുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാണ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വം അഥവാ തെറ്റു വരാന്‍ പാടില്ലായ്മ. മാര്‍പ്പാപ്പായുടെ അപ്രമാദിത്വം വളരെയധികം തെറ്റിദ്ധാരണകള്‍ വളര്‍ത്തിയിട്ടുണ്ട്. 1869-70ല്‍ ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ കാലത്ത് വത്തിക്കാനില്‍ സമ്മേളിച്ച സൂനഹദോസാണ് മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം ഉണ്ട് എന്നു പ്രഖ്യാപിച്ചത്. ഹൊര്‍മീസ് പെരുമാലില്‍ ''ക്രിസ്തുമതവും ഭാരതവും'' എന്ന ഗ്രന്ഥത്തില്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''വളരെയധികം വാദപ്രതിവാദങ്ങള്‍ക്കു ശേഷം മാര്‍പ്പാപ്പായുടെ അപ്രമാദിത്വം ഒരു പ്രകാരത്തില്‍ അഗീകാരം നേടി'' (പേജ് 239).
 
മാര്‍പ്പാപ്പായുടെ അപ്രമാദിത്വത്തെക്കുറിച്ചുള്ള ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ താഴെ കൊടുക്കുന്നു: 'We teach and difine that it is a dogma, divinely revealed that the Roman Pontiff, when he speaks Ex Cathedra, that is, when he discharge of the office of pastor and doctor of all Christians,by virtue of his supreme Apostolic authority, he defines a doctyrine regarding faith and morals to be held by the universal Church, by the divine assistance promised him in blessing Peter, is possessed of that infallibility with which the divine Redeemer willed that his Church should be endowed for difining doctrines regarding faith and morals, and that therefore such definitions of the Roman Pontiff of themselves-and not by virtue of the consent of Church - are irreformable''................ 'But if anyone - which may God forbid! - shall persume to contradict this our definition: let him be a anathema''.
 
ഈ പ്രഖ്യാപനത്തില്‍ മൂന്ന് പ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. 
(1) മാര്‍പ്പാപ്പാ നടത്തുന്ന എല്ലാ പ്രഖ്യാപനങ്ങള്‍ക്കും അപ്രമാദിത്വം ഇല്ല. ''എക്‌സ് കത്തീഡ്രാ'' ആയി അതായത് പത്രോസിന്റെ സിംഹാസനത്തി ലിരുന്ന് സഭാ തലവന്‍ എന്ന നിലയില്‍ ഔദ്യോഗികമായി നടത്തുന്ന പ്രഖ്യാ പനങ്ങള്‍ക്കു മാത്രമേ അപ്രമാദിത്വം അവകാശപ്പെടാന്‍ അര്‍ഹതയുള്ളൂ. 

(2) ഈ പ്രഖ്യാപനങ്ങള്‍ സഭയ്ക്ക് മുഴുവനും ബാധകമായിട്ടുള്ളതായിരിക്കണം. ഏതെങ്കിലും പ്രത്യേക പ്രദേശത്തെയോ ജനങ്ങളെയോ ബാധിക്കുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള മാര്‍പ്പാപ്പായുടെ പ്രഖ്യാപനങ്ങള്‍ അപ്രമാദിത്വമുള്ളവയല്ല. 

(3) ഈ പ്രഖ്യാപനങ്ങള്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ചുള്ളവയായിരിക്കണം.
 
ഒരു മനുഷ്യനെന്ന നിലയില്‍ മാര്‍പ്പാപ്പാ അപ്രമാദിത്വം ഉള്ള ആളല്ല. സഭാതലവന്‍ എന്ന നിലയില്‍ വിശ്വാസത്തെയും സന്മാര്‍ഗത്തെയും സംബന്ധിച്ച കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ പരിശുദ്ധാരൂപി മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം കൊടുക്കും എന്നാണ് കത്തോലിക്കാ സഭാ വിശ്വാസം. 
 
ഈ വിശ്വാസം വളരെയധികം തെറ്റിദ്ധാരണകള്‍ക്ക് ഇട നല്‍കിയിട്ടുണ്ട്. 1-ാം വത്തിക്കാന്‍ കൗണ്‍സിലിലെ ഈ പ്രഖ്യാപനം സഭകളുടെ യോജിപ്പിനെതിരെയുള്ള ഏറ്റവും വലിയ വിലങ്ങുതടിയായിട്ടാണ് ഇതര സഭകള്‍ ഇന്നു കാണുന്നത്. 
 
അപ്രമാദിത്വത്തെക്കുറിച്ചുള്ള സഭയുടെ വിശ്വാസത്തിന്റെ അതിര്‍ത്തി വരമ്പുകളെ സംബന്ധിച്ച് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ത്തന്നെ ഇന്നും തര്‍ക്കം നിലവിലുണ്ട്. മാര്‍പ്പാപ്പായ്ക്കല്ല സഭയ്ക്കാണ് അപ്രമാദിത്വം എന്നു ചിലര്‍ വാദിക്കുന്നുണ്ട്. സഭയുടെ അപ്രമാദിത്വം ആദ്യ കാലങ്ങളില്‍ത്തന്നെ ദൈവശാസ്ത്രജ്ഞന്മാര്‍ അംഗീകരിച്ചിരുന്നു. ക്രിസ്തു ശിരസ്സായ സഭയ്ക്ക് ഒരിക്കലും തെറ്റുവരാന്‍ പാടില്ലല്ലോ? സഭ ക്രിസ്തുവിന്റെ ഭൗതികശരീരമാെണങ്കില്‍ ക്രിസ്തുവിനെപ്പോലെ അത് ''ഏകവഴിയും സത്യവു'' മാകുന്നു. പക്ഷേ അപ്രമാദിത്വം ഉള്ള സഭ ഏത് എന്ന് നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു. മാനുഷികമായ ബലഹീനതകള്‍ നിറഞ്ഞ മനുഷ്യരുടെ സഭയാണോ തെറ്റിന് അതീതമായ സഭ? സഭയെ നയിക്കാനും പ്രചോദിപ്പിക്കാനും പരിശുദ്ധാത്മാവ് സഭയോടൊത്തുണ്ട് എന്നു പറയുമ്പോഴും ഏതു സഭ എന്ന ചോദ്യം ന്യായമായും നിലനില്‍ക്കുന്നു.
 
ഈ നൂറ്റാണ്ടിലെ അതിപ്രശസ്തദൈവശാസ്ത്ര പണ്ഡിതനായ കാള്‍ റാണര്‍, പാപ്പായുടെ അപ്രമാദിത്വത്തെ കൂടുതല്‍ വലിയ ഒരു ക്യാന്‍വാസില്‍ വരയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്രമാദിത്വം സഭയ്ക്കാണെന്നും സഭയുടെ പ്രതിനിധി എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ മാത്രേമ മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വം അവകാശപ്പെടാനാവു എന്നും വരെ കാള്‍ റാണര്‍ പറഞ്ഞു വച്ചിട്ടുണ്ട്. 'Hence the human subjects so to speak of infallibility is the Church as a whole, because the spirit lives and works in the church as a whole'' (Sacramentum Mundi, Vol.3, page 134).
 
വേറൊരു പ്രശസ്ത കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ഹാന്‍സ്‌കങ്ങ് മാര്‍പ്പാപ്പായുടെ അപ്രമാദിത്വ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. മാര്‍പ്പാപ്പാ എന്ന വ്യക്തിയിലല്ല സഭയിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് ഇദ്ദേഹവും വാദിക്കുന്നു. സഭ, ഘടനാപരമായ സവിശേഷതയുള്ള ഒരു സ്ഥാപനമാണ്. ഈ സവിശേഷത ക്രിസ്തുവിന്റെ മൗതിക ശരീരമായ ഏകസഭയില്‍ വിവിധ പ്രാദേശികസഭകളുടെ സംഘാതമായ കൗണ്‍സിലിലാണ് അപ്രമാദിത്വ വരം നിക്ഷിപ്തമായിരിക്കുന്നത് എന്ന് കാള്‍ റാണര്‍ പറയുന്നു: ''The General Council being the assembly of all local Churches to represent the unity of the ' hearing'' and the teaching Church posses ses the gift of infallibility'' (ibid page 134).
എന്നാല്‍ ഈ വാദങ്ങളൊന്നും ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന്റെ വെളിച്ചത്തില്‍ സാധൂകരണാര്‍ഹങ്ങളല്ല. കാരണം ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച് റോമന്‍ മാര്‍പ്പാപ്പാ തന്നെയാണ് അപ്രമാദിത്വ വരത്തിന് ഉടമയായിട്ടുള്ളത്. അപ്രമാദിത്വത്തെക്കുറിച്ചുള്ള റോമന്‍ കത്തോലിക്കാ സഭയുടെ തീര്‍പ്പില്‍ മെത്രാന്മാരുടെ കൗണ്‍സിലിനെക്കുറിച്ച് യാതൊന്നും പറയുന്നില്ല. 
 
മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ഉണ്ട് എന്ന് കൗണ്‍സിലാണ് തീരുമാനിച്ചതെങ്കിലും ഈ തീരുമാനം മൂലമല്ല മാര്‍പ്പാപ്പായ്ക്ക് അപ്രമാദിത്വവരം ലഭിച്ചത് എന്നാണ് അക്കാലത്ത് ദൈവശാസ്ത്രജ്ഞന്മാര്‍ വാദിച്ചുപോന്നത്. ഇതിന് ഉദാഹരണമായി മറിയത്തിന്റെ അമലോല്‍ഭവത്തെക്കുറിച്ചുള്ള ഒമ്പതാം പീയൂസ് മാര്‍പ്പാപ്പായുടെ പ്രഖ്യാപനം (1854) കൗണ്‍സിലിനോട് ആലോചിച്ചിട്ടല്ല ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുപോലെ ശരീരത്തോടു കൂടി മറിയം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന പ്രഖ്യാപനം 12-ാം പീയുസ് മാര്‍പ്പാപ്പാ നടത്തി യതും മെത്രാന്മാരുടെ കൗണ്‍സിലിനോട് ആലോചിച്ചിട്ടായിരുന്നില്ല. ഇക്കാരണത്താല്‍ കത്തോലിക്കാ സഭയുടെ പഠനങ്ങളനുസരിച്ച് അപ്രമാദിത്വവരം കൗണ്‍സിലിന്റെ പിന്തുണ ഇല്ലാതെതന്നെ മാര്‍പ്പാപ്പായില്‍ നിക്ഷിപ്തമാണ്.                                                               (തുടരും)

2013 മാർച്ച് 9, ശനിയാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച ii)


                                ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി
                        (തുടര്ച്ച ii) 

മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതവും രാഷ്ട്രീയക്കളിയും വളരെയധികം ദൈവമനുഷ്യരെ പ്രകോപിപ്പിച്ചു. 14-ാം നൂറ്റാണ്ടോടുകൂടി സഭാനവീകരണത്തിനായി പാശ്ചാത്യദേശത്തു തന്നെ വളരെയധികം പേര്‍ മുമ്പോട്ടു വന്നു. മാര്‍പ്പാപ്പാമാരുടെയും മെത്രാന്മാരുടെയും പുരോഹിതരുടെയും അധാര്‍മികജീവിതത്തെ എതിര്‍ത്തവര്‍ക്കെതിരെ ഇന്‍ക്വിസിഷന്‍ എന്ന കിരാതമായ നീതിനിര്‍വഹണം നടത്താനാരംഭിച്ചു. ''സംശയിക്കപ്പെടുന്ന വ്യക്തികള്‍ക്ക് തങ്ങളുടെ നില വിശദീകരിക്കാനുള്ള അവകാശം പോലും പലപ്പോഴും ഉണ്ടായിരുന്നില്ല. വളരെയധികം നിരപരാധികള്‍ നിഷ്‌കരുണം വധിക്കപ്പെട്ടു. ഉദാഹരണത്തിന്, റോബര്‍ട്ട് എന്നൊരു ഡൊമിനിക്കന്‍ സന്ന്യാസി 1239-ല്‍ ഒരൊറ്റ ദിവസം തന്നെ 180 പാഷണ്ഡികളെ ദഹിപ്പിക്കുന്നതിനിടയാക്കി. മാനുഷികമായ നീതിപോലും പലര്‍ക്കും നിഷേധിക്കപ്പെട്ടിരുന്നു, അതുപോലെ ക്രുരമായ ശാരീരിക മര്‍ദനങ്ങളും നടന്നിരുന്നു. ഇവയെല്ലാം സഭയുടെ മാനുഷികവശത്തിനുണ്ടായ പരാജയങ്ങള്‍ എന്നുമാത്രമേ നമുക്ക് വ്യാഖ്യാനിക്കാനാവൂ. അതോടൊപ്പം ഇതില്‍ നിന്നൊരു ഗുണപാഠവും ഗ്രഹിക്കാം'' (മുന്‍ഗ്രന്ഥം, പേജ് 389). 


ഇന്‍ക്വിസിഷന്‍ എന്ന ക്രൂരനീതിനിര്‍വഹണത്തിന്റെ മറവില്‍ മാര്‍പ്പാപ്പാമാര്‍ ധാര്‍മികാധഃപതനത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു. ചില മാര്‍പ്പാപ്പാമാരെക്കുറിച്ച് ചരിത്രകാരന്മാര്‍ ഇങ്ങനെ പറയുന്നു: ''Francesco della Rovere, General of Fransciscans, when elected Pope, undertook to make the papacy as powerful as the leading Italian State and, with this end in view, he persued a policy of systematic nepotism and of Matrimonial alliuaces'' (An Outline History of the Church by Centuries: Joseph Mcsorley, page 495). ഇദ്ദേഹത്തിന്റെ മരണശേഷം 8-ാം ഇന്നസെന്റ് മാര്‍പ്പാപ്പാ തെരഞ്ഞടുക്കപ്പെട്ടു. ഇദ്ദേഹത്തിന് മൂന്നുമക്കളുണ്ടായിരുന്നു. ഒരാള്‍ ഭാര്യയില്‍ ജനിച്ചതും രണ്ടുപേര്‍ വെപ്പാട്ടികളില്‍ ജനിച്ചതും. അദ്ദേഹത്തിന്റെ തെരഞ്ഞടുപ്പിനെക്കുറിച്ച് മുന്‍ സൂചിപ്പിച്ച ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു: ''Innocent VIII was elected in a conclave which ranks as one of the most deplorable in the annals of Church History'' (ibid page 496)

1492-ല്‍ ഇന്നസെന്റ് മാര്‍പ്പാപ്പാ മരിച്ചു. തുടര്‍ന്ന് മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടത് റോഡ്രിറിഗോ ബോര്‍ജിയാ എന്ന കര്‍ദ്ദിനാളായിരുന്നു. കാലിസ്റ്റസ് മൂന്നാമന്‍ മാര്‍പ്പാപ്പാ തന്റെ മരുമകനായ ബോര്‍ജിയായെ 26-ാം വയസ്സിലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. 27-ാം വയസ്സില്‍ സഭയുടെ വൈസ് ചാന്‍സിലര്‍ പദവി അദ്ദേഹത്തിനു കിട്ടി. കര്‍ദ്ദിനാളന്മാര്‍ക്ക് വമ്പിച്ച കൈക്കൂലി കൊടുത്താണ് ബോര്‍ജിയ മാര്‍പ്പാപ്പായായത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വളരെയധികം മിസ്ട്രസുമാരും അവരില്‍ ആറോളം പുത്രീപുത്രന്മാരുമുണ്ടായിരുന്നു. പോപ്പിന്റെ ഒരു മിസ്ട്രസ്സായിരുന്ന ഗിലിയ ഫാര്‍നസ്സിന്റെ സഹോദരന്‍ അലസ്സാഡ്രോ ഫാര്‍നസ്സിനെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തി. ഇദ്ദേഹം ''പെറ്റിക്കോട്ടു'' കര്‍ദ്ദിനാള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഇദ്ദേഹമാണ് പിന്നീട് മൂന്നാം പോള്‍ മാര്‍പ്പാപ്പായായത്. അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ തന്റെ മകന്‍ സീസറെ 18-ാം വയസ്സില്‍ കര്‍ദ്ദിനാളായി ഉയര്‍ത്തി. കര്‍ദ്ദിനാളായ സീസറെ പിന്നീട് പൗരോഹിത്യത്തില്‍ നിന്ന് 22-ാം വയസ്സില്‍ മാറ്റി. ഫ്രാന്‍സിലെഒരു രാജകുമാരിയെ കല്യാണം കഴിപ്പിച്ച് ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും അധിപനാക്കി. അല്ക്‌സാണ്ടറുടെ പുത്രി ലൂസെസിയാ (Lucezia) യെ ജിയോവാനി സ്‌ഫ്രോസാപ്രഭു (Geovanni Sforza)വാണ് വിവാഹം കഴിച്ചിരുന്നത്. മൂന്നു കൊല്ലത്തിനു ശേഷം അലക്‌സാണ്ടര്‍ മാര്‍പ്പാപ്പാ ഈ വിവാഹം അസാധുവാക്കുകയും മകളെ മറ്റൊരു പ്രഭുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. 

1513-ല്‍ 37-ാം വയസ്സില്‍ ജിയോവാനി ജിയോ പത്താമന്‍ മാര്‍പ്പാപ്പായായി തെരഞ്ഞടുക്കപ്പെട്ടു. ഇറ്റലിയിലെ സമ്പന്നമായ മെഡിസിതറവാട്ടിലെ പൊന്നോമന പുത്രനായിരുന്നു ഇദ്ദേഹം. പ്രതാപവാനായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് ലോറന്‍സോപ്രഭു ജിയോവാനിയെ 7-ാം വയസ്സില്‍ പുരോഹിതനാക്കി. 8-ാം വയസ്സില്‍ ആബട്ടായി നിയമിച്ചു. ഇന്നസെന്റ് 8-ാമന്‍ മാര്‍പ്പാപ്പാ 14-ാമത്തെ വയസ്സില്‍ കര്‍ദ്ദിനാളാക്കി. 37-ാം വയസ്സില്‍ മാര്‍പ്പാപ്പായും. 

മാര്‍പ്പാപ്പാമാരുടെ കുത്തഴിഞ്ഞ ജീവിതത്തിനും പുരോഹിതരുടെയും മെത്രാന്മാരുടെയും അസാന്മാര്‍ഗിക ജീവിത വ്യവഹാരത്തിനുമെതിരെ സ്വരമുയര്‍ത്തിയവരെ, ഇന്‍ക്വിസിഷന്‍ എന്ന ഭീകര നീതിനിര്‍വഹണത്താല്‍ നിശ്ശബ്ദരാക്കിപ്പോന്നു. എന്നാല്‍ അധാര്‍മികതക്കെതിരെയുള്ള ചെറുത്തു നില്‍പ് വര്‍ധിച്ചു വന്നു. അത് യൂറോപ്യന്‍ ക്രൈസ്തവലോകത്തില്‍ ഉരുള്‍പൊട്ടലായി കലാശിച്ചു. 16-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ ക്രൈസ്തവലോകത്തെയും പേപ്പസിയെയും കിടിലം കൊള്ളിച്ചു കൊണ്ട് നവീകരണപ്രസ്ഥാനം വളരുകയും ഇന്‍ക്വിസിഷനെ അതിജീവിച്ച് പേപ്പസിയുടെ അടിത്തറ തകര്‍ക്കുകയും ചെയ്തു. കാല്‍വിനും ലൂതറും ആശയനേതൃത്വം നല്കിയ ഈ പ്രസ്ഥാനം പാശ്ചാത്യക്രിസ്ത്യാനികളെ രണ്ടു ഭാഗമായി വിഭജിച്ചു. റോമാസഭയെ എതിര്‍ത്തവര്‍ 'പ്രൊട്ടസ്റ്റന്റുകാര്‍' എന്നറിയപ്പെടുന്നു. അവര്‍ മാര്‍പ്പാപ്പായുടെ പരമാധികാരത്തെ എതിര്‍ത്തു പോരുന്നു.  
                                                                    (തുടരും) 

2013 മാർച്ച് 6, ബുധനാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച i)


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
 VI                                                           മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി                    (തുടര്ച്ച)                                                                                   മാര്‍പ്പാപ്പാമാരെ അക്കാലഘട്ടങ്ങളില്‍ തെരഞ്ഞെടുത്തിരുന്നത് സ്വാധീന ശക്തിയുള്ള രാജാക്കന്മാരായിരുന്നു. പോപ്പ് ഊര്‍ബര്‍ ആറാമന്റെ തെരഞ്ഞെടുപ്പു സംബന്ധിച്ച് അരങ്ങേറിയ നാടകം                       ഡോ. കൂടപ്പുഴ ഇങ്ങനെ എഴുതുന്നു: 
''1378 മാര്‍ച്ചുമാസം 27-ാം തിയതി പോപ്പ് ഗ്രിഗറി പത്താമന്‍ ചരമമടഞ്ഞു. സഭാനിയമപ്രകാരം പത്തുദിവസങ്ങള്‍ക്കു ശേഷം റോമിലെ പതിനാറു കര്‍ദ്ദിനാളന്മാര്‍ പുതിയ ഒരു പാപ്പായെ തെരഞ്ഞെടുക്കുന്നതിനായി ഒരുമിച്ചു കൂടി. അവരില്‍ പതിനൊന്നു പേര്‍ ഇറ്റലിക്കാരും നാലു പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ സ്‌പെയിന്‍കാരനുമായിരുന്നു. വിജയത്തിന്നാവശ്യമായ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ ഭൂരിപക്ഷത്തെ ഫ്രഞ്ചുകാര്‍ നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം വഴങ്ങാത്ത രണ്ടു വിഭാഗമായി കര്‍ദ്ദിനാളന്മാര്‍ ചേരി തിരിഞ്ഞു. ഗ്രിഗറിയുടെ മരണാനന്തരം ഉടന്‍ തന്നെ ഫ്രഞ്ചുകാരനല്ലാത്ത ഒരാളെ പാപ്പായായി അവരുടെ ഇടയില്‍ നിന്നു തെരഞ്ഞെടുക്കുവാന്‍ വോട്ടറന്മാരെ ഇറ്റലിക്കാര്‍ പ്രേരിപ്പിച്ചിരുന്നു. കോണ്‍ ക്ലേവിനു മുമ്പു തന്നെ അപ്രകാരമൊരു തീരുമാനത്തില്‍ കര്‍ദ്ദിനാളന്മാര്‍ എത്തിച്ചേര്‍ന്നിരുന്നുവത്രേ!
                                                                                  തെരഞ്ഞെടുപ്പിനായി ഏപ്രില്‍ ഏഴാം തിയതി വൈകുന്നേരം കര്‍ദ്ദിനാളന്മാര്‍ റോമില്‍ വന്ന അവസരത്തില്‍ 'ഒരു റോമന്‍ പാപ്പാ അല്ലങ്കില്‍ കുറഞ്ഞ പക്ഷം ഒരു ഇറ്റാലിയന്‍ പാപ്പാ' എന്ന് ആവേശപൂര്‍വം ആര്‍ത്തു വിളിക്കുന്ന ഒരു വലിയ ജനക്കൂട്ടം അവരെ നേരിട്ടു. എഴുപതു വര്‍ഷങ്ങള്‍ക്കു ശേഷം പാപ്പാഭരണം തിരികെ കിട്ടിയതോടെ, ഇനിയും അവിഞ്ഞോണിലേക്ക് തിരികെപ്പോകുമോ എന്ന ഭയത്താല്‍ ഫ്രഞ്ചുകാരനായ പാപ്പായെ വേണ്ടാ എന്ന് റോമന്‍ ജനത ആഗ്രഹിച്ചിരുന്നു. അതിന്റെ ബാഹ്യപ്രകടനമെന്നോണം കോണ്‍ക്ലേവു സമയം മുഴുവന്‍ റോമന്‍ ജനം നാലു പാടും ചുറ്റിത്തിരിയുകയും പാപ്പായുടെ പ്രത്യേക മുറിയില്‍ നിന്ന് വെടിപൊട്ടിക്കുകയും ഒരു റോമന്‍പാപ്പായ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്തു. അനന്തരം ജനക്കൂട്ടം തെരഞ്ഞെടുപ്പിന്റെ സമ്മേളനസ്ഥലമായ കോണ്‍ക്ലേവിലേക്കും നുഴഞ്ഞുകയറി. എട്ടാം തീയതി വൈകുന്നേരം കാവല്‍ക്കാരെയെല്ലാം തള്ളി നീക്കിക്കൊണ്ട് കോണ്‍ക്ലേവിനുള്ളില്‍ തന്നെ പ്രവേശിക്കുന്നതില്‍ അവര്‍ വിജയിച്ചു. ആസന്നമായിരിക്കുന്ന അപകടം മനസ്സിലാക്കിയ കര്‍ദ്ദിനാളന്മാര്‍ താമസംവിനാ റോമിലെ ഏറ്റവും പ്രായം കൂടിയ ഒരു കര്‍ദ്ദിനാളിനെ പാപ്പായുടെ വേഷമണിയിച്ച് ജനങ്ങളുടെ മുമ്പില്‍ ഹാജരാക്കി. ക്ഷൂഭിതരായ ജനങ്ങളെ ശാന്തരാക്കുന്നതിനും, അങ്ങനെ അപകീര്‍ത്തിയില്‍ നിന്നും അപകടത്തില്‍ നിന്നും രക്ഷപെടുന്നതിനുംവേണ്ടിയുള്ള ഒരു ഉപായം മാത്രമായിരുന്നു അത്. കുഴപ്പങ്ങള്‍ക്കിടയില്‍ കര്‍ദ്ദിനാളന്മാര്‍ ചിതറിക്കപ്പെട്ടു. പ്രാണരക്ഷാര്‍ത്ഥം ചിലര്‍ പട്ടണങ്ങളില്‍ ഒളിച്ചു. മറ്റു ചിലര്‍ വി. അഞ്ചലോയുടെ കോട്ടയിലുള്ള മാര്‍പ്പാപ്പായുടെ സങ്കേതത്തില്‍ അഭയം തേടി. എന്തെന്നാല്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അവര്‍ പൂര്‍ണ്ണമായും കീഴടങ്ങിയിരുന്നില്ല.

നേപ്പിള്‍സുകാരനായ ബര്‍ത്തലോമിയാ പ്രിഞ്ഞാനോയെ (Bartholomeo Prignano) പാപ്പായായി അവര്‍ ഐകകണ്‌ഠ്യേന തെരഞ്ഞടുത്തിരുന്നു. ബാരിയിലെ (Bari) ആര്‍ച്ചു ബിഷപ്പായിരുന്ന അദ്ദേഹം 1378 ഏപ്രില്‍ 8-ാം തിയതി ഊര്‍ബന്‍ ആറാമന്‍ (Urban VI) എന്ന നാമം സ്വികരിച്ചു പാപ്പാസ്ഥാനം ഏറ്റെടുത്തു'                                                                                                                                                                                                                                                                      ‘...കാലാവസ്ഥയുടെ പ്രാതികൂല്യം നിമിത്തം മെയ് അവസാനത്തോടു കൂടി റോമാ വിട്ട കര്‍ദ്ദിനാളന്മാര്‍ ക്രമേണ അനാനി (Anagni) യായില്‍ ഒരുമിച്ചു കൂടി. ഊര്‍ബന്‍ ആറാമന്‍ ശരിയായ ഒരു പാപ്പായല്ലെന്നും റോമന്‍ ജനക്കൂട്ടത്തില്‍ നിന്നുള്ള ഭയം നിമിത്തം മാത്രമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്നും ലോകത്തെ അറിയിച്ചുകൊണ്ട് ആഗസ്റ്റ് രണ്ട് എന്ന വ്യാജതീയതി വച്ച് ഒരു പ്രകടന പത്രിക അവര്‍ ഇറക്കി. ഊര്‍ബന്‍ പാപ്പായോട് സ്ഥാനത്യാഗം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചതിനാല്‍, കര്‍ദ്ദിനാളന്മാര്‍ കോണ്‍ക്ലേവു കൂടി സെപ്തംബര്‍ ഇരുപതാം തീയതി ഫ്രഞ്ചുകാരനായ റോബര്‍ട്ട് കര്‍ദ്ദിനാളിനെ (Cardinal Robert of Geneva) പാപ്പായായി തെരഞ്ഞടുത്തു. അദ്ദേഹം ക്ലെമന്റ് സപ്തമന്‍ (Clement VII) എന്ന നാമധേയവും സ്വീകരിച്ചു. എന്നാല്‍ ഊര്‍ബന്‍ മാര്‍പ്പാപ്പാ കര്‍ദ്ദിനാളന്മാരുടെ പുതിയ സംഘം സ്ഥാപിച്ച് ക്ലെമന്റിനേയും അദ്ദേഹത്തിന്റെ അനുയായികളെയും മഹറോന്‍ ചൊല്ലി. ക്ലെമന്റും അതേ നാണയത്തില്‍തന്നെ മടക്കിക്കൊടുത്തു. അങ്ങനെയാണ് പാശ്ചാത്യ ശീശ്മയുടെ ആരംഭം. ഊര്‍ബന്‍ ആറാമന്‍ നിയമാനുസൃതമായ പാപ്പായായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പൊതുവേ യോജിക്കുന്നു. ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുവാന്‍ വളരെയധികം തെളിവുകള്‍ വെളിച്ചത്തു കൊണ്ടുവരികയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് അസാധ്യമായിരുന്നുവെങ്കില്‍ത്തന്നെയും പൊതുപരിപാടികളിലും രഹസ്യകത്തിടപാടുകളിലും കര്‍ദ്ദിനാളന്മാര്‍ പാപ്പായെ അംഗീകരിക്കുകയും അദ്ദേഹത്തില്‍ നിന്ന് അംഗീകാരങ്ങളും ആനുകൂല്യങ്ങളും സ്വീകരിക്കുകയും ചെയ്തുവെന്ന വസ്തുത ഇപ്പറഞ്ഞതിനെ അരക്കിട്ടുറപ്പിക്കുകയത്രെ ചെയ്തത്. എന്നാല്‍ സമകാലീനര്‍ക്കു ലഭിക്കാതിരുന്ന പല തെളിവുകളും ഇന്നു ലഭ്യമാണ്. മൂന്നു മാസങ്ങള്‍ക്കു ശേഷം ഊര്‍ബനെ ഏകകണ്ഠമായി നിരാകരിച്ചതായി മാത്രമേ അവര്‍ അറിഞ്ഞിരുന്നുള്ളു. ഓരോ പാപ്പായും തന്റെ ഭാഗം ഏറ്റം ബോധ്യമാകത്തക്കവണ്ണം വാദിച്ചു. കൂടാതെ യൂറോപ്പിലെ പ്രത്യേക രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ പ്രശ്‌നം രൂക്ഷതരമാക്കി. ഫ്രഞ്ചുകാരനായ ക്ലെമന്റിനെ ഫ്രാന്‍സ് സര്‍വ സന്നദ്ധതയോടും കൂടി സ്വീകരിച്ചപ്പോള്‍ ഇംഗ്ലണ്ട് ഊര്‍ബനെയും സ്വാഗതം ചെയ്തു. ഫ്രാന്‍സിന്റെ സഖ്യരാജ്യങ്ങളായിരുന്ന സ്‌കോട്ട്‌ലന്‍ഡ്, സ്‌പെയിന്‍ എന്നിവയും അവിഞ്ഞോണ്‍ ഭാഗത്തു ചേര്‍ന്നു. എന്നാല്‍ ഇറ്റലിയും സ്‌കാന്റിനേവിയായും പശ്ചിമയൂറോപ്പും സാമ്രാജ്യത്തിന്റെ മുഖ്യഭാഗവും റോമന്‍ ഭാഗത്തിനു വേണ്ടിയാണ് നിലകൊണ്ടത്.                                                                                                                         ചില വിശുദ്ധരെയും ഈ പക്ഷങ്ങളില്‍ ദേശീയതലത്തില്‍ കാണുവാന്‍ സാധിക്കും. സ്‌പെയിനില്‍ നിന്നുള്ള വി. വിന്‍സെന്റ് ഫെററും ഫ്രാന്‍സില്‍ നിന്നുള്ള വി. കോളേറ്റും അവിഞ്ഞോണ്‍ പക്ഷത്തെ അനുകൂലിച്ചു. സീയന്നായിലെ വി. കത്രീനാ തുടങ്ങിയവര്‍ റോമന്‍ പാപ്പായെ അനുകൂലിക്കുന്നവരായിരുന്നു. സന്ന്യാസസഭകള്‍ അവയില്‍ തന്നെ വിഭജിക്കപ്പെട്ടിരുന്നു. ഒരു സാധാരണ അത്മായനെയോ പുരോഹിതനെയോ സംബന്ധിച്ചിടത്തോളം തങ്ങള്‍ക്ക് വിശ്വസനീയമെന്ന് തോന്നിയിരുന്ന ഒരു അധികാരിയുടെ നിശ്ചയം സ്വീകരിക്കുകയും തന്റെ പാപ്പാ സഭയില്‍ നിന്നു പുറംതള്ളപ്പെട്ടവനും ശീശ്മക്കാരനും ആകാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുകയും മാത്രമേ രണീയമായുണ്ടായിരുന്നുള്ളു'' (തിരുസ്സഭാചരിത്രം, പേജ് 476-77; 479-81).                                                                                                                                                                                                                   (തുടരും)   

2013 മാർച്ച് 4, തിങ്കളാഴ്‌ച

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI


ജോസഫ് പുലിക്കുന്നേല്‍ 

ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും 
ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും 
പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും 
മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത്  ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
VI
മാര്‍പ്പാപ്പാമാരുടെ ജീവിതശൈലി

എട്ടാം നൂറ്റാണ്ടില്‍ രാഷ്ട്രീയാധികാരംകൂടി കൈവന്നതോടെ മാര്‍പ്പാപ്പാമാരുടെ ജീവിതശൈലിക്ക് മാറ്റം ഉണ്ടായി. റോമന്‍ചക്രവര്‍ത്തിമാരെ തെരഞ്ഞടുക്കുന്നതില്‍ പ്രഭുക്കന്മാര്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങളെയും അതിക്രമങ്ങളെയും കലാപങ്ങളെയും ഓര്‍മിപ്പിക്കുന്ന മട്ടില്‍ പാപ്പാധികാരത്തിനു വേണ്ടി പ്രഭുക്കന്മാര്‍ പരസ്പരം മത്സരിക്കാന്‍ തുടങ്ങി.  ഫാ. കൂടപ്പുഴ എഴുതുന്നു: ''ചാര്‍ലി മെയിന്‍ സാമ്രാജ്യത്തിന്റെ അധഃപതനത്തോടെ കുലീനവംശജരായ കുറെപ്പേര്‍ സഭാധികാരികളുടെ സഹായം സ്വീകരിച്ച് അധികാരം പിടിച്ചു പറ്റാന്‍ ശ്രമിച്ചു. മാര്‍പ്പാപ്പായുടെ സ്ഥാനത്തിന് ഏറെപ്പേര്‍ നോട്ടമിട്ടു. ആദര്‍ശങ്ങളുടെ കാവല്‍ഭടന്മാരായിരിക്കേണ്ടിയിരുന്ന മാര്‍പ്പാപ്പാമാരുടെ ജീവിതം പരാജയങ്ങളില്‍ നിന്നും വിമുക്തമായിരുന്നില്ല. 867നും 1048 നും ഇടയ്ക്ക് സഭാസാരഥ്യം വഹിച്ച 44 പാപ്പാമാരില്‍ ഒമ്പതു പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  വിഷം കൊണ്ട് രണ്ടു പേര്‍ മരിച്ചു . നാലുപേര്‍ കൊലപാതകത്തിനു വിധേയരായി. ഒരാളെ കഴുത്തു ഞെരിച്ചു കൊന്നു. മറ്റു രണ്ടുപേര്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് മരണമടഞ്ഞത്. ഈ വസ്തുതകള്‍ അന്നത്തെ ധാര്‍മ്മിക നിലവാരം വ്യക്തമാക്കാന്‍ ഉപകരിക്കും'' (തിരുസ്സഭാ ചരിത്രം, പേജ് 348-49). 
മാര്‍പ്പാപ്പാമാരുടെ അധാര്‍മിക ജീവിതം യഥാര്‍ഥ ക്രൈസ്തവവിശ്വാസികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭൗതികഭരണതലങ്ങളിലും കൊട്ടാരങ്ങളില്‍ പോലും അസുലഭമായി കണ്ടെത്താവുന്ന അസാന്മാര്‍ഗികതയിലും ക്രൂരതയിലും പേപ്പല്‍ കൊട്ടാരം അത്യധികം അധഃപതിച്ചു. യൂറോപ്പിലെ രാജകിരീടങ്ങള്‍ക്ക് അധാര്‍മികപിന്തുണ നല്കുന്നതില്‍ മാര്‍പ്പാപ്പാമാര്‍ കാണിച്ച ഔദാര്യം അവര്‍ക്കു തന്നെ കെണിയായിത്തീര്‍ന്നു. സ്‌പൊളേറ്റോ യിലെ ലാമ്പര്‍ട്ടു പ്രഭുവിനെ ചക്രവര്‍ത്തിയായി പോപ്പ് ഫൊര്‍മോസുസ് (891-96) അവരോധിച്ചു. അതേസമയം ജര്‍മനിയിലെ അര്‍നള്‍ഫ് രാജാവിനെ നിസ്സങ്കോചം മാര്‍പ്പാപ്പാ ചക്രവര്‍ത്തിയായി അംഗീകരിച്ചു. അത് ഈ രണ്ടു ചക്രവര്‍ത്തിമാരും പരസ്പരം ഏറ്റുമുട്ടാന്‍ പശ്ചാത്തലമൊരുക്കി. ജര്‍മന്‍ രാജാവിനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചതില്‍ ക്ഷുഭിതനായ ലാമ്പര്‍ട്ട് രാജാവ് റോം ആക്രമിച്ചു. അപ്പോഴേക്കും ഫൊര്‍മോസുസ് മാര്‍പ്പാപ്പാ നിര്യാതനായിരുന്നു. ഈ മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പില്‍പെട്ട സ്റ്റീഫന്‍ ഏഴാമന്‍ മാര്‍പ്പാപ്പായായി അവരോധിക്കപ്പെട്ടു.  
   മരണമടഞ്ഞ ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ലോകചരിത്രത്തില്ഇതിനു മുന്‍പോ പിന്‍പോ കേട്ടിട്ടില്ലാത്ത വിധം വിചാരണയ്ക്ക് വിധേയനാക്കി. എട്ടുമാസം മുമ്പ് മരിച്ചടക്കപ്പെട്ട ഫെര്‍മോസൂസിന്റെ ശവശരീരം മാന്തിയെടുത്ത് മാര്‍പ്പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ ധരിപ്പിച്ച് കൗണ്‍സില്‍ ചേബറില്‍ പാപ്പായുടെ സിംഹാസനത്തില്‍ ഇരുത്തി. ഇതിനു ശേഷം വിസ്താരം ആരംഭിച്ചു. സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്നെ ഈ പ്രേതവിസ്താരം നടത്തി. ഈ സൂനഹദോസില്‍ വച്ച് ഫെര്‍മോസുസ് മാര്‍പ്പാപ്പായെ ശപിച്ചു. ഇതിനു ശേഷം സ്ഥാനവസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി, മാര്‍പ്പാപ്പാ എന്ന നിലയില്‍ അനുഗ്രഹിക്കുന്നതിന് ഉയര്‍ത്തിയ, വലതു കയ്യിലെ മൂന്നു വിരലുകള്‍ ഛേദിച്ചു.പിന്നീട് മൃതദേഹം കൊട്ടാരത്തിലൂടെ വലിച്ചിഴച്ച് തെരുവില്‍ കൂടിയിരുന്ന ജനങ്ങളുടെ മധ്യത്തിലേയ്ക്ക് എറിഞ്ഞു. അവര്‍ അതിനെ അവിടെ നിന്നു വലിച്ച് ടൈബര്‍ നദിയില്‍ എറിഞ്ഞു.    അങ്ങനെ സ്റ്റീഫന്‍ മാര്‍പ്പാപ്പാ തന്റെ മുന്‍ഗാമിയോട് പ്രതികാരം ചെയ്തുന്നാല്‍ ആ വര്‍ഷം  എതിരാളികള്‍ സ്റ്റീഫന്‍ മാര്‍പ്പാപ്പായെ കഴുത്തുഞെരിച്ചു കൊന്നു.. 

തുടര്‍ന്ന് സ്റ്റീഫന്‍ മാര്‍പ്പാപ്പായുടെ പിന്തുണക്കാരനായ കാര്‍ഡിനല്‍ സെര്‍ജിയൂസ് മാര്‍പ്പാപ്പായായി സ്ഥാനം ഏറ്റു അതുകൊണ്ടും പ്രശ്‌നം അവസാനിച്ചില്ല. എതിര്‍ഗ്രൂപ്പുകാര്‍ സെര്‍ജിയൂസിനെ റോമില്‍ നിന്നും ആട്ടിപ്പായച്ചു. ആറുകൊല്ലത്തിനിടയില്‍ ഏഴു പേര്‍ പാപ്പാ സ്ഥാനം കയ്യാളി. (ഇവരില്‍ പലരും എതിര്‍ പാപ്പാമാരായാണ് അറിയപ്പെടുന്നത്.) ഏഴാം കൊല്ലം പ്രഭുക്കന്മാരുടെ പിന്തുണയോടെ സെര്‍ജിയൂസ് തിരിച്ചെത്തി റോമാ കൈവശപ്പെടുത്തി ഈ കാലഘട്ടത്തെക്കുറിച്ച്. കത്തോലിക്കാ ചരിത്രകാരനായ തോമസ് നീലും റെയ്മണ്ട്ഷുമാന്റും ഇങ്ങനെ എഴുതുന്നു: ''ഒരു എതിര്‍ പാപ്പാ ആയിരുന്ന ക്രിസ്റ്റഫര്‍ മാര്‍പ്പാപ്പാ, ലിയോ അഞ്ചാമനെ ജയിലില്‍ അടച്ചു സെര്‍ജിയൂസ്  മൂന്നാമന്‍ മാര്‍പ്പാപ്പാ (904-911) ക്രിസ്റ്റഫറിനെ ലിയോ മാര്‍പ്പാപ്പായോടൊപ്പം കല്‍തുറുങ്കിലാക്കി തുടര്‍ന്ന് അവരോടുള്ള പക മൂലം രണ്ടു പേരെയും വധിച്ചു. സെര്‍ജിയൂസ്, ഫൊര്‍മോസൂസ് മാര്‍പ്പാപ്പായുടെ എതിര്‍ ഗ്രൂപ്പുകാരനായിരുന്നു. പഴയ മുറിവുകള്‍ ഉണങ്ങാന്അനുവദിച്ചുമില്ല. 
ഈ വഴക്കുകള്‍ക്കിടയില്‍ സമ്പന്നനും പേപ്പല്‍ അധികാരിയും സെനറ്ററുമായ തിയോഫിലാക്ട് അധികാരം കവര്‍ന്നെടുത്തു. ഇയാളും ഭാര്യ തെയഡോറായും പെണ്‍മക്കളായ തെയഡോറായും മറോസ്സിയായും ചേര്‍ന്ന് രണ്ടു തലമുറ റോമില്‍ ആധിപത്യം സ്ഥാപിച്ചു. മറോസ്സിയാ, അവളുടെ സൗന്ദര്യം കൊണ്ട് സെര്‍ജിയൂസ് മാര്‍പ്പാപ്പായെ കീഴടക്കി, ആ കുടുംബ ത്തിന്റെ അധികാരം ഉറപ്പിച്ചു. ജോണ്‍ 10-ാമന്‍ മാര്‍പ്പാപ്പാ (914-922) തന്റെ സ്ഥാനാരോഹണത്തിന് തിയോഫിലാക്ട് കുടുംബത്തോട് കടപ്പെട്ടിരി ക്കുന്നു. അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. സരാസ്സന്മാര്‍ക്ക് എതിരായി സ്വയം പട നയിച്ച് വിജയം നേടി. ജര്‍മനിയിലും ഫ്രാന്‍സിലും അധികാരം ഉറപ്പിച്ചു. മറോസ്സിയായുടെയും സെര്‍ജ്ജിയൂസ്സ് മാര്‍പ്പാപ്പായുടെയും പുത്രനായിരുന്നു ജോണ്‍ 11-ാമന്‍ മാര്‍പ്പാപ്പാ (931-935). അദ്ദേഹം റോമിലെ ഭരണ ത്തിന്റെ കടിഞ്ഞാണ്‍ തന്റെ അമ്മയ്ക്ക് പൂര്‍ണമായും വിട്ടുകൊടുത്തു. എന്നാല്‍ പോപ്പിന്റെ സഹോദരന്‍ ആല്‍ബറിക് അധികാരം പിടിച്ചടക്കി. പ്രഭു ഇരുപതു കൊല്ലക്കാലം റോമില്‍ ശക്തമായ ഒരു ഭരണം നല്‍കിയെങ്കിലും തുടര്‍ച്ചയായി അഞ്ചു മാര്‍പ്പാപ്പാമാരെ നേരിട്ടു തന്നെ ഇയാള്‍ നിയമിച്ചു. ആല്‍ബറിക്കിന്റെ സുഹൃത്തായ ക്രുഡിയിലെ വി. ഓദോയുടെ പ്രേരണയില്‍ ആധ്യാത്മിക നവീകരണത്തിനുള്ള വ്യഗ്രത റോമില്‍ ഉണ്ടായി. നിര്‍ഭാഗ്യവശാല്‍ തന്റെ മരണക്കിടക്കയില്‍ വച്ച് ആല്‍ബറിക്ക് തന്റെ പുത്രനെ മാര്‍പ്പാപ്പായായി പേരു നിര്‍ദേശിച്ചു: ജോണ്‍ 12 (955-64). ഈ പാപ്പായോടൊപ്പം മാര്‍പ്പാപ്പാമാരുടെ ചരിത്രവും ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് അധഃപതിച്ചു. ഇരുപതു വയസ്സു പോലും ആകാതിരുന്ന ജോണ്‍ മാര്‍പ്പാപ്പാ വൈവിധ്യമാര്‍ന്ന ജീവിത സുഖങ്ങള്‍ക്കായി സ്വയം പൂര്‍ണമായും അര്‍പ്പിച്ചു.
12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുണ്ടന്നു കരുതപ്പെടുന്ന 9-ാം ബനഡിക്ട് മാര്‍പ്പാപ്പാ (1032-1044) സുഖഭോഗങ്ങളിലേക്ക് ആഴ്ന്നിറങ്ങി. റോമാക്കാര്‍ക്കു പോലും ഇത് സഹിക്കാന്‍ കഴിഞ്ഞില്ല. 1044ല്‍ പോപ്പിനെതിരായി ക്രെസന്തി കലാപക്കൊടി ഉയര്‍ത്തുകയും സില്‍വസ്റ്റര്‍ 3-ാമനെ മാര്‍പ്പാപ്പായായി ലാറ്ററന്‍ കൊട്ടാരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ടസ്‌കന്നിയുടെ ബന്ധുക്കള്‍ ബനഡിക്ട് മാര്‍പ്പാപ്പായുടെ സ്ഥാനം തിരിച്ചു പിടിച്ച് ബനഡിക്ടിനു കൊടുത്തെങ്കിലും സമാധാനവും സുഖഭോഗവും ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ തലതൊട്ടപ്പനില്‍ നിന്നും പണം വാങ്ങി സ്ഥാനം വിട്ടുകൊടുത്തു.   അങ്ങനെ സ്ഥാനം ലഭിച്ച ഗ്രിഗറി 6-ാമന്‍ പണം കൊടുത്ത് സ്ഥാനം വാങ്ങിയതൊഴിച്ചാല്‍ വളരെ ചീത്തയൊന്നുമായിരുന്നില്ല. (പണം കൊടുത്താണ് പാപ്പാസ്ഥാനം വാങ്ങിയതെന്ന് പരസ്യമായിരുന്നുമില്ല). ബനഡിക്ട് കുറഞ്ഞൊരു കാലം കൊണ്ട് തന്റെ സ്വസ്ഥ ജീവിതം മടുത്തു. പാപ്പാ സ്ഥാനം തിരിച്ചു ചോദിച്ചു. പാപ്പാസ്ഥാനത്തിനു വേണ്ടി നടന്ന ഈ കച്ചവടത്തെപ്പറ്റി ചക്രവര്‍ത്തി ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അദ്ദേഹം 1046-ല്‍ വമ്പിച്ച സന്നാഹവുമായി ഇറ്റലിയിലെത്തി. പുരോഹിതരുടെ ഒരു സൂനഹദോസ് വിളിച്ചു കൂട്ടി എല്ലാ മാര്‍പ്പാപ്പാമാരെയും സ്ഥാനഭ്രഷ്ടരാക്കി ജര്‍മന്‍കാരനായ ക്ലമന്റ് രണ്ടാമനെ മാര്‍പ്പാപ്പായായി പ്രഖ്യാപിച്ചു'' (History of the Catholic Church, Milwaukee, 1957 pages. 168-170, സ്വന്തം തര്‍ജമ).
                                                                               (തുടരും)